തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Friday, April 25, 2014

വെളിപാടുകൾ

ഈ പതിനാലാം നിലയിൽ നിന്ന് നോക്കുമ്പോൾ താഴെ ബുൾഡോസറുകളും ജെസിബികളും ഒക്കെ കളിപാട്ടവണ്ടികളുടെ അത്ര മാത്രം. ഇടമുറിയാതെ നടക്കുന്ന കെട്ടിടം പണിയിലേർപ്പെട്ടിരിക്കുന്നവർ ഉറുമ്പിൻ കൂട്ടത്തെ പോലെ. ഈ ഇടനാഴിയിൽ നിന്നുള്ള ചായ കുടിയാണ് വിരസമായ ഓഫീസ് ജോലികൾക്കിടയിലെ നല്ല നിമിഷങ്ങൾ.
രാമഷ്ണാ..
കരുണാകരൻ നായരെന്ന അച്ഛന്റെ പേര് കട നടത്തുന്ന നായര് എന്ന കാരണം കൊണ്ട്  'കണാര്' ആയത് പോലെ ഒരു സ്വാഭാവിക പരിണാമമായിരുന്നു കെ. രാമകൃഷ്ണനെന്ന പേർ ചുരുങ്ങി രാമഷ്ണനായതും. നാട്ടിലും സ്കൂളിലും ആ പേർ വിളിച്ച് വിളിച്ച് രാമകൃഷ്ണൻ എന്ന സ്വന്തം പേര് പേപ്പറിൽ മാത്രമായി. പിന്നെ നാട് വിട്ട് പുറം നാടുകളിൽ ജോലിക്ക് നടന്നപ്പോഴാണ് വേരറ്റു പോയ അനേകം നന്മകളെ പോലെ ആ പേരും ഓർമ്മകളും കളഞ്ഞു പോയി.
"രാമഷ്ണാാാ..."
ഉറക്കെ വിണ്ടും വിളി കേട്ടപ്പോഴാണ് ഓർമകൾ തേട്ടി വന്നതല്ല, ആരോ ശരിക്കും വിളിക്കുന്നതാണെന്ന് മനസ്സിലായത്.
തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് ഒട്ടും പരിചയമില്ലാത്ത ഒരു മുഖമായിരുന്നു. മദ്ധ്യവയസ്സ് കടന്ന ഒരു സ്ത്രീ. വിശാലമായ പൊട്ട് തൊടാത്ത നെറ്റിയുടെ അതിരിൽ നിൽക്കുന്ന മുടിയിഴകൾ വെള്ളി വീണുതുടങ്ങിയവയാണ്. അസഹിഷ്ണുതയുടെ ചുളിവികൾ തെളിഞ്ഞ് നിൽക്കുന്ന നെറ്റി. കുർത്തയ്ക്കുള്ളിൽ ഒതുങ്ങി നിൽക്കാൻ കഷ്ടപെടുന്ന വയറും കൈകളും. 
കണ്ണിലെ അപരിചിതത്വം കണ്ടിട്ടാവും അവർ പരിചയപെടുത്തി.
സുസ്മിത, സുസ്മിത രാഘവൻ.. ഓർമ്മയില്ലേ?
ഒരു ചായയുടെ കൂടി ചൂട് ചെന്നപ്പോഴാണ് താമര വിടർന്ന് നിൽക്കുന്നത് പോലെ എന്നെപ്പോഴും സ്വപ്നം കണ്ടിരുന്ന, എപ്പോൾ അരികിലൂടെ പോയാലും ഒരു കുളിർ കാറ്റ് വീശിയത് പോലെ തോന്നിച്ചിരുന്ന സുസ്മിത എന്ന സ്വപ്നത്തെ ഓർമ്മ വന്നത്.
അവളുടെ ഒരു നോട്ടത്തിന്, പുഞ്ചിരിക്ക് കാത്ത് നിന്ന നാളുകൾ, ചിലപ്പോൾ തല ചെറുതായൊന്ന് വെട്ടിച്ച് അവൾ പുഞ്ചിരിക്കുന്നതിൽ ഇത്തിരി പ്രണയമുണ്ടെന്ന് പോലും തോന്നി പോയി, പക്ഷേ ആ പുഞ്ചിരി പലർക്കും കൂടിയുള്ളതാണെന്ന അറിവ് നെഞ്ച് തകർത്ത നാളുകൾ. അപകർഷതയുടെ അതിരുകൾ ഭേദിക്കാൻ മനസ് ധൈര്യം കാട്ടാതിരുന്നതിനാൽ പ്രണയമെന്ന് പോലും വിളിക്കാനാവാതെ ആ സ്വപ്നം പൊലിഞ്ഞതിനാൽ ഒരു പഴയ സഹപാഠിയായി അവളുടെ മുന്നിലിരുന്നു.
ഉദ്യോഗസ്ഥനായ ഭർത്താവിന്റെയും ബഹുമുഖ പ്രതിഭയായി വളർന്ന് വരുന്ന മകന്റെയും സ്വന്തം ജോലിതിരക്കിന്റെയും കാര്യങ്ങൾ അവൾ പറയുമ്പോൾ വായിൽ വാക്കുകൾ വരണ്ട് തീരുന്നത് അയാൾ അറിഞ്ഞു. പാതിയിരുട്ട് വീഴുന്ന സീറ്റിന്റെയും അവിടുരുന്ന് ചെയ്യുന്ന ജോലിയുടെയും കാര്യങ്ങളല്ലാതെ മറ്റൊന്നും മനസ്സിൽ വരുന്നുണ്ടായിരുന്നില്ല.
വൈകിട്ട് വീടെത്തിയപ്പോൾ പതിവായി കിട്ടുന്ന ചായയ്ക്കും അവൽ വിളയിച്ചതിനും കൂടുതൽ രുചി തോന്നി. ആത്താഴം കഴിക്കുമ്പോൾ ഇടങ്കണ്ണിട്ട് ഭാര്യയെ നോക്കുമ്പോൾ അവളുടെ കണ്ണിനടിയിലെ കറുപ്പ് വളയങ്ങളും തലയിലെ വെള്ളി നരകളും അപരിചിതങ്ങളായി തോന്നി. കട്ടിലിന്റെ മറ്റേ ഓരം പറ്റി കിടക്കുന്ന ഭാര്യയെ കാണാനാവാത്തത്രയും ദൂരം, കണ്ണിൽ എരിച്ചിൽ മാത്രം.

ഒരുപാട് നാളുകൾക്ക് ശേഷം അന്ന് കെ. രാമകൃഷ്ണൻ എന്ന രാമഷ്ണന് ഉറക്കം നഷ്ടപെട്ടു. ലോകം അയാളെ നോക്കി ചിരിച്ച് കൊണ്ട് നിന്നു.

