തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Friday, June 29, 2018

പാതിരാമുല്ലയും കണ്ണീർപ്പൂക്കളും


വിരസമായ ഒരു പ്രവൃത്തിദിവസത്തിന്റെ അവസാന പണികൾ തിരക്ക് പിടിച്ച് തീർക്കുമ്പോഴാണ് അടക്കിപ്പിടിച്ചിട്ടും പുറത്ത് ചാടുന്ന തേങ്ങലുകളുമായി ആ കുഞ്ഞ് കൈകൾ പിന്നിൽ നിന്ന് വട്ടം പിടിച്ചത്. അടക്കിപ്പിടിച്ച തേങ്ങലുകൾ കാരണം ആ കുഞ്ഞ് ശരീരം വിറയ്ക്കുന്നുണ്ടായിരുന്നു, കാര്യം സീര്യസ് ആണെന്ന് തോന്നിയതും പണി നിർത്തി വച്ച് എടുത്ത് മടിയിൽ ഇരുത്തി.

ഒരു വിധം ആശ്വസിപ്പിച്ച് കാരണം ചോദിച്ചതിനുള്ള മറുപടി വിങ്ങിപ്പൊട്ടലുകൾക്കിടയിലൂടെയാണ് കേട്ടത്.. “എനിക്ക്…. ആ മൂവി… കണ്ടപ്പോ… ഒത്തിരി സന്തോഷമായി…..അതോണ്ടാ….കരയുന്നേ…. ആ ഗേൾ…..കല്ലായി…. പോയപ്പോ…അവൾടെ….ഫ്രണ്ട്സ്… അവളെ രക്ഷിച്ചപ്പോ….എനിക്ക്….ഒത്തിരി ഹാപ്പിയായി...അതോണ്ടാ കരഞ്ഞേ…

അവളുടെ നിറഞ്ഞൊഴുകുന്ന കണ്ണുകൾ കണ്ടപ്പോൾ എനിക്കാദ്യം തോന്നിയ, ഉത്കണ്ഠ ഉറഞ്ഞ് പൊട്ടിയുയർന്ന ചിരി തന്നെത്താൻ അണഞ്ഞു പോയി.

കവിഞ്ഞൊഴുകുന്ന അണക്കെട്ടുകൾ പോലെയുള്ള കരഞ്ഞ് ചുവന്ന ആ കണ്ണുകളിലേയ്ക്ക് നോക്കിയപ്പോൾ ഓർമ്മകളിൽ പെട്ടന്ന് ഏത് പൊട്ടപടം കണ്ടാലും കരയുന്നവളെന്ന ചീത്തപ്പേരു കേൾക്കാതിരിക്കാൻ ക്ളൈമാക്സ് സീനികളിൽ കാണാതെ എഴുന്നേറ്റ് പോകുന്ന, ഒറ്റയ്ക്കിരുന്ന് കരയാനും ചിരിക്കാനുമായി മാത്രം തനിയെ ടിക്കറ്റെടുത്ത് സിനിമ കാണാൻ പോയി താന്തോന്നിയെന്ന് പേരുകേട്ട , എന്ത് കൊണ്ട് സിനിമകളിൽ മുഴുകി പോവുന്നുവെന്നതിനേ പറ്റി അറ്റമില്ലാത്ത ആകാശത്തോളം കാരണം പരതിയ, പിന്നെ പിന്നെ അത് ചില മനസ്സുകളുടെ നിർമ്മിതിയാണെന്ന് മനസ്സിലായപ്പോൾ മറ്റാരും മനസ്സിലാക്കിയില്ലെങ്കിലും ആ മനസ്സിനെ സ്നേഹിക്കുമെന്ന് വാക്ക് കൊടുത്ത മറ്റൊരു പെൺകുട്ടിയുടെ ചുവപ്പ് മറയ്ക്കാൻ ശ്രമിക്കുന്ന നാട്യങ്ങൾ നിറഞ്ഞ കണ്ണുകൾ തെളിഞ്ഞു.

ആദ്യമാദ്യം സ്ത്രികൾ സ്വന്തമായി ഏറ്റെടുത്ത കണ്ണീർ പടങ്ങൾ മാത്രം കാണുന്നത് കൊണ്ടാവും അബലയും കരയുന്നവളുമായ ‘വെറും‘ പെണ്ണായി പോവുന്നത് എന്ന നിസ്സഹായത തോന്നിയിരുന്നു. അമ്മയില്ലാതെ കരയുന്ന കുഞ്ഞിനെ സ്വർഗ്ഗത്തിലിരുന്ന് അമ്മ എണ്ണ തേച്ച് കുളിപ്പിക്കുന്ന ബാലഗോപാലന്റെയും സിനിമ കാണാൻ വരുന്നവർക്ക് പ്രമോഷനായി കണ്ണും മൂക്കും തുടയ്ക്കാൻ തൂവാലയും കരയാത്തവർക്ക് ബംബർ സമ്മാനവും പ്രഖ്യാപിച്ച് കൊടി പറത്തിയ ആകാശദൂതിന്റെയും കണ്ണീർകാലമായിരുന്നു അത്.

