“അങ്ങനെ വിക്രമാദിത്യന്റെ ഉത്തരം കേട്ട വേതാളം തിരിച്ച് മുരിക്ക് മരത്തിലേയ്ക്ക് പറന്നു..”
“അടുത്ത കഥ നാളെ”
“അമ്മേ..ഒരു കഥ കൂടി പറയമ്മേ..സച്ചൂന് ഉറക്കം വരുന്നില്ലമ്മേ..നാളെ സ്കൂളില്‍ പോണ്ടല്ലോ..ഒരു കഥേം കൂടി..”
“സച്ചൂ..ഉറങ്ങടാ..നാളേ അമ്മയ്ക്ക് പോണ്ടേ ഓഫീസില്‍”
“അമ്മ ഒരു കഥ പറയുകയാണെങ്കില്‍ ഞാന്‍ ഒരു രഹസ്യം പറയാം..”
“ആരോടും പറേരുത്..”
“പറയുവോ?”
“ഇല്ല നീ പറ,എന്താണാവോ ഈ രഹസ്യം?”
“അതേ..ന്റെ ക്ലാസിലെ അഭീല്ലെ..ആ യോഗിതേനെ ചുണ്ടത്ത് ഉമ്മ വച്ചു,വല്യോരൊക്കെ ഇഷ്ടോള്ളൊരെ ഉമ്മവക്കണതങ്ങനാന്നാ അവന് പറഞ്ഞേ..ആരോടും പറേരുതെന്ന് പറഞ്ഞു..അമ്മേം പറേരുത് കേട്ടോ..”
രണ്ടാം ക്ലാസുകാരന്റെ ബൌദ്ധിക വളര്‍ച്ചയും അതിന്റെ വഴിവിട്ട പാച്ചിലും,നടുങ്ങി നില്ക്കാനെ ആയുള്ളു എനിക്ക്..
എന്റെ കുഞ്ഞേ..നിനക്കായ് ഞാന്‍ കൂട്ടി വച്ച ഈസോപ്പ് കഥകളൊക്കെയും പാഴ്വേലകളായിരുന്നോ..നിന്റെ കാല്‍വേഗമെത്തുവാന്‍ എന്റെ തലമുറയ്ക്കാവുകില്ലേ..അമ്മയുടെ സ്നേഹത്തിന്റെ കരുതലിനും ??പുതിയ കഥകള്‍ തേടണമോ ഞങ്ങള്‍ നിന്റെ കണ്ണില്‍ വെളിച്ചത്തിന്റെ തിരി തെളിക്കാന്‍??
-പാര്‍വതി.
46 comments:
കാലത്തിന്റെ വളര്‍ച്ചക്ക് മുമ്പില്‍ പലപ്പോഴും പകച്ചു നില്‍ക്കേണ്ടിവരുന്നു. നിഷ്കളങ്കമനസ്സില്‍ നിന്ന് വരുന്ന ചോദ്യങ്ങള്‍ക്ക് പോലും നമ്മെ പേടിപെടുത്തുന്നു. എങ്ങോട്ടാണാവോ ഈ ലോകത്തിന്റെ പാച്ചില്‍... ആര്‍ക്കറിയാം.
കുറഞ്ഞ വരികളില്‍ കോറിയിട്ട കനപ്പെട്ട ആശയങ്ങള്‍. ഒരു സമകാലീക പ്രശ്നത്തിന്റെ മനോഹരമായ അവതരണം. പാര്‍വ്വതീ കഥ അസ്സലായി. ഒത്തിരി ഇഷ്ടമായി
നന്നായിരിക്കുന്നു, നല്ല തീം,
അവതരണത്തില്‍ ഒന്നുകൂടി ശ്രദ്ദിക്കുക, എഴുതിയ ഉടനെ പൊസ്റ്റാതിരിക്കുക, സ്വയം വായിച്ച്നൊക്കി നന്നാക്കുക,
-അബ്ദു-
“ പാറൂ അക്കാ ..ഒരു കഥ കൂടി പറയൂ അക്കാ :)..
എങ്ങനെ പോസ്റ്റണം എപ്പോള്‍ പോസ്റ്റണം എന്നൊന്നും ഞാന്‍ പറയുന്നില്ല...പക്ഷെ പോസ്റ്റണം നല്ല കഥകള്‍ (എനിക്കിഷ്റ്റപെട്ടതെന്തും എനിക്കു നല്ലതാണു...ഇതിലെ ആശയം എനിക്കിഷ്റ്റപ്പെട്ടു...ചിലപ്പോല്‍ തൊന്നും ..ഇപ്പൊഴത്തെ കുട്ടി ആയി ജനിച്ചാല്‍ മതി എന്നു ;;)
പാറുവേ...
നന്നായിരിക്കുന്നു കേട്ടോ ! പക്ഷെ, ഇതൊക്കെ ഒരു പത്തിരുപതു കൊല്ലം മുന്‍പു തന്നെ തുടങ്ങിയ കഥകളാണെന്നു എനിക്കു അനുഭവമുണ്ട് ! ( നേരിട്ടനുഭവമല്ല കേട്ടോ, കണ്ടും കേട്ടും അറിഞ്ഞത്..)
ഇന്നത്തെ പിള്ളാരു കുറച്ചുകൂടി പുരോഗമിച്ചുകാണും
ഞെട്ടിയോ?
ഞാന്‍ ഞെട്ടിയില്ല.
വേറൊരു രണ്ടാംക്ലാസ്സുകാരന് ഇന്നാളൊരു ദിവസം പ്രണയവാതില്‍ തപ്പി നടക്കുന്നുണ്ടായിരുന്നു.:)അയ്യോ... രണ്ടാംക്ലാസ്സ് പ്രശ്നമാണോ? പാര്‍വതീ നന്നായി.
പാര്‍വതി, നല്ല കഥാബീജം.
ചിന്തിക്കുമ്പോള്‍ മനസ്സിനെപിടിച്ചുലക്കുന്ന കൊച്ചുതലമുറയും അവരുടെ പ്രശ്നങ്ങളും. അപ്പൊപ്പിന്നെ ചിന്തിക്കാതിരിക്കാം, അല്ലേ?
