തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, August 30, 2006

ഇന്നലെ പെയ്ത മഴ.

ഇന്നലെ രാവിന്റെ ഏകാന്തതയില്‍
എനിക്കായ് ഒരു മഴ പെയ്തുനിന്നു.
മാനം തേടുന്ന കൂട്ടിലെ കിളിയായ്
ഞാനുമാമഴ നോക്കി നിന്നു..

ഏകാന്തമായൊരെന്‍ കൂട്ടിനുള്ളില്‍
മുനിഞ്ഞുകത്തുന്നൊരീ വിളക്കിനരികില്‍
വിധിയായി വന്നുചേര്‍ന്നൊരീ വാല്മീക-
മൊരുക്കുന്ന മൌനമെന്നെ ഞെരിക്കവെ..

ഒരു സ്വപ്നമായി നീ പെയ്തിറങ്ങി..
ഒരുതുള്ളി അമൃതുപോല്‍നീയീ പൊടി-
മണ്ണിന്റെ ഊഷരതയില്‍ ഊര്‍ന്നിറങ്ങെ-
ശ്വസിക്കുന്നു ഞാനീ മണ്ണിലുയരും മണം..

കാലൊച്ചയില്ലാതെ വന്നിന്നലെ നീ-
കാത്തൊന്ന് നില്ക്കാതെ പോകയും,
എങ്കിലും പാടുന്നു നിനക്കായി ഞാന്‍
എനിക്കായ് പെയ്തുവല്ലോ നീ

അറിയാതെ ആരുമറിയാതെയെങ്കിലും..

-പാര്‍വതി

Monday, August 28, 2006

കളിപ്പാവകള്‍

എന്റെ മനസ്സിന്റെ നോവറിയാതെ നീ പോകയോ?
വരണ്ടോരെന്‍ മനസ്സില്‍ പെയ്യാതെ പോവതെങ്ങ് നീ..
എന്റെ പുണ്യത്തിന്‍ തുളസി കരിയുന്നതും,തണലേകി-
നിന്നൊരാ നീര്‍മാതളം ഉണങ്ങി കടമുറിഞ്ഞതും,

അറിഞ്ഞില്ല പോലും നീയെന്നോ, അതൊ മറയ്കയോ നീ-
അഭിശാപങ്ങള്‍ പേറി പെയ്തൊഴിയേണ്ടി വരുന്ന വിധിയെ..
നീ മറന്ന് പോവുന്നൊരെന്‍ താഴ്വരകള്‍ മരുക്കളാവുന്നതും,
ഉറങ്ങുന്ന പിഞ്ചു പൈതലിന്‍ മേല്‍ നീ പ്രളമാവുന്നതും.

വിധിയെന്ന വാക്കിലൊതുക്കി ഞാനെന്റെ തണലുകള്‍-
കരിഞ്ഞ,വാടിക തണല്‍ നല്കാമരം നോക്കി നില്‍ക്കെ.
എങ്ങു പോയ് കരഞ്ഞ് തീര്‍ക്കും നീ,നിന്നിലൊഴുകി –
മറഞ്ഞൊരാ കുഞ്ഞുങ്ങള്‍ തന്‍ നൊമ്പരകീറുകള്‍.

പെയ്യാതെ പോവുകയാണ് നീയെന്‍ മനസ്സിലെ –
മരുഭൂമികളേ നീരവം ചാര്‍ത്താതെയെങ്കിലും,
പൊഴിക്കുന്നു ഞാനൊരുതുള്ളി കണ്ണീര്‍ നിനക്കായ്
വിധിയുടെ കയ്യിലെ കളിപ്പാവകളല്ലോ നമ്മളെല്ലാം

-പാര്‍വതി

Monday, August 21, 2006

കച്ചി കള്ളന്‍

“ആ‍രാടാ അവിടെ?“

അപ്പന്റെ അലര്‍ച്ച കേട്ട് പേര മരത്തില്‍ സ്വസ്ഥമായി പേരയ്ക്ക തിന്നിരുന്ന പക്ഷികള്‍ മറ്റൊരു യുദ്ധം കണേണ്ടി വരുമോ എന്ന ഭയം കൊണ്ട് ചിറകടിച്ച് പറന്ന് പോയി..

അപ്പന് കുറെ നാളായി സംശയം..ആരോ നമ്മുടെ കച്ചിത്തുറുവില്‍ നിന്ന് കച്ചി വലിക്കുന്നുണ്ട്.തുറുവിട്ടിട്ട് അധികം നാളായില്ല, എന്നിട്ടും ആതിനാകെപാടെ ഒരു ഉടച്ചില്‍, പ്രത്യേകിച്ചും മുകള്‍വശത്തായി..അമ്മയോട് സംശയം പറഞ്ഞപ്പോള്‍ “എന്തൊന്നാ മനുഷ്യാ..ഇനി കച്ചിവലിക്കാന്‍ ആരെങ്കിലും പാതിരാത്രിക്ക് വരുന്നുണ്ടോന്ന് കാവലിരിക്കാന്‍ എന്നെകൊണ്ട് മേല” എന്ന മറുപടി കേട്ടിട്ടും അപ്പന് ഉറപ്പായിരുന്നു..തീക്കട്ടയില്‍ ഏതോ ഉറുമ്പരിക്കുന്നുണ്ടെന്ന്.

അദ്ദേഹത്തിന്റെ സംശയം സത്യമായതിന്റെ സന്തോഷവും കൂടിയാണ്, അലര്‍ച്ചയുടെ വോള്യം കൂടിയത്..പാടത്ത് നിന്നും പതിവിലും നേരത്തെ വന്നപ്പോള്‍ പശുവിന് ഒരു കവിള്‍ കച്ചി ഈവിനിങ്ങ് സ്നാക്ക് കൊടുത്തേക്കാം എന്ന് കരുതി തുറുവിനടുത്തെത്തിയപ്പോള്‍ അതാ തുറുവിന് മുകളില്‍ രണ്ട് കാലുകള്‍..

