തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Friday, September 22, 2006

വിത്തുഗുണം

“വിശുദ്ധനായ സെബസ്ത്യാനോസെ..
പ്രാര്‍ത്ഥിക്കണമേ ഞങ്ങള്‍ക്കായ്..”

പേരമ്മ വന്നാല്‍ പിന്നെ സന്ധ്യാപ്രാര്‍ത്ഥനകളൊക്കെ നീണ്ട് നീണ്ട് പോകും,സംഗീതത്മകവും ആകും,അത് ആര്‍ക്കെങ്കിലും ഇഷ്ടപെടുന്നതാണൊ അല്ലയോ എന്നതൊക്കെ ചോദ്യരേഖയ്ക്ക് പുറത്ത്..

“ടാ..കൊച്ചേ കവലേല്‍ പോയാല്‍ കാലിപൊയല ഒരു തണ്ട് കൊണ്ട് പോരെ.”

ഈ കൊച്ചെന്റെ വല്യപ്പനാനെങ്കിലും പേരമ്മയ്ക്ക് കൊച്ച് തന്നെ..മക്കളൊക്കെ വലുതായി നല്ല നിലയിലാണേങ്കിലും പേരമ്മ നാലഞ്ച് മാസത്തിലൊരിക്കല്‍ സഹോദര ഭവനങ്ങളിലേയ്ക്ക് യാത്ര പുറപ്പെടും..തിരിച്ച് വീട് പറ്റുക മാസങ്ങള്‍ കഴിഞ്ഞാവും..എന്നാലും എല്ലാവര്‍ക്കും പേരമ്മയെ സ്നേഹം തന്നെ..

പെരുനാള്‍ സമയത്തൊക്കെ പേരമ്മ വന്നാല്‍ ഞങ്ങള്‍ പിള്ളേര്‍ക്ക് കോളാണ്..നാടകവും ഗാനമേളയും ഒക്കെ ഇഷ്ടമുള്ള പേരമ്മ എല്ലാത്തിനും ഞങ്ങള്‍ പിള്ളേര്സെറ്റിനേയും കൂട്ടിയിറങ്ങും,വീട്ടിലിരിക്കുന്നവര്‍ക്കും സമാധാനം..

അങ്ങനെയൊരു നാള്‍,പള്ളിപെരുനാളിന്റെ നാടകത്തിന് നാടോടികൂട്ടത്തിന്റെ കെട്ടിലും മട്ടിലും ഞങ്ങളേയും കൊണ്ടിറിങ്ങി പേരമ്മ..കുട്ടികളെന്ന് പറയുമ്പോള്‍ എല്ലാ തരക്കാരും, പല്ലുന്തി എണ്ണ കാണാത്ത തലയും കൊണ്ട് നടക്കുന്ന ഞാനും,ആകെ ശരീരത്തില്‍ വയറ് മാത്രം കാണിക്കപോലുള്ള കെവിനും പിന്നെ മധുരപതിനേഴുകാരി റീമി ചേച്ചിയും ഒക്കെ..ഞങ്ങളൊക്കെ എങ്ങനെ പോയാലും ആര്‍ക്കും വിഷമുണ്ടാവാറില്ല..പക്ഷേ അങ്ങനെയല്ല റീമി ചേച്ചി.എപ്പോഴും ഒരു കണ്ണുണ്ടാവും..

പെരുന്നാള്‍ പറമ്പില്‍ ഉഴുന്നാടയും പരിപ്പുവടയും തിന്ന് തെക്ക് വടക്ക് നോക്കി നടക്കുന്ന ഞങ്ങളെ നാടകത്തിന് കെട്ടിപൊക്കിയ സ്റ്റേജിന്റെ മുന്നിലൊരു മൂലയ്ക്ക് പിടിച്ചിരുത്തി എല്ലാ സന്നാഹങ്ങളോടെയും നാടകത്തിന്റെ കര്‍ട്ടന്‍ ഉയരാനുള്ള കാത്തിരുപ്പായി പിന്നെ..എന്നത്തേയും പോലെ പറഞ്ഞ സമയം കഴിഞ്ഞ് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും നാടകം തുടങ്ങാത്തത് കുട്ടിപട്ടാളത്തില്‍ പലതിന്റെയും താത്പര്യം കെടുത്തി..ഓരോരുത്തരായി ഉറക്കം തൂങ്ങാന്‍ തുടങ്ങി.