എന്റെ മോള് ഇതേ വാക്കുകള്‍ തന്നെ എന്നോടും പറഞ്ഞിരുന്നു... പറഞ്ഞു കൊടുത്ത ഈസോപ്പു കഥകള്‍ പോരാഞ്ഞിട്ടല്ല, ഇതു കാലത്തിന്റെ കുത്തിയൊലിപ്പാണ്... പിടിച്ചു നില്ക്കാന് നല്ല ധൈര്യവും ചങ്കുറപ്പും വേണ്ടി വരും... പെണ് മക്കളുടെ അച്ഛ്ന്മാര്ക്കു ഉറക്കം അന്യമാകും... നല്ല കഥകള്‍ക്കായി കാത്തിരിക്കുന്നു...
പാര്‍വ്വതി, നന്നായിരിക്കുന്നു.
ഓണം കഴിഞ്ഞ് വന്ന വെള്ളിയാഴ്ച അറിയാവുന്ന വിധത്തിലൊരു സദ്യ തട്ടിക്കൂട്ടി ഞാനും നല്ലപാതിയും ചേര്‍ന്ന്. ഇലയിട്ടു (ഒറിജിനലല്ല, മറ്റവന്... പരസ്യക്കാരന്) കഴിക്കാന്‍ തുടങ്ങുമ്പോള്‍ രണ്ട് വയസ്സ് കഴിഞ്ഞ മോളുടെ ചോദ്യം ‘ഇതെന്താ?’... ഭാര്യ പറഞ്ഞു ‘ഇല’... ഉടനെ മോളുടെ മറുപടി വന്നു... ‘അല്ല, പേപ്പറാ’...
ഇടിവാള്‍ പറഞ്ഞതും ശരി തന്നെ, എന്നെ പറ്റിയുള്ള കുഞ്ഞിക്കുറുമ്പുകള്‍ പിന്നീട് കേട്ടിട്ട് എന്നെ തന്നെ എനിക്ക് വിശ്വസിക്കാന്‍ പ്രയാസം തോന്നിയിട്ടുണ്ട്...:)
പാര്‍വതിചേച്ചീ,
(അങ്ങിനെ വിളിക്കാല്ലൊ,അല്ലേ)
നന്നായിട്ടോ,മനോഹരമായിരിക്കുന്നു.
ഉള്ളില്‍ തട്ടുന്ന വിവരണം.
നാം കാണുന്ന സ്വപ്നങ്ങളില്‍
മക്കള്‍ കരിനിഴല്‍ വീഴ്ത്തില്ലെന്ന്
നമുക്കു പ്രത്യാശിക്കാം.
ഒരു പെണ്‍കുഞ്ഞിന്റെ അച്ചന്റെ
നെരിപ്പോടോടെ.
ആ രണ്ടാം ക്ലാസ്സുകാരന് ഞാനായിരുന്നു. പക്ഷെ ഈ കുട്ടി ഇതെങ്ങിനെ അറിഞ്ഞു. communication-ന്റെ ഒരു വളര്‍ച്ച.!!!!!
പലപ്പോഴും നമ്മള് പറയുന്ന കഥകള്‍ കേള്‍ക്കാന്‍ അവര്‍ ക്ഷമ കാണിക്കുന്നില്ല.ആമയുടേയും മുയലിന്റേയും പോലുള്ള കഥയല്ലാതെ ഹാരിപോട്ടര്‍ കഥയൊന്നും അറിയാത്ത അമ്മമാര്‍ വെറും കണ്ട്രികള്
പാറു ചേച്ചീ,
ഇതൊക്കെ സ്വാഭാവികമല്ലേ? ഏതൊക്കെ എന്നല്ലേ.... പറയാം.
എന്റെ അഛന്റേയും അമ്മയുടേയും തലമുറ ചെറുപ്പത്തില്‍ സ്വാതന്ത്ര്യത്തിനായും ലിബറല്‍ മൂല്യങ്ങള്‍ക്കായും നിലവിളിച്ചു.ഞാന്‍ എന്റെ കുട്ടിക്കാലത്ത് ഗേള്‍ഫ്രണ്ട് എന്നൊരു സംഭവമുണ്ടെന്ന് ഈ തലമുറ അവര്‍ക്കായി ഒരുക്കിയ ടി വി പരിപാടിയില്‍ നിന്നോ മറ്റോ മനസ്സിലാക്കി അമ്മയോട് സംശയം ചോദിച്ചു. അമ്മ ഞെട്ടി.
അതേ പോലെ ഇന്നത്തെ കുട്ടി നമ്മള് ആസ്വദിച്ച് കണുന്ന വായിക്കുന്ന കാര്യങ്ങള്‍ മനസ്സിലാക്കുന്നു, ചോദിക്കുന്നു, പ്രവര്‍ത്തിക്കുന്നു. അതില്‍ എന്താണ് അല്‍ഭുതം? മാറ്റം എല്ലാ തലങ്ങളിലും വരും അതിനെ ഒരു തലത്തില്‍ മാത്രം ഒതുക്കി നിര്‍ത്താനാവില്ല.
ഇന്നലെ എന്നെ നോക്കി അമ്മ പറഞ്ഞു ഈ കൂട്ടികള്‍ക്ക് എന്തൊരു മാറ്റം, കുട്ടിക്കാലത്തിന് എന്തൊരു മാറ്റം എന്ന്. നാളെ ഞാനും പറയും.. തീര്‍ച്ച.
ഹ ഹ ഹ അതു കൊള്ളാം ദില്‍ബൂ എല്ലാം ഒരു ജെനറേഷന് ഗ്യാപ്പിലൊതിക്കി കളഞ്ഞല്ലോ, പാറൂ.
ദില്‍ബൂ ഇങ്ങനെയൊക്കെയാണ് കാര്യങ്ങള്‍ എങ്കിലും തന്റെ കുഞ്ഞ് ഇങ്ങനെ ചോദിച്ചാല്‍ സാധാരണക്കാരി ഒരമ്മയുടെ നെഞ്ച് നോവും. അവള് കരുതി വച്ചിരിക്കുന്നത് ഈസോപ്പ് കഥകളായിരുന്നല്ലോ!
ദില്ബന് പറഞ്ഞപോലെ ഈ മോന് നാളെ ഒരപ്പനാകുമ്പോല് അവന്റെ മോനും ഇതുപോലെ നട്ടെല്ലില്‍ കൂടി ബുള്ളറ്റ് പായിക്കുന്ന ഡയലോഗ് കീച്ചും!. ജനറേഷന് ഗ്യാപ്പാണോ എന്തോ.
