തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Friday, December 01, 2006

പിഴയ്ക്കുന്ന വഴികണക്കുകള്‍

അന്നൊരക്ഷരം തെറ്റിച്ച് ഞാനെഴുതവെയാ-
പെരുക്കപട്ടികയിലെന്നുമിടറി വീഴവെ-
അറിയാതെ പിന്നില്‍നിന്നെത്തുന്ന ചെറു-
ചൂടുള്ള നോവുകളിന്ന് തിരയുന്നു ഞാന്‍.

അന്നത്തെയക്ഷരങ്ങളെല്ലാം പഠിച്ചു ഞാനാ-
ഗുണനഹരണവുമതിന്റെ താളവുമെല്ലാമറിഞ്ഞു-
വെങ്കിലും തെറ്റിയിടറി വീഴുന്നു, അറിയാത്ത-
ജീവിതവഴി കണക്കിന്റെ കല്ലില്‍ കാലിടറി.

തിരയുന്നു ഞാന്‍ നിന്റെ കൈവിരലിനാലെന്റെ-
ചെവിയില്‍ പുകയുന്നൊരാ വേദന,യല്ലെങ്കിലൊരു
ചൂരലുയരുന്ന സീല്‍ക്കാരമതിനാലൊരു രക്ത രേഖ,
അങ്ങിനെയെങ്കിലുമീ വഴിക്കണക്കിനുത്തരം തേടാന്‍.

അറിയാത്ത പാഥകളി,ലുത്തരമില്ലാത്ത സമങ്ങളി-
ലെത്തി ഞാന്‍ നില്‍ക്കുമ്പോള്ളുളുരുകി തിരയുക-
യാണൊരു കരമെന്നെ വഴി നടത്താനീ സമസ്യാ
വഴികണക്കൊരു സമവുമിരുരേഖയുമാക്കി തരാന്‍.

ഉത്തരം കിട്ടാതെ പണ്ട് പകച്ചിരിക്കാറുള്ളപോ-
ലിന്നുമീ കണക്കുമായിവിടെ പകച്ചിരിക്കേ-
പരിചയം പുതുക്കിയൊരു കാറ്റുപോലുമില്ലിവിടെ-
മനസ്സു വിങ്ങുന്നതറിയുന്ന പാതിരാമഴചാറ്റുമില്ല

-പാര്‍വതി.

20 comments:

ലിഡിയ said...

അന്തമില്ലാത്ത സമങ്ങളില്‍ കുരുങ്ങി നില്‍ക്കുന്ന വഴികണക്കുകള്‍ എന്നും എന്റെ പേടിസ്വപ്നങ്ങളായിരുന്നു, ഇന്ന് ജീവിതത്തിന്റെ സമവാക്യങ്ങളറിയാത്ത വഴികണക്കുകള്‍..എന്നും പിഴയ്ക്കുന്നു.

-പാര്‍വതി.

തറവാടി said...

പാര്‍വതീ വായിച്ചു

വേണു venu said...

ഉത്തരമില്ലാത്ത ജീവിതമെന്ന വഴിക്കണക്കു്.
നന്നായിരിക്കുന്നു പാറൂ.

mydailypassiveincome said...

അന്നത്തേയും ഇന്നത്തേയും വഴിക്കണക്കുകളുടെ താരതമ്യപഠനം കൊള്ളാം. രണ്ടും ഒരുപോലെ ഉത്തരം കണ്ടെത്താന്‍ ബുദ്ധിമുട്ടുള്ളവ തന്നെ..

Anonymous said...

പാര്‍വതിയുടെ കവിതയേക്കാള്‍ കൂടുതല്‍ ഹൃദ്യമാകുന്നതു കഥകള്‍ തന്നെയാണ്. കവിത മോശം എന്നല്ല. എന്നാല്വും കഥയില്‍ കൂടുതല്‍ ജീവനുള്ളപോലെ!?
:)

സുഗതരാജ് പലേരി said...

