“ദേ ആ നക്ഷത്രം നിനക്ക്, ദേ ആ മൂലയ്ക്ക് നില്‍ക്കുന്നത് എനിക്ക്”
മരവിപ്പിക്കുന്ന കാറ്റ് വീശുന്ന രാത്രിയില്‍ ആ കിണറ് കരയില്‍ ഇരുന്ന് അവര്‍ നക്ഷത്രങ്ങളെ ഭാഗം വച്ചെടുക്കുന്നത് അവള് ഒഴിഞ്ഞ മനസ്സോടെ നോക്കി നിന്നു. എവിടെയൊക്കെയോ കരോള്‍ ഗാനങ്ങളുടെ ഈരടികളും ബാന്റിന്റെ മേളവും മുഴങ്ങുന്നുണ്ടായിരുന്നു, ഈ നില്‍പ്പ് തുടങ്ങിയിട്ട് എത്ര നേരമായി എന്ന് അവള് തന്നെ മറന്ന് പോയി, തണുപ്പ് ഒരു നിര്‍മമമായ വീര്യത്തോടെ മടക്കി വച്ച കാല്‍മുട്ടുകളെ നോവിക്കുന്നത് മാത്രം അതിന് തെളിവായി. സ്വന്തം വീടെന്ന് വിശ്വസിക്കുന്ന കെട്ടിടത്തിന്റെ വാതിലുകള്‍ അടഞ്ഞു കിടക്കുന്നതു അവള് നോക്കിയിരുന്നു. ഒരു മെഴുകുതിരി പോലും കത്തിനില്‍ക്കാതെ ഇരുട്ടിന്റെ കാവല്‍മാടം പോലെ അത് കുനിഞ്ഞിരിക്കുന്നതായി അവള്‍ക്ക് തോന്നി.
തണുത്ത പിശറന്‍ കാറ്റ് അടിച്ചു, ഉള്ള് വരെ വിറച്ച് പോകുന്ന കുളിര്. എങ്കിലും വീടിനുള്ളിലേയ്ക്ക് പോവാന്‍ അവള്‍ക്ക് ധൈര്യം വന്നില്ല, കുരങ്ങാട്ടിയുടെ കയ്യിലെ കുരങ്ങുകളുടെ പോലെ കുട്ടികളുടെ അരയില്‍ കെട്ടിയിരുന്ന കയറിന്റെ അറ്റം ഇരുട്ടിലും അവള്‍ക്ക് കണ്ണില്‍ വേദനിക്കുന്ന നീറ്റലുണ്ടാക്കി, ഒരു നിമിഷത്തിന്റെ അന്ത്യം അടുത്ത നിമിഷത്തിന്റെ ആരംഭത്തില്‍ മറന്ന് പോവുന്ന അവര്‍ക്കൊപ്പം കൈവരിയില്‍ മലര്‍ന്ന് കിടന്ന് ആകാശത്തിലെ നക്ഷത്രങ്ങളെ പങ്കുവയ്ക്കാനായിരുന്നെങ്കില്‍ എന്ന് അവള് വ്യര്‍ത്ഥമായി വ്യാമോഹിച്ചു, എങ്കിലും വായിലൂറുന്ന ഉപ്പ് രസത്തിന്റെ ഭീകരത അവള്‍ക്ക് മറക്കാനായിരുന്നില്ല, ഉദയാസ്തമയങ്ങളുടെ ചക്രത്തില്‍ കുരുങ്ങി ചതഞ്ഞു തീരാനുള്ള തവളകുഞ്ഞുങ്ങളെ പോലെ ആ കുട്ടികള്‍ അവള്‍ക്ക് മുന്നില്‍ കഥ പറഞ്ഞിരുന്നു.
“അമ്മേ ഈ ക്രിസ്തുമസ്സിന് ആര്‍ക്ക് പുത്തനുടുപ്പ് എടുക്കാനാ ഫാദര്‍ കാശ് തരുവാ?”
ഒത്തിരി പിടിച്ച് വയ്ക്കുന്ന കാശ് കൊണ്ട് ഓരോ പ്രാവശ്യം ഒരാള്‍ക്ക് വാങ്ങി കൊടുക്കുന്നതിന്റെ കാരണം പറയുന്നത് ഓര്‍മ്മ വച്ച് ഇളയകുട്ടി അവളോട് ചോദിച്ചു. അങ്ങ് താഴെ മരീചികയുടെ അറ്റം പോലെ കിണറ്റിലെ വെള്ളം ഇരുണ്ട നീല നിറത്തില്‍ നക്ഷ്ത്രങ്ങളെ എടുത്തണിഞ്ഞ് കാത്തു നിന്നു.
ലാഭനഷ്ടങ്ങളില്ലാത്ത ഒരു കണക്ക് പോലെ അവളുടെ മനസ്സില്‍ ഒഴിഞ്ഞ കോളങ്ങള്‍ നിറഞ്ഞു, എല്ലാ സമാധാനത്തിന്റെയും കവാടം സ്നേഹിക്കുന്ന അമ്മയെ പോലെ കൈനീട്ടി വിളിക്കുന്നത് അവള്‍ക്ക് കേള്‍ക്കാമെന്ന് തോന്നി, തണുത്ത കാറ്റില്‍ കവിളിലെ മുറിപാടും നീറ്റലും എല്ലാം ഉണക്കാമെന്ന് ആരോ ആസ്വസിപ്പിക്കുന്നത് പോലെ.