സ്വതവേ ഉച്ചസ്ഥായിയിലുള്ള പേരമ്മയുടെ സ്വരം ഹൈവോള്യത്തില്‍ കേട്ടപ്പോഴാണ് അടഞ്ഞ കണ്ണ് തുറന്നത്..പട്ടി പിടിച്ചു കൊണ്ട് വന്ന കോഴി കണക്കെ ഒരു ചേട്ടായി നിന്ന് വിയര്‍ക്കുന്നു.

“നീയെവിടുത്തേതാടാ കൊച്ചനെ?”
“ഞാന്‍ തോണി പാറ...”
“ഓ..തൊമ്മീടെ മകനാ നീ,അപ്പന്റെ സന്തതി തന്നെ..എന്നാലും നിന്റെ അപ്പന്‍ ഇതിലും ഭേദമാരുന്നല്ലോടാ കൊച്ചേ..അവനവന്റെ പ്രായത്തിലുള്ളവരെയേ അങ്ങേര് തോണ്ടീരുന്നുള്ളല്ലോ?

അബദ്ധം പറ്റിയ ചേട്ടന്റെ മുഖം ചോര മുഴുവന്‍ പോയി കുമ്മായമടിച്ച പോലെ വെളുത്തിരുന്നു.യതാര്‍ത്ഥത്തില്‍ സംഭവിച്ചത് ഉറക്കം തൂങ്ങിയ പിള്ളേരെ ഒക്കെ മഞ്ഞടിക്കാതെ പുതപ്പിച്ചപ്പോള്‍ പേരമ്മയ്ക്ക് പുതയ്ക്കാന്‍ മിച്ചമുണ്ടായത് റീമി ചേച്ചിയുടെ ചുരിദാരിന്റെ ഷാള്‍ മാത്രം..

പിതൃഗുണ കഥകള്‍ കേള്‍ക്കേണ്ടീ വരുമെന്ന് പേടിച്ചാവും അതിന് ശേഷം പേരമ്മ കൂടെയുള്ളപ്പോള്‍ എത്ര സുന്ദരീമണികളും അദൃശ്യ സമാനരായി ചുറ്റുവട്ടത്തെ പൊടിമീശക്കാര്‍ക്ക്.

-പാര്‍വതി.

16 comments:

ലിഡിയ said...

അല്പം പേരമ്മ വിശേഷങ്ങളുമായി വീണ്ടും

:-)

-പാര്‍വതി.

സൂര്യോദയം said...

പേരമ്മയെപ്പറ്റി വായിച്ചപ്പോള്‍ സിനിമയിലെ ഫിലോമിനച്ചേച്ചിയെ ഓര്‍മ്മ വന്നു... :-)
എന്നാലും ഈ പണ്ടാരം പിടിച്ച ചുരിദാര്‍ ആണുങ്ങള്‍ക്ക്‌ പലപ്പോഴും ഒരു ശല്ല്യം തന്നെ കേട്ടോ...
;-)

പുറകില്‍ നിന്ന് കാണുമ്പോള്‍ 'വന്‍ ഐറ്റം' ആണെന്ന് വിചാരിച്ച്‌ ആ തിരുമുഖം കഷ്ടപ്പെട്ട്‌ ഭാര്യയറിയാതെ എത്തിനോക്കുമ്പോഴാണ്‌ പലപ്പോഴും ഞെട്ടുന്നത്‌.....വല്ല്യമ്മമാരെ എന്തോ നോക്കാനാ...'
:-)

Rasheed Chalil said...

