തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Monday, September 04, 2006

ഒരോണക്കാലം...

ബോധത്തിന്റെ വെള്ളിവെളിച്ചം നിറഞ്ഞ പ്രഭാതങ്ങളായിരുന്നു അയാളുടെ ഏറ്റവും വലിയ പേടിസ്വപ്നങ്ങള്‍,തലേന്നാളിന്റെ അവ്യക്തമായ ഓര്‍മ്മകള്‍,അറിയാതെ പോയ മുറിവുകളുടെ പുതിയ നീറ്റല്‍,ആയിരം ചോദ്യങ്ങള്‍ ഒളിച്ചിരിക്കുന്ന ഭാര്യയുടെ കണ്ണുകള്‍,അപ്പന്‍ ഇറങ്ങി പോവുന്നത് വരെ അരണ്ട എലികുഞ്ഞുങ്ങളെ പോലെ ഒളിക്കുന്ന,അയാള്‍ക്ക് തന്നെ മുഖമോര്‍മ്മിച്ചെടുക്കാന്‍ കഴിയാത്ത രണ്ട് കുഞ്ഞുങ്ങള്‍..ഇത്രയും മതി അയാളെ പുതിയ ദിവസത്തിന്റെ പാച്ചിലിലേയ്ക്ക് തള്ളിയിടാന്‍..

വിറയ്ക്കുന്ന കയ്യുകളോടെ അയാള്‍ പോക്കറ്റില്‍ തപ്പി, ചില്ലറ നാണയങ്ങള്‍,വഴങ്ങാത്ത കയ്യില്‍ നിന്ന് ചിതറി താഴെ വീണു.വെളിച്ചത്ത് വന്ന് നിന്ന എലിയെ പോലെ അയാളുടെ മനസ്സ് രക്ഷപെടുവാനുള്ള തത്രപാടിലായിരുന്നു,അബോധത്തിന്റെ ആ സുരക്ഷിതത്വത്തിലേയ്ക്ക്..

കണ്ണാടിയില്‍ കാണുന്ന മുഖം തന്റേത് തന്നെയാണെന്ന് തിരിച്ചറിയാന്‍ അയാള്‍ക്ക് സമയമെടുത്തു.നീണ്ട് വളര്‍ന്ന താടി..ഈ രൂപത്തില്‍ പോയാല്‍ ആര് കടം തരാന്‍,എപ്പോഴോ വാങ്ങി വച്ചിരുന്ന ബ്ലേഡ് വച്ചിരിക്കുന്നിടത്തേയ്ക്ക് അയാള്‍ കൈ നീട്ടി..

രണ്ട് മുറി വാടക വീടിന്റെ ധാരാളിമയില്‍ തന്റെ ലോകം ഒരുക്കി വച്ചിരുന്ന പത്ത് വസ്സുകാരി പെണ്‍കുട്ടി പേടിയോടെ എത്തി നോക്കി..ഒരു സ്വപ്നമുടയുന്നത് പോലെ തന്റെ ചാന്തുപൊട്ടും കണ്മഷിയും പറന്നു വീഴുന്നതവള്‍ കണ്ടു..

തേടിയത് കിട്ടാതെ,കയ്യില്‍ കിട്ടിയത് എടുത്തെറിയുമ്പോള്‍ തന്റെ ഇഷ്ടത്തിനെതിരെ പോയ ലോകത്തിന്റെ നേര്‍ക്കായിരുന്നു അയാളുടെ പ്രകടനം..ഒരു ചില്ല് കുപ്പി എവിടെയോ വീണ് ചിതറി.

“അമ്മേ..“കണ്ണ് പൊത്തി പത്ത് വയസ്സുകാരി നിലവിളിച്ചു..”എനിക്കൊന്നും കാണുന്നില്ല,മ്മേ..വേദനിക്കുന്നു..” അവളുടെ നിലവിളി ഉയര്‍ന്നു കൊണ്ടിരുന്നു.അയാളിലെ പിതൃത്വം ഒരു നിമിഷം പരിഭ്രമിച്ചു..പൂവിട്ട പ്രണയവല്ലരിയിലെ ആദ്യത്തെ പൂവായ പെണ്ണാണിവള്‍.നിലവിളി കേട്ട് ഓടിക്കുടിയവരില്‍ ആരൊക്കെയോ വണ്ടി വിളിക്കാന്‍ ഓടവേ വേഷം മാറാന്‍ നില്‍കാതെ അയാള്‍ ഇറങ്ങി നടന്നു..

എണ്ണമെടുക്കാന്‍ നില്‍കാതെ.വെള്ളമൊഴിക്കാതെ കുപ്പിയില്‍ നിന്ന് സ്വര്‍ണ്ണ നിറ ദ്രാവകം ഉള്ളിലൊഴുകി സിരകളില്‍ പടരുമ്പോള്‍ പത്തുവയസ്സുകാരിയും അവളുടെ നിലവിളിയും ഒക്കെ അയാളില്‍ നിന്ന് ഒരുപാട് അകലെയായിരുന്നു.

