തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, February 01, 2017

ഈ മുന്തിരി വള്ളികൾ തളിർത്തതെന്തിനാണ്?സമൂഹം കരി തേച്ച് കഴുതപ്പുറത്തിരുത്തിയ സോഫിയയെ ലോറിയിൽ പിടിച്ച് കയറ്റി മുന്തിരിതോപ്പിലേയ്ക് പോവുന്ന സോളമനിൽ നിന്ന് വിവാഹത്തിന് ശേഷം പ്രണയിച്ചു കൊള്ളാം എന്ന് പറയുന്ന മകളെ വിജയശ്രീലാളിതനായി വീട്ടിലെത്തിച്ച് അച്ചനുമമ്മയും സ്നേഹിച്ചത് തെറ്റല്ലെന്ന് തെളിയിച്ച് പുലർച്ചെ മുന്തിരിതോപ്പിലേയ്ക്ക് കൂട്ടാമെന്നുറപ്പ് കൊടുത്ത് പുതപ്പിലൊതുങ്ങുന്ന ഉലഹന്നാനിൽ എത്തുമ്പോൾ ഈ മുന്തിരിക്കുലകൾക്ക് വല്ലാത്ത പുളിപ്പ്..
ചുണ്ടിനേറ്റവും പ്രിയപ്പെട്ടത് ചുംബനമാണെന്ന് അറിയാമെങ്കിലും സർക്കാർജോലിയും അരസികയായ ഒരു ഭാര്യയും കാരണം ജീവിതം മടുത്ത് പൊയ ഒരു 'പാവം' ഭർത്താവ്. സാമാന്യത്തിലും സുന്ദരിയാണ് ഭാര്യയെങ്കിലും സംസ്കാരത്തിന്റെ കുഴിമാട കാവൽക്കാരിയായത് കൊണ്ട് ലാൻഡ് ഫോണിൽ വിളിക്കുന്ന ആസാമിമാരെ നേർവഴിക്ക് നയിക്കുകയും സോഫയെ ആശ്രയിക്കുകയും ചെയ്യുന്നു. പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ പൂർവ്വകാമുകിയെ കണ്ടതും മിന്നലടിച്ച എർത്തിങ്ങ് വയർ പോലെ റീച്ചാർജായി ഏതെങ്കിലും ഒരു പെണ്ണ് മതി ഒന്ന് മിണ്ടാൻ ‘പ്രണയിക്കാൻ‘ എന്ന അവസ്ഥയിലെത്തിയ പാവം ഭർത്താവിനെ വഴി തെറ്റിക്കാൻ മേലേയ്ക്ക് മറിഞ്ഞ് വീഴുന്ന ഒരു സുന്ദരി, കരുത്തുരുണ്ട സഹപ്രവർത്തക പലപ്രാവശ്യം മറിഞ്ഞ് വീണിട്ടും ഇളകാതിരുന്ന മനം ഇളകിയത് വെളുത്ത ആലിലവയറ് കണ്ടാവും, കാരണം “മാംസനിബദ്ധമാണല്ലോ അനുരാഗം“. ഫേസ്ബുക്കിൽ പ്രണയം എന്ന് വ്യക്തമായി എഴുതുന്നത് കൊണ്ട് അവളൊരു പലവഴി തന്നെയാണ്,ഒന്നുമറിയാതെ പലവഴിക്ക് പൈസ ചിലവാക്കുന്ന പാവം ഭർത്താവുള്ള ഒരു ഈസി അക്കൗണ്ട്.ആകെയുഴറി നിൽക്കുന്ന ഭർത്താവിനെ  മനസ്സറീയാതെ സഹായിക്കുന്ന സുഹൃത്തും ഭാര്യയുടെ പാട്ടും “എട്ടും പൊട്ടും തിരിയാത്ത പാവം‘ ഭർത്താവിനെ തിരികെ വീടെന്ന സ്വർഗ്ഗത്തിലെത്തിക്കുന്നു..