“ഈ ആകാശം എത്ര വലുതാ അമ്മേ” ചേച്ചീ,?”
മിണ്ടാതിരിക്കുന്ന അമ്മയില്‍ നിന്ന് തിരിഞ്ഞ് അവള് ഉത്തരത്തിനായി ചേച്ചിയെ നോക്കി.
“ഒത്തിരി ഒത്തിരി, വലിയ കടലിന്റേം അതിന്റപ്പുറത്ത് പിന്നേ ഒത്തിരി സ്ഥലത്തിന്റേം ഒക്കെ മുകളിലായിട്ടാ ഈ ആകാശം നില്‍ക്കുന്നത്,“ ചേച്ചി അവളുടെ വലിയ വിജ്ഞാനം അനിയത്തിക്ക് പകര്‍ന്നു കൊടുത്തു,
കിഴക്ക് ഒരു നക്ഷ്ത്രം മിന്നിപൊലിഞ്ഞത് അവള് കണ്ടു, ആകാശം ഒരു കൂടാരം പോലെ തലയ്ക്ക് മുകളില്‍, അത് വരെ തോന്നാത്ത ഒരു തിരതള്ളലില്‍ അവളുടെ ഹൃദയം പിടച്ചു, കീറത്തുണികളില്‍ പൊതിഞ്ഞ് നില്ക്കുന്ന മാലാഖമാരെ പോലെ അവര്‍ അവളുടെ മുഖത്ത് നോക്കി നിന്നു,
തേച്ചു മിനുക്കിയ പാടവരമ്പത്തു കൂടി തിരിഞ്ഞു നോക്കാതെ നടന്ന് നീങ്ങുമ്പോള്‍ ദൂരെ വലിയൊരു നക്ഷത്രം യാത്ര തുടങ്ങിയിരുന്നു.
-പാര്‍വതി.
13 comments:
ആകാശം അവര്‍ക്കായി ആയിരം നക്ഷത്രങ്ങള്‍ തൂക്കിയിയിരുന്നു..മഞ്ഞുതുള്ളികള്‍ അരികിട്ട കുപ്പായവും അണിഞ്ഞ് അവര്‍ ലോകത്തിലേയ്ക്ക് നടന്ന് കയറി, ആകാശത്തിന്റേയും നക്ഷത്രങ്ങളുടേയും അവകാശികള്‍.
-പാര്‍വതി.
അവര്‍ അതെങ്കിലും ഭാഗിച്ചെടുക്കട്ടെ! ആരും അത് തട്ടിതെറിപ്പിക്കില്ലല്ലോ!
പാര്‍വ്വതി, നല്ല പോസ്റ്റ് :)
ക്രിസ്തുമസ്.. സന്തോഷത്തിന്റേയും സമാധാനത്തിന്റേയും നാളുകള്‍!! പുനര്‍വിചിന്തനം നടത്തിയത് നന്നായി.
പുതിയ നക്ഷത്രങ്ങള്‍ ആ കുഞ്ഞുങ്ങളുടെ കണ്ണീരുറഞ്ഞതല്ലേ !
പ്രിയംവദ
Nakshathrangalude rajakumaranaya Carl Sagan marichittu innu 10 kollamakunnu
പാര്‍വതി,
കൃസ്തുമസ്സാശംസകള്‍
qw_er_ty
പാര്‍വതി
നല്ല പോസ്റ്റ് , പക്ഷെ എനിക്കൊന്നും മനസ്സിലായില്ല .എങ്കിലും
“ലാഭനഷ്ടങ്ങളില്ലാത്ത ഒരു കണക്ക് പോലെ അവളുടെ മനസ്സില്‍ ഒഴിഞ്ഞ കോളങ്ങള്‍ നിറഞ്ഞു“ മരണം വരെക്കും നീളുന്ന അനിശ്ച്ചിതത്വം ആണ് ജീവിതം.
പാര്‍വതി..നല്ല പോസ്റ്റ്..
"wish you and family Merry Christmas"
പാര്‍വ്വതീ,
ക്രിസ്തുമസ്സ് ആശംസകള്‍
പാറൂ ക്രിസ്തുമസ് നവവത്സരാശംസകള്‍.
പാറൂ.
ക്രിസ്തുമസ് നവവത്സര ആശംസകള്‍.
സ്നേഹപൂര്‍വ്വം,
വേണു.
Parvathi
Delhiyile maravicha thanuppilum akshrangal thapikkunnathil santhosham.
Mattoru Delhi-vaasi
gopalmanu.blogspot.com
ക്രിസ്തുമസ്സ് പുതുവത്സര ആശംസകളറിയിച്ച സ്നേഹത്തിന്റെ കമ്പിളിപുതപ്പുമായി ഇത് വഴി വന്ന് പോയ എല്ലാവര്ക്കും എന്റെ നന്ദി, നവവത്സരാശംസകള്‍..
താമസിച്ചതിന് മാപ്പോടെ..
-പാര്‍വതി.
Post a Comment