Thursday, January 10, 2013

പുതുമഴയിലെ കള പോലെ - Trivandrum Lodge


തകർന്നു വീഴാറായ ഒരു കെട്ടിടം, പ്രത്യേകിച്ച് ആവശ്യമൊന്നിമില്ലാത്ത ഇത്തിരി പൈസ, ഇക്കിളി കഥകൾ വായിച്ച സുഖങ്ങളുടെ അതിശയോക്തിയും ന്യൂ ജെനറേഷൻ എന്ന പേരിൽ ഓരോ ഡയലോഗിന്റെയും ഇടയ്ക്കും തലയ്ക്കുംറൊരു ഫക്കും ബിച്ചും വച്ചാൽ തിരക്കഥയായി എന്ന ആത്മവിശ്വാസം, ഇതായിരുന്നു ടിവാണ്ഡ്രം ലോഡ്ജ് എന്ന ചലചിത്രത്തിന്റെ മുടക്ക് മുതലെന്ന് പറഞ്ഞാൽ അതിയോക്തിയാവില്ല.

പുതുമഴ പെയ്യുമ്പോൾ കളയ്ക്കും വിളയ്ക്കും അത് ഗുണം ചെയ്യും, കളയുണ്ടാവുന്നത് ചീഞ്ഞ് വളമായാൽ അത് വിളയ്ക്ക് നല്ലത് തന്നെ. പക്ഷെ കള വളരുമോ അതോ വിള വളരുമോ എന്നത് നട്ടവന്റെയും നനച്ചവനേയും ആശ്രയിച്ചിരിക്കുമെന്നത് പോലെ, ഇത്തരം ചിത്രങ്ങൾ നല്ല സിനിമയെ തളർത്തുമോ വളർത്തുമോ എന്നത് സൃഷ്ടിക്കുന്നവരുടേയും ആസ്വദിക്കുന്നവരുടേയും കയ്യിലാണ്.

തുടക്കം മുതലൊടുക്കം വരെ ഒരു കഥാതന്തു തിരയുകായിരുന്നു ഞാൻ. ഇത്രയേറെ കഥാപാത്രങ്ങളേ നിരത്തുമ്പോൾ പൊതുവായി പ്രതിഫലിക്കുന്ന ഒരു വിഷയം. അങ്ങനെയൊന്ന് പ്രതീക്ഷിച്ചതാണ് മണ്ടത്തരമെന്ന് അവസാനത്തോടെ മനസ്സിലായി, ന്യൂ ജെനറേഷനെന്ന ലേബലിന്റെ ബലത്തിലാവാം.

അനൂപ് മേനോനും ജയസൂര്യയും ജനാർദ്ധനനും അങ്ങനെ ഒരു പാട് കഴിവുള്ള അഭിനേതാക്കളുടെ പരിശ്രമം പാഴായി പോവുന്നത് കണ്ടപ്പോൾ വിഷമം തോന്നി. കുശവന്റെ കയ്യിലെ കളിമണ്ണ് പോലെയാണ് സംവിധായകന്റെ കയ്യിൽ കഥയും കഥാപാത്രങ്ങളും എന്നത് എത്ര സത്യമെന്നും. 
പെണ്ണ് പഠിച്ചവളാണെങ്കിൽ ,ഒറ്റയ്ക്ക് താമസിക്കാനാഗ്രഹിക്കുന്നവളാണെങ്കിൽ പിഴച്ചവളാണെന്ന് പതിവ് ശൈലി മാത്രം എത്ര തലമുറ പുതുക്കിയാലും മാറാത്തത് കുളത്തിന്റെ തവളയുടെ വാനനിരീഷണം പോലെ പരിഹാസ്യമായി തോന്നി.

സൂപ്പർ ഹീറോസിന്റെ ക്യാമ്പുകളിലും ലോബിയിലും പെട്ട് പരീക്ഷണങ്ങൾക്കു മുതിരുവാൻ ധൈര്യമില്ലാതെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി വിൽക്കുന്ന ബോളിവുഡിന്റെയൊക്കെ ഗതികേട് കാണുന്നുണ്ട് നമ്മൾ. മലയാളത്തിലെങ്കിലും ലോബിയും ചേരി തിരിവും ഇല്ലാതെ, നല്ല കഥകൾക്കും പരീക്ഷണങ്ങൾക്കും സിനിമയ്ക്ക് വേണ്ട ആളുകളെല്ലാം ചേർന്ന് നിൽക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം 
കുറെ ഡയലോഗുകൾക്ക് വേണ്ടി കാണാൻ പറ്റിയ പ്രത്യേക മൂല്യങ്ങളൊന്നും തേടാനില്ലാത്ത ഒരു പടം എന്ന് പറയുമ്പോൾ, ഈ കള ചീഞ്ഞ് നല്ല പടങ്ങൾക്ക് വളമാവട്ടെ എന്ന് മാത്രം ആഗ്രഹിക്കുന്നു..

പ്രതീക്ഷയോടെ,


Wednesday, January 09, 2013

ക്ഷമാപണം

"മോനൂൻ ഏത് കളിപ്പാട്ടമാണ് തുറക്കേണ്ടത്? അമ്മമ്മയോട്  അമ്മ പറയാട്ടോ തുറന്ന് തരാൻ.. ഉവ്വോ.. മോനൂ ചോറൂണ്ടൊ? അമ്മ ഉണ്ടില്ല, ട്രെയിനിലല്ലേ.. അമ്മ വിളിക്കാട്ടോ.. "
രണ്ടു വയസ്സുകാരി കുട്ടിയുമായി ട്രെയിനിൽ ഒരു യാത്രാ വേളയിൽ കേട്ട സംഭാഷണ ശകലം എന്റെ ജിജ്ഞാസ ഉണർത്തി.. സഹയാത്രികയെ പരിചയപ്പെട്ടപ്പോൾ എന്റെ കണ്ണിലെ ചോദ്യങ്ങൾ കണ്ടിട്ടാവാം അവർ വിശദീകരിച്ചു.
ഇന്ത്യൻ ആർമിയിൽ ഡോക്റ്ററാണവർ, കാശ്മീരിൽ ആണിപ്പോഴത്തെ പോസ്റ്റിങ്ങ്. വല്ലപ്പോഴും നമ്മൾ കേൾക്കുന്ന വെടിവയ്ക്കലുകളും തട്ടിപോകലുകളേക്കാളും ഒരു പാട് കൂടുതലാണ് അവിടുത്തെ അപായ നിരക്കെന്ന് അവർ പറയുമ്പോൾ നട്ടെല്ലിലൂടെ ഒരു വിറയലിറങ്ങിയതറിഞ്ഞിരുന്നു. ഭർത്താവും ആർമിയിൽ തന്നെ.. പോസ്റ്റിങ്ങ് പൂനെയിലോ മറ്റൊ..5 വർഷത്തെ കല്യാണജീവിതത്തിനിടയ്ക്ക് 1 വർഷമാണ് ഒന്നിച്ചൊരിടത്ത് പോസ്റ്റിങ്ങുണ്ടായതെന്നു അവർ പറയുമ്പോൾ എന്റെ കുടുംബം എന്റെ കൺ വെട്ടത്തുണ്ടാവണമെന്ന എന്റെ സ്വാർത്ഥ എന്നെ ലജ്ജിപ്പിച്ചു.
രണ്ട് വയസ്സുള്ള മോൻ നാട്ടിൽ ഉണ്ടെന്നും, എന്നോ കഴിഞ്ഞ അവന്റെ പിറന്നാൾ അമ്മ വരുമ്പോഴാണ് ആഘോഷിക്കാറെന്നും അതിന്റെ സമ്മാനപെട്ടികൾ തുറക്കുന്ന വിശെഷമാണ് ഫോണിലൂടെ പറഞ്ഞതെന്നും പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞത് കട്ടി കണ്ണാടി മറച്ചു.
ഭർത്താവ് ബോംബെയ്ക്കടുത്ത സ്റ്റേഷനിൽ നിന്ന് കയറുമെന്നും, ഒന്നിച്ച് ഡെൽഹി വരെ പോവുമെന്നും പിന്നെ അടുത്ത ദിവസം കാശ്മീരിലേയ്ക്ക് തിരിക്കുമെന്നും പറഞ്ഞത് ഇന്നും ഒരു നീറ്റൽ പോലെ മനസ്സിൽ.

