തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, May 03, 2017

അതിരുകൾ മാഞ്ഞ അന്തശ്ചതുരങ്ങൾ




"തേജൂ, ആ ഫോണൊന്നെടുക്ക്.."

എക്സ്റ്റൻഷൻ ഫോണിന്റെ മണിയടിയിൽ സീരിയൽ നടിയുടെ ദുഃഖം മുങ്ങിപോവുന്നതിന്റെ അലോസരമായിരുന്നു ഭവിനിയുടെ വാക്കുകളിൽ കൂടുതൽ.

പിറ്റേന്നേയ്ക്കുള്ള നീളൻ പയർ നുറുക്കിയെടുക്കാൻ കൊണ്ട് വച്ചതിൽ മുക്കാലും നുറുക്കിയത് ഞാൻ തന്നെ, ടി. വിയിൽ കണ്ണും നട്ടിരിക്കുന്ന അവളുടെ കയ്യ് വല്ലപ്പോഴും നീണ്ടാലായി. 

കുടുംബ ജീവിതത്തിന്റെ താളത്തിന് വീട്ടിലെ എല്ലാ പണികളിലും തുല്യ പങ്കാളിത്തം എന്ന പോളിസി ഒന്നര പതിറ്റാണ്ട് വലിയ പ്രശ്നമില്ലാതെ കടന്ന് പോവാൻ സഹായിച്ചിട്ടുണ്ടെങ്കിലും, നീളൻ പയർ മെഴുക്കിപുരട്ടിക്ക് നുറുക്കിയെടുക്കുമ്പോൾ അമ്മയെ സഹായിക്കാൻ അടുക്കളയിൽ കൂടിയ കാലം ഓർമ്മ വരും.

ഈ ചെക്കൻ പെണ്ണായി പോവും കേട്ടോ എന്ന് ഉപ്പും മുളകും കടം വാങ്ങാൻ വരുന്ന അയൽ വക്കകാർ പരാതി പറയുന്നതായിരുന്നു അമ്മയ്ക്ക് പക്ഷേ ഏറ്റവും സങ്കടം. കാലക്രമത്തിൽ മീശയും മസിലും വച്ച് വന്നതിൽ ഏറ്റവും സന്തോഷിച്ചത് അമ്മയായിരുന്നു എന്ന് വരെ ചിലപോൾ തോന്നിയിട്ടുണ്ട്..

“അച്ചാ, ഇറ്റ്സ് ഫോർ യൂ, എഫ്.10 ലെ അഭി ചേട്ടൻ, വൈകിട്ട് കളിക്കാൻ വരുന്നുണ്ടോന്ന്..“

മൊബൈലിൽ കുത്തികൊണ്ടിരുന്നതിൽ നിന്ന് എഴുന്നേൽക്കേണ്ടി വന്നതിലുള്ള ദേഷ്യം മുഴുവനും തേജുവിന്റെ മുഖത്ത്

“യെസ്..യെസ്..“

“ഇതെന്തെന്താ ഈ പിള്ളേരുമായിട്ടൊക്കെ ഇത്ര കൂട്ട്? അതും ആ പയ്യനുമൊക്കെയായി“ ഭവിയുടെ ശ്രദ്ധ പെട്ടന്ന് ടി. വിയിൽ നിന്ന് മാറി.

“അവരൊരു സെറ്റ് ക്രിക്കറ്റും ബാഡ്മിന്റണും ഒക്കെ കളിക്കുന്നവരുണ്ട്, ആരോഗ്യത്തിന് നല്ലതല്ലേ, ഞാനിങ്ങനെ യങ്ങായി ഇരിക്കുന്നതിൽ ഭാര്യക്കെന്തെങ്കിലും വിരോധം?“ കഷ്ടപ്പെട്ട് പറഞ്ഞ തമാശ ഭാര്യയ്ക്ക് ദഹിച്ചില്ല എന്ന് നോട്ടം കണ്ടപ്പോൾ മനസ്സിലായി..

"ആ പയ്യൻ ഗേ ആണെന്ന് എല്ലാരും പറയുന്നു.."

"ആര് പറയുന്നു, അതെങ്ങനെ അറിയാം?"

