തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, September 27, 2006

നഷ്ടപെട്ടവര്‍

വെയിലെന്റെ ചൂട് കൂടുതല്‍ തന്നെ..പാറ പഴുത്തിരിക്കുന്നു.പണ്ട് നിറഞ്ഞൊഴുകിയിരുന്ന തൊട് വരണ്ടുണങ്ങിയ പാറക്കൂട്ടം മാത്രമായി മാറിയിരിക്കുന്നു..ഇടയിലുള്ള ചെറുകുഴികളില്‍ ചേറ് കുഴഞ്ഞ ഇത്തിരി വെള്ളത്തിന്റെ ദ്വീപുകള്‍ മാത്രം..പണ്ട് മണിക്കൂറുകളോളം വെള്ളത്തില്‍ തല മാത്രം കല്ല് കെട്ടില്‍ വച്ച് ജലത്തിന്റെ തലോടലേറ്റ് കിടന്ന ഓര്‍മ്മ,ഇക്കിളിയിട്ട് കൊണ്ട് കല്ലേതട്ടിയും വട്ടോനും* കൊത്തിപറിച്ച ഓര്‍മ്മകള്‍. ഒരു നീറല്‍ പോലെ മനസ്സില്‍..

വെറുതെ ഒഴുകിപോയിരുന്ന വെള്ളം ഇപ്പോള്‍ ബണ്ട് കെട്ടി സംരക്ഷിച്ചിരിക്കുകയാണ്..അവിടെ നിന്ന് വീടുകളിലേയ്ക്കും തൊടികളിലേയ്ക്കും പമ്പ് ചെയ്ത് വെള്ളം എത്തിക്കാം,അവിടെ മത്സ്യകൃഷിയും നടക്കുന്നു,എല്ലാവരുടേയും സഹകരണ സംരംഭം.തിളങ്ങുന്ന സിലോപ്പിയ മീനുകള്‍ പിടഞ്ഞൊഴുകുന്നത് കാണാം.

പിന്നെയാര് വേദനിക്കണം ഈ വരണ്ട പാറക്കുട്ടങ്ങള്‍ കണ്ട്?കാലാന്തരത്തിന്റെ കൈവിരുതുകള്‍ കൊണ്ട് രൂപപെട്ട ഇവ കാലാന്തരത്തില്‍ രൂപമാറ്റപെടാം,ഉള്ളില്‍ വിങ്ങുന്ന മൌനത്തില്‍ ആയിരം കഥകളൊളിപ്പിച്ച് അവര്‍ക്ക് ഭൂമിയവസാനിക്കും വരെ കാഴ്ച കണ്ടിരിക്കാം.

ആയിരം ചീളുകള്‍ പോലെ ചിന്തകള്‍ തെന്നിതെറിച്ച് നടന്നപ്പോഴാണ് ചേറ്കുഴിയില്‍ ഒരു ഇളക്കം കണ്ണീല്‍ പെട്ടത്..ഒന്ന് കൂടി നോക്കിയപ്പോള്‍ ചെറുവിരല്‍ വലുപ്പമുള്ള ഒരു വട്ടോന്‍.വറ്റിത്തീരുന്ന വെള്ളത്തില്‍ അവസാന ശ്വാസത്തിന്റെ ആയാസം.മനസ്സിലെ നീറ്റല്‍ ഒന്ന് കൂടി ഏറിയോ?

ചേമ്പിലകുമ്പിളുണ്ടാക്കി അതില്‍ വെള്ളം നിറച്ച് അതിനെ പിടിച്ചിട്ടു.തെളിഞ്ഞ വെള്ളത്തില്‍ വീണപ്പോള്‍ അത് ഒന്ന് സംശയിച്ച് നിന്നുവെന്നത് എന്റെ തോന്നല്‍ മാത്രമാണോ..

അതിനേയും കൊണ്ട് ബണ്ടിന് അടുത്തേയ്ക്ക് നടക്കുമ്പോള്‍ മനസ്സില്‍ തിരമാലകളും ചിതറിയ ചിന്തയുടെ ചീളുകളും ഉണ്ടായിരുന്നില്ല.നഷ്ടപെടുന്നവരുടെ മനസ്സിനെ തൊട്ടതിന്റെ സുകൃതം മാത്രം..

