തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, February 22, 2017

കലൈഡൊസ്കോപ്പ്




നിലാവും നക്ഷത്രങ്ങളും തെളിയാത്തൊരീ രാത്രിയിൽ-
ചിതറിത്തെറിച്ചൊരീയായിരം ചില്ല്കഷണങ്ങളുമായിവിടെ നിൽക്കെ,
കാലറിയാതെയിടറിയൊരാ കല്ല്പടവുമീയിരുട്ടിൽ കാണാതെ-
ഇനിയുമീരാത്രിയെത്ര എന്നയോർമ്മയൊരു മരണമഞ്ഞായി മൂടവെ,
ഉള്ളിന്റെയുള്ളിലുണർന്ന വെണ്മേഘക്കീറിലൊരു കുഞ്ഞ് സൂര്യനുദിച്ചു!

നെറുകയിലൊരു മഞ്ഞ്തുള്ളിയിറ്റിച്ച് കാതിൽ മന്ത്രമായി മൊഴിഞ്ഞു-
കേൾക്കാതെ പോവില്ല നിനക്കീമഞ്ഞിന്റെ പാളികളെത്ര കനത്താലും,
വീഴാതെവന്നതല്ലീ ദൂരമത്രയും ഇനിയുമേറെ ദൂരമുണ്ടിനിയുമീ പടവുകൾ-
വീഴാതെയാവില്ലീയാത്രയുമെന്നാലുമൊരു മൂടൽമഞ്ഞായിതീരില്ല നീയും,
ഉടയുമോരോ വീഴ്ചയിലുമിനിയുമിതു പോലെ നിൻ മനമെന്നാലുമാവില്ലയന്ത്യം!

ഇടറിയൊരോ വീഴ്ചയിലുമുടഞ്ഞ ചില്ലുകൾ പെറുക്കികൂട്ടിയതാണിന്നിന്റെ മനം-
നിറങ്ങളാണതിലെങ്ങും കാലമൊരു കൈവേലയായി പണിതതിൽ മുഖചിത്രം,
ഈ രാവ് മാഞ്ഞിനിയും പുലരും, വരും വസന്തമതിലൊരു കിളിയായ് നീ പാടും-
പിന്നെ ശിശിരത്തിൽ വെണ്മേഘമായി പാറും, ചടുല നിറമഴയായി നീ പെയ്താടും,
എരിയുന്ന വേനൽ സൂര്യനെ നെറുകയിൽ ചൂടിയൊരു ചുടലയായ് മുടിയഴിച്ചാടും!

പിന്നെയൊരു സന്ധ്യമയങ്ങുന്ന നേരത്തിരുന്നീ ചില്ലൊക്കെയും നീ പെറുക്കി നോക്കും-
അന്തിചൊപ്പ് വീണമാനത്ത് നിന്നാ അരുണകിരണങ്ങളീ ചില്ലിലൊക്കെയും പടരും,
ആയിരം വർണ്ണങ്ങൾ നിറയുന്ന മാന്ത്രികചെപ്പ് പോലതിനുള്ളം തിളങ്ങവെ-
നിറഞ്ഞു നീയാടിയ ഋതുക്കളൊക്കെയുമൊരു ചലചിത്രമായി കടന്നുപോകെ,
സാഫല്യമീ ജന്മമെന്നറിഞ്ഞന്ന് നീയുമൊരു പാൽനിലാ നിഴലായി മറയും!

-പാർവതി



Sunday, February 12, 2017

പ്രണയം, സൈക്കോളജിക്കലി സ്പീക്കിങ്ങ്..




“അല്ലമ്മായിയ്യ്യെ.. നിങ്ങളീ പറയണ പ്രണയം, പ്രേമം എന്തൂട്ട് തേങ്ങയാ ഇത്? ഈ പ്രായത്തിലിത്ര എഴുതികൂട്ടാനും മാത്രം ആരോടാ ഇത്ര പ്രേമം?“

അവന്റെ മോന്തയ്ക്കിട്ട് ഒന്ന് ചാമ്പാനാണ് തോന്നിയതെങ്കിലും അരസികന്മാരുടെ കയ്യിൽ നിന്നു എട്ടുപത്ത് ബിയറടിച്ചു മാറ്റി സഹകരിച്ചതും രാത്രി കടപ്പുറത്തിങ്ങനെ കൂട്ടിരിക്കാൻ ഉണ്ടായതും സ്മരണയുള്ളത് കൊണ്ട് പോട്ടേന്ന് വച്ചു.