അപ്പന്റെ അലര്‍ച്ച കേട്ട് അരണ്ടത് കിളികള്‍ മാത്രമല്ല, മുകളില്‍ നോവലില്‍ ലയിച്ചിരുന്ന ഞാനും കൂടിയാണ്..ഇനി ഒരു രക്ഷയുമില്ല എന്ന് കരുതി അടികൊള്ളാന്‍ റെഡിയായി ഞാന്‍ കച്ചിത്തുറുവില്‍ നിന്ന് ഊര്‍ന്നിറങ്ങി..

എന്റെ കയ്യിലെ പുസ്തകം കണ്ടതും അപ്പന് കാര്യം പിടികിട്ടി.ഞാനും അമ്മയും തമ്മിലുള്ള പിടിവലി പുള്ളി കാണാറുള്ളതാണല്ലോ.ഏതാ പുസ്തകം എന്ന് നോക്കി, സ്റ്റാന്‍ഡേര്‍ഡ് ഉള്ളത് തന്നെ എന്ന് കണ്ടപ്പോള്‍ പകുതി ആശ്വാസം..

നീയെങ്ങനെ അതിന് മുകളില്‍ കയറി?

ഞാന്‍ തുറുവിന് മുകളിലേയ്ക്ക് ചരിഞ്ഞ് നില്‍ക്കുന്ന പേരക്കൊമ്പ് ചൂണ്ടി കാട്ടി..

ഇതാണെന്റെ സ്ഥിരം ഒളിത്താവളം..സ്കൂള്‍ വിട്ട് വന്നാലും വന്നിലെങ്കിലും 7 മണിവരെ കളിക്കാനുള്ള സ്വാതന്ത്യം അമ്മ തന്നിട്ടുണ്ട്..കുഞ്ഞ് കുടുംബം ആയതിനാല്‍ അടുക്കള പണിക്ക് എന്നെ കൂട്ടിയിരുന്നില്ല, എന്നെ വിശ്വാസമില്ല എന്നതും ഒരു കാരണമാവും.എന്നാലും എനിക്ക് അസൈന്‍ ചെയ്ത കുറെ പണികളുണ്ടായിരുന്നു.രാവിലെ 6 മണിക്ക് മില്‍മയില്‍ പാലു കൊണ്ട് പോകല്‍ ഒക്കെ അതില്‍ പെടും. അത് കഴിഞ്ഞാല്‍ ഫ്രീ..അവധി ദിവസമാണെങ്കില്‍ ഞങ്ങള്‍ വീട്ടിലില്ലാതിരിക്കുന്നതാണ് അമ്മയ്ക്കിഷ്ടം,അത്രയും തലവേദന കുറയുമല്ലോ..ഞങ്ങളും ബിസിയാണേ..

എന്നാലും എന്റെ ഏറ്റവും വലിയ വിനോദം വായന തന്നെ..അമ്മയെ പേടിച്ച് ലൈബ്രറിയില്‍ നിന്ന് പുസ്തകങ്ങള്‍ ആഴ്ചയിലൊരിക്കല്‍ നാലഞ്ച് എണ്ണം എടുത്തു കൊണ്ട് വരും..അത് നല്ല പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് കക്ച്ചിത്തുറുവിനടിയില്‍ വയ്ക്കും..എന്നിട്ട് അവധി ദിവസങ്ങളില്‍ ഉച്ച തിരിയുന്ന സമയത്ത്,സ്കൂള്‍ ദിവസങ്ങളില്‍ സ്കൂള്‍ വിട്ട് വന്ന് ഒരു ചായ നില്‍പ്പനടിച്ച് ഞാന്‍ പേരമരം വഴി തുറുവില്‍ കയറും.പിന്നെ ഒരു ശല്യവുമില്ലാത്ത പ്രണയസല്ലാപം ഞാനും ബുക്കും തമ്മില്‍..ഇരുട്ട് വീഴുന്നത് വരെ..

അപ്പന്‍ എന്നെയൊന്ന് ഇരുത്തി നോക്കി, പിന്നെ പുസ്തകം തിരിച്ച് തന്നു..ഒരു വാണിങ്ങും..തുറുവിലെങ്ങാനും വെള്ളമിറങ്ങിയാല്‍ പണ്ടാരമേ അന്ന് നിന്റെ വായന ഞാന്‍ നിര്‍ത്തും..

പിന്നെ കച്ചിയെടുത്ത് തിരിഞ്ഞപ്പോള്‍ ഒരു വാണിങ്ങ് കൂടി,“ആ പൊതിഞ്ഞ് വച്ചിരിക്കുന്ന് പുസ്തകം ഒക്കെ എടുത്ത് അകത്ത് വയ്ക്ക്..മഴയെങ്ങാനും പെയ്ത് നനഞ്ഞാല്‍ കാശ് എന്നൊട് ചോദിക്കും നിന്റെ ലൈബ്രറിക്കാര്‍..

രാത്രി അത്താഴം കഴിക്കുമ്പോള്‍ ഒരു ആത്മഗതവും..”എന്റെ മൂത്ത സന്തതി ഒരു ആണാവാഞ്ഞത് എന്റെ കുരുത്തം..

പെട്ടന്നുള്ള പ്രസ്താവനയില്‍ അമ്മ അന്തം വിട്ടിരുന്നു...ഞാന്‍ രണ്ടാമൂഴത്തിലെ ഭീമന്റെ കൂടെ കാട്ടില്‍ വെള്ളം തേടി പോയി..

-പാര്‍വതി.

Saturday, August 19, 2006

വായനാശീലം

കുലുങ്ങി കുലുങ്ങി നീങ്ങുന്ന കുതിരവണ്ടി..യാത്രക്കാരെല്ലാം നിശബ്ദരാണ്..പുകമറഞ്ഞ ചില്ലിനപ്പുറത്തൊന്നും കാണാനാവുന്നില്ല,പുറത്ത് ശീതകാറ്റ് വീശിയടിക്കുന്നു…എതിര്‍വശത്തിരുന്ന് പകുതി മുഖം മറച്ച വൃദ്ധ കൊന്ത ചോല്ലുന്നു..കുതിര കുളമ്പടികളുടെ അപസ്വരം മാത്രം..അതിന്റെ താളത്തില്‍ നിന്നും പോകുന്ന വഴി മോശമാണെന്ന് മനസ്സിലാവും...

