തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Thursday, March 08, 2007

ഒളിയിടങ്ങള്‍

നിലാവ് പാതി വഴി പിന്നിട്ട് കഴിഞ്ഞിരുന്നു. തെളിഞ്ഞ ആകാശമെങ്കിലും വളരെ കുറച്ച് നക്ഷത്രങ്ങള്‍. അക്കങ്ങള്‍ അര്‍ത്ഥമില്ലാത്ത കോഡുകള്‍ പോലെ കട്ടിബയന്റിട്ട ബുക്കില്‍ നിരന്നിരുന്നു.

“ഇത്തിരി പൈസയുണ്ടാവോ നിന്റേല് എടുക്കാന്‍?ഗോമതിക്ക് പാലൊത്തിരി കുറഞ്ഞു.”

അമ്മ നാളെ പറയാന്‍ പോവുന്ന വാക്കുകള്‍..അവന്റെ മനസ്സില്‍ ചിരിയും നോവും ഒരു പോലെ വന്നു.

വിഷ്ണുവിന്റെ മൊബൈല്‍ കുറെ നേരമായി അടിക്കുന്നു, മെഴുകുതിരിവെട്ടത്തിലും തെളിവുള്ള അതിന്റെ സ്ക്രീന്‍ വെളിച്ചത്തില്‍ ‘ഹോം’ എന്ന് എഴുത്ത് കണ്ടു.

ഈ കണക്കുകള്‍ ആഡിറ്റ് ചെയ്ത് എഴുതി തീര്‍ത്താലെ ഇന്നുറക്കമുള്ളു. പകലിലെ ജോലിയും രാത്രി എട്ടുമുതല്‍ പത്ത് വരെ ക്ലാസ്സും, കൂട്ടിലിട്ട കിളി പോലെ ജീവിതം വിങ്ങുന്നു.

മൊബൈല്‍ നിര്‍ത്താതെ അടിക്കുന്നു.അവന് പോലും പേരോര്‍മ്മയില്ലാത്ത ഏതെങ്കിലും ഗേള്‍ഫ്രന്‍ഡിന്റെ കൂടെ ഉറക്കമില്ലാത്ത തെരുവുകളിലെവിടെയെങ്കിലും ഉണ്ടാവും അവന്‍.

അയല്പക്കത്ത് വിളിച്ച് നാളെ സംസാരിക്കാന്‍ വരണമെന്ന് അമ്മയോട് പറഞ്ഞിട്ടുണ്ട്. നാളെ പറയേണ്ടവയൊക്കെ ഓര്‍ത്ത് അമ്മയും ഇപ്പോഴും ഉറങ്ങിയിട്ടുണ്ടാവില്ല.

ഇന്നുകളില്‍ കാണാത്ത ജീവിതം നാളെ കണ്ടെത്താനുള്ള പ്രയത്നത്തില്‍ ബന്ധങ്ങള്‍ പോലും ചില സമയത്ത് സുന്ദരമല്ലാത്ത മുഖം കാട്ടുന്നു.

വിഷ്ണുവിന്റെ മൊബൈല്‍ പിന്നെയുമടിക്കാന്‍ തുടങ്ങി. കഴിഞ്ഞ തവണ അമ്മ കെട്ടികൊടുത്തുവിട്ടതെന്ന് അവന്‍ എപ്പോഴും പഴിക്കുന്ന സിന്തറ്റിക്ക് കമ്പിളി പാതി തറയിലിഴഞ്ഞു കിടന്നു.

നിലാവിന് ഒരു നിശബ്ദമായ മൊഴിയുണ്ട്,ഒളിക്കാനാഗ്രഹിക്കുമ്പോഴൊക്കെ ഇട്ടുതരുന്ന ഒരു നിഴലിന്റെ സ്നേഹം.ഒഴുകിവീഴുന്ന സില്‍ക്ക് പുതപ്പ് പോലെ പുതയുന്ന കുളിരുള്ള സ്നേഹം.

കണക്കുകളും മനുഷ്യമനസ്സുകള്‍ പോലെയാണ്, സുഭിക്ഷതയുടെ ആഡംബരങ്ങളുണ്ടെങ്കില്‍ കാണാന്‍ ഭംഗിയുള്ളവ.പ്രോത്സാഹിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുന്നവ. കൂട്ടികിഴിക്കലിലെ കുറവില്‍ മുഖം മൂടി കൊഴിച്ച് കളയും.ആത്യാവശ്യങ്ങളുടെ നിലയ്ക്കാത്ത നിലവിളികളില്‍ ചോര വാര്‍ന്ന് തീരും.

മൊബൈലിലെ പച്ചലൈറ്റ് വിളറിമിന്നി നിന്നു. ഇപ്പോഴും കാള്‍ വന്നുകൊണ്ടിരിക്കുകയാണ്. പതുക്കെ എടുത്ത് ബട്ടണമര്‍ത്തി ചെവിയില്‍ വച്ചു.

“മോനെ, എന്തേ ഇത്രയും നേരം എടുക്കാഞ്ഞത്, അമ്മ പേടിച്ച് പോയി, നീ ഉറങ്ങി കാണുമെന്ന് തോന്നി. എന്നാലും ഇന്ന് നിന്റെ പിറന്നാളല്ലേ, അമ്മ ആദ്യം പറയാമെന്ന് കരുതി.”

ഒഴുകിവരുന്ന ശബ്ദം കേട്ടപ്പോള്‍ വിഷ്ണുവല്ലെന്ന് പറയാന്‍ തോന്നിയില്ല.

“ഉം...”

“ഉറങ്ങിക്കോളൂ, അമ്മയെ വിളിക്കൂ രാവിലെ” ഫോണ്‍ കട്ടായി.

