തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, April 19, 2017

മൗനത്തിന്റെ പാരമ്പര്യവഴികൾ നടന്നിറങ്ങിയ നേരത്ത്...




മൺകൂനകളിൽ നിന്ന് പറന്ന് പൊങ്ങി മഞ്ഞ വെളിച്ചത്തിലേയ്ക്ക് ചിറക് പൊഴിച്ച് കളയാൻ പറക്കുന്ന ഈയാം പാറ്റകളേയും, എഴുതി വച്ചിട്ടില്ലാത്ത നിയമത്തിന്റെ കണ്ണി പൊട്ടാതെ കാക്കുന്നത് പോലെ നടന്ന് നീങ്ങുന്ന ഉറുമ്പ് കൂട്ടങ്ങളേയും ഒക്കെ നോക്കിയിരിക്കുമ്പോൾ സ്വന്തം അസ്ഥിത്വത്തിന്റെ, വേരുകളുടെ ഉള്ളുരുക്കങ്ങൾ മനസ്സിൽ നിറയില്ലേ, അതാണ് മൗനത്തിന്റെ പാരമ്പര്യ വഴികളുടെ കാതൽ.

പാരമ്പര്യത്തിന്റെ നീരിറങ്ങിയ വഴികൾ തേടിയ യാത്രയാണിതെന്ന് റിജാം പറയുന്നുണ്ടെങ്കിലും ഓരോ കഥയിലും കേട്ടുമറന്ന പഴങ്കഥകളുടെ കാല്പനികതയും ജനി നിയതി ചിന്തകളും ആത്മീയതും കലർത്തിയത് എഴുത്തുകാരന്റെ ഭാവനയാണ്.

തമിഴ്നാട്ടിലെ മധുരയിലേയ്ക്ക് പതിനാലാം നൂറ്റാണ്ടിൽ തുർക്കി പട്ടാളത്തോടൊപ്പം വന്ന് ചേർന്ന ഉത്തരേന്ത്യൻ രജപുത്ര രാത്തോർമാർ രാവുത്തർമാരായി കൈവഴികൾ പിരിഞ്ഞ് കാലാന്തരങ്ങളിൽ ദേശാന്തരങ്ങളിൽ വേര് പിടിച്ചതിന്റെ കഥകളാണ് ഇതിനുള്ളിലെ പതിനൊന്ന് കഥകൾ.

വേരുകളിൽ നിന്ന് എത്ര അകന്ന് പോയാലും മനസ്സിന്റെ ആഴങ്ങളിൽ തേടുക, ജനിക്കുന്നത് മുൻപേ കേട്ട ഹൃദയത്തിന്റെ താളം പോലെ, തായ് മൊഴി പോലെ, തന്റെ തന്നെ വേരുകളെ ആണെന്ന തിരിച്ചറിവാണ് മീനാക്ഷിയെന്ന ആട്ടിൻ കുട്ടിയുടെ ആദ്യകഥ. ആട്ടിൻ കൂട്ടത്തിന്റെ ഏകജൈവരൂപത്തേയും ഇടയനാകുന്ന തലച്ചോറിനേയും പറ്റിയും പറയുന്ന അതേ ആത്മവിശകലനത്തോടെയാണ് കാലാകാലങ്ങളായി തലമുറകൾ നനച്ചു തീർക്കുന്ന കടപ്പാടിന്റെ കഥയും പറയുന്നത്.

ജന്മാന്തരങ്ങളിലൂടെ പകർന്നാടുന്ന വിധിയുടെ കഥയാണ് ഫാത്തിമിന്റെ ചരിത്രാന്വേഷണവും രാമഭദ്രന്റെ പതിനെട്ടാം ഭാഷയും. സ്വന്തം ചെയ്തികൾ മാത്രമല്ല മുൻ തലമുറകളുടെ കർമ്മഭാരം കൂടി നമ്മളോരോന്നും ചുമക്കുന്നുണ്ടെന്ന തിരിച്ചറിവിന്റെ കഥ. ഒരു മനുഷ്യായസ്സിന്റെ പരിധികൾക്കുള്ളിൽ നിന്ന് കൊണ്ട് മാത്രം ചിന്തിക്കുമ്പോൾ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങൾക്കും തലമുറകളെ ഒന്നാക്കി ചിന്തിക്കുമ്പോൾ കിട്ടുമെന്ന യുക്തി മതിൽ കെട്ടുകളില്ലാത്ത ഒരു വിശ്വാസബോധത്തിന്റെയാണ് മനസ്സിലാവുന്നു.