പെട്ടന്ന്..

ദൂരെ..ഒരു കൂട്ടം ചെന്നായ്ക്കളുടെ ഓരിയിടല്‍, വൃദ്ധയുടെ കൊന്തയുരുട്ടലിന്റെ വേഗം കൂടി.മറ്റ് യാത്രക്കാ‍രും അരണ്ടത് പോലെ..

കുതിരകുളമ്പടികള്‍ നിലച്ചു.വണ്ടി എവിടെയോ നിന്നിരിക്കുന്നു. പുറത്ത് ഒരു നുറുങ്ങ് വെട്ടം കാണാം..അയാളൊഴികെ എല്ലാവരും അവിടെയിറങ്ങി..വൃദ്ധ വിറയ്ക്കുന്ന കയ്യുകളോടെ ആ കൊന്ത അയാളുടെ കൈവെള്ളയില്‍ വച്ചമര്‍ത്തി..എല്ലാവരും അയാള്‍ക്കായി പ്രാര്‍ത്ഥിക്കുന്നത് പോലെ..

വണ്ടി ചലിച്ച് തുടങ്ങി, കുളമ്പടികള്‍ കൂടുതല്‍ താളം തെറ്റിയവയായി..ഇപ്പോള്‍ ഓരിയിടല്‍ കൂടുതല്‍ വ്യക്തമായി കേല്‍ക്കാം,പുറത്തേ തണുപ്പ് അകത്തേയ്ക്കും അരിച്ച് കയറുന്നത് പോലെ..കുതിരകാരന്റെ കറുത്ത അവ്യക്ത രൂപം ചില്ലിനുപുറത്തൂടെ മുന്‍പില്‍ കാണാം.

ആ...............മ്മേ....................

---------------------------------------------------------------
പതുങ്ങിയെത്തിയ അനിയന്‍ പുതപ്പെടുത്ത് തല വഴി ഇട്ടതാണ്..

------------------------------------------------------------
അമ്മേ.......പ്ലീസ്...പ്ലീസ് അത് തീയിലിടരുത്....ലൈബ്രറി പുസ്തകമാണ്....ഡ്രാകുളയാണ്...പ്ലീസ്...പ്ലീസ് ഇനി ഒളിച്ചിരുന്ന് വായിക്കില്ല...നല്ല അമ്മയല്ലെ...പ്ലീ‍സ്..ഇനി രാത്രിയില്‍ വായിക്കില്ല...

-പാര്‍വതി..

Thursday, August 17, 2006

എന്റെ പക.

താരാട്ട് പാടിയെന്നെ നീ ഉറക്കിയില്ല,
തണുപ്പിന്റെ തലോടലേറ്റ് ഞാനുണരുമ്പോള്‍-
തലയില്‍ തലോടി കഥ പറഞ്ഞുറക്കിയില്ല.

കൈപിടിച്ചെന്നെ നീ നടത്തിയില്ല,
കല്ലില്‍ കാല്‍തട്ടി വീഴവെ, ഒരിക്കലും-
കൈപിടിച്ചുയര്‍ത്തി നീ നിര്‍ത്തിയില്ല.

ഉത്തരം കിട്ടാത്ത ചോദ്യങ്ങളു-
രുവാകുന്ന പ്രായത്തിലൊന്നും,
ഉണ്ടായിരുന്നില്ല നീയെന്റെ കൂടെ

കൊതിച്ചിരുന്നെന്നും ഞാന്‍,
കൊച്ചുകുട്ടിയായെന്നും നിന്റെ-
കൈപിടിച്ചറിയാത്ത വഴികള്‍ താണ്ടാന്‍.

ഇന്നു നീ യാത്ര പറയാതിറങ്ങവെ,
ഇനിയെന്തിനെന്‍ മനം നോവണ,മെന്തി-
നീറനണിയണമെന്‍ കണ്ണുകള്‍.

കാലിടറി വീഴുന്നു ഞാനിന്നും,
കളിക്കോലമായി മാറാന്‍ വിധിക്കവെ,
കണ്ണുനീരിലും പക നിറയുന്നു.

അടഞ്ഞ നിന്‍ മിഴികള്‍ കാണാന്‍ വരില്ല ഞാന്‍,
ആത്മാവിനാശ്വസിക്കാന്‍ കൈ തട്ടി വിളിക്കില്ല ഞാന്‍
അനാദികാലത്തോളം കാത്തിരിക്ക ഇനി നീയെനിക്കായി-
ആത്മം വെടിഞ്ഞ് ഞാനുമവിടെത്തും വരെയിനി.

-പാര്‍വതി.

യാത്ര

നിന്റെ കാലടി ശബ്ദം കേള്‍ക്കുന്നില്ല ഞാന്‍,
എങ്കിലും നിഴലില്ലാത്ത നിന്റെ സാന്നിദ്ധ്യമറിയുന്നു..
മതിയും മതിഭ്രമവും ഇഴപിരിഞ്ഞ നാളുകളില്‍,
എന്നും നിനക്കായി കാത്തിരുന്നിരുന്നു ഞാന്‍.

കിനാവുകളില്ലാത്ത ലോകത്തേയ്ക്ക്
എന്നെ കൂട്ടികൊണ്ട് പോവൂ..
കാത്തിരിപ്പിന്റെ നീണ്ട നോവുകള്‍
അറിയാതെ ഞാന്‍ മയങ്ങാന്‍ പോവുന്നു..

-പാര്‍വതി.

Tuesday, August 15, 2006

സ്വാതന്ത്ര്യം...

