“വെട്ടിയെടുത്ത്
പോവുന്ന പ്രാചീന മലയരികുകളിലെ
കുഴികൾ നികത്തപ്പെട്ടേക്കാം,
പച്ചപ്പുകൾ
വളർന്നേക്കാം എങ്കിലും
ഇനിയിതിലെ വരുന്നവർക്ക് ഈ
ദേശം വ്യത്യസ്ഥമായിരുന്നു
എന്ന് വിശ്വസിക്കാൻ കഴിയില്ല.
മറ്റേതൊരു
നാടും പോലെ വെരുകളില്ലാത്ത
കുറെ ജീവിതങ്ങൾ ചിറക് വച്ച്
ഈ ദേശത്തിന് മുകളിലൂടെ പറന്ന്
പോകാം, അത്രമാത്രം“
-കരിക്കോട്ടക്കരി,
വിനോയ്
തോമസ്.
അധിനിവേശങ്ങളിൽ,
അടിമപ്പെടലുകളിൽ,
കുടിയേറ്റങ്ങളിൽ
നശിച്ചുപോവുന്ന,
തിരുത്തിയെഴുതപ്പെടുന്ന
ചരിത്രത്തിന്റെ മനോഹരമായ
കഥാഖ്യാനമാണ് വിനോയ് തോമസിന്റെ
കരിക്കോട്ടക്കരി.
കൂട്ടത്തിൽ
ഒറ്റപ്പെട്ടു പോവുന്നവരുടെ
വ്യഥകളുടേയും ആകുലതകളുടെയും
അലച്ചിലുകളുടെയും തീനടത്തങ്ങൾ
ഒതുക്കിയെഴുതിയ മനൊഹരമായ
ഭാഷയിൽ ഇറാനിയോസ് ഫീലിപ്പോസിന്റെ
കഥയിലൂടെ അവതരിപ്പിച്ചിരിക്കുന്നു.
പേർഷ്യനും
ബ്രാഹ്മണ്യവും കൂട്ടികെട്ടിയ
കുലമഹിമയുടെ, എഴുതിവച്ച
കുടുംബപാരംബര്യം ഉള്ള വെളുത്ത്
പൊക്കമുള്ള സന്തതികൾമാത്രം
ജനിക്കുന്ന അധികാരത്തിൽ
തറവാട്ടിൽ പിറന്ന ഇറാനിയോസിന്റെ
കരിവീട്ടി നിറവും കരിക്കോട്ടക്കരിയെന്ന
വിളിപ്പേരും അവന്റെ ബാല്യം
ഒറ്റപ്പെട്ടതും ദൈന്യവും
ആക്കി. കരിക്കോട്ടയെന്നത്
പുലയസമുദാത്തിൽ നിന്ന്
പുതുകൃസ്ത്യാനികൾ ആയവരുടെ
കുടിയേറ്റഗ്രാമമാണെന്നറിയുന്ന
അവനിൽ സ്വന്തം പിതൃത്വത്തെപറ്റി
സംശയങ്ങളുണരുന്നു.
കുടിയേറ്റകൃസ്ത്യാനികളുടെ
തനത് ഓർമ്മകളായ കാട്ടുപന്നി
വേട്ടയും പെസഹാപെരുന്നാളും
ദുഃഖവെള്ളിയിലെ കുരിശുമല
നടത്തങ്ങളും ഏറ്റവും ഹൃദ്യമായാണ്
എഴുതിവച്ചിരിക്കുന്നത്..
ഓർമ്മകളുടെ
വേലിയേറ്റങ്ങളിൽ മനസ്സ്
ആടിപോയ പോലെ.
കരിക്കോട്ടക്കരിയിലെ
സെബാസ്റ്റ്യനെ കൂട്ടുകാരനായി
കിട്ടുമ്പോൾ നിയതി ഇറാനിയോസിനെ
അവന്റെ പൈതൃകത്തിലേയ്ക്ക്
നയിക്കുകയായിരുന്നിരിക്കണം.
