ആശ അകറ്റിയാൽ നിരാശ അകലും എന്ന ബുദ്ധതത്വം ഉൾക്കൊണ്ട്, ഭൗതികമായതെല്ലാം ത്യജിച്ച് ആത്മജ്ഞാനത്തിനായി സന്യാസവും ഉപവാസവും അനുഷ്ഠിച്ച ഗൗതമ ബുദ്ധനല്ല ഹെർമൻ ഹെസ്സേയുടെ സിദ്ധാർഥ.
ജീവിതത്തിൻ്റെ അർത്ഥം തിരഞ്ഞ്, യോഗിയായും ഭിക്ഷുവായും വ്യാപാരിയായും ചൂത് കളിക്കാരനായും ഇഹലോകജീവിതം ഉയർത്തിയ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം തേടുന്ന ഒരു അന്വേഷകനാണ് ഹെസ്സെയുടെ സിദ്ധാർത്ഥൻ.
ബ്രാഹ്മണ ബാലനായി പിറന്ന സിദ്ധാർത്ഥൻ യാഗവും പൂജകളും ചെയ്ത് കഴിച്ച് കൂട്ടിയ തൻ്റെ ബാല്യത്തിൽ തന്നെ ആചാര്യന്മാരിൽ നിന്ന് പകർന്ന് കിട്ടുന്ന ജ്ഞാനത്തിനപ്പുറം ഒരു അജ്ഞാതശക്തിയുണ്ടെന്ന തിരിച്ചറിവിൽ സന്യാസിയാവുകയും ഭിക്ഷുകളോടൊപ്പം വസിക്കുകയും ചെയ്യുന്നു. അവിടെ നിന്ന് ഗൌതമ ബുദ്ധനെ കാണാൻ ഇറങ്ങിപുറപ്പെടുകയും അദ്ദേഹത്തിൻ്റെ ഉപദേശങ്ങൾ അഗാധമാണെന്ന് തിരിച്ചറിയുമ്പോഴും പറഞ്ഞുതരാത്ത ഏതോ ഒരു ജ്ഞാനം ബാക്കി നില്പ്പുണ്ടെന്ന തിരിച്ചറിവിൽ അവിടെ നിന്ന് പുറപ്പെട്ടു പോരുകയും ചെയ്യുന്നു.
അറിവ് തേടി ഉള്ള യാത്രയിൽ സിദ്ധാർത്ഥൻ കമലയെന്ന ഗണികസ്ത്രീയിൽ നിന്ന് ഇഹലോകസുഖഃങ്ങളും കാമസ്വാമിയെന്ന വ്യാപാരിയിൽ നിന്ന് വ്യാപാരവും പഠിക്കുന്നു. താൻ തേടുന്ന ചോദ്യങ്ങൾക്കുത്തരം കിട്ടാതെ വരുമ്പോൾ ഒരു രാതിയിൽ അവയെല്ലാം വിട്ട് ഇറങ്ങിപോവുകയും ചെയ്യുന്നു.
ആയുസ്സിൻ്റെ അവസാനപാദത്തിൽ പുഴയിൽ നിന്ന് വിജ്ഞാനം നേടുന്ന തോണിക്കാരനെ കണ്ടുമുട്ടി അയാളുടെ സഹായി ആയി കൂടുമ്പോഴാണ് തൻ്റെ മനസ്സ് അന്വേഷിക്കുന്ന ചോദ്യങ്ങളുടെ ഉത്തരം താൻ കടന്ന് വന്ന വഴികളിൽ എല്ലാം തന്നെ തൻ്റെ തിരിച്ചറിവിൻ്റെ അഹന്തയെന്ന മറയ്ക്ക് പിന്നിൽ ഉണ്ടായിരുന്നുവെന്നും ലൌകികനും താപസിയും സന്യാസിയും ത്യജിക്കുന്ന മോഹങ്ങളാണ് അവരുടെ പാഠങ്ങളെന്നും സിദ്ധാർത്ഥൻ തിരിച്ചറിയുന്നത്. നിർവ്വാണമെന്ന് വാക്കിനുമപ്പുറം ആ അവസ്ഥയിൽ എത്തിച്ചേരാൻ ഏത് വഴിയിലും സഞ്ചരിക്കുന്ന ഒരു അന്വേഷകനാവുമെന്ന ഉൾക്കാഴ്ചയോടെ ഹെർമ്മൻ ഹെസ്സേയുടെ സിദ്ധാർത്ഥ എന്ന പുസ്തകം അവസാനിക്കുന്നു.
എന്തിനെയോ തേടി, എന്തൊക്കെയോ ത്യജിച്ച് നീങ്ങുന്ന യാത്രകളോരോന്നും അന്തിമമായി എത്തിചേരുന്നത് ഒരേ ഇടത്താവുമെന്നും, ആ യാത്രകളൊക്കെയും തന്നെ ഒന്നിനൊന്ന് മഹത്തരമാണെന്നും ആണ് ഈ പുസ്തകത്തിൻ്റെ അന്തഃസത്ത എന്നാണ് എൻ്റെ വായാനാനുഭവം.
കെ.ഉഷ മലയാള പരിഭാഷ നടത്തി കൈരളി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകം ആമസോണിലും മറ്റു ഓൺലൈൻ ബുക്ക് സൈറ്റുകളിലും വാങ്ങാൻ കിട്ടുന്നുണ്ട്.
-ലിഡിയ