“ആവോ എനിക്കറിയില്ല,“ മൊബൈലിൽ നോണ്ടികൊണ്ടിരുന്ന മോളെ ഇടം കണ്ണിട്ട് നോക്കി ഭാര്യ മുറുമുറുത്തു.. അവൾ ഈ ലോകത്ത് നടക്കുന്ന ഒന്നും അറിയാത്ത പോലെ ഏതോ ഗെയിം വേൾഡിലെന്ന പോലെ ഇരിക്കുന്നെങ്കിലും ചെവി ഒരു മൈക്രോഫോൺ പോലെ അലേർട്ടായി നിൽക്കുന്നത് കണ്ടാൽ മനസ്സിലാവും.

“ഒന്നൂലേല്ലും നീയൊരു ഇന്റർനാഷണൽ സ്കൂളിൽ ഹയർ ക്ളാസ്സ് ടീച്ചറല്ലേ.. അതെന്താന്ന് പറയ്?“

“പിന്നെ, സ്കൂളിൽ ഇതല്ലേ പഠിപ്പിക്കുന്നത്, നിങ്ങളൊന്ന് പോയേ..“

“സ്കൂളാവുമ്പോ അങ്ങനൊക്കെ കേസുകൾ ഉണ്ടാവില്ലേ, അതെങ്ങനെ കൈകാര്യം ചെയ്യും?“

“അതിന് കൗൺസിലർമാരുണ്ട്, അങ്ങനെന്തെങ്കിലും തോന്നിയാ അങ്ങോട്ട് വിടും, അങ്ങനത്തെ കുട്ടികളെ  ‘ക്വീർ‘ എന്നാ പറയുക“ ഒന്നും അറിയാൻ പാടില്ലെന്ന് പറഞ്ഞതിന്റെ അഭിമാനക്ഷതം മറച്ച് വയ്ക്കാൻ ഭാര്യ അല്പം വിജ്ഞനം വിളമ്പി..

നീളൻ പയറ് മുറിയുമ്പോൾ ഉണ്ടാവുന്ന മണം പോലുള്ള ചില ഓർമ്മകൾ ഉണ്ട്.

അത്യാവശ്യം പൊടിമീശയും സിനിമാപ്പാട്ടും പഞ്ച് ഡയലോഗ്സും ഒക്കെയുണ്ടായിരുന്നെങ്കിലും പഠിക്കുന്ന കാലത്തൊന്നും ഒരു പെൺകുട്ടിയേ പോലും ഇഷ്ടപ്പെട്ടില്ല. അതിലും ആസ്വദിച്ചത് സിനിമ ഡയലോഗ് നിറച്ച് കൂട്ടുകാർക്ക് പ്രേമലേഖനം എഴുതി കൊടുക്കലും വീട്ടിൽ നിന്ന് ഒളിച്ചിറങ്ങി പോയുള്ള സിനിമ കാണലും കള്ള് കുടിച്ചുള്ള കെട്ടിമറിയലുകളും ഒക്കെയാണ്..

പൂനെയിൽ ജനിച്ച് വളർന്ന മറുനാടൻ മലയാളിയായ ഭവിക്ക് മലയാളി ചെക്കന്മാരൊട് ഒരു ഇഷ്ടക്കേടുണ്ടായിരുന്നെങ്കിലും അത്യാവശ്യം ബോളിവുഡ് ലുക്കുള്ള ഫോർ പാക്ക് അവൾക്ക് മതിപ്പായി, പിന്നെ എല്ലാ കാര്യത്തിലും സഹായിക്കുകയും ചെയ്യുന്ന ഭർത്താവ് അവളുടെ സ്വകാര്യ അഹങ്കാരമാണെന്ന് കൂട്ടുകാരുടെ ചില കമന്റുകളിൽ നിന്നറിയാം.