പതിവ് സമയം കഴിഞ്ഞിട്ടും വീട്ടിലെ തിരക്ക് അവസാനിക്കാത്തത് മീനാക്ഷിഅമ്മയുടെ വേവലാതി കൂട്ടി.സാധാരണ അവരെഴുന്നേല്‍ക്കുന്നതിന് മുന്‍പ് തന്നെ മകനും ഭാര്യയും രണ്ട് മക്കളും സ്ഥലം വിടേണ്ടതാണ്.

മലയാളമറിയാത്ത വേലക്കാരിക്കുട്ടിയുമായി അവര്‍ മുന്‍പേ തന്നെ സൌഹൃദത്തിലായിരുന്നു..മലയാളം ചാനലുകള്‍ ഏതൊക്കെ അക്കങ്ങള്‍ ഞെക്കിയാലാണ് കാണുകയെന്നും,പിന്നെ അര്‍ത്ഥമറിയാത്ത ഹിന്ദിപടങ്ങളുടെ കഥയും അവളാണ് പറഞ്ഞ് തരുക.മറ്റുള്ളവര്‍ വീട്ടിലുള്ളപ്പോള്‍ അവര്‍ മനപ്പൂര്‍വ്വമായ ഒരു അകല്‍ച്ച പാലിക്കും, അല്ലെങ്കില്‍ അവളുടെ ജോലി തെറിക്കും എന്ന് നന്നായി അവര്‍ക്കറിയാം.

രാവിലെ മുതല്‍ എല്ലാവരും ടി.വി യുടെ മുന്‍പില്‍ തന്നെ. മറ്റുള്ളവര്‍ വീട്ടിലുള്ളപ്പോള്‍ മുന്‍ പുറത്ത് വരരുതെന്ന് മകന്റെ പരോക്ഷമായ ആജ്ഞയുടെ പ്രത്യാഘാതങ്ങള്‍ അവര്‍ക്ക് നന്നാ‍യി അറിയാമായിരുന്നു..അവനേയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.കുറച്ച് നേരം പതുപതുത്ത മെത്തയിലിരുന്നാല്‍ മെലാകെ വേദനിക്കും,ഇറങ്ങി നിലത്തിരുന്നാല്‍ കാലിനും നടുവിനും ഒക്കെ സുഖം തോന്നും.

അമ്മയെ പറ്റി അവന് പരാതികളേറെയാണ്.ഇവിടെയും മുറുക്കാന്‍ കിട്ടുമെന്ന് പറഞ്ഞത് മുന്നിയാണ്.മുറിഹിന്ദിയില്‍ അവളോട് ആഗ്രഹം പറഞ്ഞപ്പോള്‍ വാങ്ങികോണ്ട് തന്നു..പക്ഷെ ചുവന്ന തുപ്പല്‍ സിങ്കില്‍ കണ്ടുവെന്ന് പറഞ്ഞ് അവനുണ്ടാക്കിയ പുകില്‍.പിന്നെ മുറുക്കി തുപ്പുന്നത് കവറിലാക്കി കൂടയിലിടാന്‍ തുടങ്ങി. ഒരു വിഷമവും അറിയാതെ അമേരിക്കയില്‍ സ്ഥിര താമസമാക്കിയ അനിയനെ പറ്റി അവന്‍ പരിചയക്കാരോട് പരാതി പറയുന്നത് കേള്‍ക്കുന്നില്ലെന്ന് നടിക്കും.ഒരു പ്രായത്തില്‍ കാഴ്ചയും കേള്‍വിയുമൊക്കെ ഇല്ലാത്തത്,ഇല്ലെന്ന് നടിക്കുന്നതെങ്കിലും നല്ലതാണെന്ന് അനുഭവം അവരെ പഠിപ്പിച്ചു.

അടച്ചിട്ട മുറിയില്‍ മീനാക്ഷിഅമ്മയ്ക്ക് വീര്‍പ്പു മുട്ടാന്‍ തുടങ്ങി.ഇന്നെല്ലാം മുടങ്ങും, 11 നൊന്നിന്റെ സിനിമയും കണ്ടുള്ള രാവിലത്തെ ഭക്ഷണവും അത് കഴിഞ്ഞ് നാലും കൂട്ടിയ മുറുക്കും എല്ലാം.

അവര്‍ ഒച്ചയുണ്ടാക്കാതെ അടുക്കളയിലെത്തി.അവരുടെ ഒച്ച കേട്ടാല്‍ തലവേദനയെടുക്കുന്ന മരുമകളെ ഓര്‍ത്താണത്.പിന്നെ നാനീജി കണ്ട്രിയാണെന്ന് പറയുന്ന കൊച്ചു മക്കളേയും..അതിന്റെയും അര്‍ത്ഥം പറഞ്ഞ് തന്നത് മുന്നി തന്നെയാണ്..

മുന്നി തിരക്കിട്ട പണിയിലാണ്.ഓരോരുത്തര്‍ക്കും ഓരോന്നാവും ആവശ്യം.അവധി ദിവസങ്ങളില്‍ പോലും അവര്‍ വീട്ടിലിരിക്കാത്തത് കൊണ്ട് അവള്‍ക്കാശ്വാസമുണ്ടാവും..ഇന്ന് പക്ഷെ വലിയ തിരക്കിലാണ്..

നാനീജി ആപ്കി കഞ്ജി തയ്യാര്‍ ഹെ..അബി ദേരയീയും(അമ്മുമ്മെ, കഞ്ഞി തയ്യാറാണ്..ഇപ്പോള്‍ തരാം).

മുന്നി, ക്യോം സബ്?അവര്‍ സ്വീകരണമുറിയിലേയ്ക്ക് വിരല്‍ ചൂണ്ടി മുറി ഹിന്ദിയില്‍ ചോദിച്ചു..

