തീരങ്ങളോരോന്നും തഴുകി ഒഴുകുന്ന ജീവിത നദി ഓരോ തീരങ്ങളിലിമെത്തുമ്പോള്‍ വെറുതെ കോറി പോവുന്ന തിര ലിഖിതങ്ങള്‍

Friday, July 28, 2006

രാധ

രാധയെ തേടി ഞാനലഞ്ഞു,
ഇരുള്‍വിങ്ങുമിരുട്ടിന്‍ കൈവഴി-
കളിലൂടെ,അഗ്നിപുത്രന്റെ ശോഭ-
പടരുന്ന രാജവീഥികളിലൂടെ..
ഏകാന്തത തന്‍ തുടിതാളമിമ്പ-
മായ് കൊട്ടുമൊരു വിജനതതന്‍-
വിരിമാറിലൂടെ,കുളിരായ് പെയ്-
തിറങ്ങുമീ മഴയിലൂടെ,എന്നന്ത-
രാത്മാവിനെയൊരു തേങ്ങലായ്-
തൊട്ടുണര്‍ത്തുമീ കാറ്റിലൂടെയീ-
ജീവന്റെ തുടിപ്പെന്നോ മാഞ്ഞു-
പോയമരുഭൂമിയിലൂടെ,ഞാന്‍ തേടി,
നിന്നെ കണ്ണന്റെ രാധയെ !


എന്നുമിരുട്ടിനെ കൂട്ടുപിടിച്ചാ കൃഷ്ണ-
ശിലയില്‍ തന്‍ കണ്ണീരര്‍പ്പണം ചെയ്യുവോള്‍.
അറിയാതെ പോലുമെന്നാലുമാ-
മധുരാപതി കാണാതെ മറയുവോള്‍.
ദൂരത്തു നിന്നുമൊഴുകിയെത്തുന്നാ-
വേണു നാ‍ദമിമ്പമായ് കെട്ടിടാനായ്-
മാത്രമൊരു ജന്മം നീക്കിവച്ചതില്‍-
‍സാഫല്യമടയുന്നൊളിവള്‍.
കാളിന്ദി വീണ്ടും കറുത്തുവൊ-
നിന്‍ കണ്ണീരെന്നുമേറ്റ് വാങ്ങിയാ-
വിരഹദുഃഖത്തിന്‍ മൂകസാക്ഷിയാ‍യ്.
സ്വപ്നങ്ങളെ മാത്രം മോഹിച്ചവളെ-
ന്നാലതുപോലുമാകാതെ തേങ്ങവെ,
തിരഞ്ഞു ഞാനവളെ, രാധയെ,
കൃഷ്ണന്റെ പ്രിയ ഗോപികയെ.


അറിയാതെ യാത്രയിലെന്നോ-
ഞാനൊരു ദര്‍പ്പണ മുന്നിലെത്തി,
“കണ്ടു ഞാന്‍ “ രാധയെ-
കണ്ണാ‍ടിയിലവളുടെ കണ്ണീലണ-
യാതെരിയുന്ന വിരഹത്തെ, അതി-
നിടയിലൂടെത്തിനോക്കുന്നൊരാശ-
തന്‍ തിരിനാളത്തെ, അവിടെ വ്യര്‍ത്ഥ-
സ്വപ്നങ്ങള്‍ തന്‍ ശവദേഹങ്ങളെ,
എന്നുമൊരു നീറുന്ന നോവുമായിടറി-
നീങ്ങുന്ന മനസ്സുമെല്ലാമവിടെ കണ്ടു ഞാന്‍.


തീര്‍ന്നുവോയിവിടെയെന്റെ തീര്‍ത്ഥയാത്ര?
ഇതുതന്നെയൊയെന്നുമതിന്റെയന്ത്യം?
രാധ തന്‍ തേടലായൊരീ യാത്ര-
എത്തിയതീ ദുഃഖസത്യത്തിന്‍ മുന്നിലോ?
അതോ ഇതുമെന്റെ മനസ്സെന്ന-
മായ തന്‍ മറ്റൊരു വിഭ്രാന്തിയോ?


-പാര്‍വതി.