“കളിച്ചിട്ട് നേരത്തേ വരുമോ, അതോ എന്നത്തേയും പോലെ ലെറ്റായി?“

“അപ്പോൾ ഞാൻ പോവണ്ടെ?“

“പൊയ്ക്കോ, ആരോഗ്യം നന്നായിരിക്കാനല്ലേ, പ്രായം കൂടുന്തോറും ഫിറ്റായിരിക്കുന്നത് നല്ലത് തന്നെ“

കൈ മസിലുകൽക്ക് മേലെ പിടിച്ച് നിൽക്കുന്ന വെളുത്ത ടീഷർട്ടും ഷോർട്സും ഇട്ട് ഇറങ്ങുമ്പോൾ ഭാര്യ അടുത്ത സീരിയലെന്റെ കഥയിൽ മുഴുകി പോയിരുന്നു.

“ഡൂഡ്, യൂ ലുക്ക് ഹോട്ട്, വീ വിൽ ഹാവ് എ ഗ്രേറ്റ് ടൈം“.. ഒട്ടി നിൽക്കുന്ന ടീഷർട്ടിലൊന്ന് കുത്തി അഭി പറഞ്ഞപ്പോൾ നെഞ്ചിനും വയറിനും ഇടയിലെവിടെയോ ഒരു വരിഞ്ഞ് മുറുക്കം..

ചില ജന്മങ്ങൾ അങ്ങനെയാണ്, ബിന്ദുവിൽ നിന്ന് ബിന്ദുവിലേയ്ക്ക് വരച്ച നേർ രേഖകളാലുണ്ടാക്കിയ സമചതുരങ്ങളും അന്തർചതുരങ്ങളും വരയ്ക്കുന്ന അതിർവരമ്പുകളുടെ വരകൾക്ക് മുകളിൽ നിന്ന് പോവുന്നവ. 

അനുഭവിക്കാത്ത വികാരങ്ങളുടെ കാരണം തേടി ഒരു യാത്ര ഉണ്ടായിരുന്നു ജീവിതത്തിൽ. അവിടെയാണ് ആണും പെണ്ണുമെന്ന രണ്ട് ചതുരങ്ങൾക്കുള്ളിൽ അതിലുമനേകം ചതുരങ്ങളുണ്ടെന്നും അവയിൽ പലതിനും അതിർവരമ്പുകളുടെ നിർവ്വചനങ്ങൾ ഇല്ലെന്നും മനസ്സിലായത്. 

ഗേയും ലെസ്ബിയനും ട്രാൻസ്ജെൻഡറും ബൈസെക്ഷ്വലും അസെക്ഷ്വലും ക്വീറും അങ്ങനെ ഭാഷയുടെ പരിമിതികൾ കൊണ്ട് നിർവ്വചിക്കാൻ ശ്രമിക്കപെട്ട് പരാജയപ്പെട്ട് പോയ അർദ്ധനാരീശ്വര പ്രകൃതിയുടെ അപാരത. 

ഉള്ളിലുണ്ടായ തോന്നലുകൾ ആരോടും പറയാനാവാതെ ‘ഞാനാരാണ്‘ എന്ന ചോദ്യത്തിന്റെ ഉത്തരം തേടി നടന്ന കുറെ കാലത്തിന് ശേഷമാണ് പരിമിതമായ ഭാഷയുടെ നിർവ്വചന ചിട്ടവട്ടങ്ങളിൽ ഒതുങ്ങി കൂടുന്നത് എത്ര ലളിതമാണെന്ന് മനസ്സിലായത്. ഭാര്യയുടെ ക്വീർ പ്രയോഗത്തിൽ കാലം ഇപ്പോഴും മാറിയിട്ടില്ലോ എന്ന വേദനയാണ് തോന്നിയത്.. 

എങ്കിലും അഭിയേ പോലെ ഒരു തലമുറയുണ്ട്, ഞാനിതാണ് എന്ന് പറഞ്ഞ് വഴിമാറി നടക്കുന്നവർ...അത്മഹത്യ ചെയ്യാതെ, ആത്മാവിനെ കൊല്ലാതെ, ഒളിക്കാതെ, താൻ താൻ തന്നെയായി നടക്കാൻ കഴിവുള്ളവർ.

അവന്റെ കണ്ണിലെ തിളക്കത്തിൽ നോക്കി നിന്നപ്പോൾ ഭാഷയുടെ അതിരുകൾ ഇനിയും വിസ്തൃതമാകും എന്നയാൾക്ക് ഉറപ്പായിരുന്നു.

