തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Saturday, May 08, 2021

ഏകാന്തതയുടെ നൂറ് വർഷങ്ങൾ.. ഗബ്രിയേൽ ഗാർസിയ മാർക്വേസ്

 ബാല്യത്തിൽ അറിഞ്ഞ ചില രുചികൾക്ക് ഗൃഹാതുരമായ ഓർമ്മകളുടെ ഒരു പൂപ്പൽ മണമുണ്ടാവുമായിരിക്കും. 

പണ്ട് ഒറ്റയുടുപ്പിട്ട് നടന്ന കാലത്ത് തലയിൽ ഒരു സ്കാർഫും കെട്ടി പള്ളിയിൽ പോവാൻ വലിയ ഉൽസാഹമായിരുന്നു. പാട്ടും പ്രാർത്ഥനയും അവിടെ നടക്കുമ്പോൾ ഞാൻ ആരുമറിയാതെ പുറത്ത് ചാടി നീലക്കുമ്മായമടിച്ച ചുവരിലെ കുമ്മായമടർന്ന മൂലയിലെ ഇഷ്ടിക ചുരണ്ടുന്ന തിരക്കിലായിരിക്കും. ആ ഇഷ്ടികപൊടിക്ക് എന്തൊ ഒരു രുചിയുണ്ടായിരുന്നു. ഞായ്റാഴ്ചകളിൽ മാത്രം കിട്ടിയിരുന്ന, ഞായറാഴ്ച ആവാൻ കാത്തിരിപ്പിക്കുന്ന ഒരു രുചി. 

അതും കഴിഞ്ഞ് കുറേ കാലത്തിന് ശേഷമാവണം ആദ്യമായി ഏകാന്തതയുടെ നൂറ് വർഷങ്ങൾ വായനശാലയിൽ നിന്ന് എടുത്ത് വായിച്ചത്. നൂറ് വർഷങ്ങളിലെ‌ ബുഗേണ്ടിയ കുടുംബത്തിലെ അപസ്മാരങ്ങളും പന്നിവാലുള്ള മനുഷ്യക്കുഞ്ഞുങ്ങളും യുദ്ധത്തിന്റെ അഴുകലും ഒന്നും മനസ്സിലായിരുന്നോ അന്ന് എന്ന് ഓർമ്മയില്ല. പക്ഷേ കുറേ കാലമായി ഇഷ്ടികപൊടിയുടെ അമ്ലരസം പോലെ എന്തോ ഒന്ന് ആ പുസ്തകം വായിക്കണം എന്ന് ഉള്ളിൽ ചുരണ്ടിക്കൊണ്ടിരുന്നു..

പഴയപതിപ്പുകളോ പുതിയ പുസ്തകമോ തിരഞ്ഞ് നടക്കുമ്പോഴും അതിലെ കഥയേക്കാളുപരി അതിൽ മറന്ന് വച്ച് എന്തോ രുചി തേടുകയാണോ എന്ന് പോലും എനിക്ക് തോന്നി, കാരണം ഇംഗ്ലീഷ് പതിപ്പ് ലഭ്യമാണെന്നറിഞ്ഞിട്ടും മലയാളത്തിന് കാത്തിരിക്കുകയായിരുന്നു ഞാൻ.

ഡി.സി‌ബുക്ക്സ് പുസ്തകത്തിന്റെ പുതിയ പതിപ്പിറക്കുന്നുവെന്നറിഞ്ഞതും സുഹൃത്തിനോട് പറഞ്ഞ് കാത്തിരുന്ന് കയ്യിൽ കിട്ടിയതും വായിച്ചു തുടങ്ങി.

പ്രാകൃതമായ ശക്തികളോടെ പിറവിയെടുക്കുന്ന ഒരു ശാഖയും ഏകാന്തതയുടെ അരൂപികളിൽ നിറഞ്ഞ മനസ്സുമായി‌ പിറക്കുന്ന മറ്റൊരു‌ശാഖയുമായി‌ ഒരു നൂറ്റാണ്ടിലെ പിറവികളുടെ എഴുതപ്പെട്ട കഥ. ജനിച്ച് ജീവിച്ച് മരിച്ച് പുഴുത്ത് പട്ട് പോവുന്ന മനുഷ്യജന്മങ്ങൾ നിരർത്ഥകമായ പോരാട്ടങ്ങൾ തോൽവികൾ വെട്ടിപ്പിടിക്കലുകൾ വൈകിഎത്തുന്ന വെളിപാടുകൾ.. 

മരണം കാക്കുന്നവരൊക്കെ എത്തി‌ നിൽക്കുന്ന ചെസ്റ്റ്നട്ട് മരത്തിന്റെ ചോട്ടിലെന്നോണം ഇരുന്ന് ഈ പുസ്തകം വായിച്ചു തീർക്കുമ്പോൾ ഇനിയൊരിക്കലും തോന്നാത്ത വിധം ഇഷ്ടികകട്ടപ്പൊടി‌ തിന്നാനുള്ള ആഗ്രഹം തീർന്ന് പോയ പോലെ..

-ലിഡിയ