Thursday, July 27, 2006

ഒരു സങ്കീര്‍ത്തനം പോലെ-

പകലുകള്‍ ഇഴഞ്ഞു നീങ്ങുന്നു.ഓരോ നിമിഷവും എന്റെ വ്രണിത ഹൃദയത്തില്‍ ദൌര്‍ഭാഗ്യകരവും തമോജഡിലവുമായ ഒരു പ്രേമത്തിന്റെ വിഷാദവും വ്യത്ഥയും ഖനീഭവിപ്പിക്കുന്നു.നിദ്രാവിഹീനങ്ങളായ രാത്രികള്‍ പ്രേതബാധോപമകളായ ഉന്മാദ സ്വപ്നങ്ങളെ ജനിപ്പിക്കുന്നു.എങ്കിലും എനിക്കു പരാതിയില്ല,പകരം ഞാന്‍ കരയുന്നു.എന്റെ കണ്ണീര്‍ എനിക്ക് ആശ്വാസമായി തീരുന്നു.അവ എന്നെ ആശ്വസിപ്പിക്കുന്നു.ദുഃഖത്തിന്റെ തടവില്‍ കിടക്കുന്ന എന്റെ ആത്മാവ് അഗാധവും തിക്തവുമായ ഒരാനന്ദം കണ്ണുനീരില്‍ കണ്ടെത്തുന്നു.ഞാന്‍ പറയുന്നത് സത്യമാണ്.ജീവിതമേ കടന്നു പോകൂ,പൊള്ളയായ മായരൂപമേ വരൂ,പറന്ന് പറന്ന് ഇരുളിന്റെ ഏകാന്തശൂന്യതയില്‍ മറയൂ!
പ്രേമത്തിന്റെ അനന്തമായ കഠിന വെദന എനിക്ക് പ്രിയങ്കരമാണ്.എന്റെ പ്രേമം പോലെയാണ് എന്റെ മരണമെങ്കില്‍ ഞാന്‍ മരിച്ചുകൊള്ളട്ടെ!

-പുഷ്കിന്റെ കവിതകള്‍
-------------------------------------------------------------------
ജീവിതം ഒരു ചൂതുകളിയാണ്.ചിലര്‍ നേടുന്നു,ചിലര്‍ നഷ്ടപ്പെടുത്തുന്നു........!ജീവിതത്തിന്റെ ദൂരം താണ്ടി ഒടുവിലത്തെ വഴിയമ്പലത്തിന്റെ തിണ്ണയില്‍ ഒരു സന്ധ്യക്ക് ചെന്നിരുന്ന് മനുഷ്യന്‍ കണക്ക് നോക്കുന്നു.ജീവിതം ലാഭമോ നഷ്ടമൊ?ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ ഒരു കളി.

-ദെസ്തയെവിസ്കിയുടെ വാക്കുകള്‍
-------------------------------------------------------------------
ഏതോ ഒരു കൊടുംകാട്ടില്‍,ഏതോ ഒരു ധ്രുവകാന്താരത്തില്‍ അകപ്പെട്ടത് പോലെയാണ് തോന്നുന്നത്.ഇരുട്ടില്‍ വിജനതയുടെ ഭയാനകമായ മുഴക്കങ്ങള്‍ കേള്‍ക്കുന്നു.അകാരണമായ ഒരു വിഹ്വലത കൊണ്ട് താനിടറിപോകുന്നു.......
..........വഴിയറിയാതെ ചുറ്റിത്തിരിഞ്ഞ് ഈ ഇരുണ്ട കൊടുംകാടിന്റെ ഭയാനകമായ വിജനതയില്‍ വീണുപോവുകയാണോ?അങ്ങനെയാണോ തന്റെ ജീവന്‍ അവസാനിക്കാന്‍ പോകുന്നത്?ഒരിരുട്ടില്‍,ഒരു വിജനതയില്‍,ഒരു ശൂന്യതയില്‍....ഒരു കൊടുംകാടിന്റെ ഗര്‍ഭത്തില്‍....

-ദെസ്തയെവിസ്കിയുടെ ചിന്തകള്‍
-----------------------------------------------------------------
..........ദുരന്തത്തിന്റെയോ മരണത്തിന്റെയോ ഗര്‍ത്തങ്ങളില്‍ നിന്ന് ഒരാത്മാവ് ദൈവീകമായ ഒരു നിമിഷത്തില്‍ ഉയര്‍ത്തെഴുന്നേറ്റ് അനശ്വരതയുടെ ഏതോ ഒരു ശിഖരത്തില്‍ വച്ച് അതിന്റെ ഇണയെ കണ്ടുമുട്ടുന്നത് പോലെയായിരുന്നു അത്.

