തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Wednesday, January 09, 2013

ക്ഷമാപണം

"മോനൂൻ ഏത് കളിപ്പാട്ടമാണ് തുറക്കേണ്ടത്? അമ്മമ്മയോട്  അമ്മ പറയാട്ടോ തുറന്ന് തരാൻ.. ഉവ്വോ.. മോനൂ ചോറൂണ്ടൊ? അമ്മ ഉണ്ടില്ല, ട്രെയിനിലല്ലേ.. അമ്മ വിളിക്കാട്ടോ.. "
രണ്ടു വയസ്സുകാരി കുട്ടിയുമായി ട്രെയിനിൽ ഒരു യാത്രാ വേളയിൽ കേട്ട സംഭാഷണ ശകലം എന്റെ ജിജ്ഞാസ ഉണർത്തി.. സഹയാത്രികയെ പരിചയപ്പെട്ടപ്പോൾ എന്റെ കണ്ണിലെ ചോദ്യങ്ങൾ കണ്ടിട്ടാവാം അവർ വിശദീകരിച്ചു.
ഇന്ത്യൻ ആർമിയിൽ ഡോക്റ്ററാണവർ, കാശ്മീരിൽ ആണിപ്പോഴത്തെ പോസ്റ്റിങ്ങ്. വല്ലപ്പോഴും നമ്മൾ കേൾക്കുന്ന വെടിവയ്ക്കലുകളും തട്ടിപോകലുകളേക്കാളും ഒരു പാട് കൂടുതലാണ് അവിടുത്തെ അപായ നിരക്കെന്ന് അവർ പറയുമ്പോൾ നട്ടെല്ലിലൂടെ ഒരു വിറയലിറങ്ങിയതറിഞ്ഞിരുന്നു. ഭർത്താവും ആർമിയിൽ തന്നെ.. പോസ്റ്റിങ്ങ് പൂനെയിലോ മറ്റൊ..5 വർഷത്തെ കല്യാണജീവിതത്തിനിടയ്ക്ക് 1 വർഷമാണ് ഒന്നിച്ചൊരിടത്ത് പോസ്റ്റിങ്ങുണ്ടായതെന്നു അവർ പറയുമ്പോൾ എന്റെ കുടുംബം എന്റെ കൺ വെട്ടത്തുണ്ടാവണമെന്ന എന്റെ സ്വാർത്ഥ എന്നെ ലജ്ജിപ്പിച്ചു.
രണ്ട് വയസ്സുള്ള മോൻ നാട്ടിൽ ഉണ്ടെന്നും, എന്നോ കഴിഞ്ഞ അവന്റെ പിറന്നാൾ അമ്മ വരുമ്പോഴാണ് ആഘോഷിക്കാറെന്നും അതിന്റെ സമ്മാനപെട്ടികൾ തുറക്കുന്ന വിശെഷമാണ് ഫോണിലൂടെ പറഞ്ഞതെന്നും പറയുമ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞത് കട്ടി കണ്ണാടി മറച്ചു.
ഭർത്താവ് ബോംബെയ്ക്കടുത്ത സ്റ്റേഷനിൽ നിന്ന് കയറുമെന്നും, ഒന്നിച്ച് ഡെൽഹി വരെ പോവുമെന്നും പിന്നെ അടുത്ത ദിവസം കാശ്മീരിലേയ്ക്ക് തിരിക്കുമെന്നും പറഞ്ഞത് ഇന്നും ഒരു നീറ്റൽ പോലെ മനസ്സിൽ.

ഇങ്ങനെ നാമറിയാത്ത എത്രയോ ത്യാഗങ്ങൾ ഈ സൈനികർ നമുക്കായി, ഈ രാജ്യത്തിനായി ചെയ്യുന്നു. മറ്റുള്ളർക്കൊരു തിരിനാളത്തിന്റെ സുരക്ഷ പകരാൻ യൗവ്വനത്തിന്റെ മുക്കാലും മെഴുകുതിരി പോലെ എരിച്ചു കളയുന്നവർ.കുടുംബത്തോടൊപ്പമുള്ള ഓരോ രാത്രിയും പകലും ഒരു സ്വപ്മൻ പോലെ സൂക്ഷിക്കുന്നവർ.

ഈ അമ്മയുടെ നോവ് പോലെ, ഇന്നലെ ഒരു നിമിഷത്തിന്റെ ഇടവേളയിൽ കഴുത്തറക്കപ്പെട്ട പാവം ജവാന്റെ വിടവാങ്ങൾ പോലെ, എത്ര കുരുതികൾ, ഈ കടങ്ങളോരൊന്നും ഒരു ശാപം പോലെ നമ്മേയും ഈ ത്യാശങ്ങൾ വെറും എണ്ണകണക്കായി എഴുതി ഒപ്പിട്ടവസന്നിപ്പിക്കുന്ന ഭരണ സാരഥികളേടെയും പിന്തുടരുമെന്ന് മനസ്സ് പറയുന്നു..

ഞങ്ങളോട് ക്ഷമിക്കൂ സഹോദരാ..

1 comment:

ഇലഞ്ഞിപൂക്കള്‍ said...

യുദ്ധത്തിനു വേണ്ടി മുറവിളി കൂട്ടുന്നവര്‍, യുദ്ധം ഒഴിവാക്കാന്‍ സമവായം തേടുന്നത് ഭീരുത്വമാണെന്ന് ആക്ഷേപിക്കുന്നവര്‍ ഒന്നും നമ്മുടെ സൈനികരേയും അവരുടെ കുടുംബത്തേയും കുറിച്ച് ചിന്തിക്കുന്നില്ലല്ലൊ..