തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Sunday, June 01, 2008

തീരാത്ത യാത്ര

ചരല്‍ നിറഞ്ഞ പാഥയിലൂടെ അയാള്‍ നടന്ന് തുടങ്ങിയിട്ട് കുറെ നേരമായിരുന്നു. ഓര്‍മ്മ വച്ചപ്പോള്‍ മുതല്‍ സൂര്യന്‍ തലയ്ക്ക് മുകളില്‍ തന്നെ ആയിരുന്നു.
പലപ്പോഴും വഴിയില്‍ നിന്ന് മാറി നില്ക്കാന്‍ അയാള്‍ക്ക് തോന്നിയിരുന്നു. ആ വഴികളില്‍ അയാള്‍ ആരെയും കണ്ടിരുന്നില്ല. ഏകാന്തതയുടെ നരച്ച ആകാശത്ത് ഇടയ്ക്കിടയ്ക്ക് മിന്നി പൊലിയുന്ന നക്ഷത്രങ്ങളായിരുന്നു അയാളുടെ ഏറ്റവും വലിയ വേദനയും.
വഴിവക്കില്‍ കാണുന്ന പൂവുകള്‍ അയാള്‍ നുള്ളി പറിച്ചിരുന്നില്ല, എങ്കിലും അവയുടെ മുള്ളുകള്‍ കാലടികള്‍ കീറിമുറിച്ചു. രാത്രിയുടെ കൂടാരങ്ങള്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേയ്ക്ക് തപ്പിതടയുമ്പോള്‍ തന്നെ പിന്തുടരുന്ന നീരാളികയ്യുകളുടെ ഈര്‍പ്പം അയാള്‍ക്കനുഭവിക്കാനാവുമായിരുന്നു.
ഓരൊ രാത്രിയും യാത്രയുടെ അവസാനമായിരുന്നെങ്കില്‍ എന്ന് അയാളാഗ്രഹിച്ചു,
പക്ഷെ ഉച്ചസൂര്യന്റെ തീചൂടുമായി അയാളുടെ പകലുകള്‍ തെളിഞ്ഞു കൊണ്ടിരുന്നു. അവയില്‍ നിറയെ മുള്ളുകള്‍ കാത്തു നിന്നു.
എങ്ങ് തീരുമെന്ന് അറിയാത്ത യാത്രയുടെ ഇടയിലെവിടെയോ ആയിരിക്കും അയാള്‍.

14 comments:

ലിഡിയ said...

ഒന്ന് തീര്‍ന്നിരുന്നുവെങ്കില്‍ എന്ന് കൊതിക്കുന്ന യാത്രയുടെ ഇടവഴികളിള്‍ ഇരുന്ന് ഞാന്‍ കുത്തിക്കുറിച്ചത്...

അക്ഷരത്തെറ്റുകള്‍ ഉണ്ടെങ്കില്‍ പൊറുക്കണം കാരണം വെറും ഗസ്റ്റ് അക്കൌണ്ട് പെര്‍മിഷന്‍ മാത്രം ഉള്ള സ്വിസ്റ്റത്തില്‍ നിന്നും ഓണ്‍ലൈന്‍ റ്റൂള്‍സ് ഉപയോഗിച്ചുള്ള ആദ്യത്തെ പ്രയത്നമാണ്. പരിചയമില്ലാത്ത അക്ഷരകൂട്ട് കെട്ടുകള്‍

-പാര്‍വതി.

സിനി said...

ഓരൊ പകലും പുനര്‍ജ്ജനിക്കുന്നത്
അയാളുടെ അടുത്ത യാത്രക്കുവേണ്ടി
ഓരൊ രാത്രിയും കൂടൊരുക്കുന്നത്
യാത്രാവസാനത്തിന്റെ ഓര്‍മ്മപ്പെടുത്തലിനായി..!

ജീവിതദൌത്യത്തിന്റെ നിയോഗം
അയാളിനിയും പൂര്‍ത്തിയാക്കിയിട്ടുണ്ടാകില്ല.
അതായിരിക്കണം,ഉച്ചസൂര്യന്റെ തീച്ചൂടുമായി
ഓരൊ പകലും കത്തിയെരിയുമ്പോഴും
അടുത്ത യാത്രക്കായി പകല്‍ പുനര്‍ജ്ജനിക്കുന്നത്.

റീനി said...