ഇങ്ങനെ നാമറിയാത്ത എത്രയോ ത്യാഗങ്ങൾ ഈ സൈനികർ നമുക്കായി, ഈ രാജ്യത്തിനായി ചെയ്യുന്നു. മറ്റുള്ളർക്കൊരു തിരിനാളത്തിന്റെ സുരക്ഷ പകരാൻ യൗവ്വനത്തിന്റെ മുക്കാലും മെഴുകുതിരി പോലെ എരിച്ചു കളയുന്നവർ.കുടുംബത്തോടൊപ്പമുള്ള ഓരോ രാത്രിയും പകലും ഒരു സ്വപ്മൻ പോലെ സൂക്ഷിക്കുന്നവർ.

ഈ അമ്മയുടെ നോവ് പോലെ, ഇന്നലെ ഒരു നിമിഷത്തിന്റെ ഇടവേളയിൽ കഴുത്തറക്കപ്പെട്ട പാവം ജവാന്റെ വിടവാങ്ങൾ പോലെ, എത്ര കുരുതികൾ, ഈ കടങ്ങളോരൊന്നും ഒരു ശാപം പോലെ നമ്മേയും ഈ ത്യാശങ്ങൾ വെറും എണ്ണകണക്കായി എഴുതി ഒപ്പിട്ടവസന്നിപ്പിക്കുന്ന ഭരണ സാരഥികളേടെയും പിന്തുടരുമെന്ന് മനസ്സ് പറയുന്നു..

ഞങ്ങളോട് ക്ഷമിക്കൂ സഹോദരാ..

Monday, January 07, 2013

ഇഷ്ടപ്പെട്ടു പോയീ തടിയനെ..

ഇഷ്ടപ്പെട്ടു പോയീ തടിയനെ...


നീട്ടിയടിച്ചൊരു ചൂട് ചായയും നല്ലൊരു പരിപ്പുവടയും തിന്ന് , ചായക്കടയിലെ രാജ്യാന്തര ചർച്ചകളിൽ ഒന്ന് പങ്കെടുത്ത് ഉഷാറായ ഒരു സുഖം, "ഡാ തടിയാ" എന്ന ആഷിക്ക് അബു പടം കണ്ടിറങ്ങിയപ്പോൾ തോന്നിയത് അങ്ങനെയാണ്.
വ്യത്യസ്ഥമായ ഒരു അവതരണം, പടം കണ്ട് വന്ന സുഹ്രുത്ത് തന്ന തണുപ്പൻ പ്രതികരണം കാരണം അൽപ്പം ശങ്കിച്ചാണ് ടിക്കറ്റുമെടുത്ത് പോയത്. പക്ഷേ ഒന്നര മണിക്കൂർ കഴിഞ്ഞിറങ്ങുമ്പോൾ മനസ്സ് സന്തോഷിച്ചു. സിനിമയെ സ്നേഹിക്കുന്ന സിനിമയിലെ കഥാപാത്രത്തിനൊപ്പം കരയുന്ന, ചിരിക്കുന്ന, നന്മയെ തിന്മ ജയിക്കുമ്പോൾ സന്തോഷിക്കുന്ന ഒരു സാധാരണ മനസ്സിന്റെ സന്തോഷം..
ന്യൂ ജെനറേഷൻ എന്ന ചേല്ലപേർ കിട്ടിയ പടങ്ങളുടെ Simplicity as it is എന്ന സമാനത ഈ പടത്തിനും ഉണ്ട്.
വളരെ പ്രസക്തമായ ഒരു സാമൂഹിക പ്രശ്നം ഏറ്റവും ലളിതമായ രീതിയിൽ ഹ്രുദ്യമായി അവതരിപ്പിച്ച ആഷിക്കിനോട് തോന്നുന്നത് നന്ദിയാണ്. പടം കഴിഞ്ഞും മനസ്സിൽ കഥ നിൽക്കുമ്പോൾ സംവിധായകന്റെ വിജയമാണത്..
മലയാള പടം കാണാൻ പോവുന്നത് മറ്റൊന്നും ചെയ്യാനില്ലാത്തപ്പോൾ മാത്രം എന്ന അവസ്ഥയിൽ നിന്ന്, കാത്തിരുന്ന് കാണാൻ പടങ്ങളുണ്ടാവുക എന്ന അവസ്ഥയിലേയ്ക്ക് മലയാളവും മനസ്സും മാറുന്നത് ഒരു നല്ല മാറ്റം തന്നെ.
ഇനിയും കാത്തിരിക്കുന്നു.

Saturday, November 06, 2010

തീരങ്ങള്‍ തകരുമ്പോള്‍..

തീരങ്ങള്‍ തകരുമ്പോള്‍..

തണല്‍മരങ്ങള്‍ വീഴുമ്പോള്‍, തീരങ്ങള്‍ തകരുമ്പോള്‍
നദികള്‍ വിതുമ്പാറുണ്ടോ, കാടുകള്‍ കരയാറുണ്ടോ..
വിട്ടൊന്ന് മിടിക്കുന്ന ഹ്രുദയത്തിന്‍ തുടിപ്പ് പോലെ
ഇടയ്ക്കൊന്ന് മിടിക്കുന്നതീ ഭൂമിയുടെ തേങ്ങലാണൊ..

