തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Friday, September 15, 2017

രഘൂന്റെ പെണ്ണ്...


"നല്ല തുളസിക്കതിര് പോലത്തെ പെണ്ണ്, പിച്ചിപ്പറിച്ച് കളയല്ലേടാ രഘൂ, സലാമിന്റെ ഉമ്മ പറഞ്ഞതിന് രഘുവിന്റെ ഉത്തരം വേറെയാരും കേട്ടില്ല."

തുളസി തുളസിക്കതിര് മാത്രം ചൂടി നിലവിളക്കും പിടിച്ച് ആ രണ്ടുമുറി വീടിന്റെ പടി വലത്കാൽ വച്ച് കയറിയ അന്നാണ് അവളുടെ പേര് ആരോ അവസാനമായി പറഞ്ഞത്.. പിന്നെയെന്നും അവൾ രഘുവിന്റെ പെണ്ണായിരുന്നു, എല്ലാർക്കും…

കർക്കടകം പെയ്ത്ത് നിർത്തി തോർന്നതിന്റെ അന്നായിരുന്നു രഘൂന്റെ കല്യാണം,
അതിപ്പോ നമ്മുടെ നാട്ടിലെപ്പോഴും അങ്ങനാണല്ലോ പറയുന്നത്, അതായത് കിഴക്കേലെ ഏലിച്ചേടത്തി മരിച്ചതിന്റെ മൂന്നാം പക്കം, എന്നുവച്ചാ കന്നിമാസത്തില് തുലാം നേരത്തേ പെയ്ത വർഷം, അപ്പോ ഒരു നാല് വർഷം മുൻപ്… അങ്ങനെ..

രഘൂന്റെ കല്യാണം നാട്ടിലുള്ളവരാണ് കൂടുതൽ ആഘോഷിച്ചത്, അതിപ്പോ അവന് പെണ്ണ് കെട്ടണമെന്നും ഉണ്ടായിരുന്നില്ല, കൂടും കുടിയും ഇല്ലാത്തവന് എന്തിനാ പെണ്ണ്.. ഒറ്റാന്തടിയായിട്ട് പട്ട് പോവണ്ടല്ലോന്ന് കരുതിയാ പെണ്ണ് കൊടുത്തേന്ന് പെണ്ണിന്റെ അപ്പനും എന്നും അവന്റെ ചിലവിൽ കള്ള് കുടിക്കാൻ പെണ്ണിനെ കുരുതി കൊടുത്തൂന്ന് നാട്ടുകാരും അടക്കം പറഞ്ഞൂ..

കല്യാണപിറ്റേന്നും രഘു പണിക്ക് പോയി, അന്തിക്ക് ചാരായം മോന്തി ചെമ്പോത്തിന്റെ പോലെ കണ്ണും ചോപ്പിച്ച് രാവേറെ ചെന്ന് വീട് പറ്റി. അയലോക്കകാരൊക്കെ ഒരു കരച്ചിലോ നിലവിളിയോ പാത്രം പൊട്ടിക്കലോ ഒക്കെ പ്രതീക്ഷിച്ചു. ഒന്നും നടന്നില്ല, അന്നു മാത്രമല്ല കുറെ നാളത്തേയ്ക്ക്. രഘൂന്റെ പെണ്ണിനെ ആർക്കും വിലയില്ലാതായി. പെണ്ണ് വന്നിട്ടും രഘു നന്നായില്ലെന്ന് പരാതി പറയാനല്ലാതെ മറ്റൊന്നും അവർക്ക് വീണ് കിട്ടിയില്ല.

രഘൂന്റെ കല്യാണത്തിന്റെ ഒന്നാം വർഷത്തിലാണ് നാട്ടുകാർക്ക് ഇത്തിരിയെങ്കിലും സമാധാനമായത്, ഒരു വർഷം കൊണ്ട് പാതിരാത്രിക്ക് മുൻപ് അവൻ വീട് പറ്റുന്നതും കുടിയിൽ നിന്ന് വല്ലതും തിന്നാൻ തുടങ്ങിയിരിക്കുന്നതും ഒന്നും വാർത്തയേയല്ലായിരുന്നു. ഒന്നാം വാർഷികം പ്രമാണിച്ച് പെണ്ണിനേം കൊണ്ട് സിനിമയ്ക്ക് പോയതായിരുന്നു, ആരോ ഒരുത്തൻ സീറ്റേൽ കാലെടുത്തു വച്ചതിന് അവനേയും തല്ലി വീട്ടിലെത്തി ദേഷ്യത്തിലവൻ പെണ്ണിനേയും തല്ലി. കുറെ പാത്രങ്ങളൊക്കെ കലമ്പി പുറത്ത് ചാടി. അയലോക്കകാർക്ക് “രഘൂന്റെ പെണ്ണിനീ ഗതി വന്നൂല്ലോന്ന്“ സങ്കടപ്പെടാൻ അവസരം കിട്ടി.

പിന്നെ പിന്നെ പാത്രങ്ങളൊക്കെ ഇറ്റയ്ക്കിടെ കലമ്പി തുടങ്ങി. പെണ്ണായാലൊരിത്തിരി ഒതുങ്ങണം, അതും അവന്റെ സ്വഭാവത്തിന്.. അയലോക്കകാർക്ക് അടക്കം പറയാനല്ലാതെ രഘൂന്റെ പെണ്ണിനോടത് പറയാൻ അവസരം കിട്ടിയില്ല. അവൾ എന്നും പണിക്ക് പോയിത്തുടങ്ങിയിരുന്നു.