സൂര്യന്‍ തലയ്ക്കുമുകളില്‍ തന്നെ നിന്ന് നിശ്ചലമായിരിക്കുന്ന സമയത്തിലൂടെയാണല്ലോ പാര്‍വതി യാത്ര. മാറിനടന്നാലല്ലേ രാത്രിയുടെ കുളുര്‍മ്മയും തെളിഞുനില്‍ക്കുന്ന നക്ഷത്രങ്ങളെയും ആസ്വദിക്കുവാന്‍ കഴിയൂ. മുള്ളുകള്‍ എവിടെയും കാണും.

ലിഡിയ said...

സിനി, ആവാം... അറിയാത്ത, തീരാത്ത ഏതോ നിയോഗമാവാം ഈ യാത്രയുടെ കാരണം. കര്‍ണ്ണന്റെ നിയോഗമാണ്‍ എന്റെ മനസ്സ് നിറയെ.

റീനി, പകലുകള്‍ ഉദിക്കുന്നത് ഉച്ച സൂര്യന്റെ ചൂടോടെയാണ്, മാറി നടക്കാന്‍ അനുവദിക്കുന്ന വിധിയും ഉണ്ടാവണ്ടെ, അതും നിയോഗമാവും.

krish | കൃഷ് said...

യാത്രകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും, ഒന്നു കഴിയുമ്പോള്‍ മറ്റൊന്ന്. ജീവിതയാത്രയുടെ അന്ത്യം വരെയും.

(വളരെ നാളുകള്‍ക്ക് ശേഷമാണ് ഇവിടെ എത്തിയത് :) )

Malayali Peringode said...

അറിയാതെ വന്നതാ ഇനി ഇല്ല,
എനിക്കിഷ്ടമില്ല ഈ Word Verification ഏര്‍പ്പാട്!!

Rasheed Chalil said...

പറയാതെ, അറിയാതെ ഫൈനല്‍ ഡസ്റ്റിനേഷനിലെത്തുന്നത്‍ തന്നെയല്ലേ ഏത് യാത്രയുടേയും ത്രില്ല്... ചരല്‍ നിറഞ്ഞ പാതയും കനത്ത ഇരുട്ടും വിണ്ടുകീറിയ കാല്പാദങ്ങളും... എല്ലാറ്റിനും പകരം ലഭിക്കേണ്ടത് അവിടെ ലഭിക്കേണ്ടതല്ലേ...


നല്ല ചിന്ത.

ഒടോ: അക്ഷര പിശാച് പാതയെ പാഥയാക്കിയിരിക്കുന്നു. :)

സൂര്യോദയം said...

ഹോ... എഴുത്തില്‍ വല്ലാത്തെ സൂര്യതാപം.. ആ അസഹ്യത അനുഭവപ്പെട്ടു,... നല്ല എഴുത്ത്‌..

ശ്രീ said...

:)

ഉപാസന || Upasana said...
This comment has been removed by the author.
ഉപാസന || Upasana said...

avanO..?
athO avaLO..?

:-)

ലിഡിയ said...

കൃഷ്...കണ്ടതില്‍ ഒത്തിരി സന്തോഷം. ഇറ്റാനഗറിലെ പച്ചപ്പ് ഇപ്പോഴും ഡെസ്ക്ക് ടോപ്പ് ബാക്ക് ഗ്രൌണ്ട് ആയി കിടക്കുന്നു.

മലയാളി വേഡ് വെരിഫിക്കേഷന്‍ മാറ്റിയിരിക്കുന്നു, ഇത് സ്പാം കമന്റ്സ് ഒഴിവാക്കും എന്ന അറിവാണു ഇതുപയോഗിക്കാന്‍ കാരണം.

ഇത്തിരീ.. എപ്പോഴും അങ്ങനെ സംഭവിക്കാറുണ്ടോ? ഹാപ്പി എന്ഡിങ്ങ് പലപ്പോഴും സിനിമകളില്‍ മാത്രമല്ലേ ഉള്ളൂ?

സൂര്യാ :)

ജീവിതത്തിന്‌ അവനെന്നോ അവളെന്നോ ഇല്ലല്ലോ ഉപാസനേ..

എല്ലാവരേയും കണ്ടതില്‍ സന്തോഷം.

പാര്‍വതി.

annyann said...

ഏകാന്തതയുടെ നരച്ച ആകാശത്ത് ഇടയ്ക്കിടയ്ക്ക് മിന്നി പൊലിയുന്ന നക്ഷത്രങ്ങളായിരുന്നു

യാത്രകള്‍ അവസാനിക്കുന്നില്ലല്ലോ...
തുടര്‍ച്ചകള്‍ മാത്രം ബാക്കിയാവുന്നു,
ഏകാന്തതയും

Anonymous said...

я думаю: мне понравилось!! а82ч