സോർബ ദ ഗ്രീക്ക് -
ആത്മാവിന് ആഹാരം കൊടുക്കുന്നവൻ
ഒരു മഹാവൃഷത്തിന്റെ നിരന്തരം ചലിച്ച് കൊണ്ടിരിക്കുന്ന
ഇലകളിൽ ഒന്നിലിരിക്കുന്ന പുഴുക്കളാണ് നാമെന്നും ഒരു പാട് ധൈര്യം സംഭരിച്ച്
ചിലപ്പോഴൊക്കെ ഇലയുടെ വക്കോളം ഇഴഞ്ഞ് ചെന്ന് ഈ ജീവിതം എന്താണ്, ഈ
പ്രപഞ്ചത്തിനപ്പുറമുള്ള ഇരുട്ടിൽ എന്തായിരിക്കും എന്നൊക്കെ ആ അനന്തമായ ഇരുട്ടിലേയ്ക്ക്
നോക്കി ഒരു നിമിഷമെങ്കിലും നിന്നത് പോലെ നിങ്ങൾക്ക് തോന്നിയിട്ടുണ്ടോ? അനേകായിരം
ചോദ്യങ്ങൾ ആകാശത്തിലെ നക്ഷത്രങ്ങൾ പോലെ നിങ്ങളെ ഇടയ്ക്കിടെ തേടിയെത്താറുണ്ടോ?
എങ്കിൽ നിങ്ങളും ഒരു സോർബയെ തേടുകയാണ്.
ജനനത്തിന്റെയും മരണത്തിന്റെയും നിശ്ചിതത്വത്തിനിടയ്ക്കുള്ള
അനിശ്ചിതമായ കാലയളവ് ഓരോ മനുഷ്യരും ജീവിച്ച് തീർക്കുന്നതിന്റെ ചരിത്രമാണ് സോർബ ദി
ഗ്രീക്ക് എന്ന പുസ്തകത്തിലൂടെ നിക്കോസ് കസാന്ദ്സാക്കീസ് വരച്ചിടുന്നത്.
പുസ്തകങ്ങളിലൂടെ മാത്രം ലോകം കണ്ട കാഥികനും അനുഭവങ്ങളിലൂടെ
ജീവിതവും ലോകവും കണ്ട് കൊതി തീരാത്ത സോർബയും കണ്ടുമുട്ടുമ്പോൾ ജീവിതത്തിന്
പുതിയൊരു അർത്ഥം കൊടുക്കാനുള്ള ശ്രമത്തിൽ അവർ ക്രീറ്റിലേയ്ക്ക് യാത്ര തുടങ്ങുകയായിരുന്നു.
നമ്മൾ കഴിക്കുന്ന ആഹാരത്തെ സംഗീതമായും നൃത്തമായും ജീവിതമായും മാറ്റണമെന്ന സോർബയുടെ
ചിന്തകൾക്ക് കാഥികന് പകരം വയ്ക്കാനുള്ളത് ബുദ്ധസമാനമായ നിരാസതയും ജീവത്യാഗങ്ങളും
ഇറങ്ങിപ്പോകലുകളും ആണ്.
മഹാരഥന്മാരുടെയും പ്രവാചകന്മാരുടെയും വാക്കുകൾ ലളിതമായ
ജീവിതപാഠങ്ങളിൽ നിന്ന് കണ്ട് പഠിക്കാമെന്ന് സോർബ കാഥികന് കാണിച്ച് കൊടുക്കുന്നു.നിസാരമായ
പ്രപഞ്ചഗതികളെ പോലും ആദ്യമായി കാണുന്ന കൗതുകത്തോടെ വീക്ഷിക്കുന്ന സോർബ,
പ്രേമിക്കുമ്പോൾ, സിഗരറ്റ് വലിക്കുമ്പോൾ, തീ കത്തിക്കുമ്പോൾ, കരയുമ്പോൾ അത് മാത്രം
ചെയ്ത് കൊണ്ട് ആ നിമിഷം കൊണ്ട് ജീവിതത്തേയും ജീവിതം കൊണ്ട് ആ നിമിഷത്തേയും
നിറയ്ക്കുന്നു. അല്ലെങ്കിൽ തന്നെ ഈ ജീവിതത്തിൽ മറ്റെന്താണ് നേടാനാവുക, ജീവിച്ചു
എന്ന തോന്നലല്ലാതെ?
