തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, February 14, 2007

വിശ്രമിക്കാനൊരു മാത്ര

നില്‍ക്കാമൊരു മാത്ര നമുക്കിന്നിവിടെ,
സ്നെഹമെന്നെഴുതിവച്ചൊരീയത്താണി ചുവട്ടില്‍.
ഒത്തിരിതിരക്കിന്റെ ഉച്ചചൂടില്‍-
പങ്കുവയ്ക്കാന്‍ മറന്നൊരാ പൊതിയഴിക്കാം.

നിന്നെ സ്നേഹിക്കാനെനിക്ക് വേണമോ-
വര്‍ഷത്തിലൊരു ദിവസമെന്ന കേള്‍വി പോലെ,
നിന്റെ സ്നേഹത്തിനാഴ്വുമീറവുമോര്‍ക്കാന്‍-
പേരിട്ടൊരീ ദിവസമെത്തിലിന്നിവിടെ യൊരു മാത്ര.

നെഞ്ചിലെ കിതപ്പിന്റെ നോവാറ്റാന്‍ പോലു-
മൊരുനൊടി നില്ക്കാതെ പാഞ്ഞൊരാ നാളുകള്‍.
പറയാനാഞ്ഞ വാക്കുകളൊക്കെമിന്നോര്‍ക്കാമി-
കല്‍ത്താണി ചോട്ടിലിരുന്നീയുരുളകള്‍ പങ്കുവയ്ക്കാം.

ഞാനറിയാതെ പൊഴിഞ്ഞൊരിറ്റ് കണ്ണുനീര്‍ത്തുള്ളി-
മാപ്പ് പറയാതെ മറന്നൊരുകൊച്ചു പിണക്കവുമെല്ലാം-
പറയാമിന്നീ പൊതിക്കിരുവശവുമിരുന്നല്പ നേരം
യാത്രയിനിയുമേറെ,യരികിലെന്നും നീവേണമിനി-
യൊരു വേളപറയാന്‍ മറന്നാലുമെന്റെ ശക്തി നീയെന്ന്.

-പാര്‍വതി.

23 comments:

ലിഡിയ said...

സ്നേഹത്തിനൊരു ദിവസം, കച്ചവടവത്കരിക്കാന്‍ കൂട പൂക്കളും കാര്‍ഡുകളും ഉണ്ടായാല്‍ സ്നേഹത്തിനെ വെറുക്കണമോ..

ഒന്ന് നില്‍ക്കൂ, ഹൃദയത്തിനോട് ചോദിച്ചു നോക്കൂ..പറയാന്‍ കരുതിയ വാക്കുകളൊക്കെ എന്നും പറഞ്ഞിരുന്നുവോയെന്ന്, നെറ്റിയിലൊരു ചുംബനം,സ്വന്തം കയ്യക്ഷരത്തിലെഴുതിയ ഒരു കത്ത്, സ്നേഹം ആഘോഷിക്കുക, പേരിട്ടൊരീ ദിവസത്തില്‍ ഒന്ന് നിന്ന്..

ലോകം പായുകയാണ്, നമ്മളും :)

-പാര്‍വതി.

Unknown said...

നല്ല കവിത!!
സ്നേഹിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് ഒരു ദിവസം വേണോ, സ്നേഹം പ്രകടിപ്പിക്കാന്‍?

സ്നേഹിതന്‍ said...

എന്തിനും കൃത്യമായ സമയപരിധി വെയ്ക്കുന്ന തിരക്കുള്ള ജീവിതത്തില്‍ സ്നേഹത്തിനും ഒരു ദിവസം.

കവിത നന്നായിരിയ്ക്കുന്നു.

കരീം മാഷ്‌ said...

സമയബന്ധിതമായ സ്നേഹം,
പണപരമായ പ്രണയം

എനിക്കു നിന്നോടു പ്രണയമാണെന്നു പറയാന്‍ തേജസ്സുറ്റ രണ്ടു നയനങ്ങള്‍ മാത്രം പോരെ!

നന്നായിട്ടുണ്ട്, പാറൂ

Rasheed Chalil said...

മാതാപിതാക്കളേ സ്നേഹിക്കാനും സൌഹൃദത്തിനും എന്തിനും ആധുനികന്‍ ഒരു ദിവസം മാറ്റിവെച്ചിരിക്കുന്നു. കൂട്ടത്തില്‍ പ്രണയത്തിനും.

അത് കൊണ്ടാടാന്‍ മത്സരിക്കുന്ന മീഡിയകളും.

കഷ്ടം... അല്ലേ.

പാര്‍വതീ ... :)

കണ്ണൂസ്‌ said...