ഈ ഉമ്മയില്‍ ഒരു നിഷ്കളങ്കാസ്പെക്റ്റ് കാണാനാവുന്നുണ്ട് എനിക്ക്. ഈ പ്രായത്തില്‍ ഒരിക്കല്‍ ഞാന്‍ കപ്പത്തണ്ടുകൊണ്ട് ഒരു സുന്ദരന്‍ മാല തീര്‍ത്ത് എന്റെ ക്ലാസ്സ് മേറ്റിനെ അങ്ങു കെട്ടി. കൂട്ടുകാര്‍ കൂടി പൂവെറിഞ്ഞും കുരവ വിളിച്ചും സെറിമണി ഗംഭീരമാക്കി.
വൈകിട്ട് ഓടി വീട്ടില്‍ വന്നു കയറി ഞാന്‍ പറഞ്ഞു "അമ്മേയമ്മേ, എന്റെ കല്യാണം കഴിഞ്ഞു കേട്ടോ"
കഥ മനോഹരമായിരിക്കുന്നു..
ഒത്തിരി ചിന്തിപ്പിക്കുകയും
ഇന്നു അച്ഛനായിരിക്കുക,അമ്മയായിരിക്കുക എന്നതു മുള്ക്കിരീടമണിയുന്നതിനു തുല്യമാണ്.എന്തില്‍ നിന്നെല്ലാം നാം അവരെ കണ്ണുപൊത്തേണ്ടിയിരിക്കുന്നു?
ഒരളവുവരെ T.V കാണല്‍ കുട്ടികളില്‍ ഒരുപാടു കര്യങ്ങള്‍ പെട്ടെന്നെത്തിക്കുന്നുണ്ട്.
ഒരു കൊലപാതകം,ഒരാക്സിഡന്റ്,ചോര,മരണം,ബലാത്സംഗം തുടങ്ങിയെത്രയെത്ര വേണ്ടതും വേണ്ടാത്തതുമായ കാര്യങ്ങള്‍ കുട്ടികള്‍ T.Vയുടെ സഹായത്താല്‍ പെട്ടെന്നു കാണുന്നു. ഇതവരെ വഴിതെറ്റിക്കുന്നതില്‍ ഒരളവുവരെ കാരണമല്ലെ?
പാര്‍വ്വതീ കഥ ഇഷ്ടമായി. കര്യങ്ങളെ പര്‍വ്വതീകരിക്കാതെ, പച്ചയായി പറയുന്ന രീതി വളരെ നന്നായി. തുടരുക.
കപ്പയിലത്തണ്ടുമാലകൊണ്ട് കല്യാണം കഴിച്ച പെണ്‍കുട്ടികളെയൊക്കെ ഞാനെന്റെ ശ്രീമതിക്ക് കാട്ടികൊടുത്തിട്ടുണ്ട്..മക്കളും മോശമല്ല, ശ്രീമതി പറഞ്ഞത് ..സ്കൂളില്‍ നിന്നും വന്നപാടെ രണ്ടും കൂടെ ഭയങ്കര കുശുകുശുപ്പ്..“എടീ എന്തായാലും എന്നായാലും ഉമ്മച്ചി അറിയും..(യു.കെ.ജി.ക്കാരി വേണ്ടാന്ന് കണ്ണുകാണിക്കുന്നു!!) ഇപ്പോ തന്നെ പറയുന്നതാ നല്ലത് ” .. എന്താടാന്ന് ശ്രീമതി..“അതേ ഉമ്മച്ചി, ഇവളുടെയടുത്ത് എന്റെ ക്ലാസ്സിലെ (3rd)അബിനവ് I love you പറഞ്ഞു “..അല്പം ജാള്യത്തോടെ മോള്, “അതുമ്മച്ചീ, ഇന്നു valentines day അല്ലേ..!!“ കുട്ടികള്‍ നമ്മളെക്കാളും വളര്‍ന്നുകൊണ്ടിരിക്കുന്നു.
ഇന്നത്തെ കാലഘട്ടത്തിന്റെ സംസ്കാരിക വിപത്തിലേക്ക് നയിക്കുന്ന വേഗത ഞാന്‍ എന്നും ഒരു കാഴ്ചക്കാരനായി വീക്ഷിച്ചിരുന്നു. വിജ്ഞാനത്തോടൊപ്പം മറ്റ് പലതുംകൂടി പുതിയ തലമുറയിലേക്ക് വേഗത്തില്‍ ഒഴുകിയെത്തുന്നു. ഈ കുത്തൊഴുക്കില്‍ എങ്ങനെ തടയും ഈ വിഷാംശങ്ങളെ എന്ന് ഞാനും എന്നു ചിന്തിച്ചിരുന്നു. സംഭവാമി യുഗേ യുഗേ..
പാര്‍വതിയുടെ കഥ വെറുമൊരു കഥയല്ല. ചിന്തിച്ചു ഒരു പാട്. ഇന്നത്തെ പൈതലുകള്‍ എത്ര മാറിയിരിക്കുന്നു. വിദേശചാനലുകളും നാടന്‍ ചാനലുകളും മത്സരിക്കുകയല്ലേ ആഭാസം പ്രദര്ശിപ്പിക്കുവാന്. ഇളംമനസ്സ് വൃത്തികേടാക്കുവാന്‍ കച്ചയും കെട്ടിയിറങ്ങിയിരിക്കുന്ന ഈ സൈബര്‍ടെക് യുഗത്തിലെ കുഞ്ഞുവായിലെ വര്‍ത്തമാനങ്ങള്‍ കേട്ടാല്‍ അന്തംവിട്ട് നില്ക്കുവാനേ പറ്റൂ..
നല്ല കഥ, നല്ല വിഷയം.
വളരെ ഡെലിക്കേറ്റായ ഒരു ബാലന്‍സിലാണ് ഇന്നത്തെ സഭ്യതയുടെ കിടപ്പ്.
അതിരുകള്‍ മാറ്റി വരക്കുകയാണ് ദിനം തോറും.
നാടോടുമ്പോള്‍ നടുവേ...കെട്ടിപ്പൂട്ടി വയ്ക്കുന്നത് അവസരം കിട്ടുമ്പോള്‍ വലിച്ചുപറിച്ചെടുത്താല് വികൃതമായേക്കാം.
പടിഞ്ഞാറിന്റേയും കിഴക്കിന്റേയും നല്ല വശങ്ങള് ഉള്‍ക്കൊണ്ട് ഒരു പുതിയ സംസ്കാരത്തിന് എന്റെ വോട്ട്.