Tuesday, May 02, 2017

മുല്ലമൊട്ടുമാല









“ഉങ്ക അമ്മാവുക്ക് പൈത്യം“ ..

ഉച്ചത്തിലിരമ്പുന്ന മിക്സിയുടെ മൂടി അടച്ച് പിടിച്ച് അതിലും ഉച്ചത്തിൽ ജയന്തി കടിച്ച് പൊട്ടിക്കുന്നത് പോലെ പറഞ്ഞ വാചകം കേട്ട് വെങ്കി നന്നായൊന്ന് ഞെട്ടി.

ആകെയില്ലാതിരുന്നത് അമ്മായിഅമ്മ മരുമകൾ ശണ്ഠ ആയിരുന്നു, ഇനി അതും കൂടി തുടങ്ങിയാൽ പിന്നെ കാവി ചുറ്റി കാശി പോവേണ്ടത് തന്നെ.

“ജയ്“, സത്തം പോടാതെ, എന്നയിപ്പോ ഇവളവ് പ്രച്ചനെ“?

“നിങ്ങളുടെ അമ്മയ്ക്ക് മുല്ലപ്പൂവ് വേണം പോലും, അതും കൊരുക്കാത്ത മൊട്ടുകൾ, ഒരു മുഴം വിരിഞ്ഞ് നാശമായ പൂവിനേ ഇവിടെ നാല്പത് രൂപയാണ്, അപ്പോഴെവിടുന്നാ ഈ കൊരുക്കാത്ത മൊട്ടുകൾ.“

ഉരുൾപൊട്ടലിന്റെ കാരണം കേട്ടിട്ടും ഒന്നും മനസ്സിലാവാത്ത പോലെ നിന്ന വെങ്കിയെ കണ്ട് ജയന്തിയുടെ കോപം ഇരട്ടിച്ചു.

“ദീപാവലിക്ക് കൂടെ ഒരു മുഴം പൂ വാങ്കറതില്ലെ, മുഴത്തിന് 20 രൂപ ആയ അന്ന് അമ്മാ തന്നെ നിർത്തിയതാണ് മുല്ലപ്പൂ വാങ്ങി അച്ഛന്റെ ഫോട്ടോയ്ക്ക് ഇടുന്ന പതിവ്, ഇതിപ്പോ ഈ വേനക്ക് മാർക്കറ്റിൽ പോലും കിട്ടില്ല മൊട്ടുകൾ, കിട്ടിയാൽ തന്നെ ആര് പോയി വാങ്ങും?“

മറുപടി പറഞ്ഞാൽ ഒരു മഹായുദ്ധം ഉണ്ടാവുമെന്ന് ഉറപ്പുള്ളത് കൊണ്ട് വെങ്കി കിച്ചണിൽ നിന്ന് പുറത്ത് കടന്നു..

അമ്മയ്ക്ക് 64 വയസ്സായി. അല്പസ്വല്പം പ്രായത്തിന്റെ നൊസ്സൊഴിച്ചാൽ ആള് ശാന്തയാണ്, കുറച്ച് കാലം മുൻപ് വരെ സമപ്രായക്കാരോടൊക്കെ കൂടി ചായ കുടിക്കാനും സിനിമ കാണാനും വരെ പോയിരുന്ന ആളാണ്, അത് കൊണ്ട് കൂടിയാവും ഇത് വരെ ഇത്തരം ആവശ്യങ്ങൾ ആരോടും പറയാതിരുന്നിട്ടുണ്ടാവുക.

വെങ്കി ശബ്ദമുണ്ടാക്കാതെ അമ്മയുടെ മുറിയിൽ പോയി നോക്കി, പുറം തിരിഞ്ഞ് കസേരയിലിരിക്കുന്നത് കണ്ടിട്ടും മുരടനക്കി ശല്യപ്പെടുത്താൻ സാധിച്ചില്ല,അമ്മ എന്നും ഒരു കൈ അകലത്തിലായിരുന്നു വെങ്കിക്ക്, സ്നേഹിച്ചിട്ടില്ല എന്ന് പറയാനാവില്ല, പക്ഷേ ഒരു നോട്ടത്തിന്റെ ദൂരത്തിൽ നിശബ്ദമാവുന്ന വാശികൾ ആയിരുന്നു അമ്മയുടെ മുന്നിൽ എല്ലാം. മൗനത്തിന്റെ ചിതല്പുറ്റ് ഉടയ്ക്കാൻ ധൈര്യമില്ലാതെ തിരിച്ചു നടന്നു..