നന്ദുവിന്‍റെ അഭിപ്രായം തന്നെ എനിക്കും.

ശെഫി said...

പാര്‍വതീ,വഴിക്കണക്കുകള്‍ നന്നായി

thoufi | തൗഫി said...

എന്നും പിഴക്കാറുള്ളത് ഈ വഴിക്കണക്കുകള്‍ തന്നെ,പാര്‍വതീul

കുറുമാന്‍ said...

പതിവുപോലെ ഇതും നന്നായിരിക്കുന്നു പാര്‍വ്വതി.

Unknown said...

പാര്‍വതിയുടെ പോസ്റ്റ് വായിച്ചാല്‍ പലപ്പോഴും എനിക്ക് മറുപടി എഴുതാന്‍ തോന്നുന്നില്യ...

എന്തോ ഞാനത്രയ്ക്കായിട്ടില്യെന്നൊരു തോന്നല്‍...

എന്നാലും ഞാനും വായിച്ചു എന്നറിയിക്കാന്‍ വേണ്ടി മാത്രം...

Tedy Kanjirathinkal said...

പ്രസന്റ്, ടീച്ചര്‍...!

“ചെവിയില്‍ പുകയുന്നൊരാ വേദന,യല്ലെങ്കിലൊരു
ചൂരലുയരുന്ന സീല്‍ക്കാരമതിനാലൊരു രക്ത രേഖ”
ഹും!!

സ്കൂള്‍ കാലഘട്ടത്തിലാണല്ലോ പാറൂ രണ്ടു മൂന്നു ദിവസമായി.. റഷീദ റ്റീ‍ച്ചറും പിന്നെ ഇപ്പൊ വഴിക്കണക്കുകളും...

ലിഡിയ said...

പ്രത്യേകിച്ചൊരഭിപ്രായമില്ലാത്തത് കൊണ്ടാണ് തറവാടി വായിച്ചു എന്നെഴുതിയെന്ന് എനിക്ക് മനസ്സിലായി(എവിടെയോ വിശദീകരിച്ചിരുന്നു), വായിച്ചതിന് നന്ദി :-)

നന്ദി വേണൂ

മഴത്തുള്ളീ എന്നും കണക്കില്‍ ഞാന്‍ വളരെ പിന്നിലായിരുന്നു, ഇനി പഠിക്കാന്‍ ബുദ്ധി സമ്മതിച്ചിരുന്നെങ്കില്‍.

നന്ദി നന്ദുവേട്ടാ, പലേരീ, ഷേഫീ, മിന്നാമിനുങ്ങേ,കുറുമാന്‍, സു.പുത്രാ..

ഓര്‍മ്മകള്‍ ചിലപ്പോള്‍ ഇടവപ്പാതി പോലെയല്ലേ ടെഡിച്ചായാ, മൂന്നാല് ദിവസം നിര്‍ത്താതെ, പഴയതും പുതിയതും അതിന്റെ താരതമ്യവും അങ്ങനെ കുറെ ദിവസം അടുപ്പ് കല്ലിന്റെ ചൂടടിച്ച്, അതിനാലാവും..

വന്നതറിയിച്ചവര്‍ക്കും ഇത് വഴികടന്ന് പോയവര്‍ക്കും നന്ദി.

-പാര്‍വതി

Sona said...

പാറുവിന്റെ കണക്കിന്റെ വഴിയിലൂടെ ഞാനും സഞ്ചരിച്ചുട്ടോ..നന്നായിട്ടുണ്ട്.

വല്യമ്മായി said...

ഗൃഹപാഠം തെറ്റാതെ ചെയ്യൂ പാറൂ,ഞാനിവിടെ നിന്നു കയ്യൊന്നെത്തിച്ച് നോക്കട്ടെ ആ ചെവി പൊന്നാക്കാന്‍ പറ്റുമോന്ന്!!

Anonymous said...

കവിത സംവേദിക്കുന്നുണ്ടു്‌.