ഒരു മാസത്തിന് ശേഷം കീറിത്തുന്നിയ കണ്ണുമായി അവള്‍ വീട്ടിലെത്തി..ഒറ്റകണ്ണിന്റെ വേദനയിലും തന്റെ ചാന്ത് കുപ്പി തേടിയ അവളുടെ മുന്നില്‍ ചന്ദ്രക്കല ആകൃതിയില്‍ വക്ക് പൊട്ടിയ ഒരു കുഞ്ഞ് കുപ്പി ഭിത്തിയരിക് ചേര്‍ന്ന് കിടന്നു.

അവളുടെ കണ്ണിലെ മുറിവിനും ചന്ദ്രക്കലയുടെ ആകൃതിയായിരുന്നു..

അതൊരു ഓണക്കാലമായിരുന്നു.

-പാര്‍വതി

18 comments:

ലിഡിയ said...

ഒരോണക്കാലത്തിന്റെ ഓര്‍മ്മ..

-പാര്‍വതി.

വല്യമ്മായി said...

ഇതൊരു നീറുന്ന ഓര്‍മ്മയാണ‍ല്ലോ

Unknown said...

പാറു ചേച്ചീ,
ഓണക്കാലത്ത് ഇതൊന്നും ഓര്‍മ്മിപ്പിക്കരുത് പ്ലീസ്.. ഞാനൊന്ന് സന്തോഷിക്കട്ടെ.

(ഇത് കഴിഞ്ഞാല്‍ ദീപാവലി,ക്രിസ്മസ്,ന്യൂ ഇയര്‍,വിഷു,വീണ്ടും ഓണം.ഇതിനിടയിലൊന്നും ഇത്തരം കഥകള്‍ കേള്‍ക്കുന്നത് നമുക്കാര്‍ക്കും ഇഷ്ടമല്ലല്ലോ)

നല്ല കഥ. നൊമ്പരപ്പെടുത്തി.

ജ്യോതിര്‍മയി /ज्योतिर्मयी said...

കഥയാണോ, ഓര്‍മ്മയാണോ?

തീയില്‍ കുരുത്തത്‌ വെയിലത്തു വാടില്ല. ഇതുവരെ ഉണ്ടാക്കിയെടുത്ത കരുത്ത്‌, വെറുപ്പ്‌, എന്ന വികാരത്തിലൂടെ നിഷ്ഫലമാവാതിരിയ്ക്കട്ടെ. ആ കുട്ടി ഒന്നിലും പതറാതെ, തീയിനെ മറന്ന്, അതില്‍ നിന്നും സംഭരിച്ച, സ്വന്തം ശക്തിയെ കൈമുതലാക്കി, തീര്‍ച്ചയായും പുതിയ പുതിയ ആകാശങ്ങള്‍ തേടി വളരട്ടെ.

"ഓര്‍മ്മ-യെന്നതാണോണം" എന്നതു പലര്‍ക്കും ശരി. പക്ഷേ

"ഓണമെന്നിലുദിയ്ക്കുന്ന-
തോര്‍മ്മയായല്ല, കൂട്ടരേ
പഠിച്ച"പാഠ"മുരുവി-
ട്ടുറപ്പിപ്പതുപോലെയാം"

അതുമാവാം :-)

Rasheed Chalil said...

ഓര്‍മ്മയുടെ നീറ്റല്‍ ആവാഹിച്ച നല്ല വരികള്‍.. എവിടെയൊക്കെയോ പോറലുണ്ടാക്കുന്നു.‍ ആധുനികതക്ക് അന്യമായ കാരുണ്യത്തിന്റെ ഇത്തിരി ശേഷിപ്പ് മനസ്സിലെവിടെയോ ബാക്കിയുള്ളത് കൊണ്ടാവാം. ശരിക്കും നോന്തു...
ഇത് നീറുന്ന ഓര്‍മ്മ തന്നെ..
ആ മുഖം മനസ്സില്‍ തെളിയുന്നു.. ഗ്ലസ്സ് കഷ്ണങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ആ മരിച്ച കണ്ണുകളും.

asdfasdf asfdasdf said...

പാര്‍വതി ചേച്ചി.. ശരിക്കും നൊമ്പരപ്പെടുത്തുന്നു.. നന്നായിട്ടുണ്ടെന്ന് വെറുതെ പറയാന്‍ പറ്റുന്നില്ല.

ഫാരിസ്‌ said...

നൊമ്പരപ്പെടുത്തുന്ന കഥ...എല്ലാ നൊമ്പരങ്ങള്‍ക്കിടയിലും ആശ്വാസമായ്‌ വീണ്ടും ഓണക്കാലം...

മുസ്തഫ|musthapha said...

ശരിക്കും നൊമ്പരപ്പെടുത്തി...

‘...ഒരു നിമിഷം പരിഭ്രമിച്ച പിതൃത്വം...’
കഥാകാരിയുടെ മികച്ച കണ്ടെത്തല്‍

അഭിനന്ദനങ്ങള്‍

ലിഡിയ said...

വന്ന് കണ്ട് കാലടിപാട് പതിപ്പിച്ച് പോയ എല്ലാവര്‍ക്കും നന്ദി.