“ഒരു ബിയറടിച്ചതും നീ ഇന്റലക്ചുവൽ ആവാനുള്ള പുറപ്പാടാണോ..?“

അല്ലന്നേ.. മുന്തിരിവള്ളി കീറി പോസ്റ്റൊടിച്ചത് കണ്ടു.. അതെനിക്കിഷ്ടപെട്ടു, ഞങ്ങൾ ന്യൂജെനറേഷൻ പിള്ളേര് മുഴുവൻ പിഴച്ച് പോയവരാണെന്നുള്ള പോലെ,നിങ്ങളെ പോലൊക്കെ തന്നെ സ്നേഹോം, സങ്കടോം, ഒറ്റപെടലും വേദനേം ഒക്കെ അറിയുന്നവരാ ഞങ്ങളും..പക്ഷേ നിങ്ങള് പിന്നെ പറഞ്ഞതൊന്നും മനസ്സിലായില്ല, എന്തൂട്ട് പ്രണയം, എന്തൂട്ട് കാലാതീതം?

ചെക്കൻ സീരിയസ്സാണെന്ന് കണ്ടപ്പോ പിന്നെ കളിയാക്കാൻ തോന്നിയില്ല...,

“ഡാ, സ്നേഹം മനുഷ്യർക്ക് മാത്രമല്ല, ഒരു പരിധിക്കപ്പുറം തലച്ചോർ വികസിച്ച എല്ലാ മൃഗരാശികളിലും ഉണ്ട്, സ്വന്തം കുഞ്ഞുങ്ങൾക്ക് പകരം ജീവൻ കൊടുക്കുന്ന മാനുകൾ, കൂട്ടത്തിലൊരു ആനയ്ക്ക് അപകടം വരുമ്പോൾ എല്ലാം മറന്ന് ഒന്നിച്ച് നിൽക്കുന്ന ആനക്കൂട്ടം, ഇണ ചത്തുപോയാൽ പിന്നെ കൂട്ടം തെറ്റി പോയി ചാവുന്ന പക്ഷികൾ..ഉടമസ്ഥന്റെ കുഴിമാടത്തിന് മുകളിൽ കിടന്ന് ജീവൻ വെടിയുന്ന നായ്ക്കൾ അങ്ങനെ. 

പക്ഷേ മനുഷ്യന്റെ തലച്ചോറിന്റെ വികാസങ്ങൾ കൊണ്ടോ പ്രകൃതിയുടെ വികൃതികളൊ മനുഷ്യന് മാത്രം അറിയുന്ന ഒരു വികാരമാണ് കാത്ത് വയ്ക്കാൻ പറ്റുന്ന സ്നേഹം അല്ലെങ്കിൽ പ്രണയം, രക്തബന്ധം കൊണ്ടൊ പ്രകൃതി വികാരങ്ങൾ കൊണ്ടോ അടുത്തറിയാത്ത ഒന്നിനോട് തോന്നുന്ന ഇഷ്ടം. മനുഷ്യൻ മാത്രമാണ് മരണത്തിന് ശേഷം എന്ത് എന്ന് ചിന്തിക്കുന്നതും അതിനപ്പുറം എന്തെങ്കിലും ഉണ്ടാവണം എന്ന് ആഗ്രഹിക്കുന്നതും. ആ ആഗ്രഹത്തിന്റെ പ്രതീക്ഷയാണ് മരണം വരെയും ജീവിക്കാൻ, കാത്തിരിക്കാൻ, ചിലപ്പോൾ അതിനപ്പുറത്തേയ്ക്കും പ്രതീക്ഷയോടെ പോവാൻ പ്രേരിപ്പിക്കുന്ന ഈ പ്രണയം. 

