തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, January 08, 2020


വായന : ജിബ്രാന്റെ പ്രണയോത്സവങ്ങൾ
രചന: കെ.പി. സുധീര

ഒറ്റപെട്ട് പോയ ഒരു ചിത്രകാരന്റെ, കവിയുടെ, കഥാകാരന്റെ ആത്മാവിനൊരു ചൂട് തേടി എഴുതിയ കത്തുകളിൽ പ്രണയോത്സവങ്ങളില്ല, ഉൾചൂട് തിരിയുന്ന ഒറ്റപ്പെട്ട ഒരാത്മാവിന്റെ തേടൽ മാത്രം.

"അസന്തുഷ്ടനാവുമ്പോഴൊക്കെ, പ്രിയപ്പെട്ട മേരി, ഞാൻ നിന്റെ എഴുത്തുകൾ വായിക്കുന്നു. എന്നിലുള്ള എന്നെ മൂടൽമഞ്ഞ് ചൂഴുന്ന നേരത്ത് ചെറിയ പെട്ടി തുറന്ന് ഞാൻ നിന്റെ കത്തുകൾ പുറത്തെടുത്ത് വീണ്ടും വീണ്ടും വായിക്കുന്നു. ഈ ലോകത്ത് നമുക്കോരോരുത്തർക്കും എവിടെയോ ഒരു വിശ്രമസ്ഥാനമുണ്ട്. നിന്നെ കുറിച്ചുള്ള അറിവ് താമസിക്കുന്ന ആ മനോഹരമായ പടർപ്പ്, അവിടെയാണ് എന്റെ വിശ്രമകേന്ദ്രം."

1908 മുതൽ 1926 വരെ ഖലീൽ ജിബ്രാൻ എന്ന് പേരെഴുതി ചേർക്കാൻ പണവും പ്രണയവും പകർന്ന് കൂടെ നിന്ന മേരി ഹാസ്കലില്ലായിരുന്നുവെങ്കിൽ പ്രവാചകനും ഭ്രാന്തനും ദൈവവും ഒന്നും നമ്മളൊരു‌ പക്ഷേ വായിക്കാനിടവന്നിരിക്കില്ല. വിവാഹം കഴിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച ജിബ്രാനെ കലയ്ക്ക് സമർപ്പിച്ച് ഒഴിഞ്ഞ് മാറുമ്പോഴും അവർ കത്തുകളിലൂടെ ഇരു നദികളായി ഒഴുകിയിരുന്നു. എത്ര മനോഹരമായൊരു മനുഷ്യ ബന്ധം.. കത്തുകളിലൂടെ വീണ് കിട്ടുന്ന അവസരങ്ങളിലെ കണ്ടുമുട്ടലുകളിലൂടെ അവർ സ്വപ്ന തുല്യമായ ഒരു ജന്മം തന്നേ ജീവിച്ചു തീർത്തിരിക്കുന്നു.

"പ്രിയ മേരി ജീവിതത്തിന്റെ ശക്തിയും പ്രഭാവവും, മനസ്സും ഉപബോധമനസ്സുമെല്ലാം ദൈവത്തിന്റേതാണെങ്കിൽ രാഷ്ട്രങ്ങളുടെ യുദ്ധവും അവന്റേതാണ്. ഈ യുദ്ധം മാത്രമല്ല, എല്ലാ യുദ്ധങ്ങളും അവന്റേതാണ്. ഓരോ യുദ്ധവും പുതിയ പുതിയ സത്വവും ആത്മാവും ഉന്നതമായ ജീവിതവും ലഭിക്കുവാനായി വസന്തത്തിന് ശേഷം വരുന്ന ശരത്കാലം പോലെ സ്വാഭാവികമാണ്. "

പതിനെട്ട് വർഷത്തോളം കൂട്ടിരുന്നിട്ട് 1926 ൽ മേരി  ഫ്ലോറൻസ് മിനിസിസ് എന്നൊരു‌ ധനികനെ വിവാഹം കഴിക്കുന്ന കാര്യം പറയവെ ജിബ്രാൻ എതിർത്തില്ലെന്നും സ്വന്തം മനസ്സ് പറയുന്നത് കേൾക്കാൻ പറഞ്ഞതായി മേരിയുടെ ഡയറികുറിപ്പുകൾ പറയുന്നു. എങ്കിലും അത്രമേൽ പടർന്നൊരു വേര് അടർന്ന് പോയതിനാലാവാം ആ മരം അധികം താമസിക്കാതെ 1931 ൽ നിലം പൊത്തിയത്..

പ്രണയത്തിന്റെ തടവുകാരൻ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന ഏകാന്തതയുടെ കവി.

-ലിഡിയ.