പാര്‍വ്വതീ ഈ പേരമ്മ വിശേഷവും അസ്സലായി.

വല്യമ്മായി said...

പേരമ്മമാരായാല്‍ ഇങ്ങനെ വേണം.നന്നായിരിക്കുന്നു.

ബെന്യാമിന്‍ said...

പേരമ്മയുടെ പകുതി ധീരത ഇന്നത്തെ പെണ്‍കുട്ടികള്‍ക്കുണ്ടായിരുന്നെങ്കില്‍ പീഡനം എന്ന വാക്ക്‌ നമുക്ക്‌ കേള്‍ക്കേണ്ടി വരുമായിരുന്നില്ല. പെണ്‍കുട്ടികളുടെ അവസരത്തിനൊത്ത്‌ പ്രവര്‍ത്തിക്കാനുള്ള കഴിവില്ലായ്മയാണ്‌ പലപ്പോഴും പ്രശ്നങ്ങള്‍ക്ക്‌ കാരണം. പേരമ്മമാര്‍ വാഴ്ക..!!!

myexperimentsandme said...

നന്നായിരിക്കുന്നു, പാര്‍വ്വതീ.

പെണ്‍കുട്ടികള്‍ അവസരത്തിനൊത്ത് പ്രവര്‍ത്തിച്ചാല്‍ തന്നെ അവരെ തത്സമയം ശരിയായ രീതിയില്‍ പിന്തുണയ്ക്കുന്ന ഒരു സമൂഹവും കൂടിയില്ലെങ്കില്‍ വലിയ പ്രയോജനമില്ല എന്ന് തോന്നുന്നു. റെയില്‍‌വെ സ്റ്റേഷനില്‍ തോന്ന്യവാസം കാണിക്കുന്ന ഒരുത്തനെതിരെ ഒരു ദിവസം പ്രതികരിച്ച് അവനെ അവിടെനിന്ന് ഓടിച്ചു. അടുത്ത ദിവസവും അവന്‍ അവിടെത്തന്നെ പഴയ തോന്ന്യവാസവും കാണിച്ചുകൊണ്ട് നില്‍ക്കുമ്പോള്‍ ആദ്യദിവസം പ്രതികരിച്ച പെണ്‍കുട്ടികള്‍ ഒന്ന് ഭയക്കുമെന്നാണ് തോന്നുന്നത്. അവന്‍ പിന്നെ ഒരു ദിവസവും അവിടെ വരാതിരിക്കാനുള്ള കാര്യങ്ങള്‍ ചെയ്യാന്‍ നിയമപാലകര്‍ക്ക് സാധിക്കുന്നില്ല. ഒന്നുകില്‍ അവന്‍ അവര്‍ക്കെല്ലാം അതീതന്‍; അല്ലെങ്കില്‍ നിയമപാലകരുടെ നിസ്സംഗത.

സിസ്റ്റം മൊത്തത്തില്‍ നന്നാകണമെന്ന് തോന്നുന്നു. പക്ഷേ ഏതെങ്കിലും അറ്റത്തുനിന്ന് തുടങ്ങണം താനും.

Aravishiva said...

ഇത്തരം പേരമ്മമാരെ എനിയ്ക്കും വലിയ ഇഷ്ടമാണു....നല്ല ധൈര്യമുള്ള സ്ത്രീകളെ പുരുഷനും ബഹുമാനിയ്ക്കും.ആ പേരമ്മയെക്കൊണ്ട് നമ്മുടെ പെണ്‍കുട്ടികള്‍ക്കൊക്കെ ഒരു ട്രെയിനിങ് കൊടുത്താല്‍ കേരളം ഇനിയും നന്നാവും...പാര്‍വ്വതിച്ചേച്ചീ പേരമ്മ വിശേഷം കലക്കീ...

"forlovers... said...

പേരമ്മ-സ്നേഹത്തിന്റെ നിറകുടം
പേരകുട്ടികളെ അത്രയ്‌ക്ക്‌ ഇഷ്‌ടാണ്‌.
അല്ലേ പാറൂട്ടീ.....