നാനീജി ആജ് സ്വതന്ത്രതാ ദിന്‍ ഹെ, സബ് ജഗാ ബൊംബ് ബ്ലാസ്റ്റ് ഹോനെക്കാ ഖബരാഹട്ട് ഹെ, ഇസിലിയെ കോയി ബാഹര്‍ നഹി ജാര..(അമ്മൂമ്മേ, ഇന്ന് സ്വാതന്ത്ര്യദിനം ആണ്.എല്ലായിടത്തും ബോംബ് ബ്ലാസ്റ്റ് ഭീക്ഷണിയുണ്ട്, പേടിച്ചിട്ട് ആരും പുറത്ത് പോകുന്നില്ല),

കൂട്ടിലടച്ച കിളിയുടെ മൌനത്തോടെ തന്റെ അടുത്ത സ്വാതന്ത്ര്യ ദിനം കാത്ത്, എടുത്ത് വച്ച കഞ്ഞി മറന്ന് അവര്‍ തന്റെ മുറിയിലേയ്ക്ക് നടന്നു.

-പാര്‍വതി

Monday, August 14, 2006

കൂട്ടിനൊരാള്‍...

പുറത്ത് മഴ കനക്കുന്നു..ഒരു ഇരുണ്ട ജനാലകപ്പുനത്തിരുന്ന് കയ്യിലൊരു പേപ്പര്‍ കപ്പില്‍ മഷീന്‍ ചായയും പിടിച്ച് നില്‍ക്കുന്ന ഞാന്‍.

മഴ കാണുമ്പോള്‍ ഓര്‍മ്മകള്‍ തീവണ്ടി പെട്ടികള്‍ പോലെ നിരനിരയായി വരുന്നത് എന്തു കോണ്ടാണ്?ദെല്‍ഹിയിലെ മഴയും വരണ്ട മഴയാണ്.കുട ഇവിടെയൊരു ആഡംബരവസ്തുവാണ്.ആണ്‍പെണ്‍ വ്യത്യാസമില്ലാതെ എല്ലാവരും നിരത്തില്‍ നടക്കും.

ഇത് പോലൊരു മഴയത്താണ് പൂനം ഭട്നാഗര്‍ എന്നെ ചായ കുടിക്കാന്‍ ക്ഷണിച്ചത്.ചായയും ചൂട് പക്കോഡയും.കോണാട്ട് പ്ലേസിലെ ബാ‍ങ്കില്‍ സൈറ്റ് എഞ്ചീയറായിരുന്ന അവളും ഫീല്‍ഡ് എഞ്ചീയറായ ഞാനും ഒരേ തട്ടുകാരായിരുന്നെങ്കിലും അവള്‍ക്ക് കാറുണ്ടായിരുന്നതിനാല്‍ വല്ലപ്പോഴും എനിക്കൊരു ലിഫ്റ്റ് തരപ്പെട്ടിരുന്നു.

കാറിന് ചുറ്റും ദ്രുതതാളത്തില്‍ നൃത്തം വയ്ക്കുന്ന മഴ.ഈ ലോകത്ത് ഈ രണ്ട് മനുഷ്യജന്മങ്ങള്‍ മാത്രമേ ഉള്ളു എന്ന പോലെ...എഫ്.എമ്മിലെ പെണ്‍കുട്ടി നിര്‍ത്താതെ ചിലയ്ക്കുന്നു,ഇടയ്ക്ക് മഴ പുരണ്ട പാട്ടുകളും.

പൂനത്തിന്റെ ചോദ്യം അപ്രതീക്ഷിതമായിരുന്നു.അഭിപ്രായം എനിക്കും ഇഷ്ടപെട്ടു.മഴ ഒലിച്ചിറങ്ങി നനഞ്ഞ തറയുള്ള ആ ടാര്‍പോളിന്‍ കൂടാരത്തിന്റെ മുന്‍പില്‍ ഇറങ്ങി.പ്ലാസ്റ്റിക്ക് കപ്പില്‍ ഇഞ്ചി ഇട്ട ചായയും ഇല പ്ലേറ്റില്‍ പക്കോഡയും..ചാറ്റലടിക്കാതിരിക്കാന്‍ അവള്‍ അടുത്തേയ്ക്ക് നീങ്ങിയിരുന്നപ്പോഴും എന്റെ പ്ലേറ്റില്‍ നിന്നും നുള്ളിപെറുക്കിയപ്പോഴും വരികള്‍ക്കിടയില്‍ വായിക്കാത്ത ബാല്യത്തിന്റെ നിഷ്കളകതയ്ക്കായി കൊതിച്ചു ഞാന്‍.

ഉച്ച മയങ്ങിയ നേരമായതിനാല്‍ ട്രാഫിക്ക് കുറവായിരുന്നു.ഇന്ദ്രപ്രസ്ഥ പാര്‍ക്ക് ഒട്ടും തിരക്കില്ലാതെ കണ്ടു..ഒന്നും പറയാതെ തന്നെ വണ്ടി ഒതുക്കിയപ്പോള്‍ മനസ്സോന്ന് പിടച്ചു.”നമുക്കോന്ന് നടക്കാം” മറുപടി കേള്‍ക്കാതെ തന്നെ അവള്‍ ഇറങ്ങിയിരുന്നു.പിന്നാലെ ഞാനും.

നീണ്ട പാതയടികളിലൂടെ ഒന്നും മിണ്ടാതെ തന്നെ നടന്നു.ഒറ്റയ്ക്കും പെട്ടയ്ക്കും നില്‍ക്കുന്ന മരചോട്ടില്‍ ലൊകം തന്നെ മറന്ന് ലയിച്ചിരിക്കുന്ന പ്രണയ ജോടികള്‍.

”മോഹന്‍,നിനക്കൊരു ഗേള്‍ ഫ്രണ്ടില്ലെ? എന്താ അവളുടെ പേര്?.
ഒന്ന് പകച്ച ഞാന്‍ പതുക്കെ പറഞ്ഞു
“നയന”,
ഇപ്പോള്‍ എവിടെയാണ്? “
“പഠിക്കുന്നു, കോയമ്പത്തൂരില്‍,എഞിചിനീയറിങ്ങിന്”
“നിങ്ങള്‍ ഒന്നിച്ച് പഠിച്ചവരാണല്ലെ?, ഒത്തിരി മരംചുട്ടി നടന്ന് കാണുമല്ലൊ?”