-ദെസ്തയെവിസ്കിയുടെ ജീവിതം


......പാര്‍വ്വതി.

Friday, July 21, 2006

എന്റെ കൂട്


കാറ്റ് കൈ നീട്ടിയെന്നെ തൊട്ടു..
ഇനിയുമുറങ്ങുകയാണോ?
കടലില്‍നിന്ന് കാര്‍മേഘങ്ങള്‍ ഉയരുന്നു,
ആഴിയുമംബരവും ക്ഷോഭം കൊള്ളുന്നു.
പറന്ന് പോവൂ, ദൂരെ ദൂരെയെവിടെയെങ്കിലും

ഞാ‍ന്‍ ചോദിച്ചു, എവിടേയ്ക്ക്,
ദിനരാത്രങ്ങള്‍ ചിക്കിചികഞ്ഞ്
ഇതു ഞാന്‍ കൂട്ടിയ കൂട്,
ഇതല്ലാതെയീ ഭൂമിയില്‍ ഒളിക്കാന്‍
തലചായ്ക്കാന്‍ എനിക്കെന്തുണ്ട്?
കാറ്റ് വീശട്ടെ, കല്‍മഴ പെയ്യട്ടെ

ആ മഴയില്‍ ഈ കൂട്ടിനൊപ്പം
ഞാനും ഒലിച്ചു പൊവും
എന്റെ വേദന ഏറ്റൂപാടി,
കൂട്ടുകാരി നീ വീശിഅടിക്കുക.

-പാര്‍വ്വതി.

Wednesday, July 19, 2006

കാണിക്ക.

കടലേഴും താണ്ടി നീ പോകാന്‍ തുനിയവെ,
കണ്ണീരിന്‍ നനവുമായ് അരുതെന്ന് ചൊല്ലി ഞാന്‍.
കൈ പിടിച്ചെന്നും കൂടെ നടക്കുവാന്‍,നിന്‍,
കഥകള്‍ കേട്ടെന്നും ഉറങ്ങുവാന്‍ കൊതിച്ചു ഞാന്‍.

ഉറങ്ങുവാനിനിയുമുണ്ടൊരുപാട് കാലമെന്നാല്‍,
ഉണര്‍ന്നിരിക്കവെ വേണ്ടെ പണം നമുക്കെന്നും,
ഉറങ്ങാതെ നിനക്കെന്നും കാവലിക്കാമെന്ന് ചൊല്ലി,
ഉറവകളില്‍ പണം വിളയുന്ന നാട്ടിലെത്തി നീ.

കണ്ണീരിനുറവകള്‍ വറ്റാത്തൊരെന്‍ രാത്രികള്‍
കാതോര്‍ത്തു ഞാന്‍ നിന്‍ കാലൊച്ച കെള്‍ക്കുവാന്‍
കരള്‍ നൊന്തു പിടയുമെന്ടെ വേദനയിന്നു കാണാന്‍
കടലോളമെന്നെ പ്രണയിച്ചിരുന്ന നിനക്കാവുന്നില്ലേ?

ഉടുക്കുവാന്‍ വേണ്ടെനിക്ക് പട്ടുകുപ്പായങ്ങള്‍,
ഉയിരിനും മീതെയല്ല, പണമെന്ന കടലാസ് പൂക്കളും,
ഉയിരുമുയിരായ നീയെന്നരികിലെത്താന്‍
ഊണുമുറക്കവുമൊരു പ്രാര്‍ത്ഥനയാക്കുന്നു ഞാന്‍.

-പാറു.

Tuesday, July 18, 2006

മൈലാഞ്ചി വരയ്ക്കല്‍...


അതെയ്,
ഇതെന്റെ സ്വന്തം സൃഷ്ടിയാണ്, വെറുതെ നേരം പൊകാന്‍ ഒരു വഴി നോക്കിയതാണ്,മെഹന്ദി അല്ലെങ്കില്‍ മൈലാഞ്ചി. എനിക്ക് ഭാവിയുണ്ടോന്ന് നിങ്ങള്‍ തന്നെ പറയണം.