ബിന്ദു said...

ആദ്യം ഞാന്‍ ഓര്‍ത്തു എന്തെങ്കിലും വിട്ടു പോയതാണോ എന്നു. പിന്നെയല്ലേ മനസ്സിലായത് ഷാള്‍ പണി പറ്റിച്ചു എന്നു. :)കൊള്ളാം. :)

റീനി said...

പാവതി, പേരമ്മ കൂട്ടത്തില്‍ ഉണ്ടായിരുന്നത്‌ നന്നായല്ലോ. എന്നാലും ഷോള്‍ പറ്റിച്ചപണിയേ. പണ്ടാരാണ്ട്‌ പറഞ്ഞുകേട്ടിട്ടുണ്ട്‌ .. ചിലരൊക്കെ കോലേല്‍ തുണിചുറ്റിവെച്ചാലും നോക്കുമെന്ന്‌....(ചിലരൊക്കെ ആരെങ്കിലും ആയിക്കോട്ടെ)

പാപ്പാന്‍‌/mahout said...

പാര്‍‌വതീ, രസമായി വായിച്ചു.

റീനി, ബാച്ചിലേഴ്സ് ക്ലബ്ബിലെ അംഗങ്ങളെയാണോ ഉദ്ദേശിച്ചത്? അവരത്തരക്കാരൊന്നുമല്ല കേട്ടോ, ഡീസന്റാ. ഒരു ബിരിയാണിച്ചെമ്പിന്മേലെങ്ങാനും ഒരു ഷാള്‍ തൂക്കിയിട്ടിരുന്നാല്‍ അവമ്മാരു നോക്കിയെന്നിരിക്കും (ചെമ്പിനെ), അത്രയേയുള്ളു.

റീനി said...

പാര്‍വതി, ഒരുകാര്യം ചോദിക്കാന്‍ വിട്ടു. മധുരപതിനേഴുകാരി റീമിചേച്ചി എങ്ങനെയാ കഥയുടെ അവസാനത്തില്‍ റീനി ആയി മാറിയത്‌? ഞാനങ്ങ്‌ ഞെട്ടിപ്പോയി.

മുസാഫിര്‍ said...

നന്നായിരിക്കുന്നു.പാര്‍വ്വതി.പുവാലന്മാര്‍ ജാഗ്രതൈ !
ബിന്ദുവിന്റെ സംശയം എനിക്കും ഉണ്ടായി.പിന്നെ ഒരു വട്ടം കുടി വായിച്ചു.

Radheyan said...

ഈയിടെ വന്ന ഒരു കാര്‍ട്ടൂണ്‍
വാര്‍ത്ത: മന്ത്രി സ്ഥാനം നഷ്ടപ്പെട്ട ജോസഫിന് ഇരിക്കാന്‍ നിയമസഭയിടെ മുന്‍ നിരയില്‍ ഒരു സീറ്റ് പുതുതായി ഇട്ടു
കാര്‍ട്ടൂണില്‍ മുഖ്യമന്ത്രി ഇങ്ങനെ പറയുന്നു: അയളെ പുറകില്‍ ഇരുത്തിയാല്‍ അയാളുടെ കൈ വെറുതെ ഇരിക്കില്ല.
കഥ കൊള്ളാം പാര്‍വതി

P Das said...

പേരമ്മ ആളു കൊള്ളല്ലോ.. വക്കാരി പറഞ്ഞതാണ് ശരി..

ലിഡിയ said...

അല്പം തിരക്കിലായി പോയതിനാല്‍ മറുപടി കമന്റെഴുതാന്‍ സമയത്തിന് എത്തിചേരാനായില്ല,മനുഷ്യന്റെ കാര്യങ്ങളല്ലേ..

വന്ന് കണ്ട് അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും ഒരു കുന്ന് നന്ദി.

-പാര്‍വതി.