കണ്ണുകൾ ആത്മാവിന്റെ വാതിലുകളാണെന്ന് വിശ്വസിക്കുന്നത് കൊണ്ടാണോ മൗനത്തിന്റെ പാരമ്പര്യ വഴികളിലെ മുയൽ കണ്ണുകൾ എന്നെയും വിഷമിപ്പിച്ചത്? പ്രഷുബ്ദമായ മൗനത്തിന്റെ കഥ പറയുന്ന മൗനത്തിന്റെ പാരമ്പര്യ വഴികളും നിസ്സഹായമായ പറിച്ചു നടലിന്റെ കഥ പറയുന്ന ഞണ്ടൻ ചക്കര റാവുത്തറും, വാക്കുകൾ കൊണ്ട് നഷ്ടബോധത്തിന്റെ, കുറ്റബോധത്തിന്റെ ആഴം അനുഭവിപ്പിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് എഴുത്തുകാരന്റെ വാക്കുകളുടെ ശക്തിയാണ്.

കാലദേശങ്ങളില്ലാത്ത പിടിച്ചടക്കലിന്റെയും അതിജീവനത്തിന്റെയും കഥകളാണ് ആനറാഞ്ചി പരുന്തും, ആദ്യത്തെ മോട്ടോർ വണ്ടിയും, അശ്വമേധ പുരാണവും. പിടിച്ചടക്കപ്പെടുന്നത് വളക്കൂറുള്ള മണ്ണോ, മേനിയഴകുള്ള പെണ്ണോ, ഉള്ളിൽ ഉറഞ്ഞ് കൂടിയ ഭയമോ എന്തുമാവാം. പിടിച്ചടക്കപെടലിന്റെ ഇടവഴികളിൽ വീണ് പോവുന്ന ജന്മങ്ങളുടെ മൗനനൊമ്പരങ്ങളുടെ, ചെറുതെങ്കിലുമുയരുന്ന ചെറുത്ത് നിൽപ്പുകളുടെ, നിലനിപിനായുള്ള പലായനങ്ങളുടെ ഇത്തിരി പുളിപ്പും മധുരവുമുള്ള പുളിമിഠായി പോലെയുള്ള കഥകളാണിവ.

മരണത്തിന് മാത്രം തുറക്കാൻ കഴിയുന്ന ചില വാതിലുകളുടേയും ബോധ ചിന്തകളുടെ തിരിച്ചറിവുകളുടെ കുറിപ്പാണ് വസൂരികാലത്തെ ഓർമ്മകളും എന്റെ ഉപ്പുപ്പായ്ക്കൊരു പടച്ചവൻ ഉണ്ടായിരുന്നുവെന്ന കഥയും.  ഒരോ മനുഷ്യനും ഈ ഭൂമിക്ക് മേലെയുണ്ടായ ഒരു നീർകുമിള മാത്രമാണെന്ന നിർവ്വചനം എത്ര ശരിയാണ്, ധർമ്മ കർമ്മ പാശങ്ങളുടെ കയറുകൾ കൊണ്ട് എത്ര കൂട്ടികെട്ടി ഒന്നാകാൻ ശ്രമിച്ചാൽ ഒറ്റയൊറ്റയായ നീർകുളികൾ മാത്രമാണ് നമ്മളൊക്കെ. തിരിച്ചറിവിന്റെ ആ വെള്ളിവെളിച്ചം തലയിലിറങ്ങുമ്പോൾ നീർകുമിളകളിലെ ഉഷ്ണനിശ്വാസങ്ങൾക്ക് മുക്തി ലഭിക്കുന്നു.

അസ്ഥിത്വത്തിന്റെ ആത്മീയത തേടുന്ന സൂഫി പരമ്പര കണ്ണിയായി മീനാക്ഷിയിൽ നിന്ന് പെണ്മനസ്സിന്റെ ആഴമളക്കാൻ ശ്രമിക്കുന്ന മനുഷ്യനായി റാവുത്തർ പൊന്മാൻ പാത്തുവിലെത്തുമ്പോൾ ചിന്തകളുടെ വന്മരങ്ങളിൽ തട്ടിയും തടഞ്ഞും വീണും പെരണ്ടും നമ്മളും പതിനൊന്ന് പടികൾ കയറി ഇറങ്ങിയിട്ടുണ്ടാവും.


വാക്കുകൾ കൊണ്ട് സൂഫി സംഗീതം കേൾപ്പിക്കുന്ന എഴുത്തുകാരന്റെ വർണ്ണജാലങ്ങൾ ഇനിയും മഴവിൽ നിറങ്ങളിൽ വിരിയട്ടെ എന്ന് എല്ലാ ആശംസകളും..