കനം നിന്ന മൌനം ഉടഞ്ഞതില്‍ ഞാന്‍ സന്തോഷിച്ചു.സിമന്റ് ബന്‍സില്‍ ഇരുന്ന അവള്‍ക്കരികിലായി ഞാനും ഇരുന്നു.പെട്ടന്നാണ് അവള്‍ തല എന്റെ തോളില്‍ ചായിച്ചത്.പിന്നെ ഒന്നും മിണ്ടാതെ കുറെ നേരം ഇരുന്നു..ഉള്ളിലെ വാദപ്രതിവാദങ്ങള്‍ പുറത്ത് കേള്‍ക്കാതെ ഞാനും.

പിന്നെയവള്‍ എഴുന്നേറ്റ് നടന്നു.ഒന്നും മിണ്ടാതെ കാറില്‍ കയറി,പിന്നലെ വരുന്ന എനിക്കായി കാത്തിരുന്നു.അതു വരെയില്ലാത്ത ഒരു വീര്‍പ്പുമുട്ടല്‍ തൊന്നി.

എന്നും ഞാനിറങ്ങാറുള്ള സ്ഥലത്തിന് അല്പം മുമ്പ് വണ്ടി നിര്‍ത്തി അവള്‍ പാഞ്ഞു.”മോഹന്‍, ഇന്നെന്റെ വെഡ്ഡിങ്ങ് ആനിവേഴ്സറിയാണ്,കാത്തിരിക്കാന്‍ ആരുമില്ല, ഈ സന്ധ്യയും അതിന്റെ ഓര്‍മ്മകളും മറന്നേയ്ക്കൂ”,”നയനയോട് പോലും പറയേണ്ടാത്തതായി”

മഴക്കാറ് മൂടി കൂടുതലിരുണ്ട ഒരു സന്ധ്യയിലേയ്ക്ക് ഞാനിറങ്ങവെ അവളും വണ്ടിയും തിരക്കില്‍ മറഞ്ഞു.

നയനയോട് പറഞ്ഞിട്ടില്ലാത്ത ആ ഓര്‍മ്മകള്‍...

-പാര്‍വതി.

Wednesday, August 09, 2006

കറുപ്പിലെ വെളുപ്പ്

“കടന്ന് വരൂ,കടന്ന് വരൂ…ഇതാ നിങ്ങള്‍ക്കായി അമൂല്യ ഔഷധങ്ങളുടെ ശേഖരം.....മടിച്ച് നില്‍ക്കാതെ അറച്ച് നില്‍ക്കാതെ കടന്ന് വരൂ.. വര്‍ഷങ്ങളായി നിങ്ങളെ അലട്ടുന്ന പ്രശ്നങ്ങള്‍ക്ക് ഇതാ ഒരു അന്ത്യം..”

“എന്റെ സുഹൃത്തുക്കളെ, ഞാന്‍ ചോദിക്കുക്കയാണ്.നിങ്ങളിലെത്ര പേര്‍ക്ക് സുഖമായി ഉറങ്ങാനാവുന്നുണ്ട്? ഉറക്കമില്ലായ്മ മൂലം പിടിപെടുന്ന രോഗങ്ങലെത്ര?...വരൂ..വരൂ..നിങ്ങളുടെ എല്ലാ പ്രശ്നങ്ങള്‍ക്കും ഒരുത്തരം..

കഷണ്ടി കയറാത്ത തല ആഗ്രഹിക്കാത്തവരാരാണ്..?.സുഹൃത്തുക്കളെ, താരനും പേനും ഇല്ലാത്ത കുട്ടികളുടെ തലമുടി, തഴച്ച് വളര്‍ന്ന കാര്‍കൂന്തല്‍ കണ്ടാല്‍ കൊതിക്കാത്ത സ്ത്രീകള്‍ ഉണ്ടോ...ഇതാ നിങ്ങള്‍ക്കോരു സുവര്‍ണ്ണാവസരം...കള്ളവും കലര്‍പ്പുമില്ലാത്ത ഔഷധി..ഒരു മാസം ഉപയോഗിച്ചു നോക്കൂ, ഫലം കണ്ടില്ലെങ്കില്‍ പൈസ തിരികെ തരും..കടന്ന് വരൂ, കടന്ന് വരൂ...

ഒരു മായിക വലയത്തില്‍ പെട്ടപോലെ ഞാനവിടെ നിന്നിട്ട് സമയം കുറെയായിരിന്നിരിക്കണം.അയാളുടെ വാഗ്ധോരണിയിലും കൈ മെയ്യ് മറന്നുള്ള പ്രകടനത്തിലും എന്നെ ആകര്‍ഷിച്ച് നിര്‍ത്തിയത് ആ ചെറിയ കുപ്പിയായിരുന്നു..ആ അത്ഭുത മരുന്ന്..അതു പോലെയൊന്ന് എന്റെ സ്വപ്നത്തില്‍ മാത്രമെ കണ്ടിരുന്നുള്ളു.

ചെവിക്ക് താഴേയ്ക്ക് വളരാത്ത എന്റെ മുടിയായിരുന്നു,എന്റെ ഏറ്റവും വലിയ ദുഃഖം. സ്പ്രിംഗിന് പകരം ഉപയോഗിക്കാന്‍ പറ്റിയ സാധനം.ശ്രമിക്കാത്ത ഉപായങ്ങളുണ്ടോ അതൊന്ന് നീട്ടികിട്ടാന്‍..ഒരിക്കല്‍ അഭ്യുദയകാംഷികളാരോ പറഞ്ഞ് തന്നു (അമ്മ തന്നെയാണെന്നാണ് ഓര്‍മ്മ) കല്ല് കെട്ടിത്തൂക്കിയാല്‍ ചിലപ്പോള്‍ നീ‍ളുമെന്ന്..അപ്പന്‍ പാവയ്ക്കക്കും പടവലങ്ങയ്ക്കക്കും ഭാരമിടുന്നത് കണ്ടപ്പോള്‍ സത്യമാണല്ലോന്ന് തോന്നി അതുമൊന്ന് പരീക്ഷിച്ചു..കുറച്ച് മെറ്റല്‍ വാരി കൊണ്ട് വന്ന് ഒരു തുണിയില്‍ കെട്ടി, തലമുടീ നനച്ച് ചീകി പിന്നെ കെട്ടിത്തൂക്കി. കട്ടിലിന്റെ പടിയില്‍ തലയും കൊടുത്ത് ഒരു രാത്രി (2 ദിവസം തല അനക്കാനായില്ല എന്നത് തുടര്‍ക്കഥ).