അതേ നമ്മള്‍ മാത്രമാണല്ലോ നഷ്ടപെട്ടവര്‍.നീയും ഞാനും പിന്നെ ചേമ്പിലത്താളിന്റെ സുരക്ഷിതത്വം അറിയാതെ പോയ വിലയില്ലാത്ത നിന്റെ വംശവും.

-പാര്‍വതി.


*കല്ലേതട്ടി,വട്ടോന്‍-ചെറിയ തോടുകളില്‍ കാണപെട്ടിരുന്ന കുഞ്ഞ് മീനുകള്‍

19 comments:

ലിഡിയ said...

നഷ്ടപെടുന്നവരുടെ മനസ്സിനെ തൊട്ടതിന്റെ സുകൃതം

നഷ്ടങ്ങള്‍ എന്തെന്ന വിലയിരുത്തലിന്റെ തെറ്റേത് ശരിയേത് എന്നറിയാതെ.

-പാര്‍വതി

Physel said...

പാര്‍വതീ....ഇതു മനോഹരമായിരിക്കുന്നു കേട്ടോ.കുമ്പിള്‍ കുത്തിയ ചേമ്പിലയില്‍ നഷ്ടപ്പെട്ട ബാല്യത്തിന്റെ ഒരു കുഞ്ഞു ചിന്താണല്ലോ കോരിയെടുത്തത്...അഭിനന്ദനങ്ങള്‍.

അനംഗാരി said...

പാറൂ, തിലേപ്പിയ എന്ന മിനാണോ ഉദ്ദേശിച്ചത്?.

ലിഡിയ said...

ഫൈസല്‍ :-) വന്നതിന്,അഭിപ്രായമറിയിച്ചതിന് നന്ദി..

അനംഗാരീ :-) ഇത് ശിവന്റെ പേരാണെന്നത് പുതിയ അറിവാണ്..എന്താണര്‍ത്ഥം.
തിലേപ്പിയ എന്നും പറയും എന്ന് തോന്നുന്നു.ഇളം റോസ് നിറത്തില്‍ പരന്നിരിക്കുന്ന മീനുകള്‍..നല്ല തൂക്കവും വയ്ക്കാറുണ്ട് പോലും.

-പാര്‍വതി.

സു | Su said...

എഴുതിയത് ഇഷ്ടമായി.

Rajeev said...

ജലത്തിന്റെ തലോടലേറ്റ് കിടന്ന ഓര്‍മ്മ,ഇക്കിളിയിട്ട് കൊണ്ട് കല്ലേതട്ടിയും വട്ടോനും കൊത്തിപറിച്ച ഓര്‍മ്മകള്‍,
.........വെറുതെ ഒഴുകിപോയിരുന്ന വെള്ളം .....(വെറുതെ ഒഴുകിപോകുന്നതും ഒരു നഷ്ട്മല്ലെ?)

അതേ എല്ലാ നഷ്ടപെടലുകളും ഒരു ദുഖമാണ്.
ബാല്യത്തിന്റെ ചിന്ത് കോരിയിട്ടത് ചേമ്പിലയിലേക്കല്ല, മനസ്സിലേക്കുതന്നെ.. ഒര്‍മ്മപെടുത്തലുകള്‍ക്ക് നന്ദി.

Rasheed Chalil said...

അതേ നമ്മള്‍ മാത്രമാണല്ലോ നഷ്ടപെട്ടവര്‍.നീയും ഞാനും പിന്നെ ചേമ്പിലത്താളിന്റെ സുരക്ഷിതത്വം അറിയാതെ പോയ വിലയില്ലാത്ത നിന്റെ വംശവും...

അതേ... വികസനത്തിന്റെയടക്കം ലാഭം കണക്കാക്കുമ്പോള്‍ അതിലെ നഷ്ടങ്ങളെ മറക്കാന്‍ നാം ശ്രമിക്കുന്നു. കഥ വലുതായി വായിച്ചപ്പോള്‍ ആധുനിക വികസന നയങ്ങളെ പ്രതിയാക്കിയ പ്രതീതി.