വല്യമ്മായീ :-)

ദില്‍ബുക്കുട്ടാ നിന്റെ വിരൊധാഭാസ കൃതി വായിച്ചു,അതൊക്കെ എഴുതാന്‍ നിന്നെ പോലുള്ള യുഗപുരുഷന്മാര്‍ക്കല്ലെ ആവൂ,നീയെവിടെ,പാവം ഈ ഞാനെവിടെ?

ജ്യോതിര്‍മയി :-)

ഇത്തിരിവെട്ടം
ദൈവവും വിരോധാഭാസം ഇഷ്ടപെട്ടിരുന്നോ,ആ കണ്ണുകളില്‍ വെളിച്ചം അസ്തമിച്ചിരുന്നില്ല..ഇന്നും.

നന്ദി മേന്ന്യന്നേ.. :-)

കൈത്തിരി :-)

ഫാരിസ് :-)

അഗ്രജന്‍ :-)

-പാര്‍വതി.

അനംഗാരി said...

പാറുക്കുട്ടിയേ, ( കുട്ടിയാണൊ? കണ്ണാടിയൊന്ന് നോക്കണെ) ദാ ആ ചില്ല് എന്റെ നെഞ്ചിലാണ് കൊണ്ടത്...

ദിവാസ്വപ്നം said...

ഹേയ് ഡെല്‍ഹിക്കാരീ പെണ്‍കുട്ടീ,

ഈ കഥ വളരെ നന്നായിട്ടോ

ശരിയ്ക്കും ഒറിജിനലായി എഴുതിയിരിക്കുന്നു.

ഓണമൊന്നും നോക്കേണ്ടാ, മൂഡ് വരുന്നതനനുസരിച്ച് എഴുതുക, വായിക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുന്നു.

അപ്പോള്‍, ഓണാശംസകള്‍ :)

രാജാവു് said...

മുക്കൂറ്റിയും ചെത്തിയും തുമ്പയും ചെമ്പരത്തിയും പിന്നെ നന്ദ്യാര്‍വട്ട പൂക്കളും കൊണ്ടു് പൂക്കളമൊരുക്കി ഓന്ണക്കോടിയണിഞ്ഞു് ഊഞ്ഞാലില് ചില്‍വാട്ടമാടാന്‍ കൊതിക്കുന്ന മനസ്സുമായ് ,
വന്നണഞ്ഞ പൊന്നോണത്തിനു് ആശംസകളുടെ നറുമലരുകള്‍.

വിചാരം said...

എഴുത്ത്‌ നന്നായിരിക്കുന്നു... തീക്ഷ്ണതയേറിയ ഓര്‍മ്മയില്‍ ചാലിച്ച എഴുത്തുകള്‍ക്കെന്നും ജീവനുണ്ടാകും ..... തികച്ചും ജീവനുള്ള എഴുത്ത്‌ .... അഭിനന്ദനങ്ങളും ഓണാശംസകളും നേരുന്നു....

Peelikkutty!!!!! said...

വിചാരം പറഞ്ഞപോലെ തികച്ചും ജീവനുള്ള എഴുത്ത് ....

ഇടിവാള്‍ said...

പാറൂ.. നന്നായി എഴുതി !

ഓണാശംസകള്‍ !

ചന്തു said...

‘ഓര്‍മ്മ‘യില്‍ ഉടഞ്ഞ ചീല്ലിലൊരെണ്ണം ഉള്ളില്‍ തറച്ചു പാറൂ.നന്നായി എഴുതിയിരിക്കുന്നു.

ലിഡിയ said...

വന്ന് കണ്ട് അഭിപ്രായമറിയിച്ച എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി..

വിരോധാഭാസം പോലെ ഓണത്തിന്റെ ഈ ആഴ്ച മുഴുവന്‍ ഞാന്‍ കഷ്ടപെട്ട് അമേരിക്കകാരന്റെ ഇംഗ്ലീഷ് പറയാന്‍ പഠിക്കുകയായിരുന്നു.

ജീവിതം ഒരു പുസ്തകത്തിന്റെ ഏടുകള്‍ പോലെ..ഓരോ താളുകളില്‍ ഒരോ കഥകള്‍.

-പാര്‍വതി.

Anonymous said...

ഹയ്..പാറുക്കുട്ടീന്റെ ഫോട്ടൊ കണ്ടപ്പൊ മുതല്‍ കമന്റണം എന്ന് വെച്ചിട്ട് എനിക്ക് പറ്റിയിട്ടില്ല. താങ്ക്സ് കേട്ടൊ എനിക്ക് വേണ്ടി ഈ അനോണിമസ് ഓപ്ഷന്‍സ് ഇട്ടതില്‍. അങ്ങിനെ പാറുക്കുട്ടീനെ കാണാന്‍ പറ്റി.

ഈ കഥയെനിക്ക് നല്ലോണം ഇഷ്ടമായി. അനുഭവത്തില്‍ നിന്നല്ലാന്ന് കരുതട്ടെ.ഇനിയും എഴുതുക.