മരണത്തിനപ്പുറം എന്താണെന്നും എവിടെ നിന്നാണ് നാമൊക്കെ
വരുന്നതെന്നുമൊക്കെയുള്ള നിസാരമായ ചോദ്യങ്ങൾക്ക് പോലും ഉത്തരം തരാനാവാത്ത
പുസ്തകജ്ഞാനത്തിനും അനുഭവജ്ഞാനത്തിനും മുന്നിൽ പകച്ച് നിൽക്കേ ഒന്നല്ലെങ്കിൽ
മറ്റൊരു തരത്തിൽ എല്ലാവരിലും ദൈവവും ചെകുത്താനും കുടിയിരിക്കുന്നുവെന്ന് കാഥികന്
സോർബ കാട്ടിക്കൊടുക്കുന്നു.
അപരിമേയമായ ആത്മാവിന്റെ ജീവിക്കാനുള്ള വാഞ്ചയെ പരിമിതമായ
ശരീരത്തിനുള്ളിൽ ഒതുക്കാനും നിർവചിക്കാനും ഉള്ള സകല ലൗകികവും ആത്മികവും ആയുള്ള
നാടക അരങ്ങിൽ നിന്നിറങ്ങി പോവാൻ തിരിച്ചറിവ് മാത്രം പോര അല്പം വിവരമില്ലായ്മ കൂടി
വേണ്ടിയിരിക്കുന്നുവെന്ന തിരിച്ചറിവിൽ സോർബയും കാഥികനും പിരിയുന്നു.
ചില സൗഹൃദങ്ങൾ ഒരിരുണ്ട സന്ധ്യാ നേരത്ത് അപ്രതീക്ഷിതമായി
നമ്മളിലേയ്ക്ക് കയറി വരികയും ഒരുപാട് കാല്പാടുകൾ പതിപ്പിച്ച് അത്രയും
പ്രതീക്ഷിക്കാത്ത നേരങ്ങളിൽ ഇറങ്ങിപോവുകയും ജീവിതാവസാനം വരെ ഒരു നിഴൽ പോലെ പിന്തുടരുകയും
ചെയ്യുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടൊ?
അത്തരമൊരു നിഴലായി സോർബ ദ ഗ്രീക്കിലെ ജീവിതം
ആസ്വദിച്ചവരും ജീവിക്കാൻ ആഗ്രഹിച്ചവരും ആയ പല കഥാപാത്രങ്ങളും നിങ്ങളെ പിന്തുടരും,
കാരണം ഇത് ദൈവത്തിനോട് ഒരേ സമയം കയർക്കുകയും സഹാനൂഭൂതിപ്പെടുകയും സമരസപ്പെടുകയും ചെയ്യുന്ന
ആത്മാവിന്റെ ഭാഷയാണ്.
ഈ പുസ്തകത്തിനെ ആസ്പദമാക്കി അതേ പേരിൽ മൈക്കിൾ കാക്കോയാനിസ് 1964 ൽ എടുത്ത ചിത്രത്തിന് 3 ഓസ്കാർ അവാർഡുകളും മറ്റ് പല വിഭാഗങ്ങളിലും ആയി 16 ശുപാർശകളും ഉണ്ടായിരുന്നു.
ഈ പുസ്തകത്തിനെ ആസ്പദമാക്കി അതേ പേരിൽ മൈക്കിൾ കാക്കോയാനിസ് 1964 ൽ എടുത്ത ചിത്രത്തിന് 3 ഓസ്കാർ അവാർഡുകളും മറ്റ് പല വിഭാഗങ്ങളിലും ആയി 16 ശുപാർശകളും ഉണ്ടായിരുന്നു.
google image |
-ലിഡിയ.