കരയാന്‍ മറന്നും, ചിരിയെ വെറുത്തും
തീരങ്ങളിലടുക്കാതെ പിടഞ്ഞൊഴുകിയൊരു മനുഷ്യമനസ്സും
ഒഴുകിത്തീര്‍ന്ന മഷിയുണങ്ങിപ്പിടിച്ചൊരു പേനയും (അല്ല..)
മലയാളമെഴുതാനുതകുന്നൊരു യന്ത്രവും

ഒന്നിച്ചൊരു യാത്ര പോകുകയാണിവിടെ,
തഴുകാത്ത പോന്നൊരു തീരങ്ങള്‍ തേടി,പണ്ടൊരു
കരിയിലയും മണ്‍കട്ടയുമെങ്ങോ പോയ പോലെ

-പാര്‍വതി.

Wednesday, July 08, 2009

കൂട്ടുകാരി..

ഇടമുറിഞ്ഞ സ്വപ്നങ്ങള്‍ മാത്രം വിരുന്നെത്താറുള്ളൊരെന്‍-
ഉണര്‍വ്വിനുമുറക്കത്തിനുമിടയിലെ ഇരുണ്ട നാഴികയില്‍,
ഒരു നീണ്ട തണുത്ത കൈവിരല്‍ നീട്ടിയെന്നെ തൊട്ടുണര്‍ത്തി-
നീയൊത്തിരി നാളായി പീരിഞ്ഞിരിന്നൊരെന്‍ പ്രിയ സഖി..

ബാല്യത്തിലെന്റെ കൂട്ടുകാരോടെല്ലാം വഴക്കിട്ട് ഞാന്‍-
ഒറ്റയ്ക്ക് നടന്ന് പൊക്കുമ്പോളെന്നെ പുണര്‍ന്നിരുന്നു നീ,
നിന്റെ സംഗീതം കേട്ടുറങ്ങാതെ കിടന്ന രാവുകളില്‍-
എനിക്കായ് മാത്രമായിരം കഥകള്‍ നീ പറഞ്ഞിരുന്നു.

തണുത്തിരുണ്ട് നിശബ്ദമാം സത്രത്തിനിടനാഴികളില്‍-
നിന്റെ വരവിന്റെ ആരവം കേട്ടു ഞാനിരുന്നിരുന്നു,
ഇരമ്പിയാര്‍ത്തെത്തിയെന്നെ മുഴുവനും പുണര്‍ന്ന് നീ-
ഒരു കുറുമ്പികൂട്ടുകാരിയെ പോലെ ചിരിച്ചിരുന്നു..

ശുഷ്ക്കിച്ചിന്നു നീയെത്തിയെങ്കിലുമെന്നെ കാണുവാന്‍-
കാത്തിരിന്നൊത്തിരിയീ നീണ്ട വിരലൊന്നു തൊടുവാന്‍,
തണുത്ത തുള്ളികളെറിഞ്ഞ് നീയെന്റെ മുഖം നനയ്ക്കവെ,
മനവും തണുവും തണുപ്പിച്ചു ഞാനിടമുറിയാത്ത നിദ്ര പുല്‍കുന്നു.

(ശുഷ്കിച്ചതെങ്കിലും എനിക്കായ് പെയ്ത ഡെല്‍ഹിയിലെ ഒരു മഴയുടെ ഓര്‍മ്മയ്ക്ക്....)

-പാര്‍വതി.

Tuesday, July 07, 2009

ദൈവം വിതുമ്പുന്നു

സ്വാര്‍തഥ മോഹങ്ങളുടെ യാഗ കുണ്ടങ്ങളില്‍ നിന്ന്-
അശുദ്ധമാം ദൂപമുയര്‍ന്നാകാശവും കടന്ന് സ്വര്‍ഗ്ഗത്തിലെത്തെവെ,
തിങ്ങി നിറയുന്ന വിഷപ്പുകയില്‍ നിന്നൊന്നൊഴിഞ്ഞ്-
മാറിയിയൊന്നിരിക്കാന്‍ ദൈവമൊരിടം തേടുന്നു.

മഴ പെയ്യുവാന്‍ യാഗം, പെയ്തു തോരാനൊരു യാഗം..
അന്യന്റെ സ്വത്ത് സ്വന്തമാക്കാന്‍, അന്യന്റെ ഭാര്യയും സ്വന്തമാവാന്‍-
സ്വന്തം ചോരയില്‍ പിറന്ന കുഞ്ഞിനെ കുരുതിയാക്കിയും യാഗം..
കുരുതിക്ക് വേണ്ടി കൈക്കുഞ്ഞിനെ വിലയ്ക്ക് വാങ്ങിച്ചും യാഗം..

ആവാസവ്യവസ്ഥിതിയുടെ അട്ടം മറിച്ചിട്ട മനുഷ്യകുലമെല്ലാ-
പ്രകൃതി നിയമവും ഭേദിച്ചൊരു പ്ലേഗ് പോലെ പടരുമ്പോള്‍,
വിഷം വമിക്കുന്ന ചവറ് ഭൂമിക്ക് പുറത്തും ചൊരിഞ്ഞതിനാല്‍-
തുള വിണ പ്രാണന്റെ പാളിയാല്‍ പുഴു പോലെ വെന്തുരുകുമ്പോള്‍,

ഇനിയിമൊടുങ്ങാത്ത യാഗങ്ങളുടെ പുകയെങ്ങും പടരുമ്പോള്‍,
ആകാശവും ഭേദിച്ചത് സ്വര്‍ഗത്തിലെത്തുമ്പോള്‍ ദൈവം വിതുമ്പുന്നു.
തിങ്ങി നിറയുന്ന വിഷപ്പുകയില്‍ നിന്നൊന്നൊഴിഞ്ഞ്,
മാറിയിയൊന്നിരിക്കാന്‍ ദൈവമൊരിടം തേടുന്നു.

-പാര്‍വതി

Thursday, July 02, 2009

ഒരു യാത്ര

എറണാകുളം ചെറുതോണി റൂട്ട് നേര്യമംഗലം കഴിഞ്ഞാല്‍ പിന്നെ കാടും കൊക്കെയും വളവും തിരിവും ഒക്കെയാണ്. ഈ റൊട്ടിലൂടെ വണ്ടിയുടെ ക്ലച്ചും ബ്രേക്കും തിരിച്ചറിയാത്ത ആളിന്റെ കയ്യില്‍ കാറ് കൊടുത്തത് ആരാണെന്ന് ആര്‍ക്കറിയാം.

എന്തായാലും തത്കാലം ഡ്രൈവിങ്ങ് സീറ്റില്‍ ആണ്. കൂനിന്മേല്‍ കുരു പോലെ മഴയും. തുമ്പിക്കൈ വണ്ണത്തില്‍ പെയ്യുന്ന മഴ. ഈ മഴയത്താണ് കാറ്റത്ത് മറിയുന്ന മരങ്ങളെ പേടിച്ച് ആനകള്‍ കൂട്ടമായി റോഡില്‍ കയറി നില്ക്കുക. രണ്ടും കല്പ്പിച്ച് വണ്ടീ ഓടിക്കാന്‍ തന്നെ തീരുമാനിച്ചു. എങ്ങനെയെങ്കിലും ചെറുതോണിയില്‍ എത്തിയേ തീരൂ.