കാലാകാലങ്ങളായുള്ള ഈ സിനിമകളും കഥകളും ആണ് ആ പ്രണയം രണ്ട് മനുഷ്യർക്കിടയിലെ ആകാനാവൂ എന്ന് ശഠിച്ചത്.. പ്രണയം ഇണ ചേരലിന് അങ്കവാല് മിനുക്കുന്ന പൂവങ്കോഴിയുടെ, പിടയ്ക്ക് ചുറ്റും നൃത്തം വെയ്ക്കുന്ന ആണ്മയിലിന്റെ മാനസികാവസ്ഥയാണെന്ന് വരുത്തിതീർത്തത്.. 

നമ്മളുമായി യാതൊരു ബന്ധമില്ലാത്ത ഒന്നിന് വേണ്ടി, ചിലപ്പോൾ നമ്മുടെ അസ്തിത്വം തന്നെ പണയം വച്ചു നമ്മൾ പ്രവർത്തിക്കാറില്ലേ.. സ്വന്തം സന്തോഷത്തിനും അപ്പുറം മറ്റൊരാളിന്റെ സന്തോഷം കാണാൻ ചിലപ്പോൾ കാലിൽ തറച്ച മുള്ളെടുക്കാൻ തുനിയാതെ ചിരിച്ചു നിൽക്കുന്ന ഒരു സമയം, അതൊക്കെയാണ് പ്രണയത്തിന്റെ ലക്ഷണങ്ങൾ.

നമ്മൾ പ്രണയിക്കുന്നതിനെ വേദനിപ്പിക്കാൻ, നശിപ്പിക്കാൻ നമുക്ക് തോന്നില്ല, അതിന് വേണ്ടി ചിലപ്പോൾ കാരമുൾ ചെടിയുടെ കൂട്ടിലിരിക്കാനും ആയിരം വർഷം ഇരുട്ടിന്റെ കൂടാരത്തിൽ ഒറ്റപ്പെടാനും ഉള്ള ധൈര്യം ആ പ്രണയം തരും..കാലഭേദങ്ങളുടെ ഇരുമ്പഴികളില്ലാത്ത ജന്മാന്തരങ്ങളിലേയ്ക്ക് പടരുന്ന ഒരു പ്രതീക്ഷ തരും.. പ്രണയിക്കുന്നതിനെ വെദനിപ്പിക്കാനല്ല, ആ വേദനയും കൂടി കടമെടുക്കാനായാൽ അതാവും പ്രണയം ചെയ്യുക.

നിനക്കീ കടലിനെ പ്രണയിക്കാം, ഈ കാടിനെ, കാറ്റിനെ ആ കാണുന്ന നക്ഷത്രകൂട്ടത്തെ, ചില മനുഷ്യരുടെ ചിരികളെ, കണ്ണുകളെ, കവിതകളെ, സ്വയം പ്രണയിക്കാൻ മറന്ന് പോവുന്ന ഈ ലോകത്തിനെ, പിന്നെ ചില സമയത്ത് ഈ ലോകത്തിൽ നമ്മുടെ സമയം എണ്ണം പറഞ്ഞതാണെന്ന് തിരിച്ചറിയുമ്പോൾ നമ്മളെ തന്നെ...

സത്യം പറഞ്ഞാൽ നിനക്കറിയോ, ഈ വേണു നാഗവള്ളി പടങ്ങളൊക്കെ കണ്ട് ഞങ്ങളുടെ തലമുറയ്ക്ക് പ്രണയസാഫല്യമാണ് പരിണയം എന്ന തലതിരിഞ്ഞ ബുദ്ധിയായത്, അറ്റ്ലീസ്റ്റ് നിങ്ങളുടെ ലോകത്ത് പ്രണയത്തിൽ വിജയിക്കാൻ മനസ്സും പരിണയത്തിൽ വിജയിക്കാൻ ബുദ്ധിയുമാണ് വേണ്ടതെന്ന് പറയാൻ കുറച്ചു പേരുണ്ട്.. പാഷാണത്തിൽ കൃമികൾ എല്ലാ കാലത്തും ഉണ്ടാർന്നു, അതാണീ ലോകത്തിന്റെ ഒരു കുഴപ്പം, ഒരു പാട് ചോയ്സുകൾ, നീ തിരഞ്ഞെടുക്കുന്നത് നിന്റെ വിധി പോലിരിക്കും.. ഏത്?

ഇനി നീ പറയ് എന്താ നിന്റെ മനസ്സിൽ? ലവ് ഫെയിലിയറാ.. ? സാധാരണ ഫിലൊസഫി പുസ്തകം അന്വേഷിക്കണതപ്പോഴാണേ..!!