Monday, July 17, 2006

പ്രണയത്തിന്റെ ഓര്‍മ്മ

അപ്പര്‍ പ്രൈമറി വരെയും ആണ്‍കുട്ടികള്‍ എന്റെ ശത്രുക്കളായിരുന്നു.ഒരു കളരി ആശാനു ദക്ഷിണ വച്ചതിന്റെ ധൈര്യവും,പിന്നെ കഷ്ടിച്ചു ഒന്നര വയസ്സിനു ഇളപ്പമുള്ള അനിയനുമായി നടത്തുന്ന ഗുസ്തിയില്‍ പ്രയോഗിച്ച് ഫലപ്രദമെന്ന് കണ്ട ഇടങ്കാലിട്ടു വീഴ്ത്തല്‍,വാരിയെല്ലിനിടി,തലകൊണ്ടിടി, എന്നിവയിലൊക്കെ വിജ്ഞാനവും ഉള്ളതു കൊണ്ടും ക്ലാസ്സിലെ വബ്ബന്‍മാരുമായി വരെ അടി കൂടിയിട്ടുള്ളതും കൊണ്ടു എന്റെ ശത്രുത തീരാന്‍ ഒരവസരം കിട്ടാതെ പോയി.ഒരിക്കല്‍ മാര്‍ച്ചു പാസ്റ്റ് നയിച്ച എന്നെ 'കുളക്കൊഴി' എന്നു വിളിച്ച സഹപാഠിയെ ലോങ്ങ് ജംപ് പിറ്റില്‍ തള്ളിയിട്ട് മൂക്കിലൂം വായിലും കാപ്പിക്കുരു തൊണ്ടു കുത്തിനിറയ്ക്കുകയും പിന്നെയവന്‍ ആശുപത്രി കിടക്ക പുല്കുകയും ചെയ്തതു എന്റെ കുപ്രസിദ്ധി കൂട്ടി.


പക്ഷെ ഈ പരിവേഷം പ്രശ്നമായി തോന്നിതുടങ്ങിയത് കൌമാരത്തിന്റെ വസന്തകാലം വന്നു കഴിഞ്ഞപ്പോളാണ് ‍.പൂര്‍വ്വകാല പരാക്രമങ്ങളും കബടി ടീമിലെ അംഗത്വവും,പിന്നെ ഒന്നാം ബെല്ലടിക്കുന്നതിനു മുന്‍പ് സൈക്കിള്‍ ക്യാരിയറില്‍ വാക്കത്തിയും വച്ച് അല്പം ദൂരെയുള്ള പാടത്തേയ്ക്കു പൊവുന്ന എന്റെ അപ്പന്റെ കപ്പടാ മീശയും,പ്രെമിക്കാന്‍ ആരെയെങ്കിലും തിരഞ്ഞു നടന്ന സെക്കണ്ട് ഹീറോസിനെ പോലും എന്നില്‍ നിന്ന് അര മൈല്‍ ദൂരത്തില്‍ നിര്‍ത്തി.ഫലം ഭാഗ്യവതികളായ കൂട്ടുകാരികള്‍ പ്രായത്തിന്റെ ബോണസ്സായ പ്രേമലെഖനങ്ങള്‍ വായിച്ചു അതിനു മറുപടി എഴുതാന്‍ കുഴയുബ്ബോള്‍ കാവ്യാത്മകമായ പ്രണയ ലേഖനങ്ങള്‍ എഴുതി കൊടുക്കേണ്ട വിധിയായി എനിക്ക്.