ഗിയറ് മാറ്റാതെ ആക്സിലേറ്റര്‍ കൊടുത്തും. ബ്രേക്ക് ചവിട്ടിണ്ടടത്ത് ക്ലച്ച് ചവിട്ടിയും വണ്ടി ചാടി ചാടിമ്പോവുമ്പോള്‍ അറഞ്ഞ് തുള്ളുന്ന മഴയും അതില് ഹെഡ് ലൈറ്റിന്റെ വെട്ടത്തില്‍ കാണാനാവുന്ന വണ്ടിക്ക് മുന്നിലെ മൂന്നോ നാലോ ചുവടുകളും..

വിറച്ചും ചാടിയുമാണെങ്കിലും വണ്ടി അടിമാലിക്ക് തിരിയുന്ന റൂട്ട് കഴിഞ്ഞപ്പോള്‍ ഇത്തിരി ധൈര്യമൊക്കെയായി. ഇത്രയും ഓടിക്കാമെങ്കില്‍ ഇനിയുള്ള വഴി അത്ര ബുദ്ധിമുട്ടുണ്ടാവില്ല..ഇത്തിരി സ്പീഡ് കൂട്ടി തന്നെ വരുകായിരുന്നു. കരിമ്പന്‍ പാലവും കടന്ന് സ്പീഡിലിങ്ങ് വരുമ്പോള്‍ പെട്ടന്ന് മുന്നിലൊരു നിഴല്‍ പോലെ ...

ആനകള്‍..മൂന്നാലെണ്ണം റോഡീല്‍ നില്‍ക്കുന്നു...ഉള്ള മുഴുവന്‍ ശക്തിയുമടുത്ത് ബ്രേക്കിട്ടു..

"പിശാച്...ഇന്ന് നിന്നെ ഞാന്‍ ചവട്ടി കൂട്ടി ജനല്‍ വഴി പുറത്ത് കളയും. "

ചവിട്ട് കണ്ട് എന്റെ സ്വന്തം കട്ടിലില്‍ നിന്ന് താഴെ വീണപ്പോള്‍ എന്റെ റൂം മേറ്റിനെ ഒറ്റ കുത്തിന് കൊല്ലാനുള്ളതിനേക്കാളും ദേഷ്യമാണ് എനിക്ക് വന്നത്..ഇന്നലെ വീട്ടില്‍ നിന്ന് അവധി കഴിഞ്ഞ് വന്ന പഹയത്തിയുടെ കട്ടലില്‍ ഒരു എലിക്കുഞ്ഞിന് പോലും കിടക്കാന്‍ ഇടമില്ലാത്തത് കൊണ്ട് ഞാന്‍ എന്റെ കട്ടില്‍ ഷെയര്‍ ചെയ്തതാണ് ഈ പാരയായത്..

അവളെ ഒറ്റ ജനല്‍ വഴി തള്ളി താഴെയിടാനുള്ള കലിപ്പുണ്ടായിരുന്നെങ്കിലും അവള്‍ കൊണ്ടു വന്നിട്ടുള്ള മീനച്ചാറിന്റെയും ഉപ്പേരി വറുത്തതിന്റെ വീതം വേണമെന്നുള്ളത് കൊണ്ടും, അടുത്ത ബ്രേക്കില്‍ ചിലപ്പോള്‍ എന്റെ നട്ടെല്ലിന്റെ ബോള്‍ട്ട് പോവുമെന്നുള്ള പേടി കൊണ്ടും ഒരു തലയിണയും പുതപ്പുമെടുത്ത് ഞാന്‍ തറയില്‍ തന്നെ ഉറക്കം പിടിച്ചു.

പിറ്റേന്ന് രാവിലെ ചവിട്ടിയതിന്റെ കാരണം ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞ കഥയാണ് ഇത്..

....പാര്‍വതി

Tuesday, June 30, 2009

ഈണം പിറന്ന വഴി.

ഒന്നും പറയാനില്ലെന്ന് ചൊല്ലി നീ മെല്ലെ നടന്നകന്നപ്പോള്‍..
പറയാതെ പോയവ.. പറയാനാവാതെ മനസ്സില്‍ നിറച്ചവ..
ഒക്കെ ഞാനോര്‍ത്തുവെങ്കിലും നിനച്ചു പിന്നെയും..
നിനക്ക് വേണ്ടാത്തയോര്‍മ്മകളെന്റെ മാത്രമാവട്ടെ
പിന്നെ നിന്നെയും ഞാന്‍ മറക്കുമ്പോളവയെന്റെ പാട്ടിന്റെയീണമാവട്ടെ....
-പാര്‍വതി

Thursday, June 18, 2009

ആത്മസത്ത..

ഉള്ളിലൊരു സൂര്യനുണരുന്നു,പിറവിയുടെ അനന്തവിഹായസെന്നെ പൊതിയുന്നു..ഉണര്‍‌വ്വിലുമുറക്കത്തിലുമറിയുന്നു ഞാനെന്നിലുയിരിടുന്നൊരു പ്രപഞ്ചകിരണത്തെ..

നേര്‍ത്തകാറ്റേല്‍ക്കുന്നുണ്ടാവുമോ, എന്റെ നെറ്റിയില്‍ പൊടിയുന്ന വിയര്‍പ്പറിയുന്നുവോ..നീണ്ടനിശബ്ദനിമിഷങ്ങളില്‍ നീയെന്റെ മനസ്സിന്റെ മിടിപ്പുകേള്‍ക്കുന്നുവോ..

നിന്റെ തുടിപ്പുകളറീയാതെ, നീയെന്നില്‍ നിറയുന്നൊരനൂഭൂതിമാത്രമായറിമ്പോള്‍..താരകള്‍ നിറഞ്ഞൊരാകാശം കാണുന്ന കുഞ്ഞിന്റെ മിഴികളില്‍ നിറയുന്നൊരമ്പരപ്പെന്നില്‍..

നീയെന്നെ അറിയാന്‍, ഞാന്‍ നിന്നെയാറിയാന്‍, അറിയാത്ത പാഥകളിലൊന്നിച്ചു ചരിക്കാന്‍-നിന്റെ മിഴികളിലൂടെയിനിയീ ആകാശവും ഭൂമിയും അവയുടെ ഞാന്‍ മറന്ന ഭാവങ്ങളും കാണാന്‍

കാത്തിരിപ്പിലാണ് ഞാന്‍.. കാലത്തിന്റെ കല്പടവുകള്‍ ചവുട്ടികയറിയൊരുന്നാളിലെന്റെ-കരവലയത്തിലമര്‍ന്നെന്നെ നിന്റെ കഥകള്‍ പറഞ്ഞുണര്‍‌ത്തുവാനതിലെന്റെ ആത്മസത്യം ഞാനറിയുവാന്‍..