ഒരു കക്ഷി പുതു വത്‌സരത്തിനു എനിക്ക്‌ തന്ന ഒരു പേന, രണ്ടു കടലാസ്‌ പൂ ഒട്ടിച്ച കെയ്‌സില്‍ ഇട്ട്‌, ഞാന്‍ എടുത്തു വെച്ചിട്ടുണ്ട്‌. വൈകുന്നേരം എന്റെ വാലന്റൈന്‍സ്‌ ദിവസ സമ്മാനമായി ഭാര്യക്ക്‌ കൊടുക്കാന്‍.

(ഛേ.. എനിക്കിനി ഫാര്യയോട്‌ സ്നേഹം ഉണ്ടാവില്ലേ? )

Unknown said...

എല്ലാത്തരം വികാരപ്രകടനങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ദിനങ്ങളുണ്ടാവട്ടെ. 365 ദിനങ്ങള്‍ പോരാതെ വന്നാല്‍ പിന്നെ എന്ത്‌ ചെയ്യുമെന്ന് കാണാമല്ലോ!

കവിത അവസരോചിതമായി.

asdfasdf asfdasdf said...

:)

thoufi | തൗഫി said...

പ്രണയത്തെ ദിനമാക്കിയും ആഘോഷമാക്കിയും
നമ്മുടെ നാട്ടില്‍ തായലന്റ് മോഡല്‍ വ്യവസായത്തിന്
മണ്ണൊരുക്കുകയാണ് കമ്പോളമുതലാളിത്തം.
കടല്‍ കടന്നെത്തിയ കാര്‍ഡുമുതലാളിയുടെ
കച്ചവടതന്ത്രത്തെ കരുതിയിരിക്കുക.

പാര്‍വതീ,നേരാണ്,
ലോകം പായുകയാണ്,നമ്മളും
പടിഞ്ഞാറിനോടൊപ്പമെത്താനുള്ള
ഈ ഓട്ടപ്പാച്ചിലില്‍ നാം വിട്ടേച്ചുപോകുന്നത്
മഹിതമെന്നു നാം നടിച്ചിരുന്ന
നമ്മുടെ സംസ്കാരത്തെയാണ്.

-മിന്നാമിനുങ്ങ്

ഇട്ടിമാളു അഗ്നിമിത്ര said...

പാര്‍വ്വതി.. അങ്ങിനെ ഒരു ദിവസം ഇല്ലാരുന്നെങ്കില്‍ .. ഇതിനേക്കാള്‍ കഷ്ടമാവില്ലെ... ഒരു ദിവസമെങ്കിലും ഓര്‍ക്കുന്നില്ലെ എന്നു സമാധാനിക്കാം ... (ഉദാഹരണത്തിന്` ഏപ്രില്‍ 1.... :)))

നല്ല ആശയം ...

G.MANU said...

paravathi..we are preparating an article on Delhi Malayalee Bloggers..if u have any photgraphs, links etc (including bloggers meet) plssend it to urgently.....

gopalmanu@gmail.com

thanks

തമനു said...

ഇന്നു സ്നേഹിച്ചു കഴിഞ്ഞ്‌ വീണ്ടും ഒരു വര്‍ഷം കാത്തിരിക്കണോ പാര്‍വതീ നെറ്റിയിലൊരു ചുഃബനം കൊടുക്കാനും, സ്നേഹം ആഘോഷിക്കാനും ..?

അറിയില്ല ഞാനെന്താ ഇങ്ങനെ ചിന്തിക്കുന്നതെന്ന്‌. തല തിരിഞ്ഞു പുറകിലായിപ്പോയതിന്റെയാവാം.

മുസ്തഫ|musthapha said...

പാര്‍വ്വതി, എന്നത്തേയും പോലെ തന്നെ നല്ല വരികള്‍.

പക്ഷെ, ആ പൊതിയഴിക്കാനും അതിനിരുവശവുമിരിക്കാനും ഒരു പ്രത്യേക ദിവസം വേണോ എന്നതാണെന്‍റെ തോന്നല്‍...

ഒരു ദിവസം ഓര്‍ത്തെടുത്ത് ചെയ്യേണ്ടതാണോ നെറ്റിയിലൊരു ചുംബനവും സ്വന്തം കയ്യക്ഷരത്തിലെഴുതിയ ഒരു കത്തും! ഔപചാരികതകളിലേക്ക് ഒതുക്കേണ്ടതാണോ സ്നേഹം! ഇതെല്ലാം ഒരു പക്ഷെ, എന്‍റെ പിന്തിരിപ്പന്‍ ചിന്തകളാവാം...

Unknown said...

പ്രത്യേക ദിവസം വേണ്ട ഇതൊന്നും ചെയ്യാന്‍ എന്നാല്‍ ഇതൊക്കെ മറന്ന് ഒടിപ്പായുന്നവര്‍ക്ക് ഒരു ഓര്‍മപ്പെടുത്തലെങ്കിലുമായാല്‍ നന്ന്. മറ്റുള്ളവര്‍ക്ക് അതായത് എന്നെപ്പോലുള്ളവര്‍ക്ക് ആര്‍മ്മാദിക്കാന്‍ ഒരു ദിവസം അത്രേ ഉള്ളൂ. :-)

Unknown said...