ബിയർ ബോട്ടിൽ വച്ച് അതിര് തിരിച്ചതിനപ്പുറത്ത് നിന്ന് അടുത്ത ബോട്ടിലെടുക്കാൻ മുഖം തരാതെ എഴുന്നേറ്റ് പോകുമ്പോൾ അവന്റെ വക ഡയലോഗ്..

നിങ്ങള് ശരിക്കൊരു ദുരന്താട്ടോ.. എങ്ങനെ സഹിക്കണോ ആവോ... സമ്മതിക്കണം..

പൊന്നുമോനെ, ഈ പ്രണയവും പ്രണയനൈരാശ്യവും ഒക്കെ ചേർത്ത് കുറച്ച് ബിരിയാണി ഞാനും കഴിച്ചിട്ടുണ്ട്.. നീ പറയണ്ട.. ആരോടും പറയാത്ത ഒരു കനല് പോലെ അത് നിന്റെ മനസ്സിൽ ഇരിക്കട്ടെ.. കണ്മുന്നിൽ കാണാത്ത സ്വപ്നങ്ങളെ തേടാൻ ആ നീറ്റൽ നിന്നെ സഹായിക്കും...

അവൻ പോയിവരുന്ന ഇടവേളയിൽ, അരണ്ട നിലാവെട്ടത്തിൽ കയ്യിലിരുന്ന തുണ്ട് പേപ്പറിൽ വെറുതെ കോറി... 

“ഞാനീ കാണുന്ന ആകാശം നീ കാണുന്നുവെങ്കിൽ,
നിന്റെ പിൻ കഴുത്തിലിലൊരു കാറ്റ് മുത്തം വയ്ക്കുന്നുവെങ്കിൽ,
നീ പോലുമറിയാതെ നിന്നെ പ്രണയിച്ച ഞാനാണത്,
 നിലാകുളിര് പോലെ നിന്നെ പൊതിയാൻ കൊതിക്കുന്ന എന്റെ മനസ്സാണ്..“

തീർന്ന ബിയറ് കുപ്പിയിൽ അൽപ്പം മണൽ നിറച്ച് അതിൽ പ്ളാസ്റ്റിക്കിൽ പൊതിഞ്ഞിട്ടു.. ബാക്കി പേപ്പറും പ്ളാസിക്കും ഒരു മരകഷണവും കൊണ്ട് മുറുക്കിയടച്ച് കടലിലേയ്ക്ക് വലിച്ചെറിഞ്ഞു...

കണ്ണിൽ നക്ഷത്രങ്ങളണഞ്ഞ് പോയ ആർക്കെങ്കിലും ആ കുപ്പി കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.. ഒരു മെഴുക് തിരിയെങ്കിലും അവരുടെയുള്ളിലത് തെളിച്ചാൽ, ആ മുനമ്പിൽ നിന്ന് അവർ തിരിച്ച് നടക്കുമെന്നും..

പിന്നെ മലർന്ന് കിടന്ന് ആകാശത്തെന്നെ നോക്കി കണ്ണിറുക്കുന്ന നക്ഷത്രങ്ങളെ നോക്കി കിടന്നു, കള്ളക്കൂട്ടങ്ങൾ.. അവർക്കെല്ലാം അറിയാം..കണ്ടില്ലേ കള്ളചിരി..

Wednesday, February 01, 2017

ഈ മുന്തിരി വള്ളികൾ തളിർത്തതെന്തിനാണ്?