കുറച്ചുകാലം മുന്‍പ് ഡല്‍ഹിയില്‍ കറങ്ങി നടന്ന, രണ്ട് സ്കൂള്‍ കുട്ടികളുടെ എം.എം.എസ് ചിത്രം ഓര്‍മവന്നു.
അക്ഷന്തവ്യമായ അപരാധമാണ്. പക്ഷേ പുറത്ത് പലയിടത്തും നിത്യസംഭവങ്ങളും.കുറ്റം ആരുടെ?
നടുങ്ങി നില്‍ക്കാതെ മക്കളുടെ മുഖത്ത് നോക്കി ലജ്ജയില്ലാതെ സംസാരിക്കാന്‍ അമ്മമാര്‍ പഠിക്കേണ്ടിയിരിക്കുന്നു.
പാര്‍വതീ,
നല്ല ആശയം. നല്ല കഥ, നല്ല അവതരണം. വായനയ്ക്കൊടുവില്‍ ഒരു നൊമ്പരം ബാക്കി. ചിന്തിയ്കാനും ഒരുപാടു വകനല്കുന്നു.
ഇത്തിരീ :-) ശരിയാണ് നന്ദി.
ഇടങ്ങള്‍ :-) നന്ദി, തീര്‍ച്ചയായും ശ്രദ്ധിക്കാം
കുസൃതിക്ക് ഇഷ്ടം പോലെ കഥകള്‍ പറഞ്ഞ് തരാമല്ലൊ,:-)പുതിയ കഥകള്‍ (ബേബ്ലേഡിന്റെയും സ്പൈഡര്‍മാന്റെയും ഒന്നും കഥ അറിയില്ല കേട്ടോ)
ഇടിവാള്‍:-)ശരിയായിരിക്കാം.
ആദിത്യന്:-)കുട്ടികളായോ?അത് കഴിഞ്ഞ് തനിയെ ഞെട്ടുന്നത് കാണാം.
ബിന്ദൂ :-)
റീനി:-) ഇപ്പോ ആവശ്യമില്ലെങ്കില്‍ പിന്നെ എന്തിനാ ചിന്തിക്കുന്നേ..
കണ്ണൂരാന്‍,അഗ്രജന്:-)അനുഭവങ്ങള്‍,ഇവര്‍ നമുക്ക് ഒരു പുതിയ ലോകം തന്നെ കാട്ടി തരും.
മിന്നാമിനുങ്ങ് :-)നന്ദി.
അഹമീദ് ;-) ഗൊച്ചുഗള്ളന്‍
മഞ്ചാടീ,വല്യമ്മായീ,ദില്‍ബൂ,ഡാലീ :-)
ദേവരാഗം :-) നന്നായിരിക്കുന്നു.
ശിശു :-) സത്യം, പക്ഷേ കാര്‍ട്ടൂണ്‍ ചാനലും കാട്ടികൊടുക്കാന്‍ പേടിയാണ്.
രാജീവ്,ചെണ്ടക്കരന്‍,സൂര്യോദയം :-)
ഏറനാടന്‍, അരവിന്ദ് :-) അതാണ് സത്യം,പക്ഷേ എന്ത് ചെയ്യാനാവും,മുറ്റമില്ലാത്തത് കൊണ്ട് ടേബിള്‍ ടൊപില് പൂക്കളമിടുന്നു നമ്മള്,ഊഞ്ഞാലും ഓടിപിടുത്തവും ഇവര്‍ക്കന്യം,നേഴ്സറി അഡ്മിഷന് ഇന്റെര്‍വ്യൂന്റെ തിരക്കും ടെന്‍ഷനും,ജീവിതതിന്റെ തിരക്കുകളില്‍ പൊങ്ങുതടി പോലെ നമ്മളും,എല്ലാത്തിന്റെയും സംതുലനം എവിടെ കണ്ടെത്തും എന്നതാണ് കാതലായ പ്രശ്നം.
വന്നു കണ്ട എല്ലാവര്ക്കും നന്ദി.
വീണ്ടും കാണാം
-പാര്‍വതി.
പുതിയ കഥകള്‍ :(
വലിയ വിഷയം ചെറുതാക്കി സിമ്പിളായി എഴുതിവച്ചല്ലേ. നല്ല പോസ്റ്റ്.
പിന്നെ നമ്മുടെ ബ്ലോഗ് പുലി, കുമാര്‍ ചെയ്ത ഒരു പരസ്യം ഉണ്ടല്ലോ. അത് കാരണം, വീട്ടില്‍ ഞാന്‍ ടി.വി. കാണല്‍ നിര്‍ത്തി.
ഈതലമുറയിലെയും വരും തലമുറയിലെ അമ്മമാരും അനുഭവിക്കാന്‍ പോകുന്ന യഥാര്ത്യം ,,നല്ല ചിന്തിപ്പിക്കുന്ന കഥ , നന്നായി..
സദാചാരം കാത്തു സൂക്ഷിക്കാന്‍ സാരോപദേശകഥകളും ഉപദേശങ്ങളും മതിയാവാതെ വരുന്ന ഈ പുത്തന്‍ തലമുറക്കു മുന്പില് അവരുടെ ചില ചോദ്യങ്ങള്‍ക്കു മറുപടി പറയാനില്ലതെ ചിലപ്പോള്‍ ബധിരനും മൂകനും അന്ധനുമായി അഭിനയിക്കേണ്ടി വരും.
നമ്മള് പണ്ട് കാണാത്ത പലതും ഇപ്പഴത്തേ കുട്ടികള്‍ വീടിനകത്ത് വളരെ അരികില്‍ തന്നെ കാണുന്നു. നമ്മുടെ കാലത്ത് അമ്മയേ അച്ഛന് പൊക്കിയെടുക്കുന്നതോ, തോളില്‍ കൈയിടുന്നതോ ഒന്നും ഉണ്ടാവാറില്ല, അല്ലെങ്കില്‍ നമ്മുടെ ഒക്കെ കണ്ണില്‍ പെട്ടിരുന്നില്ല. ബൈക്കില്‍ ചെവി തിന്നു പോകുന്ന യുവ മിദുനങ്ങളും, ഈ രാത്രി തീരാതിരിയ്കട്ടെ എന്ന കിളവന്റെ കോണ്ടം പരസ്യവും നാഴിയ്കക് നാല്പത് വട്ടം ഇന്ന് പിന്നേം പിന്നേം ഒഴുകിയെത്തുന്നു, കുട്ടികളുടെ സീരിയലിനിടയില്‍ പോലും. കുട്ടികള്‍ അല്ല വില്ലന്മാര്, ഗുരുക്കള്‍ തന്നെ.