പാര്‍വതീ അസ്സലായിരിക്കുന്നു. മനോഹരമായ വാക്കുളുടെ പ്രവാഹം. ഒത്തിരി ഇഷ്ടമായി ഈ കഥയും അതിന്റെ ശൈലിയും.

ഇടിവാള്‍ said...

എന്തെല്ലാമോ നേടാനായി, ത്യജിച്ച പല നഷ്ടങ്ങളുടെ സൌന്ദര്യങ്ങള്‍ ചികഞ്ഞെടുക്കുന്ന വരികള്‍...

അല്ലേ, വേണ്ട, ഞാനൊക്കെ ഇമ്മാതിരി വരികള്‍ കമന്റിട്ടാല്‍ പോലും ശരിയാവില്ല.. കഥ ഇഷ്ടപ്പെട്ടു കേട്ടൊ !

മുസ്തഫ|musthapha said...

“പിന്നെയാര് വേദനിക്കണം ഈ വരണ്ട പാറക്കുട്ടങ്ങള്‍ കണ്ട്?“...

മനസ്സിലേക്കാഞ്ഞടിക്കുന്ന ചോദ്യം... ഒരൊ വികസനത്തിനു പിന്നിലും എത്രയെത്ര ‘വരണ്ട പാറക്കൂട്ടാങ്ങള്‍‘ കാണുമല്ലേ...

നന്നായിരിക്കുന്നു പാര്‍വ്വതി... മനോഹരം.

thoufi | തൗഫി said...

നന്നായിരിക്കുന്നു,പാര്‍വതി
ചേമ്പിലക്കുമ്പിളില്‍ വെച്ചുനീട്ടിയത്‌ ഉറവ വറ്റാത്തൊരു മനസ്സിന്റെ നന്മയൂറുന്ന നൈര്‍മല്യമായിരുന്നു

വിനോദ്, വൈക്കം said...

മീനുകള്‍ കൊത്തുമ്പോളുള്ള ഇക്കിളി ചെറുപ്പത്തില്‍ ഏറെ അനുഭവിച്ചിട്ടുണ്ട്... ഞങ്ങള്‍ വട്ടാനെന്നും സിലോപ്പ്യ എന്നും പറഞ്ഞിരുന്നു.

നന്നായിട്ടുണ്ട്. വീണ്ടും വിളയാടട്ടെ സരസ്വതി കരങ്ങളില്‍....

ഏറനാടന്‍ said...

സ്ഥിരം പാറ്റേണ്‍ ഒന്നുകൂടി മെച്ചപ്പെടുത്തിയിട്ടുണ്ട്‌. കൊള്ളാം. രസിച്ചു.

Unknown said...

നഷ്ടങ്ങളുടെ ഓര്‍മ്മ എപ്പോഴും ഒരു ദുഃഖമുള്ള വേദനയാണ്..
വളരെ നന്നായിട്ടുണ്ട്..

Unknown said...

പാറു ചേച്ചീ,
ഈ ചേമ്പിന്റെ ഇലയൊക്കെ നഷ്ടപ്പെട്ട ബാല്യമാണ് എന്റെയൊക്കെ. എന്നാല്‍ വീഡിയോ ഗെയിമിന്റേയും ഇന്റര്‍നെറ്റിന്റേയും ബാല്യത്തിലേക്ക് മുഴുവനായി എത്തുകയും ചെയ്തിരുന്നില്ല. അത് കൊണ്ട് ഉള്ള ഒരു ഗുണം രണ്ടും മനസ്സിലാക്കാന്‍ കഴിയുന്നു എന്നതാണ്. നഷ്ടം രണ്ട് കാലത്തെ നന്മകളും പൂര്‍ണ്ണമായി ആസ്വദിക്കാന്‍ പറ്റിയില്ല എന്നതും.അപ്പൊ എന്റെ ലാഭ-നഷ്ടങ്ങളുടെ ബാലസ് ഷീറ്റ് ടാലിയായി.

(ഓട്ഓ:നന്നായി എഴുതിയിരിക്കുന്നു)

ലിഡിയ said...

കൈത്തിരീ :-) നന്ദി.

സൂ :-) വന്നതിന് നന്ദി.