പിന്നെയാണ് മനസ്സിലായത്, ഗോഡ്ഫാദർ കണ്ടാലും കരയുന്ന പൊട്ടിപെണ്ണായി മാറിയിരിക്കുന്നു എന്ന്. ഒളിച്ച് വയ്ക്കേണ്ട ഒരു മാനസിക ദൗർബല്യത്തിന് അടിമയാണെന്ന കണ്ട് പിടുത്തം പിന്നെ ഒരുപാട് കാലം പല നാടകങ്ങൾക്കും കാരണമായി. സിനിമയുടെ ക്ളൈമാക്സ് കഴിവതും നേരത്തെ അറിയാൻ ശ്രമിക്കുക, വികാരഭരിതമായ രംഗങ്ങൾ വരുമ്പോൾ അത് വെറും സിനിമയാണെന്ന് ഓർമ്മിപ്പിക്കാൻ കയ്യിൽ സൂചി കരുതുക അങ്ങനെ പലതും..

പിന്നീടെപ്പോഴോ കരയുന്നത് ഒരു ദൗർബല്യമല്ല മറിച്ച് സഹാനുഭൂതിയുള്ള മനസ്സുകളുടെ ലക്ഷണമാണെന്ന് വായിച്ച ഒരു ദിവസം, സ്വന്തം മനസ്സിനോട് മനസ്സിലാക്കാൻ പറ്റാതെ പോയ കുഞ്ഞിനോടെന്ന പോലെ സ്നേഹം തോന്നി, ഇനിയൊരിക്കലും മറ്റൊരാൾക്ക് വേണ്ടി നിന്നെ ഉപേക്ഷിക്കില്ലെന്ന് വാക്ക് കൊടുക്കുമ്പോൾ നാട്യങ്ങളില്ലാതെ കരയാനും ചിരിക്കാനും വേണ്ടി ,കയ്യിലൊരു പോപ്കോൺ പൊതിയും കോളയുമായി ഒറ്റയ്ക്കിരിക്കാൻ ഒറ്റസീറ്റ് ബുക്ക് ചെയ്യാൻ ഞാൻ തയ്യാറായിരുന്നു.


പണ്ടെന്നോ മനസ്സിനെ ചേർത്ത് പിടിച്ച അതേ സ്നേഹത്തോടെ അവളെ നെഞ്ചോട് ചേർത്ത് പിടിക്കുമ്പോൾ കരയരുത് എന്ന് പറയാതിരിക്കാൻ, ധൈര്യമുള്ള കുട്ടികൾ കരയാറില്ലല്ലോ എന്ന് പറഞ്ഞ ആശ്വസിപ്പിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിച്ചു.. ഒരു ലോകം മുഴുവൻ കളിയാക്കിയാലും സ്വന്തം മനസ്സിന് കൂട്ടിരിക്കുന്നതെങ്ങനെയെന്ന് കാട്ടികൊടുക്കണം എന്ന് മനസ്സിലടിവരെയിട്ടു.

മനസ്സിലപ്പോഴും പാതിരാമുല്ലകളുടെ സുഗന്ധം വീശുമ്പോഴെല്ലാം ഓർമ്മവരുന്ന എന്നു കണ്ടാലും കരഞ്ഞ് പോവുന്ന ഒരു സിനിമയായിരുന്നു. യാതനയുടെ ലോകങ്ങളിലേയ്ക്ക് യാത്ര പറഞ്ഞ് പോവുന്ന ഒരു ഗന്ധർവ്വനെ പ്രണയിച്ച പെൺകുട്ടിയെ കണ്ട് കരഞ്ഞിരുന്ന നനുത്ത സുഖമുള്ള ഓർമ്മകൾ…


Thursday, March 29, 2018

ആന്റിക്ളൈമാക്സ്




ആകാശം ഇനിയുമൊരു ബെല്ലോട് കൂടി ആരംഭിക്കാൻ പോവുന്ന നാടക സ്റ്റേജിന്റെ തിരശ്ശീല പോലെ നീണ്ട് നിവർന്നു കിടന്നു.

കയ്യിലിരുന്ന ചുരുട്ടിന്റെ ചൂട് പുക ആഞ്ഞ് വലിച്ചു, അകത്ത് അപ്പത്തിനും വീഞ്ഞിനും വേണ്ടി തിരക്ക് കൂട്ടുന്ന പത്ത് പേരെ നോക്കിനിന്ന് അവർ സംസാരിച്ചു.കൊണ്ടിരുന്നു.