ഇതൊക്കെ ഇപ്പോ ഒരു പുതുമയില്ലാത്ത കാര്യം പോലയാണു. മിശ്രവിവാഹക്കാരെ ഭ്ര്ഷ്ടാക്കി കാലമുണ്ടായിരുന്നില്ലേ? ഇപ്പോ അതു പോയിട്ട് അത് ഒരു രീതി തന്നെയായില്ലേ? അതു പോലെ കുഞ്ഞുങ്ങളുടെ ചോദ്യവും ഒരുപാടു മുന്നേറുന്നു
നിഷ്കളങ്കത എന്നത് ഇപ്പോള്‍ വെറുമൊരു വാക്കു മാത്രമായിരിയ്ക്കുന്നു.നമ്മളേക്കാള്‍ കൂടുതല്‍ ഇപ്പോഴത്തെ കുട്ടികള്ക്കറിയാമെന്നു തോന്നിയിട്ടുണ്ട്.നമ്മുടെ മുന്‍പിലുള്ള ലോകം ഒരുപാടു മാറിയിരിയ്ക്കുന്നു.നമ്മള് മാത്രമാണു മാറാന്‍ മടി കാണിയ്ക്കുന്നതെന്നാണെന്റെ തോന്നല്‍.ചെറിയ വായില്‍ വലിയ വര്‍ത്തമാനം പറയിയ്ക്കുന്നതില് ടെലിവിഷനുള്ളത്രയും ഷെയര്‍ മറ്റാര്‍ക്കുമില്ല..ഇതാണോ കലികാലം..എന്റമ്മച്ചിയേ..കഥയും അവതരണവുമൊക്കെ നന്നായെന്നു എടുത്തു പറയേണ്ടല്ലോ..
അവര്‍ വളര്‍ന്നു വരുന്ന ജീവിത സാഹചര്യങ്ങള്‍ അത്തരത്തിലുള്ളതാണ്.അതിന്റെ കൂടെ ഒഴുകിയില്ലെങ്കില് പുറം തള്ളപ്പേട്ടുപോകും.ഞെട്ടിപ്പിക്കുന്ന വയറുകള്‍ ഊരിയിടുക എന്നു അനുഭവം പഠിപ്പിച്ചു.
എന്താണു സദാചാരം?ഒന്നുരണ്ടുതലമുറ മുമ്പ് ഇപ്പറഞ്ഞ പ്രായത്തിലുള്ള കുട്ടികളെ വിവാഹിതരാക്കുമായിരുന്നു.അങ്ങനെ വിവാഹിതരായ കുട്ടികള്‍ തമ്മില്‍ ഉമ്മവച്ചാല്‍ അന്നത്തെ സദാചാരം പൊളിയുമോ?രണ്ടുമൂന്നുതലമുറമുമ്പ് താണജാതിക്കാര്ക്ക് മാറുമറയ്ക്കരുതായിരുന്നു.അങ്ങനെമാറുമറയ്ക്കാതെ നടന്നുപോകുന്ന ഒരു സ്ത്രീയുടെ മാറില്‍ ഒരു കുട്ടിനോക്കിപ്പോയാല് അവന്റെ സദാചാരം പൊളിഞ്ഞിരുന്നോ?ബ്രിട്ടീഷുകാരുവന്ന് അവരുടെ വിക്ടൊറിയന്‍ സദാചാരം അടിച്ചേല്പ്പിക്കുന്നതിനുമുമ്പത്തെ ആര്ഷഭാരതസദാചാരം ഖജൂരാഹോയിലും കാമസൂത്രത്തിലും കാണാം.അന്നത്തെകാലത്തുജീവിച്ചിരുന്ന നമ്മുടെ അപ്പൂപ്പന്മാരെല്ലാം വൃത്തികെട്ടവരായിരുന്നോ?
സദാചാരം ഓരോ തലമുറയുടെയും അകാരണമായ ഭീതി മാത്രം.സ്വന്തം കുട്ടികള്‍ തന്നെപ്പോലെയാകണം,താനാകണം,അവരിലൂടെ താന്‍ മരണം കീഴടക്കണം എന്നുവ്വരുത്തിത്തീര്ക്കാനുള്ള ത്വരയുടെഭാഗം.തനിക്കറിയാത്തതുമക്കള്ക്കറിയുന്നു എന്നുകാണുമ്പോഴുള്ള inter-generational കുശുമ്പ്. അസുരനാണെങ്കിലും ഭാസുരമായ മനസ്സുള്ളവന് ആരോ അവന് മാത്രം ഇതു മനസ്സിലാക്കിയിരിക്കുന്നു.
Paarvathi,
ചിലപ്പോളെങ്കിലും കുട്ടികളുടെ പെരുമാറ്റം നമ്മളെ ഒരു വല്ലാത്ത അവസ്ഥയിലെത്തിക്കും.
അനുഭവം പങ്കു വെക്കുന്നത് ഈ അവസരത്തില്‍ അനുചിതമാകയില്ല എന്നു കരുതുന്നു.
വേറെ ഏതോ ഒരു പോസ്റ്റില്‍ ചെറിയ കുട്ടികളെ മൂന്നു വയസ്സാകുമ്പോള്‍ അടുത്തു നിന്നും മാറ്റിക്കിടത്തണം എന്നും പറഞ്ഞതു വായിച്ചതു ഓര്‍ക്കുന്നു,
ഒരു ദിവസം എന്റെ രണ്ടാമത്തെ മകനോടെ അടുത്ത മുറിയില്‍ പോയി കിടന്നുറങ്ങാന്‍ നിര്‍ബന്ധിച്ചപ്പോള്‍ (അവനിപ്പോള്‍ വയസ്സു 21 ആയി- സാധാണ ഞങ്ങളുടെ കൂടെ ആണ് കിടക്കറുള്ളത്. ) പറഞ്ഞ ഉത്തരം ഇപ്പോഴും ഞങ്ങള്‍ക്കൊരു പേടിസ്വപ്നമായി ഇന്നും അവശേഷിക്കുന്നു. എന്താണെന്നു പറയണോ?--
"വേണ്ടഛാ, ഞാനങ്ങോട്ടു നോക്കത്തില്ല, ഇങ്ങോട്ടൂ തിരിഞ്ഞ് കിടന്നോളാം" എന്ന്
അത്രയും വിയര്‍ത്ത ഒരു ദിവസം ഞങ്ങളുടെ ജീവിതത്തിലുണ്ടോ എന്ന് റിസേര്‍ച്ച് ചെയ്യണം.