ഔപചാരികതകളിലേക്ക് ഒതുക്കേണ്ടതാണോ സ്നേഹം

അഗ്രജേട്ടോ ഒതുങ്ങുകയോ? എവിടെ? എല്ലാ ദിവസവും സ്ട്രോങ്, ഇന്ന് ഡബിള്‍ സ്ട്രോങ്. അങ്ങനെയല്ലേ. :-)

ഏറനാടന്‍ said...

പാര്‍വതീ ഒരിക്കലെനിക്കൊരു അബദ്ധം പറ്റി (എത്രയെണ്ണമെന്ന് എണ്ണീറ്റില്ല).
ബസ്സ്‌സ്റ്റോപ്പില്‍ ഡബിള്‍ ഡക്കര്‍ വണ്ടി കാത്തുനില്‍ക്കുന്നേരം മിനി എനിക്കൊരു പൂവ്‌ സമ്മാനിച്ചു (ചെമ്പരത്തിപൂവല്ല).
ഞാനതിന്റെ, അന്നത്തെ പ്രാധാന്യം എന്തെന്നറിയാതെ അതുടനെ അപ്പുറത്തെ പെണ്ണിനു കൊടുത്തു.

പൂവുമില്ല, മിനിയുമില്ല, ആ പെണ്ണുമില്ല! (ആരോ പറഞ്ഞറിഞ്ഞു ആ ദിനം വാലന്റയിന്‍സ്‌ ദിനമാണെന്ന്!)

റീനി said...

പാര്‍വതി, അവസരോചിതമായ ഒരു കവിത.
വാലന്റയിന്‍സ്‌ഡെ..പാതിവിടര്‍ന്ന പ്രേമമൊട്ടുകള്‍ പ്രണയമലരുകളായി വിരിയിക്കുന്നതിന്‌ ഒരു അവസരം. വന്ന് വന്ന് അഛനും അമ്മക്കും അപ്പൂപ്പനും ഓഫീസിലുള്ളവര്‍ക്കും വാലന്റയിന്‍സ്‌ഡെ ഗിഫ്റ്റ്‌ കൊടുക്കുന്നത്‌ ഒരു പതിവായി തീര്‍ന്നിരിക്കയാണ്‌. ഇന്നിവിടെ ഐസും സ്നോയും എല്ലാം കൂടി കലര്‍ന്നൊരു സ്റ്റോം ആണ്‌.അതിനാല്‍ 13ന്‌ തന്നെ പൂക്കടക്കാര്‍ പൂക്കള്‍ അയച്ചു തുടങ്ങി എന്ന്‌ ന്യൂസില്‍ കേട്ടു. .

ദിവാസ്വപ്നം said...

"ഞാനറിയാതെ പൊഴിഞ്ഞൊരിറ്റ് കണ്ണുനീര്‍ത്തുള്ളി-
മാപ്പ് പറയാതെ മറന്നൊരുകൊച്ചു പിണക്കവുമെല്ലാം-
പറയാമിന്നീ പൊതിക്കിരുവശവുമിരുന്നല്പ നേരം
യാത്രയിനിയുമേറെ,യരികിലെന്നും നീവേണമിനി-
യൊരു വേളപറയാന്‍ മറന്നാലുമെന്റെ ശക്തി നീയെന്ന്"

true. very true

G.MANU said...

മലയാള മനോരമ ദില്ലി എഡിഷനില്‍ ഈ ആഴ്ച്ച "മെട്രൊ" സപ്ളിമെണ്റ്റില്‍ "ഇന്ദ്രപ്രസ്ഥത്തിലെ ഈ-ചുവരെഴുത്തുകള്‍" ..ബ്ളോഗ്‌ സ്പെഷ്യല്‍ ലേഖനം .. വായിക്കുക

Shaheer Kunhappa.K.U said...

nannayirikkunnu

ധ്വനി | Dhwani said...

''പറയാനാഞ്ഞ വാക്കുകളൊക്കെയിന്നൊര്‍ക്കാ...''

അതിനായൊരുമിച്ചൊരു നിമിഷം!
വളരെ വിരളം!
ഇന്നിന്റെ ജീവിതത്തില്‍ വളരെ പ്രസ്സക്തമായ വരികള്‍!!

Sharu (Ansha Muneer) said...

orupaad ishtamaayi

Sharu (Ansha Muneer) said...

ചുമ്മ ഒന്നു നൊക്കിയതാ...ഷരിയാ‍ാകുമൊ എന്നു