സിഗരറ്റും പുകച്ച് പുറത്ത് നിന്നപ്പോഴാണ് ഒരു ഐഡിയ തോന്നിയത്, ആകാശിനോട് പറയാം പാട്ടിക്ക് എന്താ വേണ്ടതെന്ന് വച്ചാൽ വാങ്ങികൊടുക്കാൻ, അല്പം പോക്കറ്റ് മണി കിട്ടിയാൽ അവൻ എന്തും ചെയ്യും. അവസാനം ഒരു ഉപായം കണ്ട് പിടിച്ച ആശ്വാസത്തിൽ വെങ്കി വീട്ടിനകത്തേയ്ക്ക് കയറി. 

“പാട്ടീ, വാട്ടീസ് ഹാപ്പെനിങ്ങ്? എന്താ ആകെ ഒരു കാർമേഘം?“

ആകാശിന്റെ ചോദ്യത്തിന് പാട്ടി കുറെ നേരം ആലോചിച്ചും. “എനക്ക് 2 മൊഴം മല്ലിപൂ വേണും,മാല വേണ്ടാം, പൂവേ വേണും. അത് തലയിലെ വച്ച് സേല സുത്തി പവർ പാണ്ടി പാക്ക പോണും“... 

“ആർ യൂ മാഡ്“

“ആകാശ്, ഡൊണ്ട് ടാക്ക് ടു മീ ലൈക്ക് ദാറ്റ്“

“സോറി പാട്ടീ, ബട്ട്.. ഒകെ ഞാൻ രേഷ്മയോട് ചോദിക്കാം, അവൾ ഹെൽപ്പ് ചെയ്യാണ്ടിരിക്കില്ല“

ആകാശിന്റെ പ്രതീക്ഷ പോലെ തന്നെ നടക്കുമെന്ന് പാട്ടിക്ക് ഉറപ്പായിരുന്നു, കളികൂട്ടുകാരായിരുന്ന കാലം തൊട്ടെ പൂച്ച കണ്ണടച്ച് പാല് കുടിക്കുന്ന പോലെ അവൾക്കിഷ്ടമാണ് അവനെ.

വിടരാത്ത മുല്ലമൊട്ട് മാല ചൂടി, ചേല കെട്ടി പവർ പാണ്ടി കണ്ട് വന്ന പാട്ടിയുടെ മുഖത്ത് ഒളിച്ച് വച്ചാലും ഇടയ്ക്കിടെ തെളിയുന്ന പോലെ ഒരു ചിരിയുണ്ടായിരുന്നു. അത് പോലെ ഒരു ചിരി രേഷമയുടെ മുഖത്ത് മാത്രമേ വിരിയാറുണ്ടായിരുന്നുള്ളൂ..

കഥയൊന്നും അറിയാതെ എന്നത്തേയും പോലെ വൈകി വന്ന ജയന്തിക്കും വെങ്കിക്കും വീട് നിറയെ അപ്പോൾ വിടർന്ന മുല്ലപ്പൂവിന്റെ സുഗന്ധം നിറഞ്ഞിരിക്കുന്ന പോലെ തോന്നി.. അച്ഛന്റെ ചില്ലിട്ട ഫോട്ടോയുടെ മുന്നിലെ മാല പ്ളാസിറ്റ്ക്ക് മാല തന്നെ ആയിരുന്നു..

Wednesday, April 19, 2017

മൗനത്തിന്റെ പാരമ്പര്യവഴികൾ നടന്നിറങ്ങിയ നേരത്ത്...