-പാര്‍‌വതി

Sunday, September 21, 2008

എന്നെ കോമാളിയാക്കുന്ന ലോകം


ഒരു ദിവസം ഈ ലോകം അവസാനിക്കുമെന്നാരെങ്കിലും പറയുമ്പോള്‍
മനസ്സ് പിടയ്ക്കാറുണ്ട്.എന്റെ സമ്പാദ്യങ്ങള്‍,
കാത്തുസൂക്ഷിക്കുന്ന അമൂല്യങ്ങള്‍ ഒക്കെ നഷ്ടപെടുമെന്നോ?
ചൂടിലുരുകുന്ന മഞ്ഞിന്റെയും ഓട്ടവീണ ഓസോണിന്റെയും
ഭാവിയോര്‍ത്ത് രാത്രികളില്‍ ഉറക്കം നഷ്ടപെടാറുണ്ട്.
പിറക്കാനിരിക്കുന്ന എന്റെ കുട്ടികള്‍, പണിയാനിരിക്കുന്ന എന്റെ വീട്..
പേടിസ്വപ്നങ്ങളില്‍ ഊളിയിട്ടവസാനം ഉണര്‍ന്ന് ചൂടുചായയും നുണഞ്ഞ്
ഒരു സുന്ദരപ്രഭാതത്തില്‍ ലോകത്തിന്റെ മുഖത്ത് നോക്കുമ്പോള്‍...

എന്റെ വിഹ്വലതകളെ കളിയാക്കികൊണ്ട് അതെന്നെ കൊഞ്ഞനം കുത്തുകയാണ്‌.
ഇന്നെലെകളില്‍ എല്ലാം നഷ്ടപെട്ടവരുടെ ധൈര്യത്തിന്റെ കാഴ്ചകള്‍ കാട്ടി.

വന്‍ തിരകള്‍ ആഞ്ഞടിക്കുമ്പോഴാണ്‌ മണല്‍ത്തരികളുടെ യഥാര്ത്ഥ ശക്തി
അറിയാനാവുന്നതെന്ന് പറയുന്നതെന്ത് ശരിയാണ്‌....

പാര്‍വതി.





Friday, September 19, 2008

സത്യമെന്ന ബിന്ദു.

ലോകം ഒരു ബിന്ദുവില്‍ ഒതുങ്ങി നില്ക്കുന്നു.
എന്നിലിലുണരുന്ന സത്യത്തിന്റെ നിറവായി നീ..
നിന്നെയറിയാനെനിക്കിനി വേണമായിരം ജന്മങ്ങള്‍
എങ്കിലും നിയതിയുടെ കൈപിടിച്ചെങ്ങോ മറയുമ്പോഴും....
എന്റെ വഴിത്താരകളില്‍ നീരൂറ്റിത്തണുപ്പിക്കേണം നീ...
ഇനിയും കൂട്ടിമുട്ടാത്ത നമ്മുടെ വഴികളെങ്ങോതമ്മിലൊന്നിക്കു-
മെന്നയോര്മ്മയിലുറങ്ങാതെയുണരാതെ കാതോര്‍ക്കുകയാണ്‍ ഞാന്‍.

-പാര്‍വതി

Sunday, June 01, 2008

തീരാത്ത യാത്ര

ചരല്‍ നിറഞ്ഞ പാഥയിലൂടെ അയാള്‍ നടന്ന് തുടങ്ങിയിട്ട് കുറെ നേരമായിരുന്നു. ഓര്‍മ്മ വച്ചപ്പോള്‍ മുതല്‍ സൂര്യന്‍ തലയ്ക്ക് മുകളില്‍ തന്നെ ആയിരുന്നു.
പലപ്പോഴും വഴിയില്‍ നിന്ന് മാറി നില്ക്കാന്‍ അയാള്‍ക്ക് തോന്നിയിരുന്നു. ആ വഴികളില്‍ അയാള്‍ ആരെയും കണ്ടിരുന്നില്ല. ഏകാന്തതയുടെ നരച്ച ആകാശത്ത് ഇടയ്ക്കിടയ്ക്ക് മിന്നി പൊലിയുന്ന നക്ഷത്രങ്ങളായിരുന്നു അയാളുടെ ഏറ്റവും വലിയ വേദനയും.
വഴിവക്കില്‍ കാണുന്ന പൂവുകള്‍ അയാള്‍ നുള്ളി പറിച്ചിരുന്നില്ല, എങ്കിലും അവയുടെ മുള്ളുകള്‍ കാലടികള്‍ കീറിമുറിച്ചു. രാത്രിയുടെ കൂടാരങ്ങള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് തപ്പിതടയുമ്പോള്‍ തന്നെ പിന്തുടരുന്ന നീരാളികയ്യുകളുടെ ഈര്‍പ്പം അയാള്‍ക്കനുഭവിക്കാനാവുമായിരുന്നു.
ഓരൊ രാത്രിയും യാത്രയുടെ അവസാനമായിരുന്നെങ്കില്‍ എന്ന് അയാളാഗ്രഹിച്ചു,
പക്ഷെ ഉച്ചസൂര്യന്റെ തീചൂടുമായി അയാളുടെ പകലുകള്‍ തെളിഞ്ഞു കൊണ്ടിരുന്നു. അവയില്‍ നിറയെ മുള്ളുകള്‍ കാത്തു നിന്നു.
എങ്ങ് തീരുമെന്ന് അറിയാത്ത യാത്രയുടെ ഇടയിലെവിടെയോ ആയിരിക്കും അയാള്‍.

Friday, May 30, 2008

തിരിച്ചറിവുകളുടെ തുടക്കം...

ആമാശയത്തിന്റെ ഉള്ളറകള്‍ വരെ എരിയുന്ന ഒരു തോന്നല്‍, രണ്ട് ദിവസമായി ഒന്നും കഴിക്കാതിരുന്നത് കൊണ്ടാണ് എന്നറിയാമുള്ളത് കൊണ്ട് ഇത് തന്നെ വിശപ്പ് എന്ന വികാരം എന്ന് ബ്രൂണോയ്ക്ക് മനസ്സിലായി. വേണ്ടിയിരുന്നില്ല ഒന്നും വേണ്ടിയിരുന്നില്ല, കുടല്‍മാലകള്‍ വരെ അഴുകി പുറത്ത് വരുമോ എന്ന ഭയം കൊണ്ടും ഒരു ദിവസമെങ്കില്‍ ഒരു ദിവസം ജീവിക്കണം എന്ന് പൂതി കൊണ്ടും മാത്രമാണ് ഇറങ്ങി പുറപ്പെട്ടത്. വീട്ടില്‍ കാത്തിരിക്കുന്ന ഫിഷ് ഫിംഗര്‍ ചിപ്പുസുകളും മറ്റും ഓര്‍ക്കുമ്പോള്‍ എരിച്ചില്‍ കുടുന്നു. എന്നാലും വയര്‍ ഉറച്ചു എന്നതില്‍ അവന് സന്തോഷം തോന്നി.