ബ്രോ, താനിങ്ങനെ ഒറ്റയ്ക്ക് നിൽക്കാതെടോ, ഒന്നൂല്ലേലും നമ്മളിത്രേം പേരില്ലേ, ഇന്നലെ നിന്നെ തോളത്ത് കേറ്റി വന്ന അത്രേം ആൾക്കാരും, വെറുതേ വന്നങ്ങ് പിടിച്ചോണ്ട് പോവാൻ പറ്റുമോ..“

നേരമാവുമ്പോ എല്ലാം നടക്കണ്ട പോലെ നടക്കും പത്രോ, ആരുണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല, ഇത് കണ്ടില്ലേ ഒരന്തവുമില്ലാതെ ഈ അപ്പവും വീഞ്ഞും തിന്നോണ്ടീരിക്കുന്നവർ എല്ലാം പന്തം കണ്ട പെരുച്ചാഴികളെ പോലെ ഓടും…. ആരുമുണ്ടാകില്ലെടോ, ഇത് നമ്മക്കിട്ടുള്ള പണിയാണെങ്കിൽ, നമ്മൾ തന്നെ അനുഭവിക്കണം..“

അങ്ങനെ പറയല്ല് ബ്രോ, ഇനി ഇവന്മാരൊക്കെ പോയാലും ഞാൻ നിന്റെ കൂടെ തന്നെ നിൽക്കും, അവരോട് നീ ക്ഷമിക്ക്, പണ്ടേ ബുദ്ധികുറവാ എല്ലാത്തിനുമെന്ന്, നിനക്കറിയാവുന്നതല്ലേ..“

ഒന്നു പോടാപ്പാ, ഇന്നാ കാലങ്കോഴി മൂന്ന് വട്ടം കൂവുന്നതിന് മുന്നേ, എന്നേ കണ്ടിട്ടേ ഇല്ലെന്ന് പറയാൻ പോവുന്ന കുരുപ്പ് നീയാ, അവന്മാരതിനും മുന്നേ ഓടി രക്ഷപെടും...“

ഇങ്ങനെ ചങ്കീകുത്തുന്ന വർത്താനം പറയല്ല് ബ്രോ, ശരിയാ, നിനക്കീ നിയമോം സംഹിതേം ഒക്കെ നല്ല പിടിയാ, നമ്മളീ മീനിനേം പിടിച്ച് നടന്ന്…. ഒന്നും പഠിക്കാണ്ട്... എന്നാലും നീയങ്ങനെ പറഞ്ഞപ്പോ സങ്കടം വന്നു സഹോ….“

പോട്ടെ പത്രോ, ഇനി മീനല്ല, ഞാൻ നിന്നെ മനുഷ്യനെ പിടിക്കുന്നവനാക്കും...ഞാൻ പോയാലും നീ വേണം ഈ നിലാവത്തഴിച്ച് വിട്ട പോലെ നടക്കുന്ന കൂട്ടത്തിനെ കൊണ്ട് നടക്കാൻ...നീയാ എന്റെ പാറ, നിന്റെ ബേസില് നമുക്കൊരൊന്നാന്തരം പാർട്ടി ഉണ്ടാക്കണം.“

അല്ല ബ്രോ, അത് പറഞ്ഞപ്പഴാ….താനീ ലാസറിനേം ദീനം വന്ന പെൺകൊച്ചിനേം കുരുടനേം ഒക്കെ രക്ഷിച്ചതല്ലായോ, നമ്മുടെ പ്രശ്നത്തിനൊരു പരിഹാരം കാട്ടിതാടേയ്.. ഇരിക്കാനും നടക്കാനും വയ്യാത്ത അവസ്ഥ...“

അത് നിന്റെ നാക്കിന്റെയാ പത്രോ, അതും കൂടി ഇല്ലേൽ നിന്റെ തള്ള് ആർക്കും സഹിക്കാൻ പറ്റാണ്ടാവും, അതവിടെ ഇരിക്കട്ടെ, എന്റെ കൃപ നിനക്ക് മതി.“

, എന്തോന്ന് കൃപ, കുത്തിയിരിക്കാൻ പറ്റാത്തപ്പോഴാണോ കർത്താവേ കൃപ കൊണ്ട് കാര്യം, എന്നാപിന്നെ നിന്റെ ഇഷ്ടം...“

ബാക്കി വന്ന അപ്പം വീഞ്ഞിൽ മുക്കി തിന്നാൻ പത്രോ അകത്തേയ്ക്ക് പോയി….
മുപ്പത് വെള്ളിക്കാശ് അരയിൽ കെട്ടിക്കൊണ്ട് യൂദാസ് എഴുന്നേറ്റ് പുറത്തേയ്ക്ക് നടന്നു….

യേശു കയ്യിലിരുന്ന പുകയില ചുരുട്ടിന്റെ അവസാന പുക ആഞ്ഞ് വലിച്ചു..

പീലാത്തോസ് കൈ കഴുകാനുള്ള വെള്ളം കൽപ്പാത്തിയിൽ നിറച്ചു വയ്ക്കുകയായിരുന്നു…..