മൺകൂനകളിൽ നിന്ന് പറന്ന് പൊങ്ങി മഞ്ഞ വെളിച്ചത്തിലേയ്ക്ക് ചിറക് പൊഴിച്ച് കളയാൻ പറക്കുന്ന ഈയാം പാറ്റകളേയും, എഴുതി വച്ചിട്ടില്ലാത്ത നിയമത്തിന്റെ കണ്ണി പൊട്ടാതെ കാക്കുന്നത് പോലെ നടന്ന് നീങ്ങുന്ന ഉറുമ്പ് കൂട്ടങ്ങളേയും ഒക്കെ നോക്കിയിരിക്കുമ്പോൾ സ്വന്തം അസ്ഥിത്വത്തിന്റെ, വേരുകളുടെ ഉള്ളുരുക്കങ്ങൾ മനസ്സിൽ നിറയില്ലേ, അതാണ് മൗനത്തിന്റെ പാരമ്പര്യ വഴികളുടെ കാതൽ.

പാരമ്പര്യത്തിന്റെ നീരിറങ്ങിയ വഴികൾ തേടിയ യാത്രയാണിതെന്ന് റിജാം പറയുന്നുണ്ടെങ്കിലും ഓരോ കഥയിലും കേട്ടുമറന്ന പഴങ്കഥകളുടെ കാല്പനികതയും ജനി നിയതി ചിന്തകളും ആത്മീയതും കലർത്തിയത് എഴുത്തുകാരന്റെ ഭാവനയാണ്.

തമിഴ്നാട്ടിലെ മധുരയിലേയ്ക്ക് പതിനാലാം നൂറ്റാണ്ടിൽ തുർക്കി പട്ടാളത്തോടൊപ്പം വന്ന് ചേർന്ന ഉത്തരേന്ത്യൻ രജപുത്ര രാത്തോർമാർ രാവുത്തർമാരായി കൈവഴികൾ പിരിഞ്ഞ് കാലാന്തരങ്ങളിൽ ദേശാന്തരങ്ങളിൽ വേര് പിടിച്ചതിന്റെ കഥകളാണ് ഇതിനുള്ളിലെ പതിനൊന്ന് കഥകൾ.

വേരുകളിൽ നിന്ന് എത്ര അകന്ന് പോയാലും മനസ്സിന്റെ ആഴങ്ങളിൽ തേടുക, ജനിക്കുന്നത് മുൻപേ കേട്ട ഹൃദയത്തിന്റെ താളം പോലെ, തായ് മൊഴി പോലെ, തന്റെ തന്നെ വേരുകളെ ആണെന്ന തിരിച്ചറിവാണ് മീനാക്ഷിയെന്ന ആട്ടിൻ കുട്ടിയുടെ ആദ്യകഥ. ആട്ടിൻ കൂട്ടത്തിന്റെ ഏകജൈവരൂപത്തേയും ഇടയനാകുന്ന തലച്ചോറിനേയും പറ്റിയും പറയുന്ന അതേ ആത്മവിശകലനത്തോടെയാണ് കാലാകാലങ്ങളായി തലമുറകൾ നനച്ചു തീർക്കുന്ന കടപ്പാടിന്റെ കഥയും പറയുന്നത്.

ജന്മാന്തരങ്ങളിലൂടെ പകർന്നാടുന്ന വിധിയുടെ കഥയാണ് ഫാത്തിമിന്റെ ചരിത്രാന്വേഷണവും രാമഭദ്രന്റെ പതിനെട്ടാം ഭാഷയും. സ്വന്തം ചെയ്തികൾ മാത്രമല്ല മുൻ തലമുറകളുടെ കർമ്മഭാരം കൂടി നമ്മളോരോന്നും ചുമക്കുന്നുണ്ടെന്ന തിരിച്ചറിവിന്റെ കഥ. ഒരു മനുഷ്യായസ്സിന്റെ പരിധികൾക്കുള്ളിൽ നിന്ന് കൊണ്ട് മാത്രം ചിന്തിക്കുമ്പോൾ ഉത്തരം കിട്ടാത്ത പല ചോദ്യങ്ങൾക്കും തലമുറകളെ ഒന്നാക്കി ചിന്തിക്കുമ്പോൾ കിട്ടുമെന്ന യുക്തി മതിൽ കെട്ടുകളില്ലാത്ത ഒരു വിശ്വാസബോധത്തിന്റെയാണ് മനസ്സിലാവുന്നു.