കത്തിക്കാളുന്ന വെയില്‍, കാല് പൊള്ളാതെ ഒന്ന് മാറി നിന്നപ്പോള്‍ ദൂരത്തൊരു ബഹളം കേട്ടു, കരിമ്പച്ച നിറത്തില്‍ ഒരു വണ്ടിയും അതിന്റെ പിന്തുടര്‍ന്ന് ഒരു കൂട്ടവും, ആഹാരത്തിന്റെ മണമടിച്ചപ്പോള്‍ അവന് കാര്യം മനസ്സിലായി, അവനും അവരുടെ പിന്നാലെ കൂടി. പേരോ പഴക്കമോ അറിയാത്ത എന്തൊക്കെയോ തിന്നു തീര്‍ക്കുമ്പോള്‍ അകത്തെ ചൂട് കുറഞ്ഞ് കുറഞ്ഞ് വരുന്നത് അറിയാനായി.

എണ്ണമെടുക്കാനാവാതെ രാവും പകലും പോയിയെന്ന് മാത്രം അവന്ന് മനസ്സിലായി തുടങ്ങിയുരുന്നു, തുടുത്ത് നിന്ന ശരീരം ഒതുങ്ങി തുടങ്ങിയിരിക്കുന്നു, പണ്ടത്തെ പോലെ ഇപ്പോ ഓടാനും മത്സരിച്ച് പങ്ക് വാങ്ങിക്കാനും ആയാസം തോന്നുന്നില്ല, അല്പം വലുപ്പം കൂടുതലുള്ളതിനാല്‍ ആരും പെട്ടന്ന് അടുക്കുന്നുമില്ല. ഉപജീവനത്തിന്റെ ആദ്യ പാഠങ്ങള്‍ അവന്‍ പഠിച്ചു തുടങ്ങിയ ആ ദിവസങ്ങളിലൊന്നില്‍ പരിചയമുള്ള ഒരു മണം അവന്റെ മൂക്കിന് ചുറ്റും അടിച്ചു.

“ബ്രൂണോ.. ഓഹ് മി സ്വീറ്റീ.. എന്ത് മെലിഞ്ഞ് പോയി നീയ്യ്, എന്ത് പറ്റിതാ ബേബീ നിനക്ക്... എന്തൊരു നാറ്റം” ശരീരം മുഴുവന്‍ പതഞ്ഞൊഴുകുന്ന, ജനിച്ച നാള്‍ മുതല്‍ പരിചിതമായ മണം. ഫിഷ് ഫിംഗേര്‍സും ബിസ്ക്കറ്റുകളും ആര്‍ക്കും വേണ്ടാതെ......

“സ്വീറ്റി, ബ്രൂണോ ഒന്നും കഴിക്കുന്നില്ല.. പ്ലീസ് കാള്‍ ദെ ഡോക്റ്റര്‍, ഞാന്‍ ഇന്ന് ഓഫീസില്‍ പോവുന്നില്ല, ഐ കാണ്ട്”.

ഡൊക്റ്റടിന്റെ കുഴലിനും കയ്യുറയിട്ട കൈക്കും വഴങ്ങി കൊടുക്കുമ്പോള്‍ അവന്ന് വിശപ്പ് തോന്നി തുടങ്ങി. “ഹീ ഈസ് പെര്‍ഫെക്റ്റ്ലി ആള്‍ റൈറ്റ്, ലുക്കിങ്ങ് ഹെല്‍ത്തി ആള്‍സോ. പ്രത്യേകിച്ച് ഒരു മരുന്നിന്റെയും ആവശ്യമില്ല.“

വിശപ്പടങ്ങാന്‍ മാത്രം കഴിച്ച് പുറത്തേയ്ക്കിറങ്ങുമ്പോള്‍ തന്റെ അനുഭവജ്ഞാനങ്ങള്‍ അവന്ന് എഴുത്തറിയാമായിരുന്നെങ്കില്‍ അവന്‍ പങ്ക് വച്ചേനെ.

മറ്റൊരു ആട്ടോബയോഗ്രഫിയായി.

Sunday, May 11, 2008

എന്റെ കിളികൂട്...

സ്വപ്നങ്ങള്‍ കൊണ്ടൊരു കിളിക്കൂട്-
ഇന്ന് ഞാനുമൊരുക്കിയതിലൊരു കൂട്ടും.
ഇനി വിരിയുന്ന പ്രഭാതങ്ങളില്‍ കൂടെ നില്‍ക്കാന്‍,
സന്ധ്യ ചേക്കേറുമ്പോള്‍ കാവലായി നില്‍ക്കാന്‍.

വൈകിപ്പൊയെന്ന് തോന്നുന്നു, എങ്കിലും ആരും പിണങ്ങില്ലെന്ന വിശ്വാസത്തോടെ ഒരു കാര്യം പറയാം, ഞാനും ഒരു കല്യാണം കഴിച്ചു, ഇത്തിരി പെട്ടന്നായി പോയി, അതോണ്ട് വിരുന്ന് വിളിക്കാനും, സദ്യ ഒരുക്കാനും ഒന്നും പറ്റിയില്ല.

എന്നാലും നിങ്ങളുടെ എല്ലാം ആശീര്‍വാദങ്ങളും അനുഗ്രഹങ്ങളും എന്നും ഉണ്ടാവണം.ഈ സൌഹൃദങ്ങളും.

ഫോട്ടോസ് ഇവിടെ കാണാം.
http://picasaweb.google.com/lidiyajoy/MarriageAlbum
സ്നേഹത്തോടെ,
പാര്‍വതി.

Saturday, March 15, 2008

ഒന്നും പറയാതെ പോയവര്‍

പിണങ്ങി പോയ സുഹൃത്ത് പാതി കുടിച്ച് വച്ച് പോയ ചായക്കപ്പ് പോലെയാണ് മരണം,
തിരികെ വന്ന് പറയാനാവത്ത ഒരു മാപ്പ്, കൊടുക്കാനാവാതെ പോയ ഒരു മുത്തം.
എന്നും യാത്രകളെ സ്നേഹിക്കുന്ന ഞാന്‍ മരണത്തെയും സ്നേഹിച്ചിരുന്നു-
ഒരു നീണ്ട യാത്രയില്‍ കൂട്ടുകാരില്ലാതെയെങ്കിലും പോവാന്‍, എങ്കിലും
തിരിച്ചു വരാതെ പോവുന്നവരോട് പറയാനാതെ പോയതെന്തെക്കെയോ..
തണുത്ത് മരവിച്ച് മുഖങ്ങള്‍, ഓര്‍ത്തെടുക്കാനാവാതെ ദൂരത്തിരിക്കുമ്പോള്‍-
ഒരിറ്റ് കണ്ണീര്‍ പൊഴിക്കാനാവാതെ ഓര്‍മ്മകള്‍ മാത്രം നീറി നില്ക്കുന്നു.