WARNING:Off Topic:
IH,താങ്കളെ സമപ്രായക്കാരനെന്നോര്ത്ത് ഞാന്‍ ‘ഹരി’യെന്നു സംബോധനചെയ്തിരുന്നു.അങ്ങയുടെ രണ്ടാമ്മത്തെ മകനു 21 വയസ്സായെങ്കില്‍ തീര്ച്ചയാായും അങ്ങെനിക്കു വയസ്സില്‍ മൂത്തവനാകും.ഹരിയേട്ടനെന്നുവിളിച്ചോട്ടെ.
വിശാലാ :-)അത്ര പെട്ടന്ന് ടി.വി ഒഴിവാക്കാനുമവില്ല,കാരണം വര്‍ഷങ്ങള്‍ക്ക് മുന്‍പേ വളരുന്ന കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കള്‍ ആണ് ഏറ്റവും വലിയ ശത്രുക്കള്‍,പണ്ട് ടീനേജ് ക്രൈസിസ് എന്നറിയപെട്ടിരുന്ന സംഭവം.
മറ്റൊരാരിലെങ്കിലും നിന്ന് തെറ്റുകള്‍ സ്വീകരിക്കുന്നതിന് മുന്‍പ് തന്നെ നമ്മള് പറഞ്ഞ് കൊടുക്കുക എന്ന വഴിയാണ് ഏറ്റവും നല്ലത്.എന്നാലും നമ്മുടെ രീതിയില്‍ “ഈ പിഞ്ചിനോടോ?” എന്ന് ചിന്തിച്ചു പോവും.
ഹരി(ഇന്ത്യാ ഹെറിറ്റേജിനെ അങ്ങനെ അഭിസംബോധന ചെയ്തു കണ്ടു..:-)
ഇപ്പോള്‍ പാര്‍പ്പിടത്തില്‍ ബെന്യാമീന്റെ കമറ്റിന് മറുകമന്റിടാന്‍ പറയാന്‍ തുടങ്ങിയ കാരണം ഇതായിരുന്നു..പണ്ട്(ഒത്തിരി പണ്ടൊന്നും അല്ല)മക്കളുണ്ടായാല്‍ പിന്നെ ഭാര്യാഭര്‍തൃബന്ധം അവസാനിച്ചിരുന്നു..അത് അനാരോഗ്യകരമാണെന്ന് എന്നേ തെളിഞ്ഞതാണ്.
അത് കൊണ്ടാണ് 6 മാസം കഴിയുമ്പോള്‍ തന്നെ മാറ്റികിടത്തി ശീലിപ്പിക്കണം എന്ന് പറയുന്നത്..കുട്ടികളുടെ റൂം എന്ന് പറയുമ്പോള്‍ സിനിമകളില്‍ കാണുന്ന വര്‍ണ്ണശബളിമയും ഒന്നും വേണമെന്നില്ല.അവര്‍ക്കായി ഒരു കോര്‍ണര്‍,അത് ചെറുപ്പത്തില്‍ തന്നെ അടുക്കും ചിട്ടറ്യും പഠിപ്പിക്കുകയും ചെയ്യും.
പക്ഷേ മറ്റൊരു യാഥാര്ത്യം ലാളിക്കാന്‍ സമയിമെല്ലെന്ന് പറഞ്ഞ് നമ്മളവരെ ലാളിച്ച് വഷളാക്കുകയാണ്.
-പാര്‍വതി.
അല്ല ഇഞ്ചീ..അവരുടെ നിഷ്കളങ്കതയില്‍ നിന്ന് വന്ന ഒരു പൂമ്പാറ്റയെ പറ്റിയുള്ള ചോദ്യം പോലെയല്ല ഇത്..
ആദ്യം what, then why? ഇതല്ലെ മനുഷ്യ മനസ്സിന്റെ സഞ്ചാരം,ചൊദിക്കരുത് എന്നല്ല ഞാന്‍ പറയുന്നത് അവര്‍ ചോദിക്കണം,പക്ഷേ നമ്മള് അത് എങ്ങനെ വിശദീകരിക്കുന്നു എന്നതിനെ അടിസ്ഥാനമാക്കിയാവും പിന്നെ അവരുടെ മനസ്സിലേയ്ക്ക് നമ്മള്‍ക്കുള്ള പ്രവേശനം.
മനുഷ്യന് എന്നും ഒന്ന് തന്നെ പക്ഷേ ഈ വാണിജ്യവത്കരണം,കേട്ടുകേള്‍വിയില്ലാത്ത രോഗങ്ങള്‍,ആറാം ക്ലാസിലേയ്ക്ക് ക്വോണ്ടവും കൊണ്ട് പോകുന്ന കുട്ടികള്‍,ഇത് നമ്മള് കണ്ടില്ലെന്ന് നടിക്കണമോ ?
പിന്നെ 6 കുട്ടികളുണ്ട് :-), പേരൊക്കെ പിന്നെ പറയാം :-)
-പാര്‍വതി.
പാര്‍വതി
രാജവല് പഞ്ചവര്‍ഷാണി ദശവര്‍ഷാണി ഭൃത്യവല്
പ്രാപ്തേ ഷോഡശവര്‍ഷേ തു പുത്രം മിത്രവദാചരേല്
എന്നിങ്ങനെ പണ്ടത്തെ ആചാര്യന്മാര് പറഞ്ഞ ഒരു ശ്ലോകമുണ്ട്. ഇതിന്റെ വിശദാംശം ജ്യോതിര്‍മയിയും ഉമേഷും മറ്റും പറഞ്ഞിട്ടുള്ലതുകൊണ്ട് അതിലേക്കു കടക്കുന്നില്ല.
എന്റെ രണ്ടു മക്കളും ഒരു സുഹൃത്തിനോടെന്ന പോലെ എന്നോടെ പ്രേമകാര്യമോ മറ്റ് എന്തോ ആകട്ടെ എല്ലാം എല്ലാം തുറന്നു ചര്‍ച്ച ചെയ്യാറുണ്ട്.