കണ്ണുകൾ ആത്മാവിന്റെ വാതിലുകളാണെന്ന് വിശ്വസിക്കുന്നത് കൊണ്ടാണോ മൗനത്തിന്റെ പാരമ്പര്യ വഴികളിലെ മുയൽ കണ്ണുകൾ എന്നെയും വിഷമിപ്പിച്ചത്? പ്രഷുബ്ദമായ മൗനത്തിന്റെ കഥ പറയുന്ന മൗനത്തിന്റെ പാരമ്പര്യ വഴികളും നിസ്സഹായമായ പറിച്ചു നടലിന്റെ കഥ പറയുന്ന ഞണ്ടൻ ചക്കര റാവുത്തറും, വാക്കുകൾ കൊണ്ട് നഷ്ടബോധത്തിന്റെ, കുറ്റബോധത്തിന്റെ ആഴം അനുഭവിപ്പിക്കാൻ കഴിയുന്നുണ്ടെങ്കിൽ അത് എഴുത്തുകാരന്റെ വാക്കുകളുടെ ശക്തിയാണ്.

കാലദേശങ്ങളില്ലാത്ത പിടിച്ചടക്കലിന്റെയും അതിജീവനത്തിന്റെയും കഥകളാണ് ആനറാഞ്ചി പരുന്തും, ആദ്യത്തെ മോട്ടോർ വണ്ടിയും, അശ്വമേധ പുരാണവും. പിടിച്ചടക്കപ്പെടുന്നത് വളക്കൂറുള്ള മണ്ണോ, മേനിയഴകുള്ള പെണ്ണോ, ഉള്ളിൽ ഉറഞ്ഞ് കൂടിയ ഭയമോ എന്തുമാവാം. പിടിച്ചടക്കപെടലിന്റെ ഇടവഴികളിൽ വീണ് പോവുന്ന ജന്മങ്ങളുടെ മൗനനൊമ്പരങ്ങളുടെ, ചെറുതെങ്കിലുമുയരുന്ന ചെറുത്ത് നിൽപ്പുകളുടെ, നിലനിപിനായുള്ള പലായനങ്ങളുടെ ഇത്തിരി പുളിപ്പും മധുരവുമുള്ള പുളിമിഠായി പോലെയുള്ള കഥകളാണിവ.

മരണത്തിന് മാത്രം തുറക്കാൻ കഴിയുന്ന ചില വാതിലുകളുടേയും ബോധ ചിന്തകളുടെ തിരിച്ചറിവുകളുടെ കുറിപ്പാണ് വസൂരികാലത്തെ ഓർമ്മകളും എന്റെ ഉപ്പുപ്പായ്ക്കൊരു പടച്ചവൻ ഉണ്ടായിരുന്നുവെന്ന കഥയും.  ഒരോ മനുഷ്യനും ഈ ഭൂമിക്ക് മേലെയുണ്ടായ ഒരു നീർകുമിള മാത്രമാണെന്ന നിർവ്വചനം എത്ര ശരിയാണ്, ധർമ്മ കർമ്മ പാശങ്ങളുടെ കയറുകൾ കൊണ്ട് എത്ര കൂട്ടികെട്ടി ഒന്നാകാൻ ശ്രമിച്ചാൽ ഒറ്റയൊറ്റയായ നീർകുളികൾ മാത്രമാണ് നമ്മളൊക്കെ. തിരിച്ചറിവിന്റെ ആ വെള്ളിവെളിച്ചം തലയിലിറങ്ങുമ്പോൾ നീർകുമിളകളിലെ ഉഷ്ണനിശ്വാസങ്ങൾക്ക് മുക്തി ലഭിക്കുന്നു.

അസ്ഥിത്വത്തിന്റെ ആത്മീയത തേടുന്ന സൂഫി പരമ്പര കണ്ണിയായി മീനാക്ഷിയിൽ നിന്ന് പെണ്മനസ്സിന്റെ ആഴമളക്കാൻ ശ്രമിക്കുന്ന മനുഷ്യനായി റാവുത്തർ പൊന്മാൻ പാത്തുവിലെത്തുമ്പോൾ ചിന്തകളുടെ വന്മരങ്ങളിൽ തട്ടിയും തടഞ്ഞും വീണും പെരണ്ടും നമ്മളും പതിനൊന്ന് പടികൾ കയറി ഇറങ്ങിയിട്ടുണ്ടാവും.