പണ്ടെ ഇഷ്ട ഭഗവാനായിരുന്ന ശിവനെപോലെ ഒത്ത ഒരാളെ നോക്കിയിരുന്ന് കണ്ണിലൊഴിക്കുന്ന എണ്ണയും തീര്‍ന്നു തുടങ്ങിയ ഒരു സുപ്രഭാതത്തിലാണ് എന്റെ രാഹുവും ശനിയും ഒക്കെയൊന്നു കളം മാറി ചവിട്ടിയത്.അന്ന് സ്കൂളിന്റെ യുവജനോത്സവ ദിനമായിരുന്നു.കായിക മത്സരങ്ങളുടെ അന്ന്, ട്രാക്കിലും ഗ്രൊണ്ടിലും തിളങ്ങിനിന്ന പയ്യന്‍ 'സിബ്ബളനെന്ന്' മനസ്സില്‍ കരുതുകയും ചെയ്തു.പിന്നെ കലാ മത്സരങ്ങളിള്‍ പുതുമുഖമായ (ആ സ്കൂളില്‍)ഞാനും എന്റെ ടീമും പോയിന്റ്റുകള്‍ നേടുന്നത് കണ്ട് കൌതുകത്തോടെ എന്നെ ശ്രദ്ധിച്ച ആ അധികം സംസാരിക്കാത്ത മുഖം ഞാനും ശ്രദ്ധിച്ചു.
-------------------------------
എന്തിനേറെ പറയുന്നു.കാറ്റും കടലും പോലെ, അങ്ങനെ കേട്ടു പഴകിയ ഒരുപാടു ജോടികളെ പോലെ ഞങ്ങള്‍....
---------------------------------------

ഒരു നനഞ്ഞ പ്രഭാതത്തില്‍ ദൂരെയൊരു നഗരത്തിലെ പ്രശസ്തമായ കായിക സ്കൂളില്‍ തുടര്‍ പഠനത്തിനു തിരഞ്ഞെടുക്കപ്പെട്ട വാര്‍ത്തയുമായി അവന്‍ വന്നു.ഇടവപാതിയിലെ കോരിചൊരിയുന്ന മഴയത്ത് അധികം സംസാരിക്കാനാവാതെ അവന്‍ പോയി.
വിധിയെപറ്റിയും ക്രൂരനായ ദൈവത്തെപറ്റിയും ഞാന്‍ കവിതകളെഴുതിക്കൂട്ടി,ആരും കാണാതെയവ ചിതലരിച്ചു.പിന്നെ പത്താം തരത്തിന്റെ ചൂടില്‍ ഞാനും മുങ്ങിപോയി.
-------------------------------------

ഡിസംബറിലെ മഞ്ഞ് പെയ്യുന്ന തണുപ്പും പാതിരാ കുര്‍ബാനയും കൂടാന്‍ അവധിയെടുത്ത് നാട്ടിലെത്തിയ ഞാന്‍ പുറപ്പെടാന്‍ നില്‍ക്കുന്ന ഒരു ബസ്സില്‍ അരിച്ചിറങ്ങുന്ന തണുപ്പിനെ ആവോളം ആസ്വദിച്ചിരിക്കുകയായിരുന്നു.ആരോ പേര് വിളിക്കുന്നതു കേട്ട് തിരിഞ്ഞു നോക്കവെ മറക്കാനഗ്രഹിക്കാതെ ഓര്‍മ്മയില്‍ നില്‍ക്കുന്ന ഒരു മുഖം.
എവിടെ ഇപ്പോള്‍....? ചെന്നയില്‍....
താന്‍ എന്ത് ചെയ്യുന്ന്....? ജീവിക്കാനോരോ തൊഴിലുകള്‍.....
അപ്പോള്‍ സ്പൊര്‍റ്റ്സ് ക്വാട്ട...?അതൊക്കെ....പാഴായി പോയ സ്വപ്നം....
ഇതെന്റെ ഭാര്യ......കല്യാണം.......?ഇല്ല വിരഹദുഃഖത്തിലാണ് ഇപ്പൊഴും....

ശവം പൊലെ വിളറി പൊയ അവന്റെ മുഖം കണ്ടപ്പോള്‍ പറയേണ്ടിയിരുന്നില്ല എന്നു തോന്നി.ബസ്സില്‍ നിന്നിറങ്ങി നില്ക്കുന്ന ആ കുഞ്ഞ് കുടുംബത്തെ കണ്ടപ്പോള്‍ എന്നെയും അതിശയിപ്പിച്ചു കൊണ്ട് എന്റെ മനസ്സില്‍ സന്തോഷം തോന്നി.ഭാര്യയുടെ അടിവയറിനു ഒരല്‍പ്പം കനം വച്ചിട്ടുണ്ടെന്നും എന്നാലും എന്നിലും സുന്ദരിയൊന്നും അല്ലെന്നും എന്റെ തൊന്ന്യാസ മനസ്സ് പറഞ്ഞു.
--------------------

അനുപദംഇന്നും മനസ്സില്‍ അടുക്കിപെറുക്കു നടക്കുബ്ബോള്‍ കയ്യില്‍ തടയാറുണ്ടെങ്കിലും പിന്നെയും എടുത്തു വയ്ക്കും."ആദ്യ പ്രണയവും ആദ്യ ചുംബനവും മറക്കാനാവില്ലെന്നു ആരോ പറഞ്ഞിട്ടില്ലേ?