സമൂഹം കരി തേച്ച് കഴുതപ്പുറത്തിരുത്തിയ സോഫിയയെ ലോറിയിൽ പിടിച്ച് കയറ്റി മുന്തിരിതോപ്പിലേയ്ക് പോവുന്ന സോളമനിൽ നിന്ന് വിവാഹത്തിന് ശേഷം പ്രണയിച്ചു കൊള്ളാം എന്ന് പറയുന്ന മകളെ വിജയശ്രീലാളിതനായി വീട്ടിലെത്തിച്ച് അച്ചനുമമ്മയും സ്നേഹിച്ചത് തെറ്റല്ലെന്ന് തെളിയിച്ച് പുലർച്ചെ മുന്തിരിതോപ്പിലേയ്ക്ക് കൂട്ടാമെന്നുറപ്പ് കൊടുത്ത് പുതപ്പിലൊതുങ്ങുന്ന ഉലഹന്നാനിൽ എത്തുമ്പോൾ ഈ മുന്തിരിക്കുലകൾക്ക് വല്ലാത്ത പുളിപ്പ്..
ചുണ്ടിനേറ്റവും പ്രിയപ്പെട്ടത് ചുംബനമാണെന്ന് അറിയാമെങ്കിലും സർക്കാർജോലിയും അരസികയായ ഒരു ഭാര്യയും കാരണം ജീവിതം മടുത്ത് പൊയ ഒരു 'പാവം' ഭർത്താവ്. സാമാന്യത്തിലും സുന്ദരിയാണ് ഭാര്യയെങ്കിലും സംസ്കാരത്തിന്റെ കുഴിമാട കാവൽക്കാരിയായത് കൊണ്ട് ലാൻഡ് ഫോണിൽ വിളിക്കുന്ന ആസാമിമാരെ നേർവഴിക്ക് നയിക്കുകയും സോഫയെ ആശ്രയിക്കുകയും ചെയ്യുന്നു. പൂർവ്വവിദ്യാർത്ഥി സംഗമത്തിൽ പൂർവ്വകാമുകിയെ കണ്ടതും മിന്നലടിച്ച എർത്തിങ്ങ് വയർ പോലെ റീച്ചാർജായി ഏതെങ്കിലും ഒരു പെണ്ണ് മതി ഒന്ന് മിണ്ടാൻ ‘പ്രണയിക്കാൻ‘ എന്ന അവസ്ഥയിലെത്തിയ പാവം ഭർത്താവിനെ വഴി തെറ്റിക്കാൻ മേലേയ്ക്ക് മറിഞ്ഞ് വീഴുന്ന ഒരു സുന്ദരി, കരുത്തുരുണ്ട സഹപ്രവർത്തക പലപ്രാവശ്യം മറിഞ്ഞ് വീണിട്ടും ഇളകാതിരുന്ന മനം ഇളകിയത് വെളുത്ത ആലിലവയറ് കണ്ടാവും, കാരണം “മാംസനിബദ്ധമാണല്ലോ അനുരാഗം“. ഫേസ്ബുക്കിൽ പ്രണയം എന്ന് വ്യക്തമായി എഴുതുന്നത് കൊണ്ട് അവളൊരു പലവഴി തന്നെയാണ്,ഒന്നുമറിയാതെ പലവഴിക്ക് പൈസ ചിലവാക്കുന്ന പാവം ഭർത്താവുള്ള ഒരു ഈസി അക്കൗണ്ട്.ആകെയുഴറി നിൽക്കുന്ന ഭർത്താവിനെ  മനസ്സറീയാതെ സഹായിക്കുന്ന സുഹൃത്തും ഭാര്യയുടെ പാട്ടും “എട്ടും പൊട്ടും തിരിയാത്ത പാവം‘ ഭർത്താവിനെ തിരികെ വീടെന്ന സ്വർഗ്ഗത്തിലെത്തിക്കുന്നു..
കൗമാരത്തിലെത്തി നിൽക്കുന്ന കുട്ടികൾക്ക് അച്ചൻ അമ്മയ്ക്ക് വെള്ളം കൊരി കൊടുക്കുന്നതിന്റെയും അമ്മ ചുവപ്പ് നൈറ്റി അന്വേഷിക്കുന്നതിന്റെയും കാരണം അറിയാം പക്ഷേ മകളുടെ പ്രണയത്തെ പറ്റി ചോദിക്കാൻ അമ്മ മടിക്കുന്നത് അച്ചനെ സ്നേഹിക്കുന്നത് അവൾ കണ്ടതിന്റെ കുറ്റബോധം കൊണ്ടാണ്. എല്ലാം തനിയെ മനസ്സിലാക്കുന്ന മകൾ കൂട്ടുകാരന്റെ മുറിയിലേയ്ക്ക് വിളിക്കുന്ന കാമുകനെ ഒഴിവാക്കി ഇനി കല്യാണം കഴിഞ്ഞിട്ടേ പ്രണയിക്കൂ എന്ന് പറയുന്നിടത്തായിരുന്നു ദേശീയഗാനം വരേണ്ടിയിരുന്നത്.