Anonymous said...

ചിന്തിച്ചാലൊരു അന്തവുമില്ല .. ചിന്തിച്ചില്ലേലൊരു കുന്തവുമില്ല ... ജീവിതം...

അതങ്ങനേ കണക്കുകൂട്ടലുക്കള്‍ നടത്താതേ പോട്ട്‌.. കൂട്ടിക്കിഴിക്കുമ്പോളല്ലേ പിഴക്കുന്നതു ...

സുല്‍ |Sul said...

ഇനിയും പിഴക്കാതെ പഴിക്കാതെ മുന്നേറാന്‍ ഈശ്വരന്‍ കനിയട്ടെ!!!

-സുല്‍

chithrakaran ചിത്രകാരന്‍ said...

പാര്‍വതിയുടെ കണക്കു പുസ്തകത്തിലെ ഒരു മയില്‍പീലി....

savad.k.s said...

പാര്‍വതി,ഞാന്‍ സ്ഥിരം വായനക്കാരനൊന്നുമല്ല.എന്നിരുന്നാലും നെറ്റില്‍ കയറുമ്പോഴെല്ലാം ഞാന്‍ പാര്‍വതിയുടെ ബ്ലോഗില്‍ കയറിയിട്ടേ ലോഗവ്ട്ട്‌ ചെയ്യാറുള്ളു.
'മഴവില്ലും മയില്‍പീലിയും'.'ക്യാമ്പസ്‌ പാട്ടുകള്‍' എന്ന ബ്ലോഗിലെ ഇരുന്നുറിലതികം വരുന്ന ലിങ്കുകള്‍കിടയില്‍ നിന്ന് വളരെ യാദ്ര്ശ്ചികമായിട്ടാണ്‌ ഈ പേര്‌ എന്റെ ശ്രദ്ധയില്‍ പെട്ടത്‌.എന്തോ....അറിയാത്ത ഒരടുപ്പ്പം തോന്നി.വര്‍ഷങ്ങളായി അന്വേഷിച്ചിരുന്ന ഒരു ബാല്യകാല സുഹൃത്തിനെ കണ്ടെത്തിയ ഒരു സുഖം.
പതുക്കെ വായിച്ച്‌ തുടങ്ങി.നുരച്ച്‌ പൊന്തുന്ന പച്ചയായജീവിതംഞാനതില്‍കണ്ടു.സ്നേഹത്തിന്റെയും സഹിഷ്ണുതയുടേ യും സ്വരം ഞാന്‍ കേട്ടു.ഞാന്‍ നടന്ന ജീവിത പാതയിലെ പല കഥപത്രങ്ങളുടേയും സാമിഭ്യം ഞാനനുഭവിച്ചറിഞ്ഞു.എന്റെ തന്നെ പ്രതിരൂപത്തെ ഞാന്‍ കണ്ടു.
വാക്കുകള്‍ കിട്ടുന്നില്ലാ... എഴുതുക ഞാനും എന്നെ പോലെ ജീവിതമറിഞ്ഞവരുടേയും പ്രോല്‍സാഹനമുണ്ടാവും.
പിന്നെ എനിക്കും ഒരു ബ്ലോഗൂണ്ട്‌.'ചങ്ങാതിക്കൂട്ടം'.കൂട്ടുകാര്‍ക്ക്‌ പറ്റിയ അബദ്ധങ്ങളാണ്‌ അതിലെ പോസ്റ്റുകള്‍.അതിലെ മഴ എന്നത്‌ മാത്രമെ നമ്മുറ്റേതായിട്ടുള്ളു.
-സവാദ്‌

msraj said...

കണക്കുകള്‍ കൂട്ടുന്പോള്ല്ലെ തെറ്റുകളേര്റുന്നതു..
കണക്കുകൂട്ടാതെ പോട്ടെ ..
പറയാനെന്തെളുപ്പം അല്ലെ :)
കവിത ഇഷട്പ്പെട്ടു