---------------------------------

Saturday, July 15, 2006

ഓര്‍മ്മയില്‍ നിന്നൊരേട്

ചെറുപ്പത്തിന്റെ ഓര്‍മ്മകളില്‍ മങ്ങാതെ നില്‍ക്കുന്നതും ഇന്നുകളുടെ പ്രഭാതങ്ങളില്‍ പലപ്പൊഴും ക്ഷണിക്കപ്പെടാത്ത അഥിതിയായി ചിന്തകളില്‍ എത്താറുമുള്ള ഒരു മുഖമാണ് ശാന്തപൊട്ടിയുടേത്.ഞങ്ങള്‍ കുട്ടികള്‍ക്ക് ജീവനുള്ള കളിപ്പാട്ടം പൊലെയായിരുന്നു അവര്‍.

സ്ഥിരതയുടെയും അസ്ഥിരതയുടെയും ഇടവഴികളിലെവിടെയൊ വഴിമറന്നു നിന്നുപൊയ അവര്‍.അവരുടെ വെഷമായിരുന്നു വിചിത്രം,പല വീടുകളില്‍ നിന്നു ചോദിച്ചു വാങ്ങുന്ന ഷര്‍ട്ടും കൈലിമുണ്ടുമായിരുന്നു അവരുടെ സ്ഥിരം വെഷം.പുരുഷന്മാരെ പൊലെ മുണ്ടു മടക്കിയുടുത്തായിരുന്നു അവര്‍ നടന്നിരുന്നത്.തമിഴ്നാട്-കേരള അതിര്‍ത്തി വനത്തില്‍ മനുഷ്യമസ്തിഷ്കത്തില്‍ ചോര മരവിക്കുന്ന നേരങ്ങളിലും അവര്‍ അലഞ്ഞു നടക്കാറുണ്ടെന്നും മറ്റും ഒരുപാടു കഥകളും ഉണ്ടായിരുന്നു അവരെപറ്റി.

എനിക്കു ഓര്‍മ്മ വയ്ക്കുന്നതിനും ഒരുപാടു കാലം മുന്‍പ് അവര്‍ എണ്ണകറുപ്പുള്ള ഒരു സാമന്യ സുന്ദരിയായിരുന്നുവെന്നും ചാണകത്തിന്റെ മണവും,പൂഴ്ത്തിവച്ച പണവും ഉള്ള അമ്മയുടെയും സഹോദരന്റെയും കൂടെ വീര്‍പ്പുമുട്ടി ജീവിച്ചിരുന്നുവെന്നും എന്നത് അന്ന് പ്രവേശനമില്ലാതിരുന്ന മുതിര്‍ന്നവരുടെ സഭയില്‍ നിന്ന് വീണു കിട്ടിയ അറിവുകളാണ്.

പിന്നെയെന്നാണ് അവര്‍ കളിപ്പാട്ട കോലമായത് എന്ന കഥ എവിടെയും പറഞ്ഞു കേട്ടിട്ടില്ല.പിന്നെ കുറെ കാലങ്ങള്‍ക്കു ശേഷം കാട്ടിനുള്ളില്‍ ഒരു മരക്കൊമ്ബില്‍ തൂങ്ങിനില്ക്കുന്ന അനാഥപ്രേതമായി അവര്‍.പിന്നെ ഓര്‍മ്മയില്‍ നിന്ന് അവര്‍ മാഞ്ഞു പോയി.

ഇപ്പൊള്‍ രാവിലെ പത്രമെടുത്തു നിവര്‍ത്തുന്ന നേരത്ത് ഒരുപാടൊരുപാടു ശാന്തപൊട്ടികളുടെ കഥകള്‍.അടഞ്ഞ കതകുകള്‍ക്കുള്ളില്‍,റെയില്‍പ്പാളങ്ങളില്‍,കറുത്ത ചില്ലുകളിട്ട വാഹനങ്ങള്‍ക്കുള്ളില്‍...