കൗമാരത്തിലെത്തി നിൽക്കുന്ന കുട്ടികൾക്ക് അച്ചൻ അമ്മയ്ക്ക് വെള്ളം കൊരി കൊടുക്കുന്നതിന്റെയും അമ്മ ചുവപ്പ് നൈറ്റി അന്വേഷിക്കുന്നതിന്റെയും കാരണം അറിയാം പക്ഷേ മകളുടെ പ്രണയത്തെ പറ്റി ചോദിക്കാൻ അമ്മ മടിക്കുന്നത് അച്ചനെ സ്നേഹിക്കുന്നത് അവൾ കണ്ടതിന്റെ കുറ്റബോധം കൊണ്ടാണ്. എല്ലാം തനിയെ മനസ്സിലാക്കുന്ന മകൾ കൂട്ടുകാരന്റെ മുറിയിലേയ്ക്ക് വിളിക്കുന്ന കാമുകനെ ഒഴിവാക്കി ഇനി കല്യാണം കഴിഞ്ഞിട്ടേ പ്രണയിക്കൂ എന്ന് പറയുന്നിടത്തായിരുന്നു ദേശീയഗാനം വരേണ്ടിയിരുന്നത്.
പത്മരാജന്റെയും ഭരതന്റെയും എം,ടിയുടേയും രാജീവന്റെയും കഥകളും ചങ്ങമ്പുഴയുടേയും ചുള്ളീക്കാടിന്റെയും അയ്യപ്പന്റെയും കവിതകളും കേട്ട് വളർന്ന നമ്മുടെ പ്രണയത്തിന്റെ നിർവ്വചനങ്ങൾ ഇങ്ങനെ മാറിപോയത് എങ്ങനെയാണ്?
എന്ന് മുതലാണ് പ്രണയം പുറത്ത് പറയാൻ കൊള്ളാത്ത വികാരമായത്, പുതപ്പിനകത്തുണരുന്ന കാമം മാത്രമായത്? മനുഷ്യമൃഗത്തെ മറ്റ് മൃഗങ്ങളിൽ നിന്ന് വേർതിരിക്കുന്ന മാംസനിബദ്ധമല്ലാത്ത രാഗമാണ് പ്രണയം, സ്നേഹിക്കുകയും സ്നേഹിക്കപെട്ടുകയും ചെയ്യുന്നു എന്ന തിരിച്ചറിവിൽ മുന്നോട്ട് പോവാനും തിരിഞ്ഞ് നടക്കാനും പ്രേരിപ്പിക്കുന്ന ശക്തി. കാറ്റിനേയും കടലിനേയും മഴയേയും പുഴയേയും പ്രണയിക്കാം, ആർക്കും ആരേയും പ്രണയിക്കാം, രണ്ട് നാൾ നീളുന്ന ട്രെയിൻ യാത്രയിലും ആയുസ്സിന്റെ അവസ്സാന നാളിലും പ്രണയിക്കാം, കാരണം അത് ചിലനേരത്ത് ചിലപാട്ടിലെ വരികകൾ കേൾക്കുമ്പോൾ അറിയാതുണരുന്ന ആത്മാവിന്റെ രാഗങ്ങളാണ്..രാഗത്തിനും രതിക്കുമിടയിലേ നേർത്ത ഇടവരമ്പിൽ നിന്ന് തിരിഞ്ഞ് നടക്കുമ്പോഴാണ് പല പ്രണയങ്ങളും അനശ്വരങ്ങളും പിന്നെ ജീവിതത്തിന് വഴി വെട്ടങ്ങളും ആയത്.
തിരിഞ്ഞ് നടക്കാനാണെങ്കിൽ നമുക്ക് നമ്മുടെ കുട്ടികളെ പ്രണയിക്കാൻ പഠിപ്പിക്കാം, ഹോർമോണുകളുടെ അതിപ്രസരത്താൽ ഉണ്ടാവുന്ന പനിക്കോളെന്നല്ല, ഹൃദയത്തിൽ ചിത്രശലഭങ്ങൾ കൂട് കൂട്ടുന്ന കാലം എന്ന് പറഞ്ഞ് കൊടുക്കാം, അരുതുകളെ അതിരുകളൊളം ചെന്ന് വിരലറ്റം തൊട്ട് തിരിഞ്ഞ് നടക്കേണ്ടുന്നതെങ്ങനെയെന്നും അതിന്റെ കാരണങ്ങളും പറഞ്ഞ് കൊടുക്കാം. പ്രണയവും പ്രണയനഷ്ടങ്ങളും നോമ്പരവടുക്കളും അവരെ പൂവിനേയും പുഴുവിനേയും കാറ്റിനേയും പുഴയേയും പിന്നെയീ ഭൂമിയേയും സ്നേഹിക്കാൻ പഠിപ്പിക്കും, എത്ര ജന്മമുണ്ടെങ്കിലും അതിലെത്ര നോവുണ്ടെങ്കിലും ഇവിടെ പിറക്കാനവർ കൊതിക്കും.
തിരിഞ്ഞ് നടക്കാനാണെങ്കിൽ നമുക്ക് വേരുകളിലേയ്ക്ക് പോകാം, വെള്ളയടിച്ച കുഴിമാടങ്ങളിലേയ്ക്കല്ല.