രഘൂന്റെ കല്യാണത്തിന്റെ രണ്ടാം വാർഷികം ഇത്തിരി കടന്നു പോയി. മേലോത്തെ ശാരദാമ്മയുടെ പശു മൂരിക്കുട്ടനെ പെറ്റതിന്റെ പിറ്റേന്ന്, രഘൂന്റെ പെണ്ണിൻ നാലു മാസം തികഞ്ഞിരുന്നില്ല, അവളൊന്ന് തുടുത്ത് വരുകയായിരുന്നു. ചോരവാർന്നൊഴുകിയവളെ ഓട്ടോയില് കയറ്റിവിടുമ്പോൾ കൂട്ടു പോവാൻ ആരും ഉണ്ടായിരുന്നില്ല. രാവേറി വന്ന രഘു വാതിൽ തല്ലിപ്പോളിച്ച് അകത്ത് കയറിയ ശബ്ദം കേട്ടു വന്ന ആരോ ആണ് അവൾ ആശുപത്രിയിലാണെന്ന് പറഞ്ഞത്, മൂന്നാം പക്കം ആശുപത്രി വിട്ട് അവളിങ്ങോട്ട് തന്നെ വരുമെന്ന് ആരും പ്രതീക്ഷിച്ചില്ല. “സ്വന്തം വീട്ടിൽ കിടക്കാനുള്ളതിന്, അവമതി, കല്യാണം കഴിഞ്ഞാൽ പിന്നെ അപ്പനേം അമ്മയേം ഒന്നും വേണ്ടല്ലോ“ നിറമൊലിച്ച് പോയ ചെമ്പരത്തി പോലെ കുറെ നാൾ അവൾ പുറത്തിറങ്ങാതിരുന്നു, രഘു എന്നും പണിക്ക് പോയി, നിഴൽ പാളി വീഴുന്നത് പോലെ മറയുന്ന അവളെ ആരും കണ്ടില്ല, കലമ്പലുകളുടെ എണ്ണം കുറഞ്ഞിട്ടോ നിഴലിന്റെ വിളർച്ച കൂടിയതിനാലോ രഘൂന്റെ പെണ്ണിനെ എല്ലാരും മറന്നു.

അവരുടെ രണ്ടുമുറി വീട്ടിലേയ്ക്കുള്ള വഴി ഒരേ കാലടിപ്പാടുകൾ മാത്രം വീണ കാട് പിടിച്ച വഴിത്താര മാത്രമായിരുന്നു. മുറ്റത്ത് വരെ കറുകപ്പുല്ല് കിളിർത്ത് കയറി കാട് പിടിച്ചു, പല രാത്രികളിലും വിളക്ക് തെളിയാതെയായി.

രഘൂന്റെ കല്യാണത്തിന്റെ മൂന്നാം വാർഷികത്തിന് തലേ പകലാണ് രഘൂന്റെ പെണ്ണിന്റെ അപ്പൻ അവളെ കൂട്ടിക്കൊണ്ട് പോവാൻ വന്നത്. മൂന്ന് വർഷത്തെ പൊറുതി കഴിഞ്ഞിട്ടും ഒരു കുടുംബമാവാൻ കഴിഞ്ഞില്ലെങ്കിൽ നീ വീട്ടിൽ വന്ന് നിന്നാൽ മതിയെന്ന് അയാൾ മുറ്റത്ത് നിന്ന് ഒച്ച വയ്ക്കുന്നത് അയൽവക്കമൊക്കെ കേട്ടു. വാതിലും ചാരി കല്ല് പോലെ നിന്ന അവളുടെ മറുപടിയോ മുഖമോ ആരും കണ്ടില്ല.

അന്ന് രാവേറെ ചെന്നാണ് രഘു വീട് പറ്റിയത്, സന്ധ്യയ്ക്കത്തെ വിരുന്ന് വരവിന്റെ ഫലമറിയാൻ കാത്തുനിന്നവർ ഒച്ച കൂടിത്തുടങ്ങിയപ്പൊൾ അകത്ത് കയറി കതകടച്ചു. അത് കൊണ്ട് തന്നെ പാതിവെന്ത നെഞ്ചും പൊള്ളിയടർന്ന വയറുമായി ഓട്ടോയിലേയ്ക്ക് കയറുന്ന രഘൂനെ ആരും കണ്ടില്ല.

ഏഴും രാവും ഏഴ് പകലും ഉറങ്ങാതെ അവളവന് കാവലിരുന്നു. വേദനയുടെ വെള്ളിവെളിച്ചത്തിൽ കണ്ണ് തുറക്കുമ്പോഴൊക്കെ അവളുടെ കണ്ണ് കണ്ട് അവൻ കണ്ണിറുക്കി അടച്ചു കിടന്നു. കാവലിരുന്ന് വാങ്ങിയ ജീവന്റെ കടം വീട്ടാൻ കഴിയാത്തവന്റെ ദൈന്യത അവനെ ഒത്തിരി ചെറുതാക്കി, പേരില്ലാത്തവനാക്കി.

എട്ടാം പകലിന് വീടെത്തിയ ശേഷം, പിന്നെ അവളെ ആരും രഘൂന്റെ പെണ്ണെന്ന് വിളിച്ചിട്ടില്ല. തുളസി, തുളസീന്ന് മാത്രം…..

2 comments:

Unknown said...

നല്ല എഴുത്ത്

Mathai said...

കൊള്ളാം