തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, June 25, 2014

നിയോഗങ്ങൾ:



ഐ ടി കമ്പനിയിൽ ആളുകൾ വിട്ട് പോവുന്നത് സുലഭമാണെങ്കിലും നന്നായി അറീയാവുന്ന ഒരു സുഹൃത്ത് , വേറെ ഓഫറുകളൊന്നും കയ്യിലില്ലാതെ പേപ്പറിട്ടപ്പോൾ അത്ഭുതം തോന്നി. അവന്റെ കാരണങ്ങൾ കേട്ട് അതിലേറെ അമ്പരപ്പും. അധികം സാമ്പത്തികമൊന്നും ഇല്ലെങ്കിലും വേണ്ട സമയത്ത് വേണ്ടതൊക്കെ കൊടുത്ത് ആത്മവിശ്വാസം കൈമുതലാക്കി നേടി കൊടുത്ത കുടുംബം. കഷ്ടപെട്ടാണെങ്കിലും ബി.ടെക് പഠിപ്പിച്ചത് കൊണ്ട് പടിച്ചിറങ്ങിയ ഉടനെ ജോലി കിട്ടി. ഇന്നത്തെ കുട്ടികളെ പോലെ ഇന്നതായി തീരണം എന്ന സ്വപ്നമോ അതിന് പിന്നാലെ പോവാനുള്ള ചങ്കുറപ്പോ കൊണ്ട് നടക്കാൻ കീശക്കന്മില്ലാത്തത് കൊണ്ട് ആദ്യം കിട്ടിയ ജോലിക്ക് കയറി. 12 വർഷത്തിനിപ്പുറം നിന്ന് നോക്കുമ്പോൾ കടങ്ങളൊക്കെ വീട്ടിയതിന്റെ സന്തോഷത്തിൽ തന്നെ ജീവിതത്തോട് യാത്ര പറഞ്ഞ അച്ഛൻ, വാർദ്ധക്യം സമാധാനപരമായി ചിലവഴിക്കുന്ന അമ്മ. ജീവിതത്തിന്റെ ഓരോരോ വഴിത്താരകളിലായി 2 സഹോദരങ്ങൾ.
പരാധീനതകളൊക്കെ തീർന്നപ്പോഴാണ് ഈ ജോലി ആസ്വദിച്ച് ചെയ്യുന്നതാണോ എന്ന ചിന്ത തോന്നി തുടങ്ങിയത്, ആസ്വദിക്കുന്നതെന്ത് എന്ന ചോദ്യത്തിന് യാത്രയും പാചകവും എന്ന ഉത്തരമുണ്ടായിരുന്നെങ്കിലും അതെങ്ങനെ വയറ് നിറയ്ക്കും എന്ന ചിന്ത കാരണം ആരോടും പറഞ്ഞില്ല. പിന്നെ സപ്പോർട്ട് ചെയ്യുന്ന ഭാര്യയും മനസ്സിലാക്കുന്നവരാണ് മക്കളും എന്ന അറിവ് വല്ലാതെ ഊർജ്ജം പകർന്നു.

വയനാട്ടിൽ കുറച്ച് സ്ഥലം വാങ്ങി അവിടെ ഹോം സ്റ്റേ തുടങ്ങി. വീട്ടിൽ തന്നെ പാചകം, സ്വയം പ്രധാന കുക്ക്. പലതരം സ്പൈസസ് നിറഞ്ഞ കുറച്ച് സ്ഥലം. അറിഞ്ഞ് കേട്ട് വന്ന കൂട്ടുകാരുടെയൊപ്പം പോയ സ്ഥലങ്ങളിലെ സൗഹൃദങ്ങൾ മുതൽക്കൂട്ടാക്കി നിലവാരമുള്ള തേനും കുരുമുളകും മറ്റും.
അയാളുടെ സ്വപങ്ങൾക്ക് ഒരു പാട് നിറങ്ങളായിരുന്നു. കൊതിപ്പിക്കുന്ന നിറങ്ങൾ.

തുടങ്ങി വയ്ക്കുന്ന സംരഭത്തിന് റിസ്കില്ലേ എന്ന ചോദ്യം തൊണ്ടയോളം എത്തിയെങ്കിലും അത് ചോദിച്ചില്ല. പുലർച്ച മൂന്ന് മണിക്കും മറ്റും ചീറിപാഞ്ഞ് നടക്കുന്ന കമ്പനി ക്യാബുകളുടെ ഇടയിലൂടെ ടൂവിലറോടിക്കുന്ന റിസ്ക് മാത്രല്ലേയുള്ളൂ എന്ന് മനസ്സ് തന്നെ പറഞ്ഞു.
ദൂരെയെങ്ങോ നിന്ന് ഒരു മകുടിയുടെ സ്വരം ഞാനും കേൾക്കുന്നുണ്ട്. എന്നാണ് മറുത്ത് നിൽപ്പിന്റെ ചിതല്പുറ്റുകൾ തകർന്ന് എനിക്കും ആ സ്വരത്തിന് പുറകേ പോവാനാവുക എന്ന സന്ദേഹം മാത്രം. പണമില്ലായ്മ നിറം കെടുത്തിയ ബാല്യവും, എന്നും ഓരം തള്ളപെടാതിരിക്കാനുള്ള ശ്രമത്തിൽ മറന്ന് പോയ പല സ്വപ്നങ്ങളും, അവയൊക്കെ എവിടെയോ ഉറങ്ങുന്നുണ്ട്, ഞാൻ എന്നെങ്കിലും ഏതെങ്കിലും ആൽമരചില്ല തണലിൽ ഇരുന്ന് ഉള്ളിലേയ്ക്ക് നോക്കുന്നതും കാത്ത്. അത് വരെ..
..........ഞാൻ ഓടട്ടെ…......