പത്മരാജന്റെയും ഭരതന്റെയും എം,ടിയുടേയും രാജീവന്റെയും കഥകളും ചങ്ങമ്പുഴയുടേയും ചുള്ളീക്കാടിന്റെയും അയ്യപ്പന്റെയും കവിതകളും കേട്ട് വളർന്ന നമ്മുടെ പ്രണയത്തിന്റെ നിർവ്വചനങ്ങൾ ഇങ്ങനെ മാറിപോയത് എങ്ങനെയാണ്?
എന്ന് മുതലാണ് പ്രണയം പുറത്ത് പറയാൻ കൊള്ളാത്ത വികാരമായത്, പുതപ്പിനകത്തുണരുന്ന കാമം മാത്രമായത്? മനുഷ്യമൃഗത്തെ മറ്റ് മൃഗങ്ങളിൽ നിന്ന് വേർതിരിക്കുന്ന മാംസനിബദ്ധമല്ലാത്ത രാഗമാണ് പ്രണയം, സ്നേഹിക്കുകയും സ്നേഹിക്കപെട്ടുകയും ചെയ്യുന്നു എന്ന തിരിച്ചറിവിൽ മുന്നോട്ട് പോവാനും തിരിഞ്ഞ് നടക്കാനും പ്രേരിപ്പിക്കുന്ന ശക്തി. കാറ്റിനേയും കടലിനേയും മഴയേയും പുഴയേയും പ്രണയിക്കാം, ആർക്കും ആരേയും പ്രണയിക്കാം, രണ്ട് നാൾ നീളുന്ന ട്രെയിൻ യാത്രയിലും ആയുസ്സിന്റെ അവസ്സാന നാളിലും പ്രണയിക്കാം, കാരണം അത് ചിലനേരത്ത് ചിലപാട്ടിലെ വരികകൾ കേൾക്കുമ്പോൾ അറിയാതുണരുന്ന ആത്മാവിന്റെ രാഗങ്ങളാണ്..രാഗത്തിനും രതിക്കുമിടയിലേ നേർത്ത ഇടവരമ്പിൽ നിന്ന് തിരിഞ്ഞ് നടക്കുമ്പോഴാണ് പല പ്രണയങ്ങളും അനശ്വരങ്ങളും പിന്നെ ജീവിതത്തിന് വഴി വെട്ടങ്ങളും ആയത്.
തിരിഞ്ഞ് നടക്കാനാണെങ്കിൽ നമുക്ക് നമ്മുടെ കുട്ടികളെ പ്രണയിക്കാൻ പഠിപ്പിക്കാം, ഹോർമോണുകളുടെ അതിപ്രസരത്താൽ ഉണ്ടാവുന്ന പനിക്കോളെന്നല്ല, ഹൃദയത്തിൽ ചിത്രശലഭങ്ങൾ കൂട് കൂട്ടുന്ന കാലം എന്ന് പറഞ്ഞ് കൊടുക്കാം, അരുതുകളെ അതിരുകളൊളം ചെന്ന് വിരലറ്റം തൊട്ട് തിരിഞ്ഞ് നടക്കേണ്ടുന്നതെങ്ങനെയെന്നും അതിന്റെ കാരണങ്ങളും പറഞ്ഞ് കൊടുക്കാം. പ്രണയവും പ്രണയനഷ്ടങ്ങളും നോമ്പരവടുക്കളും അവരെ പൂവിനേയും പുഴുവിനേയും കാറ്റിനേയും പുഴയേയും പിന്നെയീ ഭൂമിയേയും സ്നേഹിക്കാൻ പഠിപ്പിക്കും, എത്ര ജന്മമുണ്ടെങ്കിലും അതിലെത്ര നോവുണ്ടെങ്കിലും ഇവിടെ പിറക്കാനവർ കൊതിക്കും.
തിരിഞ്ഞ് നടക്കാനാണെങ്കിൽ നമുക്ക് വേരുകളിലേയ്ക്ക് പോകാം, വെള്ളയടിച്ച കുഴിമാടങ്ങളിലേയ്ക്കല്ല.