സുൽത്താന്മലയിലെ
ശർഭപാത്രഗുഹയിൽ കണ്ട മങ്കുറുണി
യോനാച്ചനുമായുള്ള തന്റെ
രൂപസാദൃശ്യം അയാളുടെ ജാരസന്തതിയാണ്
താനെന്ന അവന്റെ ബോധത്തെ
ഉറപ്പിച്ചു.
കൗമാരത്തിന്റെ
കൂതൂഹലങ്ങളും കണ്ടെത്തലുകളുമൊക്കെ
പുതുകഥകളിൽ കാണാത്ത മനോഹരമായ
ഒരു കൈയ്യടക്കത്തോടെ എഴുതാനായത്
കഥാകൃത്ത് ഒരു അദ്ധ്യാപകൻ
ആയത് കൊണ്ടാവാം.
സഹോദരീതുല്യയുമായുള്ള
ആദിപാപത്തിന്റെ കനലും അന്യനെന്ന
വ്യാകുലതയും അവനെ അധികാരത്തിൽ
നിന്നിറക്കി കരിക്കോട്ടക്കരിയിലെത്തിക്കുന്നു.
പന്നിയച്ചനെന്നറിയപ്പെടുന്ന
നിക്കോളച്ചന്റെ തണലിൽ
എത്തിപ്പെടുന്ന അവൻ അധികാരത്തിൽ
കുടുംബത്തിന്റെ നിഴലിൽ
നിന്നിറങ്ങി ഒരു വ്യക്തിയായി
രൂപപ്പെടുന്നു. ആലപ്പുഴയിലെ
ജന്മിപ്പാടങ്ങളിൽ അടിമപ്പണി
ചെയ്തിരുന്ന പുലയന്മാരെ
കരിക്കോട്ടക്കരിയെന്ന
വാഗ്ദത്തഭൂമിയിലേയ്ക്ക്
നയിച്ച മോശയായിരുന്നു
പന്നിയച്ചൻ.
മാമോദീസ
സ്വീകരിച്ച് കൃസ്ത്യാനികളായവരെയൊക്കെ
അച്ചൻ കൂടെകൂട്ടി.
അച്ചന്റെ
തണലിൽ കരിക്കോട്ടകരിയിൽ
മറ്റെങ്ങുമില്ലാത്ത വികസനങ്ങൾ
നടന്നു.അച്ചന്റെ
വീഴ്ചയില്ലാത്ത മേൽനോട്ടത്തിൽ
കരിക്കോട്ടക്കരിയെന്ന
ജാതിപ്പേടിയില്ലാത്ത
കോട്ടയ്ക്കുള്ളിൽ ജീവിതം
വളരുന്നതിന് ഇറാനിയൊസ്
സാക്ഷിയായി. എന്നിട്ടും
അച്ചന് മായ്ചുകളയാനാവാത്ത
വിധം ജനിതകശിലകളിൽ മുദ്രപ്പെടുത്തിയ
ചില ആനന്ദങ്ങൾ കരിക്കോട്ടക്കരിയുടെ
ഉപബോധമനസ്സിനെ പ്രലോഭിപ്പിച്ചു
കൊണ്ടിരുന്നു.
നന്മയുടെ
എല്ലാ യൗവനങ്ങളിലും മനസ്സ്
അസ്വസ്ഥവും അർത്ഥം തേടുന്നവയും
ആയിരിക്കുമെന്ന നിക്കോളച്ചന്റെ
വാക്കുകൾ കഥയിലെ പോലെ തന്നെ
വർത്തമാനകാലത്തിലും എത്ര
പ്രസക്തമാണെന്ന് തോന്നി,
ഇരുട്ടിൽ
നിന്ന് കോണ്ട് ഉത്തരങ്ങൾ
തേടുന്നതിന്റെ ഈർഷ്യയാണ്
ഓരോ മനസ്സിലും, ചിന്തകൾ
പ്രവൃത്തികൾ ആവുമ്പോൾ ചരിത്രം
രേഖപ്പെടുന്നു, അതെത്ര
ചെറുതായിരുന്നാൽ പോലും.