-പറയാനായി ഒരുപാട് ബാക്കി വച്ച് പറയാതെ പോയവര്‍ക്കായി....

-പാര്‍വതി

Monday, March 10, 2008

സ്നേഹം?വെറുപ്പ്?

തണല്‍ മരങ്ങളില്ലാത്ത വഴിയില്‍ വെയിലിലുരുകി നടന്നപ്പോള്‍ ഈ കിളിനാദം വരവേല്‍പ്പായാണ് തോന്നിയത്. പ്രളയത്തിലൊഴുകുന്ന പൊങ്ങുതടിയായി ജീവിതമെങ്കിലും ഉറവ വറ്റാതെ എവിടെയോ സ്നേഹസൌഹൃദങ്ങള്‍ വിതുമ്പി നിന്നത് കൊണ്ടാണ് ഞാന്‍ വാങ്ങിയത്, ഒരു വലിയ കൂടും അതില്‍ നാല് കിളികളും, പക്ഷെ കൂട് കെട്ടുന്നവനെയും കൂട്ടിലിടുന്നവരെയും വെറുക്കുന്ന പൊതു തത്വത്തിന്റെ കയ്പ്പറിഞ്ഞ നൊമ്പരത്തിലാണ് ഞാന്‍.
അവയുടെ ചിലമ്പല്‍ എന്നെ ശപിക്കുന്ന കൂരമ്പുകളായി എനിക്ക് തോന്നുന്നു. ചിറക് വിരിയ്ക്കാനാവത്ത ദൂരത്തിന്റെ വിഷാദം ഒരിക്കലും അടുക്കാനാവാത്ത ശത്രുവായി എന്നെ കാണുന്ന വൈരാഗ്യമായി മാറുമ്പോഴാണൊ എന്റെ സ്നേഹത്തലോടലുകള്‍ കൂര്‍ത്ത കൊക്കു കൊണ്ട് വരയ്ക്കുന്ന മുറിപാടുകളാവുന്നത്.
പുറത്ത് വട്ടം തിരിഞ്ഞ് നടക്കുന്ന കറുത്ത പൂച്ചയുടെയും വിശപ്പടങ്ങാത്ത തെരുവു നായ്ക്കളുടേയും ഇടയിലേയ്ക്ക് അവരെ തുറന്ന് വിടാന്‍ എന്റെ മനസ്സ് അനുവദിക്കുന്നില്ല.
ഉത്തരമില്ലാത്ത ഒരു ചോദ്യത്തിന്റെ കര്‍ത്താവും കര്‍മ്മവും ആയി നില്‍ക്കുമ്പോള്‍ പഠിച്ചറിവുള്ള തത്വങ്ങളൊക്കെയും എന്നെ കുറ്റവാളിയാക്കുന്നു.

-പാര്‍വതി

Friday, March 07, 2008

സംശയം

ഇരുട്ടിനും ഒരു ആത്മാവുണ്ട് പോലും..
വെളിച്ചത്തിന്റെ തരിമ്പുമില്ലാത്ത സ്വപ്നങ്ങള്‍
അവ നെയ്യാറുണ്ട് പോലും...
ഇന്നിരുട്ടും വെളിച്ചവും ഇടകലര്‍ന്നൊഴുകി,
നരച്ച നിറങ്ങള്‍ പെയ്തിറങ്ങുമ്പോള്‍
സ്വപങ്ങളേത് നിറങ്ങളിലാവണം?

-പാര്‍വതി

Friday, October 05, 2007

ചിരിക്കാന്‍ മറന്ന ചിരിദിനം

ഇന്ന് ചിരി ദിനം...ചിരിക്കാന്‍ മറന്നവര്‍ ചിരിയെ ഓര്‍മ്മിക്കാന്‍-
ചിരിക്കുന്ന ഓര്‍മ്മകളുടെ ശവകുടീരത്തില്‍ പൂക്കളര്‍പ്പിക്കുന്നു.
ചിരിക്കാന്‍ മറക്കാതിരിക്കാന്‍, പാര്‍ക്കിലെ ബഞ്ചില്‍,പാതിയും-
കൊഴിഞ്ഞ ജന്മങ്ങള്‍ ശ്വാസം ഉള്ളിലേയ്ക്കെടുത്തട്ടഹസിക്കുന്നു.
ഇന്ന് ചിരിദിനം..മറന്നൊരു മുഖവ്യായാമമോര്‍ത്തെടുക്കാനൊരു ദിനം.

ചിരികളുമുണ്ട് പലവിധം,...എന്റെ ഉള്ളിലെന്നോ മരിച്ചുറഞ്ഞചിരി..
നിന്റെ ചുണ്ടിലെ എവിടെയും വിരിയുന്ന സ്വിച്ചിട്ട ചിരി..
പിന്നെ ഓര്‍മ്മകളുടെ ശവക്കുനകള്‍ക്കടിയില്‍ മറന്നുവച്ച-
ഉള്ളം കുളിര്‍ക്കുന്ന,മാമ്പഴക്കറയുള്ള ഓമനച്ചിരി.

സ്നേഹിക്കുവാനൊരു ദിനം,കരയുവാന്‍ ചിരിക്കുവാന്‍ -
പിന്നെയൊരിക്കലെനിക്കെന്നെ തന്നെയുമോര്‍ക്കുവാനൊരു നാള്‍.
ഉള്ളം തുറന്നൊന്നു ചിരിക്കാനാവാതെ, ചിന്തിച്ചിരിക്കവേയിങ്ങനെ-
എന്നിലെ ചിരി, പുച്ഛിചെന്നെയൊന്ന് നോക്കി പിന്നെയും മരിച്ചു.

Thursday, September 13, 2007

മോഹം

മറവിയുടെ പായലില്‍ വഴുതി ഞാന്‍ എന്നെ തന്നെ മറന്ന് പോവാതിരിക്കാന്‍..
ഓര്‍മ്മയിലെങ്കിലും മഴയുടെ ഈര്‍പ്പവും കുയിലെന്റെ കൂവലും ഓര്‍ത്തിരിക്കാന്‍
ഒന്ന് തിരിച്ചു വരണമെന്ന് മോഹം..
ഒരേ മനസ്സുള്ളവരുടെ ഒരു കൂട്ടത്തിലേയ്ക്ക്

സ്നേഹത്തോടെ
പാര്‍വതി.