വാക്കുകൾ കൊണ്ട് സൂഫി സംഗീതം കേൾപ്പിക്കുന്ന എഴുത്തുകാരന്റെ വർണ്ണജാലങ്ങൾ ഇനിയും മഴവിൽ നിറങ്ങളിൽ വിരിയട്ടെ എന്ന് എല്ലാ ആശംസകളും..

Wednesday, February 22, 2017

കലൈഡൊസ്കോപ്പ്




നിലാവും നക്ഷത്രങ്ങളും തെളിയാത്തൊരീ രാത്രിയിൽ-
ചിതറിത്തെറിച്ചൊരീയായിരം ചില്ല്കഷണങ്ങളുമായിവിടെ നിൽക്കെ,
കാലറിയാതെയിടറിയൊരാ കല്ല്പടവുമീയിരുട്ടിൽ കാണാതെ-
ഇനിയുമീരാത്രിയെത്ര എന്നയോർമ്മയൊരു മരണമഞ്ഞായി മൂടവെ,
ഉള്ളിന്റെയുള്ളിലുണർന്ന വെണ്മേഘക്കീറിലൊരു കുഞ്ഞ് സൂര്യനുദിച്ചു!

നെറുകയിലൊരു മഞ്ഞ്തുള്ളിയിറ്റിച്ച് കാതിൽ മന്ത്രമായി മൊഴിഞ്ഞു-
കേൾക്കാതെ പോവില്ല നിനക്കീമഞ്ഞിന്റെ പാളികളെത്ര കനത്താലും,
വീഴാതെവന്നതല്ലീ ദൂരമത്രയും ഇനിയുമേറെ ദൂരമുണ്ടിനിയുമീ പടവുകൾ-
വീഴാതെയാവില്ലീയാത്രയുമെന്നാലുമൊരു മൂടൽമഞ്ഞായിതീരില്ല നീയും,
ഉടയുമോരോ വീഴ്ചയിലുമിനിയുമിതു പോലെ നിൻ മനമെന്നാലുമാവില്ലയന്ത്യം!

ഇടറിയൊരോ വീഴ്ചയിലുമുടഞ്ഞ ചില്ലുകൾ പെറുക്കികൂട്ടിയതാണിന്നിന്റെ മനം-
നിറങ്ങളാണതിലെങ്ങും കാലമൊരു കൈവേലയായി പണിതതിൽ മുഖചിത്രം,
ഈ രാവ് മാഞ്ഞിനിയും പുലരും, വരും വസന്തമതിലൊരു കിളിയായ് നീ പാടും-
പിന്നെ ശിശിരത്തിൽ വെണ്മേഘമായി പാറും, ചടുല നിറമഴയായി നീ പെയ്താടും,
എരിയുന്ന വേനൽ സൂര്യനെ നെറുകയിൽ ചൂടിയൊരു ചുടലയായ് മുടിയഴിച്ചാടും!

പിന്നെയൊരു സന്ധ്യമയങ്ങുന്ന നേരത്തിരുന്നീ ചില്ലൊക്കെയും നീ പെറുക്കി നോക്കും-
അന്തിചൊപ്പ് വീണമാനത്ത് നിന്നാ അരുണകിരണങ്ങളീ ചില്ലിലൊക്കെയും പടരും,
ആയിരം വർണ്ണങ്ങൾ നിറയുന്ന മാന്ത്രികചെപ്പ് പോലതിനുള്ളം തിളങ്ങവെ-
നിറഞ്ഞു നീയാടിയ ഋതുക്കളൊക്കെയുമൊരു ചലചിത്രമായി കടന്നുപോകെ,
സാഫല്യമീ ജന്മമെന്നറിഞ്ഞന്ന് നീയുമൊരു പാൽനിലാ നിഴലായി മറയും!

-പാർവതി