സര്‍ക്കാര്‍ സ്കൂള്‍ പഠനക്കാലയളവിലെ ഉച്ചഭക്ഷണ ഇടവേളകളൊന്നായിരുന്നു അത്.അങ്ങനെ കണ്ട മൈല്‍കുറ്റിയോടും അതില്‍ കെട്ടിയിട്ടുള്ള കയറിനറ്റത്തെ പൈക്കളോടുമൊക്കെ കുശലം പറഞ്ഞിങ്ങെത്തുമ്പോഴേയ്ക്കും ഒരു സമയമാവും, അതിനിടയിലാണ് ഇന്നീ സ്വപ്നവില്പന...മുട്ടോളം നീണ്ട് കിടക്കുന്ന മുടിയുമായി ഒരു സുരസുന്ദരിയായ എന്നെ ഞാന്‍ സങ്കല്‍പ്പിച്ച് തന്നെ കഴിഞ്ഞിരുന്നു ഈ സമയം കൊണ്ട്..ഇനിയിതിന്റെ വിലയറിഞ്ഞാല്‍ മതി..പെരുന്നാളിന് ഉഴുന്നാടയും പിരിയന്‍ വളയും വാങ്ങാന്‍ വച്ചിരിക്കുന്ന ഇത്തിരി പൈസയുണ്ട്.പിന്നെ പാല്‍ മില്‍മയിലെത്തിക്കുന്നതിന് അമ്മയോട് കണക്ക് പറഞ്ഞ് വാങ്ങുന്ന പണവും..മതിയാവും.

അങ്ങനെ മിഠായി ഭരണിയില്‍ നോക്കി കൊതിയൂറി നില്‍ക്കുന്ന കുഞ്ഞിപിള്ളേരെ പോലെ വായും പൊളിച്ച് നില്‍ക്കുന്ന എന്നെ അയാളും കുറെ നേരമായി ശ്രദ്ധിക്കുന്നുവെന്ന് കണ്ടപ്പോഴാണ് അടിവച്ചടിവച്ച് ഞാന്‍ മുന്നോട്ട് നീങ്ങിയത്...

“എന്താ വേണ്ടെ?”
“ആ തലമുടി വളരാനുള്ള......മരുന്ന്.....”
“പൈസയുണ്ടോ?”
“ഇത്രേമുണ്ട്”

“കൊച്ചൊരു കാര്യം ചെയ്യ്..വീട്ടില്‍ ചെന്നിട്ട് നല്ല വെളിച്ചെണ്ണയില്‍ തുളസിയും അല്പം പനിക്കൂര്‍ക്കിലയും മയിലാഞ്ചി ഇലയും ഇട്ട് ഒരു കുപ്പിക്കകത്ത് ഒരാഴ്ച തുറക്കാതെ അടച്ച് വയ്ക്ക്. പിന്നെ അത് തലയില്‍ തേച്ച് നോക്ക്, മുടി നീണ്ടില്ലെങ്കിലും നന്നാവും”

എനിക്ക് സങ്കടം വന്നു. എന്റെ എല്ലാ വിഷമങ്ങളും തീര്‍ക്കുന്ന ഈ ഔഷധം ഈ കുപ്പിയില്‍ വച്ചിട്ടാണ് ഇയാള്‍ എന്നെ പറഞ്ഞ് വിടുന്നത്..ഇനിയും പൈസ എടുത്തിട്ട് വരാമെന്നോക്കെ പറഞ്ഞ് നോക്കി..

നിരാശയായി തിരിഞ്ഞ എന്റെ നിഷ്കളങ്കതയോട്(?) അയാള്‍ പറഞ്ഞു..”ഞാനീ പറഞ്ഞത് മാത്രമാണ് കച്ചവടമല്ലാത്തത്”

ആ വഴിയില്‍ ഒത്തിരി നീണ്ടില്ലെങ്കിലും അല്പം വര്‍ക്കത്തായി എന്റെ മുടിക്ക്,

എല്ലാ‍ കറുപ്പും ഇരുളല്ലെന്ന് തിരിച്ചറിഞ്ഞ ഒരനുഭവം.

ഇതിലെ ഒരോ വരിയും സത്യം, സത്യം മാത്രം..


-പാര്‍വതി.

Friday, August 04, 2006

നിറങ്ങള്‍

ഒരു അരണ്ട മഞ്ഞ് കാലത്ത് ദരിയാഗഞ്ചിലെ വഴിയോരചന്തയില്‍ അറ്റമില്ലാത്തിടത്തോളം പരത്തിയിട്ടിരുന്ന വര്‍ണ്ണ നൂലുകള്‍ കണ്ടപ്പൊഴാണ് അയാള്‍ക്ക് തിരിച്ചറിവുണ്ടായത്.താന്‍ കാണുന്ന സ്വപ്നങ്ങള്‍ നിറങ്ങളുള്ളവയാണ്.പിന്നെ ഓര്‍മ്മയില്‍ തപ്പിത്തിരയവെ അയാള്‍ മറ്റൊന്ന് കൂടി കണ്ടെത്തി.ആ നിറങ്ങള്‍ വെളിപാടുകളായിരുന്നു.