ഒരു ദിവസം ഒരു ടൂര്‍ കഴിഞ്ഞു വരുന്ന വഴി ഞങ്ങള്‍ ഒരു ഹോട്ടലില്‍ ആഹാരം കഴിക്കാന്‍ കയറിയപ്പോള്‍ മൂത്ത്അ മകനൊരു കമന്റ് - അഛാ എനിക്കൊരു ബീയര്‍ വേണം- എന്റടുത്തു നിന്നും ഒരു ദിവസത്തെ യാത്ര ദൂരത്തു താമസിക്കുന്നു അവന്. ഞാന്‍ ആനേരം നിഷേധിക്കുന്നതുകൊണ്ട് അവന് ഒരു കുടിയനാകുകയില്ല എന്നു ഞാന്‍ വിചാരിച്ചാല്‍ അതിന്റെ മൂഢത്വം എനിക്കു മനസ്സിലാകും.
ഞാന്‍ വിചാരിച്ചു അവനാവശ്യമുള്ളത് എന്നോടു പറയുന്നതല്ലേ നല്ലത്, മറിച്ചു ഞാനറിയാതെ വല്ല കൂട്ടുകാരുടെയും കൂടെ കൂടി പിടി വിട്ടു പോകുന്നതിനെക്കാളെത്രയോ നല്ലതാണ്
ഞാന്‍ ബെയററോടെ രണ്ടു ബീയര്‍ പറഞ്ഞു.
പക്ഷെ എന്റെ മകന് അന്നേരം അതു നിരസിക്കുകയാണു ചെയ്തത്
എന്റെ കുടുംബ ജീവിതം അതുകൊണ്ടു തന്നെ എനിക്കൊരു സ്വര്ഗ്ഗമായിട്ടേ തോന്നിയിട്ടുമുള്ളു. നമ്മള് തന്നെ സൃഷ്ടിക്കുന്ന ചില മറകള്ക്കുള്ളിലാണ് ഭീകരത്വം. അവ തുറക്കാനും യാഥാര്‍ഥ്യം മനസ്സിലാക്കുവാനും വലിയ പാടൊന്നുമില്ല ന്അല്ല , തുറന്ന ഒരു മനസ്സു മതി.
പണ്ടു 30 വര്‍ഷം മുന്‍പ് ഈ പാവം അനോന്നി ഒന്നാം ക്ലാസ്സില്‍ വര്‍ഷാവസാന പരീക്ഷക്കു എഴുതിയ ഒരു ഉത്തരം :
(ചൊ 1) പൂരിപ്പിക്കുക:
മു--
ശരിയായ ഉത്തരം മുറം
എന്റെ ഉത്തരം : മുല
ഇതു വീട്ടില്‍ വന്നു ഫ്ലാഷ് ആക്കിയതു കന്യാസ്ത്രീ ക്ലാസ്സ് ടീച്ചര്‍ സിസ്റ്റര്‍ മഥെവൂസ്
അന്നു ടീച്ചറൊ വീട്ടുകാരൊ ഒന്നും എന്റെ " നിഷ്കളങ്കത" പൊയതായി വേവലാതി പെട്ടില്ല.
ഇന്നായിരുന്നെങ്കില്‍ ഹൊ! പോതുജന സദാചാരം അനുസരിച്ചു എന്നെ കമ്മ്യൂണിട്ടി സെര്‍വീസിനു ശിക്ഷിച്ചേനേം
---- അനോനിഗഡി ---------
സോറി പറയാന്‍ മറന്നു പോയീ ആ ഉത്തരത്തിനു എനിക്കു ഫുള്‍ മാര്‍ക്കു തന്നൂ കേട്ടോ ആ ടീച്ചര്‍
:)
വീണ്ടും അനോനീ
ഒന്നാം ക്ലാസ്സില്‍, പരീക്ഷയ്ക്കെഴുതിയ വിവരങ്ങളുടെ വീരവാദവുമായി ഇതാ ഒരാള്‍. മുറത്തിന്റെ ചിത്രമുള്ള ചോദ്യത്തിനായിരുന്നു ആശാന്റെ മേല്പറഞ്ഞ ഉത്തരവും.
ഒരു ഓര്‍മ്മശക്തിയേ..? തീക്ഷണമായ ആ ധിഷണ, അതു വൃഥാവിലായില്ല എന്നു കരുതട്ടെ. നാടിന്റെ നന്മയ്ക്കത് ഉതകുന്നുണ്ട് എന്നു ധരിച്ചോട്ടെ..
ആട്ടേ, സ്പേസ് സ്റ്റേഷനിലോ അതോ അറ്റോമിക് റിസേര്‍ച്ചിലോ ഇപ്പോള്‍ വര്‍ക്കു ചെയ്യുന്നത്?
കാലം മാറി കഥയും മാറി, ഇപ്പഴത്തെ തലമുറ അനുഭവിച്ചറിയാത്തതു എന്താണ്? അതാണ് ഐ. ടി. ലോകം, എനിക്കു എന്റെ പി. സി. യില്‍ തന്നെ കുട്ടികള്‍ക്ക് പറ്റാത്തതു ഒന്നും ഞാന്‍ സൂക്ഷിക്കാറില്ല, ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ മോള് ഒരു കമ്പ്യൂട്ടര്‍ കോഴ്സിനും പോവാതെ തന്നെ സിസ്റ്റം മൊത്തം അരിച്ചു പെറുക്കും. പുതിയ ഫോള്‍ഡര്‍ ഉണ്ടാക്കും, റീനേം ചെയ്യും, ഫോള്‍ഡര്‍ റീപ്ലേസ് ചെയ്യും ഈ അറിവൊക്കെ എവിടെ നിന്നു കിട്ടി എന്നു എന്ന ചോദ്യത്തിനുത്തരം സിമ്പ്ള്‍, നമ്മള് ചെയ്യുന്ന ഓരോ പ്രവര്‍ത്തിയും കുട്ടികള്‍ അതു പോലെതന്നെ അതായത് ഒരു ഫോട്ടോ കോപ്പി പോലെ പകര്‍ത്തുകയാണ്, ഇത്രയും ഗൌരവമുള്ള ഒരു പോസ്റ്റിട്ട പാര്‍വതിയെ എത്ര അഭിനന്ദിച്ചാലും മതിവരില്ല
മാധ്യമങ്ങളും സമൂഹവും കുട്ടികളെ ആധുനികലോകത്തെക്കുറിച്ച് "ബോധവാന്മാരാക്കുന്നതിന്റെ" ഭാഗമാണു ക്ടാങ്ങളൊക്കെ തലതിരിഞ്ഞുപോണത്..കുഞ്ഞുപിള്ളാരെ ഓരോ വേഷം കെട്ടിച്ച് നടക്കണ കാണുമ്പോ തോന്നും ഇതിന്റൊക്കെ കുടുമ്പത്തുള്ളോരെ ആദ്യം അടിക്കണന്ന്. അല്ല ഞാനിപ്പോ കൂടുതല്‍ ഒന്നും പറയുന്നില്ല...കാരണം എനിക്ക് ക്ടാങ്ങള് ഒന്നും ആയിട്ടില്ലേ.