കരിക്കോട്ടക്കരിയിലെ
വാഗ്ദത്തഭൂമിയിൽ താനവസാനം
എത്തിച്ചേർന്നുവെന്ന്
വിശ്വസിച്ച ഇറാനിയുടെ
ജീവിതത്തിലേയ്ക്ക് അടുത്ത
കൊടുങ്കാറ്റിന്റെ കെട്ടഴിച്ച്
വിടാനാണ് ചാഞ്ചൻ വല്യച്ചനെന്ന,
കരിക്കോട്ടക്കരിയിലെ
എല്ലാ വീടുകളിലും ബന്ധുവെന്ന്
പറഞ്ഞ് കയറിച്ചെല്ലാനാവുന്ന
ചേരമന്റെ നാടായ ചേരമന്റെ
അളമായ ചേരളം ആണ് കേരളമെന്ന്
പറയുന്ന ആദിചേരമൻ അവതരിക്കുന്നത്..
സ്വപ്നം
കണ്ട പെണ്ണ് സ്വന്തം മണ്ണിന്റെ
ദൈവത്തിനെ ഉപേക്ഷിക്കാത്ത
ഒരുവനെയെ കല്യാണം കഴിക്കൂ
എന്ന് പറയുമ്പോൾ,
അച്ഛനാണെന്ന്
കരുതിയ യോനാച്ചാൻ ഗർഭഗുഹയിൽ
മരിച്ചു കിടക്കുന്ന കാഴ്ച
കാണുമ്പോൾ ഒരു കറുത്ത കോഴിയെ
ആത്മാക്കൾക്ക് കുരുതി കൊടുത്തു
അവൻ കരിക്കോട്ടക്കരി ഉപേക്ഷിച്ചു
പോവുന്നു,
അവന്റെ
യാത്ര അവനെ എത്തിക്കുന്നത്
ആലപ്പുഴയിലെ ആർത്തുങ്കൽ
വെളുത്തച്ചന്റെ പള്ളിമുറ്റത്താണ്,
ആർത്തുങ്കൽ
വെളുത്തച്ചൻ കടലിനെ പിന്നോട്ടോടിച്ച
ചേരൻ ചെങ്കുട്ടുവനാണെന്ന
തിരിച്ചറിവും കൊണ്ട് അവൻ
വീണ്ടും ചാഞ്ചൻ വല്യച്ചന്റെ
അടുത്തെത്തിപ്പെടുന്നു.
കണ്ണമ്മയെന്ന
യഥാർത്ഥചേരമ പെണ്ണിന്റെ
തത്വശാസ്ത്രങ്ങളിൽ കരുത്തും
തന്റേടവും ഉള്ള ശുദ്ധദ്രാവിഡരുടെ
കലർപ്പില്ലാത്ത ആത്മധൈര്യമാണ്.
ജന്മരഹസ്യങ്ങളുടെ
ചുരുളഴിയുമ്പോൾ തിരുത്തിയെഴുതപ്പെട്ട
ചരിത്രങ്ങൾക്ക് മുന്നിൽ
നിസ്സഹായനായി നിൽക്കാനെ
ഇറാനിയോസിന് കഴിഞ്ഞുള്ളൂ,
കരിക്കോട്ടക്കരി
മറ്റൊരു അധിനിവേശത്തിന്റെ
ഇരയാവുകയായിരുന്നു,
അമർഷത്തിന്റെ
യൗവനങ്ങൾ അവരവരുടെ വഴികൾ
തിരഞ്ഞെടുത്ത് കഴിഞ്ഞിരുന്നു,
ശരിതെറ്റുകൾ
ഏതെന്ന് പറയാനാവാത്ത
ഓരോരുത്തരുടെയും യാത്രകൾ.
കരിക്കോട്ടക്കരി
2014 ഡി
സി കിഴക്കേമുറി ജന്മശതാബ്ദി
നോവൽ മത്സരത്തിൽ തിരഞ്ഞെടുക്കപ്പെട്ട
കൃതിയാണ്. ഈ
ബുക്കും ഉണ്ടെന്ന് പുറം
ചട്ടയിൽ എഴുതിയിരിക്കുന്നു..