നിറമുള്ള സ്വപ്നങ്ങളില്‍ അയാളുടെ ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്ന ആദ്യത്തെ സ്വപ്നം ചാണകം മെഴുകിയ ഇറയത്തെ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന പഴയ ഫൊട്ടോയില്‍ അച്ഛന്റെ എണ്ണ പടര്‍ന്ന മുഖം ഒരു മഞ്ഞത്തിരിയന്‍ കാ‍ര്‍ന്ന് തിന്നുന്നതും അതിന്റെ മഞ്ഞ നിറം പടത്തില്‍ മുഴുവന്‍ പടരുന്നതുമാണ്. കാലത്ത് സംശയം തീര്‍ക്കാന്‍ നോക്കവെ അമ്മയറിഞ്ഞതും ആ അടിയുടെ ചൂടും അയാള്‍ ഇന്നുമോര്‍ക്കുന്നു.ആ പടവും അച്ഛന്റെ സാധനങ്ങളും മുറ്റത്തെയ്ക്ക് വലിച്ചെറിഞ്ഞ് അമ്മ അലമുറയിട്ടത് ആയിടയ്ക്കായിരുന്നു.

യൌവനം ഇതള്‍വിരിഞ്ഞു നിന്ന കാലത്തില്‍ അയാള്‍ കണ്ട ഒരു സ്വപ്നം കരിഞ്ഞുണങ്ങിയ ഒരു വലിയ പൂന്തോട്ടത്തില്‍ ഞെട്ടിറുന്ന് വീഴാന്‍ തുടങ്ങുന്ന ഒരു ചുവന്ന പൂവായിരുന്നു.മരണത്തോളം കൂട്ട് വരാമെന്ന് ചൊല്ലി മനസ്സ് പങ്കിട്ട പെണ്ണിന്റെ വേളിയുറപ്പിച്ചത് അന്നറിഞ്ഞു.

അലറിയടുക്കുന്ന നീലക്കടലിന്റെ തിരമാലകളില്‍ പെട്ട് ഒഴുകിപോവുന്ന സ്വപ്നം കണ്ടത് കള്ളവണ്ടി കയറി നാടുവിടുമ്പോഴായിരുന്നു.

തുറന്നിട്ട ജനല്‍ വഴി ഒരു പച്ചക്കിളി കയറിവരുന്നതായി കണ്ട അന്നാണ് ശരീരം വില്‍ക്കാനെത്തിയ പെണ്ണിനെ അയാള്‍ കൂടെ താമസിപ്പിച്ചത്.

നിറങ്ങള്‍ അര്‍ഥമുള്ള ഒരു കടലായി അയാളുടെ മുന്‍പില്‍ ഒഴുകിനിറഞ്ഞു.അയാള്‍ നിറങ്ങളെ പേടിച്ചു തുടങ്ങി.അയാളുടെ വെളിപാടുകളറിഞ്ഞപ്പോള്‍ അന്തിയോളം പല വീടുകളില്‍ പണിയെടുത്ത് നടു തളര്‍ന്നെത്തിയ ഭാര്യയുടെ കണ്ണ്കോണില്‍ പടര്‍ന്ന നിറം അന്തിമാനത്തിന്റെ ഓറഞ്ച് നിറമാണോ എന്നയാള്‍ക്ക് സംശയം തോന്നി.

മാനത്ത് കറുത്തിരുണ്ട് മേഘങ്ങള്‍ ഉരുണ്ട്കൂടിയത് കണ്ട പിറ്റേന്നാണ് അമ്മ മരിച്ച വിവരമറിയിച്ച് കമ്പി വന്നത്.അയാള്‍ കറുപ്പിനെ പേടിച്ചു തുടങ്ങി.

തന്റെയും മക്കളുടെയും മാത്രമല്ല ഭാര്യയുടെയും തല കള്ളം പറഞ്ഞ് ചിരവിക്കുമ്പോള്‍ വിഷനീലിമ പടര്‍ന്ന മുഖവുമായി അവള്‍ കുനിഞ്ഞിരുന്നു.അവള്‍ പണിക്ക് പോവാതിരുന്ന കുറെ നാള്‍ കുട്ടികള്‍ പട്ടിണി കിടന്നു.മരവിച്ച മുഖവുമായ് അവള്‍ വീണ്ടും പുറത്തിറങ്ങിയത് അയാള്‍ അറിഞ്ഞില്ല.

വെള്ള നിറമുള്ള സ്വപ്നങ്ങള്‍ അയാള്‍ കണ്ടിരുന്നില്ല.വെള്ള നിറമുള്ള ഒരു സ്വപ്നം കാണാന്‍ ശ്രമിച്ചു കിടന്ന രാത്രിയില്‍ മഴ പെയ്തിരുന്നു.മഴയ്ക്കു നിറമില്ലെന്ന് അയാള്‍ കണ്ട് പിടിച്ചു.


അവളുടെ വെള്ള സാരില്‍ ഭംഗിയുള്ള ചുവപ്പ് പൊട്ടുകള്‍ പടരാന്‍ തുടങ്ങിയിരുന്നു.കയ്യും മുഖവും കഴുകി നിവരവെ മുന്നില്‍ തൂക്കിയിട്ട പൊട്ടിയ കണ്ണാടിച്ചില്ലില്‍ നോക്കി അവള്‍ തലയില്‍ കിളിര്‍ത്തു വരുന്ന കറുത്ത രോമങ്ങളെ സ്നേഹത്തോടെ തടവി,പിന്നെ നെറ്റിയിലെ ഒരു സിന്ദൂരപോട്ട് തൊട്ട് ഉറക്കപ്പിച്ചില്‍ നില്‍ക്കുന്ന മക്കളുടെ കയ്യ് പിടിച്ച് നിറമില്ലാത്ത മഴയിലേയ്ക്കിറങ്ങി.

നിറഞ്ഞോഴുകിയിറങ്ങിയ അവളുടെ കണ്ണീരിനും ആ മഴയെപോലെ നിറമുണ്ടായിരുന്നില്ല.


-പാര്‍വതി.