അക്കങ്ങളുടെ യുദ്ധകളത്തിലെ നിലിവിളികള്‍ക്ക് മേലെ ഉറക്കം പുതപ്പ് നീര്‍ത്തി, കണ്ണ് തനിയെ അടഞ്ഞ് പോയി.നിലാവിന്റെ തണുപ്പ് കൂടിയത് പോലെ.

ഡാ...നീയെന്താ പുസ്തകത്തിന്റെ മേലെ കിടന്നുറങ്ങാന്‍ പഠിക്കയാണൊ, വിഷ്ണു ദാ പുറപ്പെടണൂ, അവന്റെ അമ്മ മരിച്ചൂന്ന്..ഇന്നലെ വന്നപ്പോ ലേറ്റായില്ലെ, കുറെ മിസ്സ് കാളുണ്ടായിരുന്നു പോലും.

ഇന്നലെ നിലാവ് ഒളിക്കാനിടം തന്ന നിഴലുകളൊക്കെയും സൂര്യപ്രകാശത്തില്‍ തെളിഞ്ഞ് നില്‍ക്കുന്നത് അടയ്ക്കാന്‍ മറന്ന് പോയ ജാലകത്തിലൂടെ തിരിഞ്ഞ് നോക്കാനാവാതെ നോക്കിനിന്നു.

-പാര്‍വതി.

11 comments:

ലിഡിയ said...

കാലം തെറ്റി പെയ്ത ഒരു മഴ, നോക്കിനിന്നപ്പോള്‍ കാര്‍മേഘത്തില്‍ നിന്ന് തലനീട്ടിയ നിലാവ്.

എന്തോ ഓര്‍ത്ത് നില്‍ക്കുമ്പോള്‍ ചുറ്റിചുറ്റി പറക്കുന്ന ആ കുഞ്ഞ് പൂമ്പാറ്റ.

വാക്കുകളില്ലാത്ത മൊഴികളെത്ര അല്ലേ?

-പാര്‍വതി.

asdfasdf asfdasdf said...

ഇന്നലെ നിലാവ് ഒളിക്കാനിടം തന്ന നിഴലുകളൊക്കെയും സൂര്യപ്രകാശത്തില്‍ തെളിഞ്ഞ് നില്‍ക്കുന്നത് അടയ്ക്കാന്‍ മറന്ന് പോയ ജാലകത്തിലൂടെ തിരിഞ്ഞ് നോക്കാനാവാതെ നോക്കിനിന്നു...നന്നായി വരികള്‍. ചെറിയ ഒരിടവേളക്കുശേഷം വീണ്ടും..

- കുട്ടന്മേനൊന്‍.

mumsy-മുംസി said...

നന്നായിരുന്നു പാര്‍വതി...
കാവ്യാത്മകം എന്നു വിശേഷിപ്പിച്ചാല്‍ അധികമാവില്ലെന്നു തോന്നുന്നു.

ലിഡിയ said...

നന്ദി മേന്ന്യനേ വന്നതിനും അഭിപ്രായം അറിയിച്ചതിനും. :)

മംസീ :) നന്ദി.

-പാര്‍വതി.

ഇട്ടിമാളു അഗ്നിമിത്ര said...

പാറുവേ... എന്തോ എവിടെയോ കൊണ്ടപോലെ...

മഴത്തുള്ളി said...

പാര്‍വതീ, വളരെ ഹൃദയസ്പര്‍ശിയായ കഥ തന്നെ.

അമ്മയുടെ സ്നേഹം മറന്ന് ജീവിക്കുന്ന ഇതുപോലെ എത്രയോ പേരെ ഇന്ന് കാണാം.

Sole voyager said...

couln read on ful strch...wil finsh 2day itself..thudakam gambeeramayitto...

ലിഡിയ said...

ഇട്ടിമാളൂ സഹയാത്രികയുടെ സൃഷ്ടാവില്‍ നിന്ന് ആ വാക്കുകള്‍ അഭിമാനിക്കാനുതകുന്നവ തന്നെ :)

മഴത്തുള്ളീ നന്ദി, വിടരുന്ന സ്നേഹപ്പൂക്കളൊക്കെയും വാടാതെ കാക്കാന്‍ ഉരുകുന്ന നമുക്കൊക്കെ ഇല്ലാത്തവന്റെയും ഒത്തിരിയില്‍ മനസ്സുമടുത്തവന്റെയും കഥ അന്യമായി തോന്നുമൊ?

ബിനൂ, തീര്‍ച്ചയായും.നിരൂപണങ്ങള്‍ തന്നെ പറയൂ.

നല്ല നിരൂപണങ്ങള്‍ പ്രതീക്ഷിക്കുന്നു.

:)

-പാര്‍വതി.

ശാലിനി said...

പാര്‍വതീ, കഥ ഇഷ്ടമായി.

Sona said...

ഇന്നലെ നിലാവ് ഒളിക്കാനിടം തന്ന നിഴലുകളൊക്കെയും സൂര്യപ്രകാശത്തില്‍ തെളിഞ്ഞ് നില്‍ക്കുന്നത് അടയ്ക്കാന്‍ മറന്ന് പോയ ജാലകത്തിലൂടെ തിരിഞ്ഞ് നോക്കാനാവാതെ നോക്കിനിന്നു.

നൊമ്പരമുണര്‍ത്തുന്ന വരികള്‍..നന്നായിട്ടുണ്ട്.

Shibin P Varghese said...

നന്നായിട്ടുണ്ട്‌ പാര്‍‌വതി.....മനസ്സില്‍‌ ഒരു നൊംബരം ഉളവാക്കുന്നതായിരുന്നു...