രാജീവ് :-)

ഇത്തിരീ :-)

ഇടിവാളെ :-) അതെന്താ അങ്ങനെ പറഞ്ഞു കളഞ്ഞത്.നിങ്ങളെ പോലുള്ള മഹാശയന്മാരുടെ വഴിത്താരകളിലല്ലേ ഞാനൊക്കെ നടക്കാന്‍ പഠിക്കുന്നത്.

അഗ്രജന്‍ :-)

മിന്നാമിന്നീ :-)

വൈക്കന്‍ :-) അനുഗ്രഹത്തിന് നന്ദി.

ഏറനാടന്‍ :-)നിങ്ങളുടെയൊക്കെ വാക്കുകളും അഭിപ്രായങ്ങളും ശില്പത്തിന് വീതുളി പോലെ എന്റെ എഴുത്തിന്റെ മാറ്റ് കൂട്ടാന്‍ എന്നെ സഹായിക്കുന്നു.

മഞ്ഞുതുള്ളീ :-)

ദില്‍ബൂ :-)ഉള്ളത് കൊണ്ടൊക്കെ നമ്മള്‍ ബാല്യം ആഘോഷിച്ചില്ലേ അതു തന്നെ കാര്യം.പിന്നെ ഡ്യൂപ്പിനോട് ഞാന്‍ പറഞ്ഞു,കാശിന്റെ കാര്യം പറയാന്‍ കാ...ന്ന് പറയുകയും ആള് “ഡിം” ന്ന് മറഞ്ഞങ്ങ് പോവുകയും..അപ്പോ തന്നെ ഉറപ്പായി ഒറിജിനലിന്റെ എല്ലാ വിശേഷങ്ങളും ഉള്ള ഡ്യൂപ്പാണെന്ന് :-)(വെറുതെയാട്ടോ)

-പാര്‍വതി.

asdfasdf asfdasdf said...

അതേ നമ്മള്‍ മാത്രമാണല്ലോ നഷ്ടപെട്ടവര്‍.നീയും ഞാനും പിന്നെ ചേമ്പിലത്താളിന്റെ സുരക്ഷിതത്വം അറിയാതെ പോയ വിലയില്ലാത്ത നിന്റെ വംശവും.

നന്നായി പാര്‍വതി.

ലിഡിയ said...

നന്ദി മേന്ന്യനേ..വന്നതിന് അഭിപ്രായകുറിപ്പെഴുതിയതിന്

-പാര്‍വതി.

കരീം മാഷ്‌ said...

പാര്‍വതിയും കരീം മാഷും മനസു ശൂന്യമാകുന്‍പോള്‍ കഥയും കവിതയിമെഴുതരുതെന്നു ഫൈസലിന്റെ വിമര്‍ശനം.
എന്റെ കാര്യത്തില്‍ ശരിയായിരിക്കാം,
പക്ഷെ പാര്‍വതി എഴുതിയതൊന്നും ചവറില്ലന്നു സാക്ഷ്യപ്പെടുത്താന്‍ ആദ്യത്തെ ഒപ്പ് എന്റെതായിരിക്കും.
പാറൂ, വളരെ ദൂരം പോകാനുണ്ട്‌. പിറകെ ഞങളുടെ പ്രാര്‍ത്ഥനകളും ഉണ്ട്‌.

ലിഡിയ said...

നന്ദി കരീം മാഷേ..ഫൈസല്‍ പറയുന്നത് സത്യമാവും, അറിയില്ല, എനിക്കീ ഇത്തിരിയിടം എന്റെ വഴിയമ്പലമാണ്,മനസ്സിലൊഴികിവരുന്നവ മൂളിപാട്ടു പോലെ ഇവിടെ വന്ന് പോകുന്നവരോട് പറയുന്നു..

അതില്‍ ആട്ടിടയന്മാര്‍ മുതല്‍ കാലത്തെ വഴിമാറ്റുന്ന പ്രവാചകന്മാര്‍ വരെ..ഇതൊക്കെ എന്റെ ഈ പാട മൂടിയ കണ്ണുകളെങ്ങനെ അറിയാന്‍.

താങ്കളുടെ അനുഗ്രഹങ്ങള്‍ക്ക് ഒത്തിരി നന്ദി.എന്നും അവയെന്റെ കൂടെ ഉണ്ടാവട്ടെ.

-പാര്‍വതി.