നിലാവും നക്ഷത്രങ്ങളും തെളിയാത്തൊരീ രാത്രിയിൽ-
ചിതറിത്തെറിച്ചൊരീയായിരം ചില്ല്കഷണങ്ങളുമായിവിടെ നിൽക്കെ,
കാലറിയാതെയിടറിയൊരാ കല്ല്പടവുമീയിരുട്ടിൽ കാണാതെ-
ഇനിയുമീരാത്രിയെത്ര എന്നയോർമ്മയൊരു മരണമഞ്ഞായി മൂടവെ,
ഉള്ളിന്റെയുള്ളിലുണർന്ന വെണ്മേഘക്കീറിലൊരു കുഞ്ഞ്
സൂര്യനുദിച്ചു!
നെറുകയിലൊരു മഞ്ഞ്തുള്ളിയിറ്റിച്ച് കാതിൽ മന്ത്രമായി മൊഴിഞ്ഞു-
കേൾക്കാതെ പോവില്ല നിനക്കീമഞ്ഞിന്റെ പാളികളെത്ര കനത്താലും,
വീഴാതെവന്നതല്ലീ ദൂരമത്രയും ഇനിയുമേറെ ദൂരമുണ്ടിനിയുമീ
പടവുകൾ-
വീഴാതെയാവില്ലീയാത്രയുമെന്നാലുമൊരു മൂടൽമഞ്ഞായിതീരില്ല
നീയും,
ഉടയുമോരോ വീഴ്ചയിലുമിനിയുമിതു പോലെ നിൻ
മനമെന്നാലുമാവില്ലയന്ത്യം!
ഇടറിയൊരോ വീഴ്ചയിലുമുടഞ്ഞ ചില്ലുകൾ
പെറുക്കികൂട്ടിയതാണിന്നിന്റെ മനം-
നിറങ്ങളാണതിലെങ്ങും കാലമൊരു കൈവേലയായി പണിതതിൽ മുഖചിത്രം,
ഈ രാവ് മാഞ്ഞിനിയും പുലരും, വരും വസന്തമതിലൊരു കിളിയായ് നീ പാടും-
പിന്നെ ശിശിരത്തിൽ വെണ്മേഘമായി പാറും, ചടുല നിറമഴയായി നീ പെയ്താടും,
എരിയുന്ന വേനൽ സൂര്യനെ നെറുകയിൽ ചൂടിയൊരു ചുടലയായ്
മുടിയഴിച്ചാടും!
പിന്നെയൊരു സന്ധ്യമയങ്ങുന്ന നേരത്തിരുന്നീ ചില്ലൊക്കെയും നീ
പെറുക്കി നോക്കും-
അന്തിചൊപ്പ് വീണമാനത്ത് നിന്നാ അരുണകിരണങ്ങളീ
ചില്ലിലൊക്കെയും പടരും,
ആയിരം വർണ്ണങ്ങൾ നിറയുന്ന മാന്ത്രികചെപ്പ് പോലതിനുള്ളം
തിളങ്ങവെ-
നിറഞ്ഞു നീയാടിയ ഋതുക്കളൊക്കെയുമൊരു ചലചിത്രമായി
കടന്നുപോകെ,
സാഫല്യമീ ജന്മമെന്നറിഞ്ഞന്ന് നീയുമൊരു പാൽനിലാ നിഴലായി മറയും!
-പാർവതി
2 comments:
കൊള്ളാം.
Thanks Sudhi
Post a Comment