കാലത്തിന്റെ കണക്കു പുസ്തകം നഷ്ടപ്പെട്ടു പൊയതാവുമൊ? അതൊ കാലം തന്നെ മറന്നു പൊയൊ ഇത്രയും കണക്കുകളൊക്കെ എഴുതി വയ്ക്കാന്‍.

-പാര്‍വ്വതി.

Thursday, July 13, 2006

വ്യഥകള്‍

അബ്ബിളിമാമനും ചോറുരുള നീട്ടുന്ന കാലം,
പൊട്ടിയൊരു വളചില്ല്, കാട്ട് പറത്തിയ പട്ടം,
പിണങ്ങി പറന്നുപൊയ കൂട്ടുകാരി കുയില്‍,
അന്നിന്ടെ ഓര്‍മ്മത്താളുകളിലും ഉണ്ടൊരുപാടു-

വ്യഥകള്‍ തന്‍ ഈയാംപാട്ട ചിറകുകള്‍.
തെങ്ങോലകള്‍ക്കരികുനെയ്യുന്ന നിലാവിനെയും,
കണ്ടുറങ്ങുന്ന ഒരു കാലമുണ്ടായിരുന്നു.

വെണ്ണിലാവിന്ടെ കുളിരും,കാറ്റിന്ടെ പരിഭവവും,
കാതിലുറക്കുപാട്ടായി ഒഴുകുന്ന ഗസലും.
അന്നും മനസിന്ടെ മച്ചിലുറങ്ങാത്തൊരായിരം ചിന്തകള്‍
‍ഉടഞ്ഞ സ്വപ്നങ്ങള്‍ കോറിയ നോവുകള്‍,
അറിവിന്ടെ പെരുവഴിയില്‍ പതറി നിന്ന നാളുകള്‍,
അറിയാത്ത നാളെകള്‍ എന്തെന്ന വ്യഥകള്‍.

ഇന്നു ഞാനീ മഹാനഗരചൂടില്‍,
ഗൃഹാതുരത്വത്തിന്ടെ നീറുന്ന ഓര്‍മ്മകള്‍,
സ്വപ്നങ്ങള്‍ പൊലും ഉരുകുന്ന ചൂടില്‍,
എങ്കിലും ആശ്വസിക്കുന്നെന്ടെ മനസ്സിങ്ങനെ,
വ്യഥകളാലറിയുന്നു നാം കാലചക്രമുരുളുന്നുവെന്ന്.

-പാര്‍വതി.

For Mumbai

രക്ത കറ പുരണ്ട വാതിലുകള്‍
‍കരയുന്ന കുഞ്ഞുങ്ങളുടെ ശബ്ദം
ആരെയൊ കാത്തു കിടക്കുന്ന ചിതറിയ ശരീരം
ഇതെന്ടെ ലൊകത്തിന്‍ വര്‍ത്തമാന കാലം

കാലികൂട്ടില്‍ പിറന്ന നാഥനും
കല്ലിലും ദൈവമെന്നു ചൊന്ന ദേവനും
അല്ലലിന്‍ അ‍ര്‍ഥം തേടിയിറങ്ങിയ രാജനും
പിറന്ന മണ്ണിന്ടെ വര്‍ത്തമാന കാലം

അന്നന്നിനപ്പം തേടിയിറങ്ങുന്ന പാവങ്ങള്‍
‍അറിയുന്നു ഒരോ ശ്വാസവും അമുല്യമെന്നു
തിരികെ വീടണയുന്നവര്‍ ജാതക കുറിപ്പിലെ
ആയുസ്സിന്‍ നീളമളന്നു കൂട്ടുന്നു

കലികാലമെന്നു വേദങ്ങള്‍ ചൊല്ലിയകാലമെന്നാലും
കീടങ്ങളായി പിടയുന്ന മനുഷ്യജന്മങ്ങളെന്നും
കാക്കുന്നുവൊ ഇനിയുമൊരവതാര ദേവനായി
ആ പ്രാര്‍ഥനയില്‍ എന്ടെയുമൊരു തുള്ളി കണ്ണുനീര്‍ നൈവേദ്യം


-പാര്‍വതി