പിള്ളാര്ക്കിപ്പോ ഹാരിപോട്ടറെ അല്ലെ വേണ്ടൂ, അല്ലാണ്ടെ ഈസോപ്പ് കഥകളും തെന്നാലിരാമനും ഒന്നും വേണ്ട. കഥ നന്നായിരിക്കുന്നു. ചിന്തിക്കണ്ടോര്ക്ക് ചിന്തിക്കാം.അല്ലാത്തോര്‍ക്ക് ചിരിക്കാം....
You mean പണ്ടു ബ്രംഹ്മാവണ്ണന് സരസ്വതിയോടു ചെയ്തപോലെ?
കുഞ്ഞുമനസ്സില്‍ കള്ളമില്ലല്ലൊ. ഇക്കാര്യം രഹസ്യമാണെന്നു കേട്ടറിവല്ലേ പാവത്തിനുള്ളൂ.അതു വന്നു അമ്മയോടു പറഞ്ഞൂല്ലൊ, ആ ഭാഗ്യം എത്ര അമ്മമാര്‍ക്കു കിട്ടും ഇന്നത്തെ കാലത്ത്. കുഞ്ഞുങ്ങള്‍ എന്നും കുഞ്ഞുങ്ങള്‍ തന്നെയാ, ദൈവത്തിന്റെ സ്വന്തം പകര്‍പ്പ്. നമ്മള് മാറാതിരുന്നാല്‍ മതി.
പുലികേശീ,
:)
പുള്ളിക്കാരന്റെ ഒരു ഗതികേട് ആലോചിച്ച് നോക്കിക്കേ.വേറെ വല്ല വഴിയുമുണ്ടോ? :-)
(സരസ്വതീ ദേവി പൂര്‍ണ്ണ വളര്‍ച്ചയെത്തിയിരുന്നു ജനിക്കുമ്പോള്‍ തന്നെ എന്നാണ് കേട്ടിട്ടുള്ളത്)
കുട്ടികള്‍ എന്തും കാണുകയും കേള്‍ക്കുകയും ചെയ്യുന്നതില്‍ ഒരു തെറ്റുമില്ല.പക്ഷേ വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഓര്‍മ്മിപ്പിയ്ക്കട്ടെ.ചെറുപ്പത്തില്‍ കാണുകയും കേള്‍ക്കുകയും ചെയ്യുന്നതില്‍ മിയ്ക്കതും മരണം വരെ മനസ്സില്‍ മായാതെ കിടക്കുകയും സ്വഭാവ രൂപീകരണത്തില്‍ പ്രധാനമായൊരു പങ്കു വഹിയ്ക്കുകയും ചെയ്യും.കാണുന്നതിലെ നന്മയും തിന്മയും നമുക്ക് പറഞ്ഞു കൊടുക്കാന്‍ കഴിഞ്ഞാല്‍ ഒരു കുഴപ്പവുമില്ല.പക്ഷേ നമ്മളില്ലാത്ത നേരത്തും മറ്റും ടി.വി യിലും ഇന്റര്‍ നെറ്റിലുമൊക്കെ പലതും കാണുന്ന കുട്ടിയോട് അതിലെ ശരിയും തെറ്റും പറഞ്ഞു കൊടുക്കാന്‍ നമുക്കാവുമോ?.അമ്മ അടിയ്ക്കാന്‍ പിടിച്ചപ്പോള്‍ “എന്റെ മാനത്തിനു വില പറയരുത്”-എന്നു മൊഴിഞ്ഞ അഞ്ചു വയസുകാരിയുള്ള നാടാണു കേരളമെന്ന് ഞാനോര്മ്മിപ്പിയ്ക്കാനാഗ്രഹിയ്ക്കുകയാണു.തലേന്നു കണ്ട ടി.വി സീരിയലിലെ ഡയലോഗ് പറഞ്ഞതാണാ അഞ്ചു വയസ്സുകാരി.അവിഹിത ഗര്‍ഭവും കൊലപാതകങ്ങളും സീരിയലില്‍ കണ്ടു വളരുന്ന ഒരു കുഞിന്റെ മനസ്സു വികലമാകാതിരുന്നാലേ അത്ഭുതമുള്ളൂ.പഴമയിലേക്കു തിരിഞ്ഞു നടക്കാനായില്ലെങ്കിലും നന്മയും മനുഷ്യത്വവും സ്നേഹവുമൊക്കെ കുഞ്ഞുങ്ങളെ പഠിപ്പിയ്ക്കേണ്ടത് സ്വന്തം മാതാ പിതാക്കള്‍ തന്നെയാണു.കാലത്തെ പഴി ചാരാതെ തന്റെ കുഞു എന്താണു കണ്ടും കേട്ടും വളരണതെന്നു ഓരൊ മാതാപിതാക്കള്‍ക്കും ഒരു പരിധി വരെ തീരുമാനിയ്ക്കാനാവും.തെറ്റും ശരിയും അതാതു പ്രായത്തില്‍ പറഞ്ഞു കൊടുക്കുക.എന്നിട്ടും വഴി തെറ്റിപ്പോയാല്‍ വിധിയെന്നു കരുതി സമാധാനിയ്ക്കുക.അത്രയെങ്കിലും ചെയ്യേണ്ട ഒരു കടമ നമുക്കുണ്ടെന്നാണെനിയ്ക്കു തോന്നുന്നത്.ടി.വി യെ പ്രത്യോകം സൂക്ഷിയ്ക്കുക....
വര്ണങ്ങളെന്റെ സ്വപ്നങ്ങളായിരിക്കുന്നു. മഴവില്ലും മയില്‍ പീലിയുമില്ലാത്ത ഈ പ്രവസിത ദേശം ബ്ബ്ലാക്ക് ആന്‍ഡ് വൈറ്റ് മാത്രം .
ഇതിരി വര്‍ണങ്ങള്‍ എന്റെ മനസ്സിലെക്കും പകര്‍ന്നു താ
Post a Comment