6 comments:

ഞാന്‍ ഇരിങ്ങല്‍ said...

സിനിമ കണ്ടില്ല.... എങ്കിലും പ്രണയത്തിന്‍ റെ മാനിഫെസ്റ്റൊയൊക്കെ പുതിയ ജനറേഷന്‍സ് മാറ്റി മറിച്ചു എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. പഴയ ദിവ്യ പ്രേമം പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലുമില്ലെന്ന് വേണം കരുതാന്‍. ഒന്നുകില്‍ തികച്ചും മെറ്റീരിയലിസ്റ്റിക് പ്രണയം അല്ലെങ്കില്‍ മുകളിലെഴുതിയതു പോലുള്ള പുതപ്പിനുള്ളിലെ പ്രണയം. അതുമല്ലെങ്കില്‍ താല്‍ക്കാലികമായ ഒരു ഭ്രമം. എന്നാല്‍ കഴിഞ്ഞ ദിവസം തീ കൊളുത്തി കൊല്ലുകയും സ്വയം മരിക്കുകയും ചെയ്ത അപൂര്‍വ്വം പ്രാന്ത് പ്രണയങ്ങളും ഇക്കാലത്ത് സംഭവിക്കുന്നു എന്നും കാണാതിരിക്കാനാവില്ല.

Maithreyi Sriletha said...

ഇതിന്റ പരസ്യം-അനൂപ് മേനോൻ മോഹൻലാൽ വെള്ളം കോരൽ സീൻ- കണ്ടപ്പോഴേ തീരുമാനിച്ചതാണ് ഇതു കാണണ്ട എന്ന്. പിന്നെ ഒരു പൊക്കിയെഴുതിയ റെവ്യൂ വായിച്ചപ്പോൾ കൺഫ്യൂഷനായി. വീണ്ടും ഒരു പ്ലസ്സ് പോസ്റ്റ് കണ്ടപ്പോ റിയൽ പിക് കിട്ടി, ഇപ്പോ ഇതും.
"ഹോർമോണുകളുടെ അതിപ്രസരത്താൽ ഉണ്ടാവുന്ന പനിക്കോളെന്നല്ല, ഹൃദയത്തിൽ ചിത്രശലഭങ്ങൾ കൂട് കൂട്ടുന്ന കാലം എന്ന് പറഞ്ഞ് കൊടുക്കാം". അതന്നെ.

പാര്‍വതി said...

തീ കൊളുത്താനും കൊല്ലാനും പ്രേരിപ്പിക്കുന്ന വികാരം, അത്‌ എന്ത്‌ തന്നെയായാലും അത്‌ പ്രണയമല്ല, വെറിയാണത്‌.. തനിക്ക്‌ കിട്ടാത്തതിനെ നശിപ്പിക്കുന്ന കൂടെ നശിക്കുന്ന വെറി.. വിട്ട്‌ കൊടുക്കുന്ന, ആശംസിച്ച് പിരിയുന്ന പ്രണയങ്ങൾ കണ്ടല്ലേ നമ്മൾ വളർന്നത്‌.. അതല്ലേ ഇന്ന് ഇല്ലാത്തതും..

കുഞ്ഞൂസ്(Kunjuss) said...

അപ്പൊ ഇതു കാണണ്ട ല്ലേ....

പ്രണയത്തിന്റെ നിർവചനം തന്നെ മാറിപ്പോയിരിക്കുന്നു...
നയാഗ്ര ഓൺ ദ ലേക്കിനു അടുത്തിരുന്നപ്പോൾ ചുള്ളിക്കാട് പറഞ്ഞു, 'പ്രണയം എന്തെന്നറിയാത്തവർ ഇവിടെ വരട്ടെ... പ്രണയത്തിനെക്കുറിച്ചല്ലാതെ മറ്റെന്താണ് ഈ അന്തരീക്ഷത്തിൽ പറയാൻ കഴിയുക"

സുധി അറയ്ക്കൽ said...


ശ്ശൊ.സിനിമ കാണാംന്നുണ്ടായിരുന്നു.ഇത്‌ വായിച്ചിട്ടാകപ്പാടെ കൺഫ്യൂഷനായല്ലോ.മാറിയ കാലത്തിന്റെ പ്രണയമല്ലേ ഇക്കാലത്ത്‌ പറയാനൊക്കൂ!?!?അതാവാം.

Bipin said...

പ്രണയം, ഇനി അതിനൊരു തിരിച്ചു പോക്കുണ്ടാവില്ല. അതെത്ര പറഞ്ഞു കൊടുത്താലും.ഹൃദയത്തിലെ ചിത്ര ശലഭങ്ങളൊക്ക പറന്നു പോയി. കഴുകനും കൂമനും ഒക്കെയാണവിടെ കൂടു കൂട്ടിയിരിക്കുന്നത്.